കുറിവരച്ചാലും, കുരിശുവരച്ചാലും..: നവോഥാന കേരളത്തിന്റെ കൊടിയടയാളമായ ഗാനം

#സതീഷ് കുമാര്‍ വിശാഖപട്ടണം
എം.ഡി. രാജേന്ദ്രൻ | ഫോട്ടോ: പി. ജയേഷ്/ മാതൃഭൂമി
എം.ഡി. രാജേന്ദ്രൻ | ഫോട്ടോ: പി. ജയേഷ്/ മാതൃഭൂമി

മലയാളികൾ നെഞ്ചിലേറ്റിയ ചില പ്രസിദ്ധ മലയാളചലച്ചിത്ര ഗാനങ്ങൾ കോടതിവിധികളിൽ ഉദ്ധരണികളും ഉദാഹരണങ്ങളുമായി വരുന്നത് കേരള ചരിത്രത്തിൽ ആദ്യമല്ല. അത്തരത്തിൽ പെട്ട ഒരു ചരിത്രവിധിന്യായമാണ് കേരള ഹൈക്കോടതി ജഡ്ജി പി.വി. കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ജനപ്രതിനിധികൾക്ക് നിയമത്തിൽ പറയുന്നതിൽനിന്ന് വ്യത്യസ്തമായി സത്യപ്രതിജ്ഞ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദൈവനാമത്തിൽ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ വേണമെന്നാണ് കേരള മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും പറയുന്നത്. ഭരണഘടനയിലും ഇത് പറയുന്നുണ്ട്. ദൈവം എന്നത് വിവിധ പേരുകൾകൊണ്ട് വിപുലീകരിക്കാൻ ആകില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിധിയിൽ വ്യക്തമാക്കുന്നുണ്ട്.

ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് മലയാളത്തിന്റെ പ്രിയപ്പെട്ട കവി എം.ഡി. രാജേന്ദ്രൻ എഴുതി കേരളം നെഞ്ചിലേറ്റിയ മനോഹരമായ ഒരു ചലച്ചിത്രഗാനമാണ്. ആ വിധിയിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

'ദൈവത്തിന്റെ പേരിലോ അല്ലെങ്കിൽ ഒരു ഗൗരവമുള്ള പ്രതിജ്ഞയിലോ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 'ഗോഡ്' എന്ന വാക്കിനെ വികസിപ്പിച്ച് ഏതെങ്കിലും പ്രത്യേക മതദൈവത്തിന്റെ പേര് ചേർത്ത് പറയുന്നത് അനുവദനീയമല്ല. കാരണം, മതഭേദമെന്യേ എല്ലാവരും (നിരീശ്വരവാദികൾ ഒഴിച്ചാൽ) സർവശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നു. പ്രശസ്ത ഗാനരചയിതാവായ എം.ഡി. രാജേന്ദ്രൻ ഒരു മലയാള ചലച്ചിത്രഗാനം രചിച്ചിട്ടുണ്ട്. അതിന്റെ തുടക്കം ഇങ്ങനെയാണ്,

'കുറി വരച്ചാലും
കുരിശു വരച്ചാലും
കുമ്പിട്ടു നിസ്‌കരിച്ചാലും
കാണുന്നതും ഒന്ന്
കേൾക്കുന്നതും ഒന്ന്

കരുണാമയനാം
ദൈവമൊന്ന്, ദൈവമൊന്ന്...'

'ഹിന്ദു നെറ്റിയിൽ തിലകം ചാർത്തുകയോ, ക്രിസ്ത്യാനി കുരിശടയാളം ധരിക്കുകയോ, മുസ്‌ലിം പ്രാർഥനയ്ക്കിടെ ഭൂമിയിലേക്ക് ശിരസ്സ് കുനിക്കുകയോ ചെയ്താലും അവർ എല്ലാവരും ഒരേ സർവശക്തനായ ദൈവത്തെയാണ് കാണുന്നതും ആരാധിക്കുന്നതും എന്നതാണ് ആ ഗാനത്തിന്റെ അർഥം. ഇതാണ് ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന്റെ സാരം. ഖണ്ഡിക 35-ലെ രണ്ടാമത്തെ വാചകത്തിൽ ഞാൻ അതിനെ സംഗ്രഹിച്ച് പറഞ്ഞിട്ടുണ്ട്. വിശ്വാസികൾ ശ്രീനാരായണ ഗുരുവിന്റെ ഈ സന്ദേശം സാക്ഷാത്കരിക്കേണ്ടതാണ്. ദൈവത്തെ പേരുകൾ ചേർത്ത് വികസിപ്പിച്ച് വിളിക്കേണ്ട ആവശ്യമില്ല. സർവശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!. അതിൽ കൂടുതൽ പറയേണ്ടതില്ല. മുകളിലെ ചർച്ചയുടെ നിഗമനത്തിൽ ഈ റിട്ട് ഹർജികൾ അനുവദിക്കപ്പെടേണ്ടതാണെന്നതാണ്.'

കേരളം അടിയുറച്ചു വിശ്വസിക്കുന്ന നവോഥാന മൂല്യങ്ങളുടെ നേർക്കാഴ്ചയാണ് മനോഹരമായ ഈ ചലച്ചിത്ര ഗാനമെന്ന് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു. വർഷങ്ങളായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ അനവരതം കേട്ടുകൊണ്ടിരുന്ന ഒരു വാക്കാണ് നവകേരളം. സത്യത്തിൽ എന്താണ് ഈ നവകേരളം?. ആരാണ് നവകേരളത്തിന്റെ യഥാർഥ ശില്പി?. നമുക്ക് ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന് അരുളിച്ചെയ്ത യുഗപ്രഭാവനായ ഒരു മനുഷ്യൻ. ജാതിചിന്തയുടെയും അയിത്തത്തിന്റെയും അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും കരാളഹസ്തങ്ങളിൽ പിടഞ്ഞു കൊണ്ടിരുന്ന കേരളത്തിന് ഒരു പുതിയ ദിശാബോധം നൽകി കൈപിടിച്ചുയർത്തിയത് മഹാത്മാവായ ശ്രീനാരായണ ഗുരുവാണ്. നവോഥാന കേരളത്തിന്റെ, നവകേരളത്തിന്റെ യഥാർത്ഥ ശില്പി ശ്രീനാരായണഗുരുവാണെന്നു പറയുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അദ്ദേഹം രചിച്ച

'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്'

എന്ന നാലുവരി കവിതയിൽ നവകേരളത്തിന്റെ എല്ലാ സ്വപ്‌ന സാഫല്യങ്ങളുമുണ്ട്. ഗുരുദേവൻ എഴുതിയ ഈ മനോഹരമായ കവിതയ്ക്ക് മറ്റൊരു ചരിത്ര പ്രാധാന്യം കൂടിയുള്ളത് അറിയാമല്ലോ.

കേരളത്തിന്റെ ഗാനഗന്ധർവനായ യേശുദാസ് തന്റെ സംഗീത ജൈത്രയാത്ര ആരംഭിക്കുന്നത് ശ്രീനാരായണഗുരു എഴുതിയ ഈ നാലുവരി കവിത ആദ്യമായി പാടി റെക്കാർഡ് ചെയ്തു കൊണ്ടായിരുന്നു. ഗുരുദേവന്റെ മഹത്തായ ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ശിഷ്യനായ മഹാകവി കുമാരനാശാൻ സാമൂഹിക വിപ്ലവത്തിനും ജാതിചിന്തകൾക്കുമെതിരായി തന്റെ തൂലിക ചലിപ്പിച്ചത്.

'ചണ്ഡാലഭിക്ഷുകി' എന്ന വിപ്ലവ കാവ്യത്തിലൂടെ ജാതിചിന്തയുടെ കോട്ടകൊത്തളങ്ങൾ തട്ടിത്തകർക്കാൻ ആശയ ഗാംഭീര്യനായ കുമാരനാശാന് കഴിഞ്ഞു. 'മനുഷ്യമനസ്സിനെ മയക്കുന്ന കറുപ്പാണ് മതം' എന്ന് കാൾ മാർക്‌സ് പറഞ്ഞത് വെറുതെയായിരുന്നില്ല. ലോകത്ത് മതത്തിനു വേണ്ടിയായിരുന്നു എക്കാലത്തും ഏറ്റവും വലിയ രക്തച്ചൊരിച്ചിലുകൾ നടന്നിട്ടുള്ളത്.

സത്യത്തിൽ മതവും ജാതിയുമെല്ലാം മനുഷ്യൻ സൃഷ്ടിച്ചതല്ലേ? മലയാളത്തിന് ആദ്യമായി ഗാനരചനക്ക് ദേശീയ പുരസ്കാരം നേടിയ വയലാർ ഒരു ഗാനത്തിൽ എഴുതിയത് ഇങ്ങനെയായിരുന്നു,

'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു'

വയലാർ രാമവർമ്മ ഈ ഗാനം എഴുതിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എങ്കിലും ഈ ഗാനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല അനുദിനം വർധിച്ചുവരികയുമാണ്.

ശ്രീനാരായണഗുരുവും കുമാരനാശാനും വയലാർ രാമവർമയും കൊളുത്തിവെച്ച ആ സർഗ്ഗദീപാവലി പ്രകാശപൂർണ്ണമാക്കിയ കവിയും ഗാനരചയിതാവുമാണ് എം.ഡി. രാജേന്ദ്രൻ. 2011-ൽ സെൻസർ ചെയ്‌തെങ്കിലും ഇനിയും പുറത്തിറങ്ങാത്ത 'മൗനം' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായിരുന്നു

'കുറിവരച്ചാലും
കുരിശു വരച്ചാലും
കുമ്പിട്ട് നിസ്‌കരിച്ചാലും
കാണുന്നതും ഒന്ന്
കേൾക്കുന്നതും ഒന്ന്
കരുണാമയനായ ദൈവമൊന്ന്'

എന്ന യേശുദാസിന്റെ സ്വരമാധുരിയിൽ അനശ്വരമായ ഗാനം. നവോഥാന കേരളത്തിന്റെ കൊടിയടയാളം എന്ന് വിശേഷിപ്പിക്കാവുന്ന പാട്ട് എം.ഡി.ആർ. എഴുതുക മാത്രമല്ല ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തു.

ശാലിനി എന്റെ കൂട്ടുകാരി, മംഗളം നേരുന്നു, ദേവരാഗം, മനസ്സിൽ ഒരു മഞ്ഞുതുള്ളി തുടങ്ങിയ ചിത്രങ്ങളിലെ കവിത തുളുമ്പുന്ന ഗാനങ്ങളിലൂടെ കേരളീയ മനസ്സുകളിൽ ശിശിരകാല മേഘമിഥുനരതിപരാഗങ്ങൾ തീർത്ത എം.ഡി.ആർ. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും നീണ്ട 30 വർഷങ്ങൾ തൃശൂർ ആകാശവാണിയിൽ സ്വരരാഗങ്ങളുമായുള്ള സല്ലാപങ്ങളിലൂടെ ആർജിച്ചെടുത്ത രാഗമാലികകളുടെ ഋതുഭേദകല്പനകളിൽനിന്നാണ് ഏകലവ്യനെ പോലെ തന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന സ്വരരാഗഗംഗാപ്രവാഹം ഇല്ലിമുളം തേനിന്റെ മാധുര്യത്തോടെ ഈ ഗാനത്തിന് ചാർത്തി കൊടുത്തത്.

'മൗനം' എന്ന ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും സർവ്വമത സന്ദേശങ്ങളുടെ സമന്വയഭാവങ്ങൾ പാഞ്ചജന്യം മുഴക്കിയ ഈ ഗാനം സംഗീതകേരളം അക്ഷരാർഥത്തിൽ നെഞ്ചിലേറ്റുകയായിരുന്നു.

ചില നാടക ട്രൂപ്പുകൾ അവരുടെ അവതരണഗാനമായി ഇപ്പോൾ ആലപിക്കുന്നത് ഈ ഗാനമാണ്. ഗാനമേളകളിലും ചാനലുകളുടെ സംഗീത പരിപാടികളിലും മാത്രമല്ല കേരളത്തിലെ കലാലയങ്ങളിലെ ഒട്ടുമിക്ക ആഘോഷപരിപാടികളിലും 'കുറി വരച്ചാലും, കുരിശു വരച്ചാലും' എന്ന പ്രിയപ്പെട്ട ഗാനം ഏറ്റവും കൂടുതൽ കൈയടി നേടിയെടുക്കുന്നു.

മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഇഷ്ടഗാനം അദ്ദേഹം പല സദസ്സുകളിലും ആലപിക്കുന്നത് ലേഖകൻ നേരിട്ട് കേട്ടിട്ടുണ്ട്. ഇപ്പോൾ കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വീണ്ടും ചർച്ചാവിഷയമായി കാവ്യസപര്യയുടെ ഹിമശൈല സൈകത ഭൂമിയിൽ ഒരു പ്രവാഹമായി ഈ ഗാനം പതഞ്ഞൊഴുകിക്കൊണ്ടിരിക്കുമ്പോൾ അതിഗൂഢ സുസ്മിതമുള്ളിൽ ഒതുക്കി ചരിത്രത്തിലേക്ക് നടന്നു കയറുകയാണ് ഗാനത്തിന്റെ രചയിതാവും സംഗീതസംവിധായകനുമായ എം.ഡി.ആർ. എന്ന കാവ്യപഥികൻ.

Content Highlights: The Kerala High Court ruled that elected representatives cannot modify the constitutional oath by adding specific names of religious deities instead of the general term 'God'. To emphasize religious harmony and the oneness of God, Justice P.V. Kunhikrishnan quoted the famous lines of the song 'Kuri Varachalum Kurishu Varachalum' in his judgment. Written and composed by veteran lyricist M.D. Rajendran for the unreleased 2011 film Mounam, the song encapsulates the true core of Sree Narayana Guru's renaissance ideals. Despite the movie's shelving, the track sung by K.J. Yesudas became immensely popular across cultural, political, and academic events in Kerala over the years. The article reflects on Kerala's rich history of secular songwriting, linking this track to the legacy of legendary visionaries like Kumaran Asan and Vayalar Ramavarma