ഡീ ഗ്ലാമറസ് വാറുണ്ണി, ക്രൂരനായ പട്ടേലരും അഹമ്മദ് ഹാജിയും; മമ്മൂട്ടി അനശ്വരമാക്കിയ പ്രതിനായകന്മാർ

ഹിമാലയം ആദ്യമായി നേരിൽ കണ്ടപ്പോൾ മലയാളത്തിലെ മുതിർന്ന ഒരു കവി പറഞ്ഞതായി കേട്ടിട്ടുണ്ട്: 'ഇത്രയൊക്കെ കവിതകൾക്കും ലേഖനങ്ങൾക്കും പുസ്‌തകങ്ങൾക്കും വിഷയമായിട്ടും ഇപ്പോഴും ഹിമാലയം അതേ പ്രൗഢിയിൽ അവിടെത്തന്നെ ഉണ്ടല്ലോ എന്നതാണ് അതിശയം!' മമ്മൂട്ടി എന്ന മഹാനടനും ഈ കവിവാക്യം ചേരും എന്ന് തോന്നിയിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ച് പുറത്തുവന്ന പുസ്‌തകങ്ങളും പഠനങ്ങളും അനേകമാണ്. ആനുകാലികങ്ങളിൽ എഴുതപ്പെട്ട എണ്ണാനാവാത്ത അക്ഷരങ്ങൾ വേറെയും... അങ്ങനെയുള്ള ഒരു നടനെ അക്ഷരങ്ങൾകൊണ്ട് സ്പർശിക്കുമ്പോൾ കൈ വിറയ്ക്കുന്നത് സ്വാഭാവികം.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ കാലചക്രം പരിശോധിക്കു മ്പോൾ, ഇത്രമാത്രം വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ ഇന്ത്യൻ സിനിമയിൽ മറ്റൊരാളില്ല എന്നു കാണാം. 50 വർഷങ്ങൾ പിന്നിട്ട അഭിനയജീവിതത്തിലെ നിരവധി കഥാപാത്രങ്ങൾ ഇന്നും സിനിമാചരിത്രത്തിൽ ഗോപുരങ്ങളായി നിലകൊള്ളുന്നു. നാനൂറിൽ പരം കഥാപാത്രങ്ങളിൽ പ്രിയപ്പെട്ട തായി തോന്നിയ, സിനിമാഭാഷയിൽ പറഞ്ഞാൽ 'നെഗറ്റീവ് ഷെയ്‌ഡു'ള്ള പ്രതിനായകവേഷങ്ങളിലൂടെ കടന്നുപോകാനുള്ള ഒരു എളിയ ശ്രമമാണിത്. മമ്മൂട്ടിയെ നടനായും താരമായും സൂപ്പർസ്റ്റാറായും മെഗാസ്റ്റാറായുമെല്ലാം രൂപാന്തരപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച കഥാപാത്രങ്ങൾ.
മമ്മൂട്ടിയുടെ ആദ്യത്തെ ശ്രദ്ധേയമായ വേഷമായി പരിഗണിക്കപ്പെടുന്ന 'വിൽക്കാനുണ്ട് സ്വപ്‌നങ്ങളി'ലെ മാധവൻകുട്ടിയിൽ നിന്നാണ് തുടക്കം. (കെ.ജി.ജോർജിന്റെ 'മേള'യിലേക്കും ഐ.വി.ശശിയുടെ 'തൃഷ്ണ'യിലേക്കും അവസരമൊരു ക്കുന്നത് ആ വേഷമാണ്). 1980-ൽ റിലീസ് ചെയ്ത എം.ടി.വാസുദേവൻ നായർ തിരക്കഥ എഴുതി ആസാദ് സംവിധാനം ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങളി'ൽ നാല് സീനുകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് മേലെപ്പൊരേൽ മാധവൻകുട്ടി മേനോൻ. തകർന്നു പോയ പ്രതാപങ്ങളുടെ പ്രതിനിധി യായ മാധവൻകുട്ടി, സദാനേരവും മദ്യപിച്ച് നടക്കുന്ന നിരാശനായ യുവാവാണ്. സുകുമാരൻ അവതരിപ്പിക്കുന്ന രാജൻ എന്ന നായകനോട് അയാൾക്ക് വെറുപ്പാണ്. സിനിമയുടെ അവസാനം കഥയെ തിരിച്ചുവിടുന്ന ഒരു കഥാപാത്രമായി മാറുന്നുണ്ട് മാധവൻകുട്ടി മമ്മൂട്ടി എന്ന മഹാനടനിലേക്കുള്ള വളർച്ചയുടെ ചരിത്രം.
അടയാളപ്പെടുത്തുന്ന സിനിമ എന്ന പ്രത്യേകതയാണ് ഇന്ന് 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ'ക്കുള്ളത്. പാളിപ്പോയ ആ സിനിമയിലെ അഭിനയത്തെ കുറിച്ച് മമ്മൂട്ടി 'ചമയങ്ങൾ' എന്ന ആത്മകഥയിൽ സ്വയം വിമർശനം നടത്തിയിട്ടുണ്ട്. (എന്റെ മനസ്സിലുണ്ടായിരുന്ന അഭിനയ സങ്കൽപങ്ങൾ പാടേ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കി). 1982- ൽ മലയാളത്തിലെ ആദ്യത്തെ 70 എം.എം. സിനിമയായി വന്ന 'പടയോട്ടത്തിലെ കമ്മാരൻ പൂർണമായും വില്ലൻ സ്വഭാവമുള്ള കഥാപാത്രമാണ്. കോലത്തിരി രാജാവിന്റെ പ്രഭുക്കളിൽ ഒരാളായ കമ്മാരനാണ് പെരുമന കുറുപ്പിനൊപ്പം ചേർന്ന്, നായകനായ ഉദയൻ രാജാവിനെ ചതിക്കുന്നതിനും നാടുകടത്തുന്നതിനും തന്ത്രങ്ങൾ മെനയുന്നത്.
1982-ൽ തന്നെ റിലീസ് ചെയ്ത ജെ.സി. ജോർജിന്റെ 'കോമര'ത്തിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് 'ചമയങ്ങളിൽ മമ്മൂട്ടി എഴുതിയിട്ടുണ്ട്: 'കോമരത്തിൽ ഒരു സ്ത്രീലമ്പടനായിട്ടാണ് ഞാൻ അഭിനയിക്കുന്നത്, ഒരു ദുഷ്ട കഥാപാത്രം. പല പെൺകുട്ടികളെയും അയാൾ പിഴപ്പിക്കുന്നുണ്ട്. അവസാനം ദുഷ്ട കഥാപാത്രത്തിന് മാനസാന്തരം വരികയും താൻ ചതിച്ച പെൺകുട്ടികളിൽ ഒരാളോട് മാപ്പ് പറഞ്ഞ് അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. അവസാനം പെൺകുട്ടിയെ ചതിച്ചതിന് പകയുള്ള നെടുമുടി വേണുവിന്റെ കഥാപാത്രം എന്നെ കുത്തിക്കൊ കൊലപ്പെടുത്തുകയാണ്. ജയൻ അവസാനമായി അഭിനയിച്ച സിനിമയായിരുന്നു 'കോമരം'. ജയന്റെ മരണശേഷം കഥയിൽ സാരമായ മാറ്റങ്ങൾ വരുത്തി മമ്മൂട്ടിയെ ഉൾപ്പെടുത്തുകയായിരുന്നു.
1983- ൽ വന്ന പത്മരാജന്റെ 'കൂടെവിടെ'യിലെ ക്യാപ്റ്റൻ തോമസും നെഗറ്റീവ് ഛായയുള്ള കഥാപാത്രമായിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലം കൂടിയാണിത്. 1986-ൽ പുറത്തുവന്ന പത്മരാജന്റെ തന്നെ 'കരിയിലക്കാറ്റു പോലെ'യാണ് മമ്മൂട്ടിയിലെ പ്രതിനായകന്റെ ഇമേജിനെ ശക്തമായി വെളളിത്തിരയിൽ പ്രതിഷ്ഠിച്ച സിനിമ, പ്രശസ്‌ത സിനിമാസംവിധായകനും എഴുത്തുകാരനുമായ അഹങ്കാരിയായ ഹരികൃഷ്ണൻ കാമുകിയെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്ന കൂട്ടുകാരിയോട് പ്രതികാരം ചെയ്യുന്ന കഥാപാത്രം. മമ്മൂട്ടി നായകനടനായി വലിയ വെളിച്ചത്തിൽ നിൽക്കുന്ന കാലത്താണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ഇന്ന് മമ്മൂട്ടി കഥാപാത്രങ്ങളിൽ അനശ്വരനാണ് ഹരികൃഷ്ണൻ.
'അതിരാത്ര'ത്തിലെ താരാദാസ്, 'സ്നേഹമുള്ള സിംഹ'ത്തിലെ വൈശാഖൻ, 'എന്റെ ഉപാസന' യിലെ അർജുനൻ, 'കൗരവറി'ലെ ആന്റണി, 'ചരിത്ര'ത്തിലെ ഫിലിപ്പ് മണവാളൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം തുടക്കത്തിൽ പ്രതിനായക സ്വഭാവം പ്രകടിപ്പിച്ച് സിനിമയുടെ അവസാനം പ്രേക്ഷകരുടെ സ്നേഹം പിടിച്ചു പറ്റുന്ന കഥാപാത്രങ്ങളാണ്.
1989- ൽ ലോഹിതദാസിന്റെ തിരക്കഥയിൽ ഐ.വി. ശശി ഒരുക്കിയ 'മൃഗയ'യിലെ വാറുണ്ണി മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ വേറിട്ടു നിൽക്കുന്ന കഥാപാത്രമാണ്. പുലിയെ പിടിക്കാൻ വന്ന് പുലിയേക്കാൾ ആ നാടിന് പേടിസ്വപ്നമാകുന്നു വേട്ടക്കാരൻ വാറുണ്ണി. 'ഒരു വടക്കൻ വീരഗാഥ'യിലൂടെ ആദ്യത്തെ ദേശീയ അവാർഡ് ലഭിച്ചതിന് തൊട്ടടുത്ത വർഷമാണ് മമ്മൂട്ടി വില്ലൻ സ്വഭാവമുള്ള 'ഡീ ഗ്ലാമറസ്' എന്നു വിശേഷിപ്പിക്കാവുന്ന വാറുണ്ണിയുടെ വേഷത്തിൽ പ്രേക്ഷകർക്കു മുന്നിൽ വരുന്നത്.
മമ്മൂട്ടിയിലെ പ്രതിനായക പരിവേഷത്തെ പൂർണമായി ഉപയോഗപ്പെടുത്തിയ സിനിമ 'ന്യൂ ഡൽഹി' പിറക്കുന്നത് 1987 ലാണ്. മലയാളസിനിമയിലും മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലും നാഴികക്കല്ലായി മാറിയ ജോഷി സിനിമ. പ്രതി കാരദാഹിയായ പത്രപ്രവർത്തകൻ ജി. കൃഷ്ണമൂർത്തി ഇന്നും ഇന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട പ്രതിനായ കവേഷത്തിന്റെയും സൂക്ഷ്‌മാഭിനയത്തിന്റെയും മാതൃകയായി നിലകൊള്ളുന്നു. മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്നായ സക്കറിയയുടെ 'ഭാസ്കർ പട്ടേല'രും 'എന്റെ ജീവിത'വും അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കിയപ്പോൾ ഏകാധിപത്യ സ്വഭാവമുള്ള ക്രൂരനായ പട്ടേലരായത് മമ്മൂട്ടിയാണ്. സ്ത്രീലമ്പടനും അഹങ്കാരിയുമായ പട്ടേലരുടെ ശരീരഭാഷ സമർ ത്ഥമായി മമ്മൂട്ടി ആ കഥാപാത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. 1994-ൽ വീണ്ടും മമ്മൂട്ടി ദേശീയ അവാർഡിന് അർഹനായ കഥാപാത്രം.
2007-ൽ എം. പത്മകുമാറിന്റെ 'പരുന്തി'ൽ മമ്മൂട്ടി വീണ്ടും ക്രൂരനായ ഒരു നായക ന്റെ വേഷമണിയുന്നുണ്ട്. അറുത്ത കൈക്ക് ഉപ്പുതേക്കാത്ത 'പുരുഷു' എന്ന പലിശക്കാരൻ. മമ്മൂട്ടി മുന്ന് വ്യത്യസ്ത കഥാ പാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്തിന്റെ 'പാലേരി മാണിക്യ'ത്തിലെ (2009) ഏറ്റവും ശക്തനായ മനുഷ്യൻ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയാണ്. മാണിക്യത്തിന്റെ കൊലയാളിയാണെന്ന് നാം സംശയിക്കുന്ന, പ്രേക്ഷകരുടെ വെറുപ്പ് മുഴുവനും സമാഹരിക്കുന്ന കഥാപാ ത്രമാണ് ഹാജിയാർ. 2014- ലെ 'മുന്നറിയിപ്പും' 2020-ലെ 'പുഴു'വിലെയും കഥാപാത്ര ങ്ങൾ പ്രേക്ഷകനിൽ സിനിമയുടെ അന്ത്യത്തിൽ ഞെട്ടൽ തീർക്കുന്നവരാണ്. സ്വാതന്ത്ര്യം ഇഷ്ടപ്പെടാത്ത ജയിൽപുള്ളി രാഘവനും ജാതീയത ഉള്ളിൽ സൂക്ഷിക്കുന്ന ക്രൂരനായ സഹോദരനായ കുട്ടനും.
മമ്മൂട്ടിയുടെ സിനിമാജീവിതം 51-ാം വയസ്സിലേക്ക് കടക്കുന്ന 2022- ലെ മികച്ച കഥാപാത്രമാണ് 'റോഷാക്കി'ലെ ലൂക്ക് ആന്റണി. തന്റെ ഭാര്യയെ കൊന്ന് കുടുംബം തകർത്തവനോടുള്ള പ്രതികാരം ചെയ്യുന്ന കഥാപാത്രം. ഭൂമിയിയിൽ ശത്രുവിനുള്ള സൽപേരും ആകാശത്തുള്ള അവന്റെ ആത്മാവിനെയും അയാൾ തന്ത്രപൂർവം മുച്ചൂടും മുടിക്കുന്നു.
ജോയ്‌മാത്യുവിന്റെ തിരക്കഥയിൽ എനിക്ക് സംവിധാനം ചെയ്യാൻ അവസരം ലഭിച്ച ആദ്യ സിനിമ 'അങ്കിളി'ലെ കഥാപാത്രം കൃഷ്ണകുമാർ നെഗറ്റീവ് പ്രതിഛായയുള്ളതാണ്. ജീവിതം ആഘോഷമാക്കിയ അയാളെ സുഹൃത്ത് വിജയനെപ്പോലെ പ്രേക്ഷകരും തെറ്റിദ്ധരിക്കുന്നുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന കാലത്താണ് ആ സിനിമ വരുന്നത്. എങ്ങനെ സ്വീകരിക്കപ്പെടും എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ പ്രേക്ഷകർ ആ കഥാപാത്രത്തെ സ്നേഹത്തോടെ ഏറ്റെടുത്തു.
മമ്മൂട്ടിയെ കുറിച്ച് ഒരു സ്വകാര്യ സംഭാഷണത്തിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞത് കടമെടുത്താൽ, 'ചില നടന്മാരെ കുറിച്ച് ചിന്തിക്കുമ്പോൾ അവരുടെ പഴയ സിനിമകളിലെ അഭിനയത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. എന്നാൽ മമ്മൂട്ടിയിൽ എത്തുമ്പോൾ അദ്ദേഹം അഭിനയിച്ച ഏറ്റവും അവസാനത്തെ സിനിമയെ കുറിച്ചാണ് നാം വാചാലരാവുന്നത്. അതെ, സിനിമ സൃഷ്ടിച്ചുവെച്ച എല്ലാതരം പ്രതിഛായകളെയും അട്ടിമറിക്കുന്ന രീതിയിൽ ആ മഹാ നടൻ യാത്ര തുടരുകയാണ്…
(പുനഃപ്രസിദ്ധീകരണം. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ 2022 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Renowned Malayalam poet once remarked on the Himalayas' enduring majesty despite being a subject of countless poems and writings. This sentiment aptly applies to the legendary actor Mammootty, whose illustrious career spans over 50 years with a diverse array of roles in Indian cinema. Mammootty's journey began with his notable role in "Vilkanundu Swapnangal" as Madhavankutty, a character symbolizing lost glory. Despite initial self-criticism, Mammootty's portrayal of complex characters, often with negative shades, has been pivotal in his transformation into a superstar and megastar. His roles in films like "Padayottam," "Komaram," and "Koodevide" showcased his versatility in playing antagonistic characters. The 1989 film "Mrugaya" featured his unique portrayal of Varunni, a hunter feared more than the tiger he seeks. "New Delhi" in 1987 marked a milestone with his role as journalist G. Krishnamoorthy, a benchmark for nuanced acting. Mammootty's performances in "Paleri Manikyam" and "Puzhu" further exemplify his ability to evoke strong audience reactions. In 2022, his role in "Rorschach" as Luke Antony, seeking revenge, highlights his continued evolution. Writer Subhash Chandran noted that discussions about Mammootty often focus on his latest work, underscoring his ongoing journey of redefining cinematic personas. Mammootty's legacy is one of constant reinvention, captivating audiences with each new role.