ആ കഥാപാത്രത്തിനായി മനസ്സില്‍ കണ്ടത് ശാരദയെയായിരുന്നു, ആ വേഷം അവരും ഒരുപാട് മോഹിച്ചിരുന്നു

അഭിനയത്തില്‍ മാത്രമല്ല ജീവിതത്തിലും വ്യത്യസ്തയാണ് ശാരദ. എന്റെ സിനിമാജീവിതത്തില്‍ നിരവധി ചിത്രങ്ങളില്‍ ശാരദയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം ശാരദ നന്നായി അഭിനയിച്ചു എന്നതിനേക്കാള്‍ നന്നായി ജീവിച്ചു എന്ന തോന്നലാണുണ്ടായത്. പലപ്പോഴും അഭിനേത്രിയെന്ന നിലയിലല്ല യഥാര്‍ത്ഥജീവിതത്തിലുള്ള ഒരാളായിട്ടാണ് ശാരദയെ നമ്മള്‍ കാണുന്നത്. അതിന്റെ കാരണം അവര്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ തന്നെയാണ്. മറ്റൊരു അഭിനേത്രിയെ വെച്ച് ശാരദയുടെ കഥാപാത്രങ്ങളെ സങ്കല്പിക്കാനാവില്ല. കൃത്രിമത്വം എന്നൊന്ന് അവരുടെ അഭിനയത്തിലെവിടെയും കാണാനുമാവില്ല. എംടി വാസുദേവന്‍ നായരുടെ രചനയില്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത 'മുറപ്പെണ്ണി'ലാവാം ഞങ്ങള്‍ ആദ്യമായി ഒന്നിച്ചത്. അവിടം മുതല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ശ്രീകുമാരന്‍ തമ്പിയുടെ 'അമ്മയ്ക്കൊരു താരാട്ട് 'വരെയുള്ള സിനിമകളിലെല്ലാം കഥാപാത്രമായി ജീവിക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സത്യന്‍ സാറിന്റെയും പ്രേംനസീറിന്റെയും നായികയായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശാരദ എന്റെ പല സിനിമകളിലും നായികയായത്. ആര്‍ക്കൊപ്പം അഭിനയിച്ചാലും ശാരദയുടെ കഥാപാത്രം എന്നും ഉയര്‍ന്നു നിന്നിട്ടേയുള്ളു. ഏതു കഥാപാത്രത്തിന്റെ വിജയത്തിന് പിറകിലും ഒപ്പം അഭിനയിക്കുന്നവരുടെ വലിയ സഹകരണമുണ്ടാവും. എന്റെ പല കഥാപാത്രങ്ങളും പൂര്‍ണമായതിനു പിറകില്‍, കൂടെ അഭിനയിച്ചവരുടെ വലിയ സഹകരണമുണ്ട്. അതില്‍ ശാരദയുടെ പങ്ക് എടുത്തുപറയേണ്ടത് തന്നെയാണ്.
Content Highlights: Veteran actor Madhu reminisces about his collaborations with legendary actress Sharada