ആദ്യപ്രതിഫലം കൂട്ടപരിഹാസം, അവസരം തേടി അലച്ചിൽ; ‘പാലക്കാട് മാധവനെ’ അനശ്വരനാക്കിയ ഭാഗ്യരാജ്

#സ്വന്തം ലേഖകൻ
ഭാ​ഗ്യരാജും ഭാര്യ പൂർണ്ണിമയും | Photo: Mathrubhumi
ഭാ​ഗ്യരാജും ഭാര്യ പൂർണ്ണിമയും | Photo: Mathrubhumi

ചെന്നൈ: കോയമ്പത്തൂരിലെ ഗോപിചെട്ടിപാളയത്തിൽ ജനിച്ച കെ. ഭാഗ്യരാജിന്റെ അഭിനയമോഹം തുടങ്ങിയത് സ്കൂൾ പഠനകാലത്താണ്. സ്കൂൾ നാടകഗ്രൂപ്പിൽ അംഗമായിരുന്നു. തെരുവുനാടകത്തിൽ വേഷമിട്ടെങ്കിലും കാണികൾ പരിഹസിച്ചുചിരിച്ചത് വലിയതിരിച്ചടിയായി. എന്നാൽ അതൊന്നും ഉള്ളിലെ അഭിനയമോഹത്തെ ഇല്ലാതാക്കാനായില്ല. നേരേ സിനിമയുടെ ലോകമെന്നറിയപ്പെടുന്ന കോടമ്പാക്കത്തേക്ക് വണ്ടികയറി. അവസരം ചോദിച്ചുള്ള അലച്ചിലായിരുന്നു പ്രധാനപണി. ടീ നഗറിലെ വർക്ക് ഷോപ്പിലെ പഴയ കാറിൽ ഒരുവർഷം ജീവിച്ചു. ടയറുകടയിലെ പണിക്കാരായിരുന്നു ഭക്ഷണം നൽകിയിരുന്നത്. പിന്നീട് സിനിമാക്കാരുടെ താവളമായ തേനാംപേട്ടയിലെ 9-ടു.സി. ലോഡ്ജിലായി താമസം. സംവിധാന സഹായിയായി മാറുകയെന്നതായി പിന്നീടുള്ള ലക്ഷ്യം. വൈകാതെ ഭാരതിരാജയുടെ കൂടെയെത്തി.

നിർമാതാവ് ബാലഗുരുവിനെ കാണാനായി അദ്ദേഹത്തിന്റെ ഓഫീസിലെത്തുമ്പോൾ ഭാരതിരാജയും സന്ദർശകനായി ഉണ്ട്. അന്ന് ഇംഗ്ലീഷ് ഭാഷയിൽ അത്ര പരിജ്ഞാനമില്ലെങ്കിലും നിർമാതാവ് എവിടെയെന്ന് തട്ടിക്കൂട്ട് ഇംഗ്ലീഷിൽ അദ്ദേഹം ഭാരതിരാജയോട് ചോദിച്ചു. ഗ്രാമീണാന്തരീക്ഷത്തിൽ വളർന്ന, ഇംഗ്ലീഷ് അറിയാത്ത ഭാരതിരാജ ആ ചോദ്യത്തിൽ വീണുപോയെന്നും അങ്ങനെയാണ് തന്നെ സഹായിയായി കൂടെ കൂട്ടിയതെന്നും ഭാഗ്യരാജ് പറയാറുണ്ടായിരുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം- കെ. ഭാഗ്യരാജ് എന്ന് എൺപതുകളിൽ സ്ക്രീനിൽ തെളിയുമ്പോൾ കൈയടി നേടിയ ആ പേരിനുപിന്നിലുണ്ട് ഒട്ടേറെ കഥന കഥകളും.

‘പാലക്കാട്ടുകാരനായ സംഗീതജ്ഞൻ’

പാലക്കാട്: ‘പാലക്കാട് മാധവൻ’ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് ജനമനസ്സുകളിൽ നിറച്ചത് പാലക്കാടൻ ഗ്രാമജീവിതത്തിന്റെ നന്മയും നിഷ്കളങ്കതയും. ‘അന്ത 7 നാൾകൾ’ എന്ന പേരിൽ 1981 ഒക്ടോബറിൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെയാണ് പാലക്കാട്ടുകാരനായ സംഗീതജ്ഞൻ മാധവനെ ഭാഗ്യരാജ് അനശ്വരനാക്കിയത്.

1940 മുതൽ 70 വരെ തമിഴ് സിനിമാ ലോകത്ത് സജീവമായിരുന്ന ഹാസ്യനടൻ ജെ.പി. ചന്ദ്രബാബുവിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് പാലക്കാടൻ പശ്ചാത്തലത്തിൽ ഭാഗ്യരാജ് ഈ കഥയെഴുതിയത്. പി.എസ്. ജയരാമൻ, എം. നാച്ചിയപ്പൻ എന്നിവർ ചേർന്ന് നിർമിച്ച സിനിമയിൽ നായക കഥാപാത്രമായ മാധവനെ ഭാഗ്യരാജ് അവതരിപ്പിച്ചപ്പോൾ നായികയായി അംബികയും (വസന്തി) സഹനടനായി രാജേഷും (ആനന്ദ്) മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ ഇടംതേടി സംഗീതജ്ഞനാവാനുള്ള താത്പര്യത്തിൽ മദ്രാസിലേക്ക് വണ്ടികയറുന്ന നായകന് അവിടെ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളായിരുന്നു സിനിമയുടെ ഇതിവൃത്തം.

ശ്രീനി ക്രിയേഷൻസിന്റെ ബാനറിൽ സത്യജ്യോതി ഫിലിംസാണ് സിനിമ അവതരിപ്പിച്ചത്. എം.എസ്. വിശ്വനാഥന്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ പാട്ടുകളും ഹിറ്റായിരുന്നു. ജെ.പി. ചന്ദ്രബാബുവിന്റെ മദ്രാസ് സംഭാഷണ ശൈലിക്ക് ബദലായി പാലക്കാടൻ ഭാഷാശൈലിയിലൂടെയാണ് പാലക്കാട് മാധവൻ എന്ന കഥാപാത്രത്തെ ഭാഗ്യരാജ് ആവിഷ്കരിച്ചത്. ദക്ഷിണേന്ത്യയിലെ പലഭാഷകളിലേക്കും മൊഴിമാറ്റിയ തമിഴ് ചിത്രം മലയാളത്തിലും ഏറെ ജനപ്രീതി നേടിയിരുന്നു.

Content Highlights: Early struggles of K. Bhagyaraj in Kodambakkam and T. Nagar. The influence of Bharathiraja on Bhagyaraj's career. Origin of the character Palakkad Madhavan from the 1981 film Anda 7 Naatkal. Inspiration drawn from J.P. Chandrababu's life story. Impact of the Palakkad dialect in Tamil cinema