പകുതിയില്‍ മുടങ്ങിയ ഡോക്യുമെന്ററി രൂപമാറ്റം വരുത്തി സിനിമയാക്കി; അസംഘടിതരുടെ കഥ പറഞ്ഞ് കുഞ്ഞില

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മിഠായിത്തെരുവില്‍ ഐതിഹാസികമായ ഒരുസമരം നടന്നു. മിഠായിത്തെരുവിലെ സ്ത്രീ തൊഴിലാളികള്‍ ശൗചാലയം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരം വന്‍ചലനമാണ് അന്നുണ്ടാക്കിയത്. പെണ്‍കൂട്ട് എന്ന സംഘടനയും അതോടെ ഉദയം ചെയ്തു. ആ സമരചരിത്രമാണ് സ്വാതന്ത്ര്യ സമരം എന്ന ആന്തോളജി ചിത്രത്തിലെ അസംഘടിതര്‍ എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്. അസംഘടിതരുടെ സംവിധായിക കുഞ്ഞില മാസിലാമണി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
ജിയോ ബേബിയുടെ ക്ഷണം
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇറങ്ങിയ സമയത്ത് അസിസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ച് ജിയോ ബേബിയെ സമീപിച്ചിരുന്നു. ഞാന്‍ ബോംബെയില്‍ താമസിച്ചിരുന്ന സമയത്താണ് ഒരു ആന്തോളജി ചെയ്യുന്നുണ്ടെന്നും സംവിധാനം ചെയ്യാന്‍ താത്പര്യമുണ്ടോ എന്നും ജിയോ ചോദിക്കുന്നത്. ഉടനെ തന്നെ കയറി ഓ.കെ എന്നു പറഞ്ഞു.
ഡോക്യുമെന്ററിയാക്കാന്‍ വെച്ച വിഷയം
പെണ്‍കൂട്ടിനേക്കുറിച്ചും വിജി ചേച്ചിയേക്കുറിച്ചുമെല്ലാം പറയുന്ന ഒരു ഡോക്യുമെന്ററി ചെയ്യാന്‍ ഞാന്‍ തയ്യാറെടുക്കുകയായിരുന്നു. കുറച്ച്കൂടി ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ഫണ്ട് കുറച്ചുകൂടി വേണമായിരുന്നു. ആ പ്രോജക്റ്റ് പകുതിവഴിയില്‍ നില്‍ക്കുമ്പോഴാണ് ഈ ഓഫര്‍ വന്നത്. അപ്പോ ആ വിഷയത്തെ തന്നെ പുതിയൊരുരീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. പിന്നെ നമുക്കിഷ്ടമുള്ള വിഷയം ഏത് രീതിയില്‍ വേണമെങ്കിലും അവതരിപ്പിക്കാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ കഥ അങ്ങോട്ട് കൊടുത്തപ്പോള്‍ ഓ.കെയാണെന്ന് പറഞ്ഞു.
നായികയായി ശ്രിന്ദ
ശ്രിന്ദയെ ഞാന്‍ നേരിട്ട് വിളിക്കുകയായിരുന്നു. സിനിമയിലഭിനയിക്കാന്‍ ശ്രിന്ദയേയാണ് ആദ്യം വിളിച്ചത്. വിജി പെണ്‍കൂട്ടിന്റെ ഭാഗങ്ങളൊക്കെ വീണ്ടും ഷൂട്ട് ചെയ്യുകയായിരുന്നു. ഡോക്യുമെന്ററിക്ക് വേണ്ടിയെടുത്ത ഫൂട്ടേജുകള്‍ സിനിമയ്ക്കായി ഉപയോഗിച്ചിട്ടില്ല. ഡോക്യുമെന്ററി എന്ന് തോന്നിക്കുന്ന രീതിയില്‍ അഭിനയിപ്പിക്കുകയായിരുന്നു.
യഥാര്‍ത്ഥസമരത്തില്‍ പങ്കെടുത്തവര്‍ സിനിമയില്‍
മൂത്രപ്പുരയാണ് വിഷയം എന്ന് അഭിനേതാക്കളെ ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. പിന്നെ വിഷയത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ശ്രിന്ദ പറഞ്ഞിരുന്നു പണ്ടൊക്കെ കടകളില്‍ പോകുമ്പോള്‍ അവര്‍ക്ക് ഈ പ്രശ്‌നം അനുഭവപ്പെട്ടിട്ടുണ്ടെന്ന്. എല്ലാവര്‍ക്കും തിരക്കഥ ഓ.കെയായിരുന്നു. പിന്നെ സമരത്തില്‍ യഥാര്‍ത്ഥത്തില്‍ പങ്കെടുത്തവരെയൊക്കെ വേറെ വേഷങ്ങളില്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ചരിത്രത്തോടുള്ള നീതി
മൂത്രപ്പുര സമരം ഉണ്ടാകുന്നത് കോഴിക്കോട് നിന്നാണ്. എനിക്ക് വിജി ചേച്ചിയെ അപ്പോഴേ അറിയാം. ആ സമരത്തേക്കുറിച്ചൊക്കെ കൃത്യമായി അറിഞ്ഞുവെയ്ക്കുന്നുണ്ടായിരുന്നു. കോഴിക്കോട് ആദ്യത്തെ ഇ ടോയ്‌ലെറ്റ് സ്ഥാപിച്ചതിന് ശേഷമാണ് ആ വിഷയം കൂടുതല്‍ മാധ്യമശ്രദ്ധ നേടുന്നത്. ചരിത്രത്തിനോട് നീതിപുലര്‍ത്താന്‍ വേണ്ടിയാണ് കോഴിക്കോട് തന്നെ ലൊക്കേഷനായി തിരഞ്ഞെടുത്തത്. കളക്ടറുടെ കഥാപാത്രത്തിന് അന്നത്തെ കളക്ടറുടെ പേര് നല്‍കിയതും ഇതിനുവേണ്ടിത്തന്നെയാണ്. അദ്ദേഹമാണ് അന്ന് കുറച്ചുകൂടി ഇടപെടല്‍ നടത്തിയത്.
സാഹചര്യം എത്രയോ മാറി
എല്ലാ കെട്ടിടങ്ങളിലും ശൗചാലയം വേണമെന്നത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്‌നപരിഹാരമെന്ന് പറയുന്നത്. സര്‍ക്കാര്‍ ഇടപെടലിലൂടെ തന്നെയേ അത് സാധിക്കൂ. സമരങ്ങളിലൂടെയെല്ലാം ഒരുപരിധിവരെ ആ ഇടപെടലുണ്ടാവുന്നുണ്ട്. 2010-ലുണ്ടായിരുന്നതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ടിട്ടുണ്ട് ഇപ്പോള്‍.
എല്ലാ ടൈപ്പ് പടങ്ങളും ചെയ്യണം
എല്ലാ ടൈപ്പ് പടങ്ങളും ചെയ്യാന്‍ ഇഷ്ടമാണ്. സിനിമ എന്ന മാധ്യമം വെച്ച് എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. ത്രില്ലറും കോമഡിയുമെല്ലാം ഇഷ്ടമാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന എല്ലാത്തിന്റെയും തിരക്കഥ ഞാന്‍ തന്നെയാണ് എഴുതാറ്. വേറൊരാള്‍ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി എഴുതിയിട്ടില്ല. ആലോചിക്കാവുന്ന കാര്യമാണ്. എനിക്ക് സംവിധാനമാണ് ഇഷ്ടം.
Content Highlights: kunjila mascillamani, asanghadithar movie, freedom fight anthology movie, srinda, viji penkoottu