'' ഇത് ചെറ്ത്, ഇപ്പോ ശരിയാക്കിത്തരാം''; ചിരിയുടെ കോഴിക്കോടന്‍ പെരുമ അരങ്ങൊഴിഞ്ഞ് 22 വര്‍ഷങ്ങള്‍

#സി.കരുണാകരന്‍
കുതിരവട്ടം പപ്പു
കുതിരവട്ടം പപ്പു

''ഇന്നാട്ടില് കാറും ലോറീം ഓട്ടുന്ന ഡ്രൈവര്‍മാരെ എമ്പാടും കിട്ടും. പക്ഷെ, ഞമ്മള് ആ വകുപ്പല്ല, ഞമ്മളെ കുറച്ച് കാത്തിരിക്കേണ്ടിയൊക്കെ വരും'' - പറയുന്നത് നിസ്സാരക്കാരനല്ല, ഭയങ്കര പുള്ളിയാണ്. പി.ഡബ്ല്യു.ഡിയിലായിരുന്നപ്പോ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കയ്യില്‍ നിന്ന് അവാര്‍ഡൊക്കെ വാങ്ങിയിട്ടുണ്ട്.

'' ഇത് ചെറ്ത്, ഇപ്പോ ശരിയാക്കിത്തരാം'' എന്നും പറഞ്ഞുകൊണ്ട് അയാള്‍ റോഡ് റോളര്‍ ശരിയാക്കാന്‍ കയറി.  പക്ഷെ അത് ശരിയായതുമില്ല, മുനിസിപ്പല്‍ സെക്രട്ടറിയുടെ വീടിന്റെ മതിലും പൊളിച്ചു. അവസാനം കുടക്കാല് കൊണ്ട് ഒരു തല്ലും കൊടുത്ത് ഓടിച്ചുവിടുകയായിരുന്നു അയാളെ.മലയാള സിനിമയിലെ ഏറ്റവും മികച്ച തമാശ രംഗമായി അധികം പേരും ആദ്യം തിരഞ്ഞെടുക്കുക വെള്ളാനകളുടെ നാടിലെ ഈ രംഗമായിരിക്കും. ഇങ്ങനെ ഒട്ടേറെ  അനശ്വര കഥാപാത്രങ്ങളെ ബാക്കിവെച്ചാണ് കുതിരവട്ടം പപ്പു അരങ്ങൊഴിഞ്ഞത്. ആ വിയോഗത്തിന് 22 വര്‍ഷമാവുന്നു.

മറക്കാത്ത നമ്പറുകള്‍

ബഡായി പറയുന്നവരുടെ (കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വിടല്‍സ് അടിക്കുന്നവരുടെ) വേഷം ചെയ്യുന്നതില്‍ പപ്പുവിനെ കഴിഞ്ഞേ ഉള്ളൂ മറ്റാരും. ടി.പി. ബാലഗോപാലന്‍ എം.എയില്‍ ബസ്സ് ഡ്രൈവറാണ് അയാള്‍. വയനാട് ചുരമിറങ്ങുമ്പോള്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതെല്ലാം വിസ്തരിക്കുന്നുണ്ട് അയാള്‍. ഭാര്യയുടെ മുത്തശ്ശിയെ സോപ്പടിക്കാനായിരുന്നു ഇതെല്ലാം. എന്നാലേ ആ വീട്ടില്‍ ചക്കാത്തിന് കഴിഞ്ഞുകൂടാന്‍ പറ്റു. ഇങ്ങനെ ബഡായി പറയുകയും കള്ളത്തരം കാണിക്കുകയും മാത്രമല്ല, അത് കഴിയുമ്പോള്‍ ഒരു ചിരിയുമുണ്ട് പപ്പുവിന്- എന്നെ കണ്ടാല്‍ കള്ളനാണെന്നു തോന്നുമോ എന്ന ഭാവത്തില്‍.

ഏയ് ഓട്ടോയില്‍ കളഞ്ഞുകിട്ടിയ പണം തന്റേതാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു അയാള്‍. പടച്ചോന്‍ ഫുള്‍ ഫാമിലിയായി തന്റെ ഓട്ടോയില്‍ കയറി, എന്നിട്ട് ഇഷ്ടം പോലെ ബിരിയാണീ തിന്നിട്ട് ചാകടാ എന്നും പറഞ്ഞ് സ്‌നേഹത്തോടെ തന്ന പണമാണെന്നൊക്കയാണ് ആദ്യം പറഞ്ഞത്. പക്ഷെ പിന്നെ യഥാര്‍ഥ ഉടമസ്ഥനെ കണ്ടെത്തിയപ്പോള്‍ ഞാനപ്പഴേ പറഞ്ഞില്ല എന്ന ഭാവത്തില്‍ പപ്പു ഉരുളുകയും ചെയ്യുന്നു. ഇങ്ങനെ കുറേ കഥാപാത്രങ്ങളെ പപ്പു അവതരിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഒരു കള്ളനോട്ടം, അല്ലെങ്കില്‍ ഒഴിഞ്ഞുമാറല്‍, ചിലപ്പോള്‍ ജാള്യത കലര്‍ന്ന ഒരു ചിരിയാവാം അത്. പപ്പുവിന് മാത്രം പറ്റുന്ന നമ്പറുകള്‍.  

ബിരിയാണിയിലെ 'ഭ'

പെട്ടന്ന് ഓര്‍മിക്കാന്‍ പറ്റുന്ന ചില ഡയലോഗുകള്‍ ബാക്കിവെച്ചാണ് പപ്പു യാത്രയായത്. പപ്പുവിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ഈ ഡയലോഗുകളാവും. മിന്നാരത്തില്‍ ട്യഷന്‍മാഷാണ് അയാള്‍. ഭാരതത്തിലെ 'ഭ'  ഏതാണെന്ന് കുട്ടികള്‍ സംശയം ചോദിച്ചപ്പോള്‍ ബിരിയാണിയിലെ 'ബ' ആണെന്ന അയാളുടെ മറുപടി കേട്ടാല്‍ ഇപ്പോഴും ചിരി വരും.  തേന്മാവിന്‍ കൊമ്പത്തില്‍ ശോഭനയുടെ അമ്മാവനാണ് അയാള്‍. കളള് കുടിച്ചാല്‍ അയാള്‍ വളവളാ പറയാന്‍ തുടങ്ങും. ''താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്, ....'' ഇങ്ങനെയിങ്ങനെ പോകുന്നു അയാളുടെ വാക്കുകള്‍. ടാസ്‌കി വിളിയെടോ എന്ന പപ്പുവിന്റെ ഡയലോഗ് ആര്‍ക്കും മറക്കാനാവില്ല.

'ആര്യനി'ല്‍ ലൊട്ടുലൊടുക്കു സാധനങ്ങള്‍ ബ്ലാക്കില്‍ വില്‍പ്പന നടത്തി ബോംബെയില്‍ ജീവിച്ചുപോരുന്നയാളായാണ് പപ്പു വേഷമിട്ടത്. കൊണ്ടുനടന്നുള്ള കച്ചവടമാണ്. വാക് സാമര്‍ഥ്യം അത്യാവശ്യം.  ഓരോ സാധനവും പരിചയപ്പെടുത്തി, അതിന്റെ ഗുണഗണങ്ങള്‍ ബോധ്യപ്പെടുത്തത്തിയാലേ നന്നായി വില്‍ക്കാന്‍ പറ്റൂ. അതിന്  അയാള്‍ക്ക് സ്വന്തമായ ചില രീതികളൊക്കെയുണ്ട്. ജപ്പാനിലും ഫ്രാന്‍സിലും സിങ്കപ്പൂരിലും ഉണ്ടാക്കിയ വാച്ചുകള്‍ക്കൊപ്പം 'മെയ്ഡ് ഇന്‍ ഞെളിയന്‍പറമ്പ്' എന്ന പുതിയ ബ്രാന്‍ഡ് കൂടി അദ്ദേഹം  പരിചയപ്പെടുത്തുന്നു. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ള ഈ സ്ഥലം അങ്ങനെ സിനിമാപ്രേക്ഷകരെയാകെ പപ്പു  പരിചയപ്പെടുത്തുന്നു.
 
മണിച്ചിത്രത്താഴില്‍ തെക്കിനിയിലെ തമിഴത്തിയെ കണ്ട് പേടിച്ച കാട്ടുപറമ്പന്‍ ചേട്ടന്‍ പിന്നെ സ്ഥലകാലബോധമില്ലാതെയാണ് സംസാരിക്കുന്നത്. സൈക്കിളില്‍ വരുന്ന ദാസപ്പന്‍ കുട്ടിയോട് ''ആല്ലാ ഇതാരാ, വാര്യമ്പള്ളീലെ മീനാക്ഷിയല്ല്യോ, എന്താ മോളേ സ്‌കൂട്ടറില്''- എന്നൊക്കെയാണ് ചോദിക്കുന്നത്.  'ചന്ദ്രലേഖ'- എന്ന ചിത്രത്തില്‍ കൈവിരലില്‍ എണ്ണിത്തീര്‍ന്നപ്പോള്‍ കാല്‍വിരലില്‍ കണക്കുകൂട്ടുന്ന പപ്പുവിനെ ഒരു പാട്ട്‌സീനില്‍ കാണാം. ഇങ്ങനെ വാക്കിലും ചിരിയിലും നോട്ടത്തിലുമൊക്കെ പപ്പു ചെയ്തുവെച്ച പലതും കാലത്തിനും മായ്ക്കാനാവാതെ നില്‍ക്കുന്നു.  

തമാശക്കുമപ്പുറത്ത്

തമാശക്കാരന്‍ മാത്രമല്ല പപ്പു.  നല്ല കാരക്ടര്‍ റോളുകള്‍ കൂടി ചെയ്തിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'അങ്ങാടി'യില്‍ പപ്പു ചെയ്ത വേഷം അതില്‍ ഒന്നു മാത്രം. പുറമേക്ക് തമാശക്കാരനെങ്കിലും ഒരുപാട് ദുഃഖങ്ങളും പേറി ജീവിക്കുന്ന ഒരാളാണ് പപ്പു. ''പാവാട വേണം മേലാട വേണം..''  ഈ പാട്ട് കേള്‍ക്കുമ്പോള്‍ പപ്പുവിനെ ഓര്‍മവരും. അവളുടെ രാവുകളിലെ റിക്ഷാവണ്ടിക്കാരന്‍, നഖക്ഷതങ്ങളിലെ അടുക്കളക്കാരന്‍ ഇങ്ങനെ കുറെ വേഷങ്ങള്‍ കൂടി എടുത്തുപറയാം.  ദി കിംഗ് എന്ന ചിത്രത്തില്‍ പെന്‍ഷനുവേണ്ടിയുള്ള ഹരജികളും കയ്യില്‍പിടിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന സ്വാതന്ത്ര്യസമരസേനാനിയുടെ വേഷം പപ്പു എന്ന നടന്റെ അഭിനയമികവിന്റെ മറ്റൊരു സാക്ഷ്യമാണ്.

കോഴിക്കോടന്‍ ചിരി

കോഴിക്കോട്ടും പരിസരത്തുമെല്ലാം  കണ്ടുമുട്ടിയ ആളുകള്‍ പപ്പുവിന്റെ സംഭാഷണങ്ങളിലൂടെ മലയാള സിനിമയിലേക്ക് കയറിവന്നിട്ടുണ്ട്. കുട്ടിക്കാലത്തേ തുടങ്ങിയതാണ് കോഴിക്കോട്ടെ നാടകവേദികളുമായുള്ള പപ്പുവിന്റെ അടുപ്പം. 1936-ലാണ് പപ്പുവിന്റെ ജനനം. പദ്മദളാക്ഷന്‍ എന്നാണ് ശരിയായ പേര്.  കുടുംബവീട് ഫറോക്കിലായിരുന്നു. സ്‌കൂള്‍ പഠന കാലത്താണ് കുടുംബം കോഴിക്കോട് നഗരത്തിലേക്ക് താമസം മാറ്റുന്നത്.
കുതിരവട്ടം ദേശപോഷിണി വായനശാലയിലെ സാഹിത്യ സമിതിയുടെ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ പദ്മദളാക്ഷനും എത്തുമായിരുന്നു. ചര്‍ച്ച കഴിഞ്ഞാല്‍ പിന്നെ നിമിഷനാടകങ്ങളാണ്. കുറച്ചുപേര്‍ ചേര്‍ന്ന് ഒരു തമാശ സന്ദര്‍ഭം സങ്കല്‍പ്പിച്ചുണ്ടാക്കി  അവതരിപ്പിക്കുന്നതാണ് നിമിഷനാടകങ്ങള്‍. ഒരുപാട് നിമിഷനാടകങ്ങളില്‍ പദ്മദളാക്ഷന്‍ വേഷമിട്ടു. അതുവഴി, കോഴിക്കോട്ടെ നാടക വേദികളിലുമെത്തി.  ഹാസ്യവേഷമായിരുന്നു ഏറെയും. പദമദളാക്ഷന്റെ നാടകാഭിനയം കാണാനിടയായ രാമുകാര്യാട്ട് സിനിമയിലേക്ക് വിളിച്ചു. അങ്ങനെ മൂടുപടം (1963) എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയെങ്കിലും അടുത്തവര്‍ഷം പുറത്തിറങ്ങിയ  ഭാര്‍ഗവി നിലയത്തിലെ വേഷമാണ്  വഴിത്തിരിവായത്.  തിരക്കഥയെഴുതിയപ്പോള്‍, വൈക്കം മുഹമ്മദ് ബഷീര്‍ പദ്മദളാക്ഷന്റെ കഥാപാത്രത്തിന് നല്‍കിയ പേരാണ് കുതിരവട്ടം പപ്പു. ആ പേരു തന്നെ പിന്നീട് കൂടെകൂട്ടി. ഭാര്‍ഗവി നിലയത്തിനു ശേഷം ആദ്യകിരണങ്ങള്‍, കുഞ്ഞാലിമരക്കാര്‍,  കുട്ട്യേടത്തി, പണിമുടക്ക്, മാപ്പുസാക്ഷി,  ചന്ദനച്ചോല, ഹൃദയം ഒരു ക്ഷേത്രം,  തുലാവര്‍ഷം തുടങ്ങിയ ചിത്രങ്ങളിലൂടെ കുതിരവട്ടം പപ്പു ഹാസ്യനടന്മാരുടെ നിരയില്‍ മുന്നിലെത്തി.  

എഴുപതുകളില്‍ പപ്പു തിരക്കേറിയ നടനായി. മൂര്‍ഖന്‍, അങ്ങാടി, അമ്പലവിളക്ക്, മീന്‍, സ്‌ഫോടനം, ജീവിതം ഒരു ഗാനം, ചാകര, ബെന്‍സ് വാസു, യക്ഷിപ്പാറു, അവളുടെ രാവുകള്‍,  ഈറ്റ തുടങ്ങിയ ചിത്രങ്ങള്‍ ഇക്കാലത്താണ്. ജയന്റെ കൂടെയുള്ള വേഷങ്ങള്‍  പപ്പുവിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ധിം തരികിട തോം, ടി പി ബാലഗോപാലന്‍ എം എ,  വെള്ളാനകളുടെ നാട്, പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ഡോക്ടര്‍ പശുപതി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി പിന്നെയും അനവധി ചിത്രങ്ങള്‍.

നരസിംഹം വരെ

അസുഖം വന്ന് തീരെ അവശനാവുന്നതുവരെ പപ്പു അഭിനയരംഗത്തുണ്ടായിരുന്നു. അവസാന കാലത്ത് അഭിനയിച്ച ചിത്രങ്ങളിലൊന്നില്‍ പപ്പു പറയുന്നുണ്ട്. ''എക്‌സറെ എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ഷര്‍ട്ട് ഊരിക്കാണിച്ചു മോനേ''-എന്ന്.  ആ ദേഹവും അതുപോലെ ക്ഷീണിച്ചിരുന്നു. പക്ഷെ അഭിനയിക്കുമ്പോള്‍ അതെല്ലാം മറന്നു. അവസാനകാലത്ത് ചെയ്ത ചിത്രങ്ങളിലൊന്നാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍. അതില്‍ കുഞ്ഞിരാമനാശാന്‍ എന്ന, കള്ളുകുടിയനായ ഒരു വര്‍ക് ഷോപ്പ് മെക്കാനിക്കാണയാള്‍. ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് പാസ്സായതിന്റെ സര്‍ട്ടിഫിക്കറ്റുമായി വര്‍ക് ഷോപ്പിലെ പണിക്കുവന്നിരിക്കുന്ന ജയറാമിനെ അയാള്‍ ചീത്ത വിളിക്കുന്നു-   ''ആ സര്‍ട്ടീഫിക്കറ്റ് ചുരുട്ടിക്കൂട്ടി കോണകമുടുത്തോ. കോഴിമുട്ട തോട് പൊളിച്ച പോലത്തെ തൊലിയുള്ളവനാണെടോ വണ്ടിപ്പണിക്ക് വന്നിരിക്കുന്ന്? എന്നൊക്കെ അരിശം മറച്ചുവെയ്ക്കാതെ അയാള്‍ പറയുന്നു.  ഒന്നു രണ്ട് സീനിലെ പപ്പു ഈ ചിത്രത്തില്‍ ഉള്ളൂ. അത് അവിസ്മരണീയമാക്കുകയും ചെയ്തു. ശാരീരികമായ ബുദ്ധിമുട്ടുകളെ മറന്നാണ് പപ്പു അവസാന കാലങ്ങളില്‍ അഭിനയിച്ചത്. ആ സമയത്ത് കോഴിക്കോട്ടെ നാടകസമിതി പുനസംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അതിനിടയില്‍ 2000 ഫെബ്രുവരി 25-നായിരുന്നു മരണം.

Content Highlights: Remembering Actor Kuthiravattam Pappu