ബാബുരാജ് കവിക്ക് നേരെ കൈനീട്ടി പറഞ്ഞു: 'നല്ല ഏക്ലാസ് പാട്ട്, കൊട് കൈ'

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | ഫോട്ടോ: കെ.കെ. സന്തോഷ്/മാതൃഭൂമി
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | ഫോട്ടോ: കെ.കെ. സന്തോഷ്/മാതൃഭൂമി

ഴുതേണ്ടത് ലക്ഷണമൊത്ത കെസ്സുപാട്ട്. എഴുതുന്നതാകട്ടെ ജീവിതത്തിലൊരിക്കലും മാപ്പിളപ്പാട്ടില്‍ കൈവച്ചിട്ടില്ലാത്ത കുട്ടനാട്ടുകാരനും. എം.എസ്. ബാബുരാജാണ് സംഗീതസംവിധായകന്‍. മലയാളികള്‍ എക്കാലവും മൂളിനടക്കുന്ന സൂപ്പര്‍ഹിറ്റ് കെസ്സുപാട്ടുകളുടെ ശില്‍പി. എളുപ്പമാവില്ല ദൗത്യം എന്നറിയാം മങ്കൊമ്പിന്. തനിക്ക് ഒട്ടും പരിചിതമല്ലാത്ത മേഖലയല്ലേ? എങ്കിലും ഈ കളിയില്‍ തോറ്റുകൊടുത്തുകൂടാ. ഭാസ്‌കരന്‍ മാഷും ശ്രീമൂലനഗരം വിജയനും യൂസഫലിയുമൊക്കെ പയറ്റിത്തെളിഞ്ഞ കളരിയില്‍ താരതമ്യേന പുതുമുഖമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആയുധം വെച്ച് കീഴടങ്ങുകയോ? ഛെ, മോശം. 

ഒരാഴ്ചയോളം നീണ്ട യജ്ഞമായിരുന്നു പിന്നെ. കിട്ടാവുന്ന മാപ്പിളപ്പാട്ട് സാഹിത്യം മുഴുവന്‍ അരിച്ചുപെറുക്കി; മോയിന്‍കുട്ടി വൈദ്യരുടെ വിഖ്യാത കൃതികള്‍ ഉള്‍പ്പെടെ. ഇത്തരം ഗാനങ്ങളില്‍ കടന്നുവരാറുള്ള ചില പ്രത്യേക പദപ്രയോഗങ്ങളുടെ അര്‍ഥം ചോദിച്ചറിഞ്ഞു. ബാക്കിയെല്ലാം എളുപ്പം. ഒറ്റയിരിപ്പില്‍ എഴുതിത്തീര്‍ത്ത പാട്ടുമായി ചെന്നൈയിലെ ബി.കെ. പൊറ്റെക്കാടിന്റെ ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ മങ്കൊമ്പിന്റെ മനസ്സില്‍ എന്നിട്ടും ആശങ്ക ബാക്കി. മാപ്പിളസാഹിത്യം കലക്കിക്കുടിച്ചയാളാണ് സംവിധായകന്‍ പൊറ്റെക്കാട്. ബാബുരാജാകട്ടെ മാപ്പിളപ്പാട്ടിന്റെ ഉസ്താദും. രണ്ടുപേരില്‍ ആര്‍ക്കെങ്കിലും തന്റെ രചന ഇഷ്ടപ്പെടാതെ പോയാലോ?

പക്ഷേ സംഭവിച്ചത് മറിച്ചാണ്. പാട്ടെഴുതിയ കടലാസിലേക്കും മങ്കൊമ്പിന്റെ മുഖത്തേക്കും മാറിമറിനോക്കി ബാബുരാജ്. പിന്നെ കവിക്ക് നേരെ കൈനീട്ടി പറഞ്ഞു: ''നല്ല ഏക്ലാസ് പാട്ട്. കൊട് കൈ.'' സംവിധായകന്റെ  ഊഴമായിരുന്നു അടുത്തത്. ആദ്യ വായനയില്‍ തന്നെ പൊറ്റെക്കാടിന് പാട്ട് ഇഷ്ടപ്പെട്ടു എന്ന് മുഖഭാവം തെളിയിച്ചു. ``ബാബുക്കയുടെ നല്ലൊരു ട്യൂണ്‍ കൂടി ചേര്‍ന്നാല്‍ ഈ പാട്ട് സൂപ്പര്‍ഹിറ്റ് -പൊറ്റെക്കാട് പറഞ്ഞു.

ആ വാക്കുകള്‍ സത്യമായി. സ്വര്‍ണമത്സ്യം'' (1975) എന്ന ശരാശരിച്ചിത്രം ഇന്ന് നാം ഓര്‍ക്കുന്നതുപോലും അതിലെ മങ്കൊമ്പ് -ബാബുരാജ് ടീമിന്റെ കെസ്സുപാട്ടിന്റെ പേരിലാണ്: ``മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്, മനിസനെ മയക്കണ മൊഞ്ചൂറും മോറ്..'' യേശുദാസിന്റെ ശബ്ദത്തില്‍ ജനപ്രിയമായ  ഗാനം.

സിനിമയില്‍ ഒരു മാപ്പിളപ്പാട്ട് കൂടി വേണമെന്നത് ബി.എം. പൊറ്റെക്കാടിന്റെ ആഗ്രഹമായിരുന്നു. വള്ളക്കാരന്‍ പാടുന്നതായാണ് ഗാനം ചിത്രീകരിച്ചത്. രംഗത്ത്  പ്രത്യക്ഷപ്പെടുന്നത് ശ്രീലതയും ഹമീദ് കാക്കശ്ശേരിയും. പ്രത്യക്ഷത്തില്‍ കഥാഗതിയുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ``സ്വര്‍ണമത്സ്യ''ത്തില്‍ ആദ്യം ഹിറ്റായത് മാണിക്യപ്പൂമുത്ത് തന്നെ. യേശുദാസ് പാടിയ ``തുലാവര്‍ഷ മേഘമൊരു പുണ്യതീര്‍ഥം'' ആയിരുന്നു മധു നായകനായ പടത്തിലെ മറ്റൊരു നല്ല ഗാനം.

ആദ്യത്തെ മാപ്പിളപ്പാട്ട് രചന തന്നെ ഹൃദയപൂര്‍വം സ്വീകരിക്കപ്പെട്ടു എന്നത് മങ്കൊമ്പിന് ഇന്നും അഭിമാനം പകരുന്ന കാര്യം. മാണിക്യപ്പൂമുത്ത്, മാനിമ്പപ്പൂമോള്, മൊഞ്ചൂറും മോറ്, വില്ലൊത്ത് വളഞ്ഞുള്ള പുരികം, കടക്കണ്ണിലൊരു ജന്നത്ത് എന്നിങ്ങനെ പരമ്പരാഗത മാപ്പിളപ്പാട്ടുകളില്‍ കാണാവുന്ന പല വാക്കുകളും അതില്‍ ഉപയോഗിച്ചിട്ടുണ്ട്. എവിഎം സ്റ്റുഡിയോയില്‍ വെച്ചുള്ള റെക്കോര്‍ഡിംഗും മറക്കാനാവില്ല. ഗാനത്തിന്റെ വരികളും ഈണവും ആസ്വദിച്ച്, അസാധ്യമായിത്തന്നെ യേശുദാസ് പാടി. മങ്കൊമ്പ്- ബാബുരാജ്- യേശുദാസ് കൂട്ടുകെട്ടിന്റെ ആദ്യസൃഷ്ടി ആയിരുന്നില്ല മാണിക്യപ്പൂമുത്ത്. തൊട്ടുമുന്‍പ് അവര്‍ ഒരുമിച്ച സൗന്ദര്യപൂജയിലും ഉണ്ടായിരുന്നു ഹൃദയഹാരിയായ ഒരു പ്രണയഗാനം: ആപാദചൂഡം പനിനീര് അണിമുത്തുക്കുടങ്ങളില്‍ ഇളനീര്. ബാബുരാജിന്റെ അവസാനചിത്രമായ യാഗാശ്വത്തിലും പാട്ടെഴുതിയത് മങ്കൊമ്പ് തന്നെ. പില്‍ക്കാലത്ത് അപൂര്‍വം ചില മാപ്പിളപ്പാട്ടുകള്‍ കൂടി സിനിമക്ക് വേണ്ടി എഴുതി മങ്കൊമ്പ്. പക്ഷേ മാണിക്യപ്പൂമുത്തിന്റെ മാധുര്യം ഒന്നുവേറെ.

(മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പുനഃപ്രസിദ്ധീകരണം)

Content Highlights: Mankombu Gopalakrishnan