'ധരിക്കുന്ന വസ്ത്രം മുതൽ നിർമിക്കുന്ന സിനിമ വരെ സ്വന്തമായ തീരുമാനങ്ങളാണ്'

കെ.ടി കുഞ്ഞുമോൻ| ചിത്രം: മാതൃഭൂമി വാരാന്തപതിപ്പ്
കെ.ടി കുഞ്ഞുമോൻ| ചിത്രം: മാതൃഭൂമി വാരാന്തപതിപ്പ്

കൊമ്പൻമീശയും കൂപ്പുകൈയുമായി തൂവെള്ള വസ്ത്രമണിഞ്ഞ് കെ.ടി. കുഞ്ഞുമോൻ വീണ്ടും എത്തുന്നു. തമിഴ് സിനിമയെ ഇന്ത്യൻസിനിമയുടെ നെറുകെയിലെത്തിച്ച ജന്റിൽമാൻ ചിത്രത്തിന്റെ രണ്ടാംഭാഗവുമായാണ് രണ്ടാംവരവ്. നായകന്റെയും സംവിധായകന്റെയുമായിരുന്ന സിനിമ നിർമാതാവിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങിയത് കുഞ്ഞുമോന്റെ കാലത്താണ്. ഫാൻസ് അസോസിയേഷൻ ഉള്ള ഏക നിർമാതാവാണ് കെ.ടി. കുഞ്ഞുമോൻ. തൊണ്ണൂറുകളുടെ തുടക്കത്തിൽ തമിഴകത്തെ തെരുവുകളിൽ അദ്ദേഹത്തിന്റെ കൂറ്റൻ കട്ടൗട്ടുകൾ നിറഞ്ഞുനിന്നു. സൂര്യൻ, ജന്റിൽമാൻ, കാതലൻ, കാതൽദേശം... എന്നിങ്ങനെ ഒരുകാലത്ത് കോളിവുഡിൽ നിന്നെത്തി കാശുവാരിയ ചിത്രങ്ങൾക്കെല്ലാം പിറകിൽ കെ.ടി.കെ. എന്ന ജന്റിൽമാൻ കുഞ്ഞുമോനായിരുന്നു.

? ജന്റിൽമാന്റെ രണ്ടാംഭാഗം ഒരുക്കാനുള്ള തീരുമാനം ഏറെ വൈകിപ്പോയി എന്നു തോന്നുന്നു, എന്തെല്ലാമാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ 

= ജന്റിൽമാൻ സൂപ്പർ ഹിറ്റായ കാലംമുതൽ രണ്ടാം ഭാഗം വേണമെന്ന ആവശ്യം പ്രേക്ഷകരിൽനിന്നും സിനിമാ സുഹൃത്തുക്കളിൽ നിന്നുമെല്ലാം ഉയർന്നിരുന്നു. ഇപ്പോഴും തമിഴകത്തെ ലോക്കൽ ചാനലുകളിലെല്ലാം മാസത്തിൽ രണ്ടും മൂന്നും തവണ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ജനപ്രിയതനേടിയ സിനിമയ്ക്ക് തുടർച്ച ഒരുക്കുമ്പോൾ അതിനൊത്തൊരു കഥവേണം. പലതരം തിരക്കുകൾക്കിടയിൽ എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്.  ജന്റിൽമാൻ ടീമിലെ പഴയ അംഗങ്ങളെയും പുതിയ ഒരുപാടു പേരെയും ചേർത്തുവെച്ച് ഒരു ബ്രഹ്മാണ്ഡചിത്രമാകും ജന്റിൽമാൻ 2.

ജന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ പുതിയ സാങ്കേതികവിദ്യകളെല്ലാം ചേർത്തുവെച്ച് ഹോളിവുഡ് നിലവാരത്തിലാണ് രണ്ടാംഭാഗം ചിത്രീകരിക്കുക. മെഗാ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിനെത്തും. നടീനടൻമാരുടെയും സാങ്കേതികവിദഗ്‌ധരുടെയും അവസാനപട്ടിക ഉടൻ പുറത്തുവിടും.

കർഷകരായ അപ്പനും അമ്മയും ഇളയമകന് നൽകിയ പേരാണ് കുഞ്ഞുമോൻ. പട്ടാളത്തിൽ ചേരാൻ പന്തളത്തുനിന്നും കൊച്ചിയിലേക്ക് ചേക്കേറിയ കുഞ്ഞുമോൻ വെള്ളിത്തിരയെ സ്നേഹിച്ചുതുടങ്ങിയതോടെ ജീവിതം സിനിമക്കഥപോലെ മാറിമറിഞ്ഞു. സിനിമാവിതരണത്തിൽനിന്ന്‌ നിർമാണത്തിലേക്കും കൊച്ചിയിൽനിന്ന് കോളിവുഡിലേക്കും അതിവേഗം പടർന്നുപന്തലിച്ചു. പണം എറിഞ്ഞ് പണം കൊയ്യുക എന്നതായിരുന്നു കെ.ടി.കെ. ഫോർമുല. ലക്ഷങ്ങൾ മുടക്കി സൂപ്പർമാർക്കറ്റുകളും പഞ്ചനക്ഷത്ര കെട്ടിടങ്ങളുടെയും സെറ്റു നിർമിച്ചും സംഘട്ടനരംഗങ്ങളിൽ ഇടിച്ചുതകർക്കാനും കത്തിച്ചുകളയാനും വിലകൂടിയ കാറുകൾ നിരത്തിയിട്ടും നിർമാതാവ് ഇന്ത്യൻ സിനിമയെ അതിശയിപ്പിച്ചു.

? സ്വന്തമായി ചിട്ടപ്പെടുത്തിയ വേഷവിധാനം, കോടികൾ മുടക്കിയുള്ള സിനിമാനിർമാണം കുഞ്ഞുമോൻ സ്റ്റൈലിനെക്കുറിച്ച്...

= ധരിക്കുന്ന വസ്ത്രം മുതൽ നിർമിക്കുന്ന സിനിമയിൽവരെ സ്വന്തമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. എനിക്ക് കോസ്റ്റ്യൂം ഡിസൈനറുണ്ട്. വസ്ത്രങ്ങൾ അവർ പ്രത്യേകം ഡിസൈൻ ചെയ്യുന്നു. നിങ്ങൾക്കവ കടയിൽനിന്ന് വാങ്ങാൻ കിട്ടില്ല. നിർമാണരംഗത്തേക്ക് കടന്നതുമുതലാണ് ഇത്തരം ഡ്രസ്‌കോഡുകൾ സ്വീകരിച്ചത്. ടിക്കറ്റെടുത്ത് സിനിമകാണാൻ എത്തുന്നവരെ നിരാശപ്പെടുത്തുന്ന ചിത്രങ്ങൾ നിർമിക്കരുതെന്ന് നിർബന്ധമുണ്ട്. പ്രേക്ഷകർക്കാവശ്യമുള്ളതെല്ലാം മികച്ചരീതിയിൽ അവതരിപ്പിക്കും. പണം നോക്കാറില്ല. തമിഴ് സിനിമയ്ക്ക് ഇന്ത്യയിലും രാജ്യത്തിനുപുറത്തും മാർക്കറ്റ് ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞു.

ലൊക്കേഷനിലേക്ക് ഒരിക്കൽപ്പോലും പോകാത്ത നിർമാതാവായിരുന്നു കുഞ്ഞുമോൻ. പക്ഷേ, നിർമിച്ച സിനിമകളുടെ കഥയിലും തിരക്കഥയിലും സംവിധാനത്തിലും സംഗീതത്തിലും അണിയറപ്രവർത്തനങ്ങളിലുമെല്ലാം അദ്ദേഹം നിരന്തരം ഇടപെട്ടു. പണം മുടക്കുന്നവന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നതായിരുന്നു അതിനുപിറകിലെ ന്യായം. താൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ അനുസരിച്ച് ക്ലൈമാക്സ് ചിത്രീകരിക്കാൻ നായകനടൻ വിസമ്മതിച്ചപ്പോൾ, അതുവരെ ചിത്രീകരിച്ച ഫിലിം മൊത്തമായി കത്തിച്ചുകളഞ്ഞ് പടം നിർത്താൻ പറഞ്ഞ നിർമാതാവാണ് കെ.ടി. കുഞ്ഞുമോൻ. വാശികയറി അത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രൊഡ്യൂസറെ അതുവരെ സിനിമയ്ക്ക് പരിചയമുണ്ടായിരുന്നില്ല. സഹസംവിധായകനായ ശങ്കർ കുഞ്ഞുമോൻ ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. കമൽഹാസൻ ഉൾപ്പെടെ പലരോടും പറഞ്ഞ കഥ സിനിമയാക്കാൻ പറ്റാതിരുന്ന വേളയിലാണ് കുഞ്ഞുമോൻ ശങ്കറിനു കൈകൊടുക്കുന്നത്. പക്ഷേ, ഒരു കാര്യം ആദ്യമേ പറഞ്ഞു, താൻ പറഞ്ഞ മാറ്റങ്ങൾ അനുസരിച്ച് കഥ മാറ്റിയെഴുതണം. ശങ്കറിനു മാത്രമായിരുന്നില്ല എ.ആർ. റഹ്മാനും നടൻ അർജുനും ജന്റിൽമാൻ വഴിത്തിരിവായി. ശരത്കുമാർ, പ്രഭുദേവ, സെന്തിൽ, അബ്ബാസ്, തബു, നഗ്മ, ഹരിഹരൻ, ശങ്കർമഹാദേവൻ അങ്ങനെ ഒട്ടേറെപ്പേർ കുഞ്ഞുമോന്റെ സിനിമയിൽ സ്ഥാനമുറപ്പിച്ചു. വിശ്വസുന്ദരിയെ സിനിമയിലേക്ക് കൊണ്ടുവന്നും തമിഴ്‌സിനിമയുടെ അക്കാലത്തെ മൊത്തം ബജറ്റ് ഒരുപാട്ടിനുവേണ്ടി മാത്രം ചെലവിട്ടും വിജയചിത്രത്തിന്റെ സംവിധായകനെ വിളിച്ചുവരുത്തി അയാൾക്ക് ഫ്ളാറ്റും കാറും സമ്മാനിച്ചും കുഞ്ഞുമോൻ ചുറ്റുമുള്ളവരെ നിരന്തരം വിസ്മയിപ്പിച്ചു. 

? കഥയിലും തിരക്കഥയിലും, ക്ലൈമാക്സിലെ നിർണായകരംഗങ്ങളിലുമെല്ലാം ഇടപെടുന്ന നിർമാതാവായി മാറിയത് എങ്ങനെയാണ്

= സിനിമകൾ കണ്ട് സിനിമ പഠിച്ച നിർമാതാവാണ് ഞാൻ. വിതരണക്കാരനായി ജോലിചെയ്യുമ്പോൾ ആൾക്കൂട്ടത്തിനൊപ്പമിരുന്ന് സിനിമ കാണുന്നത് പതിവായിരുന്നു. പ്രേക്ഷകരുടെ പൾസ് മനപ്പാഠമാണ്, എവിടെ കൈയടിക്കും എവിടെ കൂവും എന്നെല്ലാം അറിയാം. പാട്ടുവരുമ്പോൾ ബീഡിവലിക്കാൻ ഇറങ്ങിപ്പോകുന്ന പ്രേക്ഷകനെയും കൂവി വിളിക്കുകയും ആർത്തുവിളിച്ച്‌ ആവേശം കൊള്ളുന്നവനെയും നോക്കിനിന്നിട്ടുണ്ട്. അവരിൽനിന്നെല്ലാം നേടിയ അറിവുകൾവെച്ചാണ് നിർമാണത്തിലിരിക്കുന്ന സിനിമയെ അളക്കുന്നത്.

ഡൽഹിയിൽ തമിഴ് അസോസിയേഷനുവേണ്ടി ജന്റിൽമാൻ സിനിമയുടെ പ്രദർശനം നടന്നു. അന്ന് സിനിമ കാണാൻ ഇലക്‌ഷൻ കമ്മിഷണർ ടി.എൻ. ശേഷനുമുണ്ടായിരുന്നു. പടംകഴിഞ്ഞ് നടന്ന ചടങ്ങിലേക്ക് ‘ഒട്ടകത്തെ കട്ടിക്കോ...’ എന്ന പാട്ടുംപാടിയാണ് ടി.എൻ. ശേഷൻ വന്നത്. കുഞ്ഞുമോൻ തമിഴ് സിനിമ നിർമിക്കേണ്ട ആളല്ലെന്നും അദ്ദേഹം ഇംഗ്ലീഷ് ചിത്രങ്ങൾ ഒരുക്കണമെന്നും ശേഷൻ പറഞ്ഞു. ആ ചടങ്ങിൽവെച്ച് ശേഷനാണ്  കെ.ടി. കുഞ്ഞുമോൻ എന്ന നിർമാതാവിനെ ആദ്യമായി ജന്റിൽമാൻ കുഞ്ഞുമോൻ എന്നുവിളിച്ചത്. ആദായനികുതിവകുപ്പിന്റെ റെയ്‌ഡും കേസുകളും സ്വന്തം മകനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് പ്രശ്നത്തിലായതുമെല്ലാം കുഞ്ഞുമോൻ എന്ന നിർമാതാവിന് തിരിച്ചടിയായി. 

? സിനിമകൾ വിചാരിച്ചപോലെ പ്രദർശനത്തിനെത്തിക്കാൻ കഴിയാതെവന്നപ്പോൾ, കേസും പ്രശ്നങ്ങളുമെല്ലാം ഉയർന്നപ്പോൾ മാനസികമായി തകർന്നിരുന്നോ

= സീറോയിൽ നിന്നായിരുന്നു തുടക്കം. ഇതുവരെ സമ്പാദിച്ചതും നേടിയതുമെല്ലാം സ്വന്തം കഴിവും പരിശ്രമവും കൊണ്ടാണ്. എന്റെ വിജയത്തെ അടിസ്ഥാനമാക്കിയല്ല എന്നെ വിലയിരുത്തേണ്ടത്‌. ഞാൻ എത്രതവണ വീണു, വീണ്ടും എഴുന്നേറ്റു എന്നതിലാണ്‌ കാര്യം. വലിയ ലാഭം കിട്ടിയപ്പോഴൊക്കെ അതിന്റെ ഒരു പങ്ക് കൂടെനിന്നവർക്കും നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചവരും ആദ്യമായി എന്റെ കൈയിൽനിന്ന് അഡ്വാൻസ് വാങ്ങിയവരും നല്ലരീതിയിൽ കഴിയുന്നതുകാണുമ്പോൾ ആഹ്ലാദവും അഭിമാനവും തോന്നും. ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല, അതുകൊണ്ടുതന്നെ പരിഭവമോ നിരാശയോ ഇല്ല.

Content Highlights: KT Kunjumon Producer Interview, Gentleman 2 

Content Highlights: