'ആ പാട്ടിൽ മാത്രമല്ല, സിനിമയില്‍ പലയിടത്തും ഡയലോഗിന് പകരം ഞാന്‍ ആവർത്തിച്ചു പറഞ്ഞത് ഏബിസിഡി മാത്രം'

കഥ പറയുന്ന ആ കണ്ണുകളാണ് ആദ്യം മനസ്സില്‍ തടഞ്ഞത്. എവിടെയാണവ മുന്‍പ് കണ്ടത്? അധികം ചിന്തിക്കേണ്ടി വന്നില്ല. ബാലു മഹേന്ദ്രയുടെ ക്യാമറ, കാമുകന്റെ കരവിരുതോടെ ഒപ്പിയെടുത്ത 'നെല്ലി'ലെ കുറുമാട്ടിയുടെ വികാരദീപ്തമായ കണ്ണുകള്‍. ആ കണ്ണുകളുടെ തീക്ഷ്ണ സൗന്ദര്യത്തോടൊപ്പം മനോഹരമായ ഒരു ഗാനത്തിന്റെ ശീലുകള്‍ കൂടി ഓര്‍മയില്‍ നിറയുന്നു: 'കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന കന്മദപ്പൂ കണ്ണംപൂവുണ്ടോ...' വയലാര്‍ എഴുതി സലില്‍ ചൗധരി ഈണമിട്ട് പി സുശീല ഹൃദയം പകര്‍ന്നു നല്‍കിയ ഗാനം.
പാട്ടിന്റെ പല്ലവി ഓര്‍മ്മയില്‍ നിന്ന് മൂളിയപ്പോള്‍ ചിരിയോടെ കേട്ടിരുന്നു കനകദുര്‍ഗ. 'സന്തോഷമുണ്ട്, ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിയുമ്പോള്‍. മറക്കാനാവാത്ത അനുഭവമായിരുന്നു നെല്ല്. മലയാളത്തില്‍ ഞാന്‍ അഭിനയിച്ച ആദ്യചിത്രം.' ഒപ്പം ഒരു കൗതുകം കൂടി പങ്കുവെച്ചു അവര്‍. 'അറിയുമോ? ആ പാട്ടിനിടയ്ക്ക് മാത്രമല്ല, സിനിമയില്‍ പലയിടത്തും ഡയലോഗിന് പകരം ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത് ഒരേയൊരു വാക്ക് മാത്രം-ഏബിസിഡി.'
ആന്ധ്രയിലെ വിജയവാഡയില്‍ ജനിച്ച കനകദുര്‍ഗ തെലുങ്കിലും തമിഴിലും കുറെ പടങ്ങളിലും അഭിനയിച്ച ശേഷമാണ് മലയാളത്തിലെത്തിയത്. 'തുടക്കമല്ലേ? മലയാളം ഒട്ടും വഴങ്ങുന്നില്ല എനിക്ക്. എന്റെ ദുരിതം കണ്ട് സഹതാപം തോന്നിയ സംവിധായകന്‍ രാമു കാര്യാട്ട് സാറാണ് പറഞ്ഞത് ക്യാമറയ്ക്ക് മുന്നില്‍ ഏബിസിഡി എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയെന്ന്. ഡബ്ബിംഗ് കഴിഞ്ഞാല്‍ എല്ലാം ഓക്കേ ആകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. സിനിമ കണ്ടപ്പോള്‍ എല്ലാ ആശങ്കയും മാറി. സ്‌ക്രീനില്‍ അതാ മനോഹരമായി മലയാളം സംസാരിക്കുന്ന ഞാന്‍. എല്ലാ ഭാവവും ഉള്‍ക്കൊണ്ട് എനിക്ക് വേണ്ടി ഡബ്ബ് ചെയ്ത കലാകാരിക്ക് നന്ദി....'
Content Highlights: Kanakadurga Malayalam actress Malayalam cinema Nellikka Mazhakkari South Indian actress cinema