റംലാ ബീഗം; യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ച കലാകാരി

#സ്വന്തം ലേഖകൻ
റംലാ ബീഗം | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി
റംലാ ബീഗം | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

യാഥാസ്ഥിതിക നിലപാടുകളെ വെല്ലുവിളിച്ച് മാപ്പിള ഗാനകലാരംഗത്ത് തന്റേതായ പാത തുറന്ന കലാകാരിയായിരുന്നു ആലപ്പുഴ റംലാ ബീഗം. കഥാപ്രസംഗത്തിലൂടെയും മധുരമൂറുന്ന മാപ്പിളപ്പാട്ടുകളിലൂടെയും കലാസ്വാദകരുടെ മനംനിറച്ച കലാകാരിയാണ് വിടവാങ്ങിയത്.

സംഗീതപാരമ്പര്യമുള്ള മാതാപിതാക്കളുടെ മകളായി ജനിച്ച റംല ഏഴാം വയസ്സിൽ കലാരംഗത്തെത്തിയിരുന്നു. പിതാവ് ആലപ്പുഴ സ്വദേശി ഹുസൈൻ യൂസഫ് യമാനിയും ഉമ്മ ഫറോക്ക് സ്വദേശി മറിയവും മികച്ച സംഗീതപ്രേമികളായിരുന്നു. ഇവരുടെ പിന്തുണയിൽ കൊച്ചുറംല സംഗീതലോകത്ത് ചുവടുറപ്പിച്ചു. അമ്മാവൻ സത്താർഖാൻ റംലയ്ക്കായി ‘ആസാദ് മ്യൂസിക് ക്ലബ്ബ്’ എന്ന സംഗീത ട്രൂപ്പ് തന്നെയുണ്ടാക്കി. ക്ലബ്ബിലെ തബല ആർട്ടിസ്റ്റും ഗാനരചയിതാവുമായ അബ്ദുൾസലാമാണ് റംലയെ വിവാഹംചെയ്തത്. എം.എ. റസാഖ് എഴുതിയ ‘ജമീല’ എന്ന കഥയാണ് ആദ്യ കഥാപ്രസംഗം. പിന്നീട് മോയിൻകുട്ടിവൈദ്യരുടെ ‘ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ’ അവതരിപ്പിച്ചു. കോഴിക്കോട് പരപ്പിൽ സ്കൂളിലായിരുന്നു അരങ്ങേറ്റം.

മുസ്‌ലിം വനിതകൾ പൊതുവേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്നത് പതിവില്ലാത്ത കാലത്താണ് റംല വിലക്കുകൾ ലംഘിച്ച് അരങ്ങ് കീഴടക്കിയത്. ഒരിക്കൽ കണ്ണൂരിൽ ഇസ്‌ലാമിക ചരിത്രത്തിലെ കർബല യുദ്ധസ്മരണകൾ പ്രമേയമാക്കിയ കഥാപ്രസംഗം അവതരിപ്പിക്കുന്നതിനെതിരേ കൊലവിളിയുമായി യാഥാസ്ഥിതികർ രംഗത്തെത്തി. കർബലയിലെ രക്തക്കളമല്ല, റംലാ ബീഗത്തിന്റെ രക്തക്കളമാവും ഉണ്ടാവുക എന്നായിരുന്നു ഭീഷണി. പിന്നീടും പലസ്ഥലങ്ങളിലും സമാനരംഗങ്ങൾ ആവർത്തിച്ചു. കൊടുവള്ളിയിൽ ഫണ്ട് ശേഖരണത്തിനയി പരിപാടി നടത്തിയപ്പോൾ ചോരപ്പുഴയൊഴുകുമെന്ന് ഭീഷണിയുണ്ടായി. പിന്മാറാൻ കൂട്ടാക്കാതെ ഭർത്താവിന്റെ ഉറച്ച പിന്തുണയിൽ റംല പരിപാടി അവതരിപ്പിച്ചു. ക്രമേണ പ്രതിഷേധങ്ങൾ കെട്ടടങ്ങി. റംലയെന്ന കലാകാരിയെ സമൂഹം അംഗീകരിച്ചു.

യേശുദാസിനൊപ്പം റംലാ ബീഗം (ഫയൽ ഫോട്ടോ)

ഭർത്താവ് സലാം രചിച്ച്, എം.എസ്. ബാബുരാജ് ഈണംനൽകിയ മധുനുകരുന്ന മനോഹരരാവ്, മനംകവരുന്ന നിലാവൊളി രാവ് എന്ന പാട്ട് അക്കാലത്ത് കല്യാണവീടുകളിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ‘ഇരുലോകം ജയമണി നബിയുള്ള...’, ‘വമ്പുറ്റ ഹംസ റളിയല്ലാഹ്..’, ‘പൂമകളാണ് ഹുസ്‌നുൽ ജമാൽ...’ തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയമായി. ഇസ്‌ലാമിക ചരിത്രത്തിനുപുറമേ മികച്ച സാഹിത്യരചനകളും കഥാപ്രസംഗമായി അവതരിപ്പിച്ചു.

അഞ്ഞൂറിലധികം സി.ഡി.കളും അമ്പതോളം ലോംഗ് പ്ലേ റെക്കാഡുകളും റംലയുടേതായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ അവർ സ്റ്റേജ് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കേശവദേവിന്റെ ‘ഓടയിൽനിന്ന്’, കാളിദാസന്റെ ‘ശാകുന്തളം’, കുമാരനാശാന്റെ ‘നളിനി’ എന്നിവയും കഥാപ്രസംഗങ്ങളായി അവതരിപ്പിച്ചു. 1991-ൽ കഥാപ്രസംഗത്തിനുള്ള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. കേരള മാപ്പിളകലാ അക്കാദമി അവാർഡ്, മഹാകവി മോയിൻകുട്ടിവൈദ്യർ സ്മാരക അവാർഡ്, ഫോക്ർ ലോർ അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Content Highlights: Kathaprasangam artist and Mappilapattu singer Ramla Beegum passed away, ramla beegum memory