ഈ മമ്മൂട്ടി പുതിയതാണ്,പഴയതും; മമ്മൂട്ടി എന്ന വാക്കിന് എന്നും അപ്രവചനീയത എന്നാണ് അർഥം | കഥത്തിര

''അതിപ്പോ ഞാനിന്നിങ്ങോട്ട് വന്നപ്പോ ആലോചിച്ചതാ...പരസ്യമായി പറയേണ്ട ഒരു കാര്യമല്ല..ഞാൻ ആലോചിക്കുവായിരുന്നു...ഈ സിനിമ കാണുകയും ആർത്തലയ്ക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നവരെ ഒന്നും എനിക്കറിയില്ല..ഞാനൊന്നും....ഒരു ഉപകാരവും അവർക്ക് ചെയ്തിട്ടില്ല...അത് വലിയ ഭാഗ്യമാണ്...അങ്ങനെയുള്ളവരുടെ സ്‌നേഹം കിട്ടാൻ....''
പറയുന്നത് മമ്മൂട്ടിയാണ്. കുറച്ചുകൂടി തുറന്നു പറഞ്ഞാൽ അദ്ദേഹത്തിന്റെ ഹൃദയം. ചമയങ്ങളില്ലാതെയുള്ള വാക്കുകൾ. അതിലുണ്ട് യഥാർഥ മമ്മൂട്ടി.
ഈ മമ്മൂട്ടി ഒരുപക്ഷേ മലയാളിക്ക് പുതുതാണ്. പടിഞ്ഞാറൻ കൊച്ചിയിലെ വലിയൊരു വംശവൃക്ഷത്തിന്റെ പിതാമഹനായി പന്തലിച്ചുനിന്നുകൊണ്ട് ആരാധകസഹസ്രങ്ങളെ കടലും കാനനവും കൊടുങ്കാറ്റുമാക്കുന്ന ഈ നാളുകളിൽ മമ്മൂട്ടി പക്ഷേ പലതും കുടഞ്ഞെറിയുകയാണ്. തനിക്കുചുറ്റുമുണ്ടായിരുന്ന പലതരം പ്രതിച്ഛായകളെ പഞ്ഞിക്കിടൽ. ആട്ടമല്ലാത്ത ഒരുതരം അഴിഞ്ഞുണരൽ.
അതുകൊണ്ടാണ് അഭിമുഖത്തിന്റെ ആദ്യവാക്കായി അവതാരകൻ അല്പമൊരു അധികാരസ്വരത്തിൽ 'മമ്മൂക്ക...' എന്നുവിളിക്കുമ്പോൾ അദ്ദേഹം അയൽപക്കക്കാരനെപ്പോലെ 'ഓാാാ...'എന്ന് നീട്ടിവിളികേട്ടത്. യൂട്യൂബിലെ ഷൈൻ ടോം ചാക്കോയുടെ വൈറൽ അഭിമുഖത്തിന്റെ ഓർമയിൽ മറ്റൊരാളോട് 'പ്രക്രിയയുടെ അർഥം പറഞ്ഞിട്ട് നീ ക്ലാസ്സിൽ കയറിയാൽ മതി'യെന്ന് പറഞ്ഞത്. ഉറങ്ങുമ്പോൾ ദുൽഖർ ഫോൺ അടിച്ചുമാറ്റുകയായിരുന്നുവെന്ന രഹസ്യം പങ്കുവയ്ക്കുന്നത്.
അടച്ചിരിപ്പിന് ശേഷം ഇപ്പോൾ നാം കാണുന്ന മമ്മൂട്ടി ഒരു തുറസ്സാണ്...
അമ്പുകളുടെ മുകളിലായിരുന്നു പലപ്പോഴും മമ്മൂട്ടിയെന്ന വ്യക്തിയുടെ 'ഭീഷ്മ'ജീവിതം. ജാഡയുള്ള മനുഷ്യൻ. അഹങ്കാരി. ആരാധകന്റെ കൈതട്ടിത്തെറിപ്പിച്ചുപോകുന്ന ധാർഷ്ട്യനായകൻ. അങ്ങനെ എന്തെല്ലാം ആരോപണങ്ങൾ. മമ്മൂട്ടി കൂളിങ് ഗ്ലാസ് വയ്ക്കുന്നത് കണ്ട് ചുണ്ടുകോട്ടി മലയാളി പറയുമായിരുന്നു: 'ചുമ്മാ...'
ഇക്കൂട്ടത്തിൽ മമ്മൂട്ടിയെന്ന നടനെ ഇഷ്ടപ്പെടുന്നവർപോലുമുണ്ടായിരുന്നു. ശിവന് ജടയും തൃക്കണ്ണും താണ്ഡവവുമെന്നപോലെ മമ്മൂട്ടിക്കൊപ്പം പൊതുവേ ചേർക്കപ്പെട്ട ചില രൂപവിശേഷങ്ങളായിരുന്നു ഈ വിലയിരുത്തലിന്റെ കാരണം. ജാഡയും മുൻകോപവും എടുത്തുചാട്ടവും. മൂന്നുകൊടുമുടികൾ ചേരുന്നൊരു കൈലാസം. ആരൊക്കയോ പറഞ്ഞുപറഞ്ഞ് മമ്മൂട്ടി മലയാളിമനസിൽ ജാഡയഴിച്ചാടുന്ന അഘോരമൂർത്തിയായി. ഒരേസമയം അഴകനും അഹങ്കാരിയും.
പക്ഷേ മമ്മൂട്ടി ഈ ധാരണകൾ ഒരിക്കലും തിരുത്താൻ ശ്രമിച്ചില്ല. പകരം സ്വയം തീർത്തൊരു കൂട്ടിൽ പാർക്കുന്നൊരു അതിശയപ്പറവയായി. ഏറ്റവും അടുപ്പമുള്ളവർക്കു മുന്നിൽ മാത്രം അദ്ദേഹം ചിറകുവിരുത്തി സ്വയം വെളിപ്പെട്ടു. തമാശ പറഞ്ഞു,ഹൈക്കു കവിതയെഴുതി,ചില വേർപാടുകളിൽ നിർത്താതെ വിതുമ്പി,കൊറോണയിൽ സർവം നിശ്ചലമായപ്പോൾ എല്ലാവരെയുംപോലെ 'എന്നു തീരും ഇത്....'എന്ന് വിവശതയോടെ ചോദിച്ചു,വെറും വെറും മനുഷ്യനായി....
പക്ഷേ തന്നെ സ്‌നേഹിക്കുന്നവരെ എന്നും അദ്ദേഹം തിരിച്ചും ഒരുപാട് സ്‌നേഹിക്കുന്നുണ്ടായിരുന്നു. പുറത്തുകാണിച്ചില്ല എന്നു മാത്രം. മക്കളെ മനസുകൊണ്ട് മാത്രം വാരിപ്പുണരുകയും ഉമ്മവയ്ക്കുകയും ചെയ്യുന്ന അച്ഛന്മാരെ പലപ്പോഴും ഓർമിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. പുറമേ പരുക്കനെന്ന് തോന്നിപ്പിക്കുയും അകമേ തെളിനീരുറവയെ ഒളിപ്പിക്കുകയും ചെയ്യുന്ന കരിങ്കൽമനുഷ്യരുടെ പ്രതിരൂപം. തനിക്ക് നേരെ നീണ്ടുവരുന്ന അനേകായിരം കൈത്തലങ്ങളെ മമ്മൂട്ടി എപ്പോഴും തൊടാതെ തൊടുന്നുണ്ടായിരുന്നു.
ഒരിക്കൽ വീട്ടിൽ മമ്മൂട്ടി വന്നു. തിരിച്ചിറങ്ങുമ്പോൾ കാത്തുനിന്ന തൊട്ടപ്പുറത്തെ വീട്ടിലെ ചേച്ചി കൈനീട്ടി. 'ഞങ്ങളൊന്ന് നല്ലവണ്ണം കാണട്ടെ...ഒന്നിങ്ങോട്ട് നോക്ക്...ഒരു കൈതന്നേ....' അവർ അയൽക്കൂട്ടത്തിലെന്നപോലെ കലപിലകൂട്ടുകയാണ്. ഒരുപാട് മുൻകാഴ്ചകളുടെ ഓർമയുണ്ടായിരുന്നതുകൊണ്ട് മമ്മൂട്ടി എങ്ങനെ പ്രതികരിക്കുമെന്ന് തെല്ലൊന്ന് പേടിച്ചു. പക്ഷേ അദ്ദേഹം സ്‌നേഹത്തോടെ അവരെ നോക്കി വിടർന്നുചിരിച്ചു. കൈ നീട്ടിക്കൊടുത്തു. പിന്നെ നാട്ടിൻപുറത്തുകാരനെപ്പോലെ മുണ്ടിന്റെ കോന്തലയുടെ ഒരറ്റം പിടിച്ച് നടന്നുപോയി...
അന്ന് വൈകിട്ട് ആ ചേച്ചി പറഞ്ഞു:'ഞാൻ ഇതുവരെ കൈകഴുകിയിട്ടില്ല...ദേ...ഇപ്പഴുമുണ്ട് മമ്മൂട്ടിയുടെ മണം...'
തനിക്കുവേണ്ടി തൊണ്ടപൊട്ടിക്കുകയും ചൂളംകുത്തുകയും ചിത്രമെഴുതുകയും വിയർപ്പിന്റെ ഉപ്പുള്ള നോട്ടുകൾ മിച്ചംപിടിക്കുകയും പാതിരാറിലീസിനായി ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്ക് എന്നുമുണ്ടായിരുന്നു മമ്മൂട്ടിയുടെ ഉള്ളിൽ ഇരിപ്പിടങ്ങൾ. പക്ഷേ ഒരിക്കലും തുറന്നുപറഞ്ഞില്ല. സ്വകാര്യനിമിഷങ്ങളിൽ തനിക്ക് മാത്രം പുറത്തെടുത്ത് ചേർത്തുനിർത്താനുള്ള ഇഷ്ടമായി മമ്മൂട്ടി അതിനെ സൂക്ഷിച്ചു. കൂളിങ് ഗ്ലാസിന് പിന്നിലുള്ള കണ്ണുകളിലെ കടപ്പാട് അദ്ദേഹത്തിന് മാത്രമറിയാവുന്ന രഹസ്യമായിരുന്നു.
ആരാധകർ അപരനെ കൂവിത്തോല്പിക്കാനുള്ള ആയുധങ്ങളല്ല, മമ്മൂട്ടിക്ക്. പകരം അന്യനുതകുന്ന വിവേകികളായി അവരെ രൂപപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. ആരാധകരുടെ ആഗോളനേതാവ് എന്ന് പരിഭാഷപ്പെടുത്താവുന്ന, മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ഓസ്‌ട്രേലിയയിലാണുളളത്. ആഴ്ചയിൽ ഒന്നിലധികം തവണ റോബർട്ടിനെ മമ്മൂട്ടി ബന്ധപ്പെടുന്നു. ആരുമല്ലാത്തവർക്ക് വേണ്ടി, ആരുമില്ലാത്തവർക്ക് വേണ്ടി സംസാരിക്കുന്നു. അങ്ങനെ അട്ടപ്പാടിയിലെ ആദിവാസി മധുവിന് വക്കീലുണ്ടാകുന്നു. ഓൺലൈൻ ക്ലാസിന് മുന്നിൽ വഴിമുട്ടിനിന്ന കുഞ്ഞുങ്ങൾക്ക് മൊബൈൽ കിട്ടുന്നു. ഇടറിപ്പോയ ഒരു ഹൃദയത്തിന് ചികിത്സയിലൂടെ പുതിയ തുടിപ്പുണ്ടാകുന്നു. എവിടെയൊക്കയോ ഉള്ള മനുഷ്യരിലേക്ക് മനുഷ്യന്റെ ചോര ഒരു സൂചിത്തുമ്പിലൂടെ കടന്നുചെല്ലുന്നു...
പക്ഷേ ഇതൊക്കെയും സ്വയം തീർത്ത ഇരുമ്പുമറക്ക് പിന്നിൽ നിന്നുകൊണ്ടായിരുന്നു മമ്മൂട്ടി ചെയ്തത്. ഭീഷ്മപർവത്തിനൊപ്പം ഇപ്പോഴിതാ നായകൻ ആ മറയ്ക്ക് പുറത്തേക്ക് വരുന്നു. അതിന്റെ ക്ലൈമാക്‌സായിരുന്നു ഇന്നലെ ഖത്തറിലെ പത്രസമ്മേളനത്തിൽ കണ്ടത്. 'പരസ്യമായി പറയേണ്ട കാര്യമല്ല...'എന്നതിൽ മുമ്പ് നമ്മൾ കണ്ട് ശീലിച്ച മമ്മൂട്ടിയുണ്ട്. ഒരിക്കലും ഒന്നും പരസ്യമായി പറയുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ശീലം. പക്ഷേ തൊട്ടടുത്ത വാചകങ്ങളിൽ മമ്മൂട്ടി തന്നെതന്നെ തിരുത്തി. 'ഞാനൊന്നും ചെയ്തിട്ടില്ല' എന്നത് ഏറ്റുപറച്ചിലല്ല. ഉള്ളിൽ ഇക്കാലമത്രയും സൂക്ഷിച്ചുവച്ചിരുന്ന നിർമലമായ നീരുറവയുടെ തുറന്നുവിടലാണ്. കണ്ണിലൊളിപ്പിച്ചുവച്ചിരിക്കുന്ന കടപ്പാടിനെ പ്രകാശിപ്പിക്കലാണ്. 'ജാവോ...'എന്ന് മമ്മൂട്ടി പറയുന്നത് ആ പേരിനൊപ്പം മലയാളി ഇത്രയും കാലം ചേർത്തുവച്ചിരുന്ന പല ധാരണകളുടെ മുഖത്തുനോക്കിക്കൂടിയാണ്.
അതുകൊണ്ട് ആരാധകരേ.....ഇന്നലെ നിങ്ങൾ കണ്ട മമ്മൂട്ടിയായിരുന്നു എല്ലാക്കാലത്തുമുള്ള മമ്മൂട്ടി. സ്‌നേഹിക്കുന്നവരെ അവരറിയാതെ തിരിച്ചുസ്‌നേഹിക്കുന്ന ഒരു മനുഷ്യൻ...ഒരു വെറും മനുഷ്യൻ...
ടെയ്ൽ എൻഡ്: ഇന്നലത്തെ പത്രസമ്മേളനം കണ്ട് മമ്മൂട്ടിയോട് 'ആളാകെ മാറിയല്ലേ...ഇനിയെന്നും ഇങ്ങനെയായിരിക്കുമോ' എന്ന് ചോദിച്ചാൽ ചിലപ്പോൾ കേട്ടഭാവം നടിക്കില്ല. മമ്മൂട്ടി എന്ന വാക്കിന് എന്നും അപ്രവചനീയത എന്നാണ് അർഥം.
**********
Content Highlights: Mammootty, Amal Neerad, Bheeshma Parvam