'ബീസ്റ്റി'ന്റെ പരാജയത്തില്‍ ക്രൂരമായി പരഹസിക്കപ്പെട്ടു; ഉയര്‍ത്തെഴുന്നേറ്റ് നെല്സണ്

കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് വലിയ ചര്‍ച്ചയായ വീഡിയോ ഉണ്ടായിരുന്നു. ഒരു പുരസ്‌കാര നിശ. താരങ്ങളും സംവിധായകരും നിര്‍മാതാക്കളും മറ്റു സിനിമാപ്രവര്‍ത്തകരും പങ്കെടുക്കുന്ന വലിയ ചടങ്ങായിരുന്നു അത്. അവിടെ സംവിധായകന്‍ ലോകേഷ് കനകരാജ് കാറില്‍ വന്നിറങ്ങുന്നു. കൈതി, മാസ്റ്റര്‍, വിക്രം തുടങ്ങി തുടര്‍ച്ചയായി ഹിറ്റുകളടിച്ച് തമിഴ് സിനിമയിലെ ഏറ്റവും മൂല്യമേറിയ സംവിധായകനായിരിക്കുകയാണ് ലോകേഷ്. അദ്ദേഹത്തെ കണ്ട മാത്രയില്‍ ഒരു കൂട്ടമാളുകള്‍ ചുറ്റും പൊതിഞ്ഞു നിന്നു. സംഘാടകരും ഫോട്ടോഗ്രാഫര്‍മാരും അവരെ നിയന്ത്രിക്കാനുള്ള ബൗണ്‍സര്‍മാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ വന്നിറങ്ങുന്നു. രണ്ടു ബൗണ്‍സര്‍മാര്‍ അദ്ദേഹത്തെ അല്‍പ്പദൂരം അനുഗമിച്ചുവെങ്കിലും പിന്നീട് മറ്റെവിടെയോ പോയി. ഒരു സുഹൃത്ത് മാത്രമേ പിന്നീട് നെല്‍സണൊപ്പം ഉണ്ടായിരുന്നൂള്ളൂ. ആരാലും ശ്രദ്ധിക്കപ്പെടാതെ നെല്‍സണ്‍ ശാന്തനായി ചടങ്ങിലേക്ക് പ്രവേശിച്ചു.
ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതം ഇരട്ടിയാകും എന്ന് പറയാറുണ്ട്. വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധനേടിയ നെല്‍സന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. വിജയിനെ നായകനാക്കി ഒരു സിനിമ ഒരുക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍, യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു സിനിമയാണ് നെല്‍സണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയും ആവര്‍ത്തന വിരസതയും വില്ലനായപ്പോള്‍ ശരാശരിയിലും താഴെയാണ് സിനിമയ്ക്ക് പ്രേക്ഷകര്‍ റേറ്റിങ് നല്‍കിയത്. സാമ്പത്തികമായി എത്ര വരുമാനം നേടിയാലും ഒരു സിനിമ വിജയമാകണമെങ്കില്‍ അത് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കണം. 'ബീസ്റ്റി'ന്റെ കാര്യത്തില്‍ നെല്‍സണ് അടിപതറി. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരേ കടുത്ത പരിഹാസമുയര്‍ന്നു. പ്രത്യേകിച്ച് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ശേഷം അതിന് ആക്കം കൂടി.
രജിനികാന്തിനെ നായകനാക്കി ജയിലര്‍ എന്ന ചിത്രം പ്രഖ്യാപിക്കുന്നത് 2022-ലാണ്. 'ബീസ്റ്റ്' നല്‍കിയ പരാജയം അദ്ദേഹത്തെ അവിടെയും വേട്ടായാടി. 'തലൈവരെ പരീക്ഷണത്തിന് എറിഞ്ഞുകൊടുക്കരുതേ'', എന്ന് പറഞ്ഞു പലരും പരിഹാസരൂപേണ അപേക്ഷിച്ചു. രജനികാന്തിന് എന്തിന്റെ കേടാണെന്നും ചോദിച്ചവരുണ്ടായിരുന്നു. ഭൂരിപക്ഷം പേരും നെല്‍സണെ തള്ളിപ്പറഞ്ഞുവെങ്കിലും വിശ്വാസമര്‍പ്പിച്ച് കുറച്ച് സുഹൃത്തുക്കള്‍ അദ്ദേഹത്തോടൊപ്പം നിന്നും. രജനികാന്തും സണ്‍ പിക്‌ചേഴ്‌സിന്റെ കലാനിധി മാരനും സംഗീത സംവിധായകന്‍ അനിരുദ്ധുമെല്ലാം.
'ബീസ്റ്റ്' സിനിമയ്‌ക്കെതിരേ വന്ന വിമര്‍ശനങ്ങള്‍ കുറച്ചൊന്നുമല്ല നെല്‍സണെ ബാധിച്ചത്. 'ജയിലര്‍' സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ഔദ്യോഹിക പ്രഖ്യാപനങ്ങള്‍ നടക്കുമ്പോഴും ആക്രമണം മുഴുവന്‍ നെല്‍സണ് നേരെയായിരുന്നു. 'ഈ ഫ്‌ലോപ്പ് സംവിധായകനെ മാറ്റണ'മെന്നും ഇനി അവസരം നല്‍കരുതെന്നും പറഞ്ഞ് നിര്‍മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിയവരും ഉണ്ടായിരുന്നു. എന്നാല്‍, അതൊന്നും വകവയ്ക്കാതെയാണ് സിനിമയുമായി മുന്നോട്ട് പോയത്.
ഉറക്കം പോലുമില്ലാതെയാണ് 'ജയിലറി'ന് വേണ്ടി നെല്‍സണ്‍ പണിയെടുത്തത്. അതുകണ്ട് രജനികാന്തിന് പോലും പലപ്പോളും ആശങ്ക തോന്നിയിട്ടുണ്ട്. അമിതമായ സമ്മര്‍ദ്ദം ആരോഗ്യമില്ലാതെയാക്കുമെന്ന് താരം നെല്‍സണ് ഉപദേശം നല്‍കി. പക്ഷേ, 'ജയിലര്‍' പ്രേക്ഷകരിലേക്കെത്തുന്നതുവരെ തനിക്ക് സമാധാനത്തോടെ ഇരിക്കാനില്ലെന്ന് നെല്‍സണ് അറിയാമായിരുന്നു.
അങ്ങനെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം 'ജയിലര്‍' തിയേറ്ററുകളിലേക്കെത്തി. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രജനി ചിത്രം തിയേറ്ററുകളിലെത്തിയത്. തിഹാര്‍ ജയിലിലിലെ ജയിലറായി വിരമിച്ച മുത്തുവേല്‍ എന്ന കഥാപാത്രമായി രജനി അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്. നായകന്‍ ശക്തനായി പ്രേക്ഷകര്‍ക്ക് തോന്നണമെങ്കില്‍ വില്ലന്റെ കഥാപാത്ര നിര്‍മിതിയും ഗംഭീരമായിരിക്കണം. വര്‍മന്‍ എന്ന വേഷത്തില്‍ വിനായകനെത്തിയപ്പോള്‍ തിയേറ്ററുകളില്‍ ഹര്‍ഷാരവങ്ങള്‍ ഉയര്‍ന്നു. അതുപോലെ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലും ശിവരാജ്കുമാറും ജാക്കി ഷ്‌റോഫുമെല്ലാം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. കൂടാതെ രമ്യകൃഷ്ണന്‍, മിര്‍ണ മേനോന്‍, തമന്ന എന്നിവരെല്ലാം അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
റിലീസ് ചെയ്ത ആദ്യദിനത്തില്‍ തന്നെ 52 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. വാരാന്ത്യമായതിനാല്‍ പല തിയേറ്ററുകളിലും ടിക്കറ്റ് ലഭിക്കാനില്ല. കേരളത്തില്‍ 300-ലധികം തീയേറ്ററുകളിലാണ് 'ജയിലര്‍' റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളിലെ ഷോകള്‍ ഒട്ടുമിക്കതും ഹൗസ് ഫുള്ളായിരുന്നു. ഇനി നെല്‍സന്റെ ദിനങ്ങളാണ്. അന്ന്, തള്ളിപ്പറഞ്ഞവരും പരിഹസിച്ചവരും ഇന്ന് അദ്ദേഹത്തെ വാനോളം വാഴ്ത്തുകയാണ്. സിനിമാ നിരൂപകരും പ്രേക്ഷകരും ഒരുപോലെ കയ്യടിക്കുമ്പോള്‍ അന്ന് അവഗണിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ മറുപടി നല്‍കുകയാണ് നെല്‍സണ്‍.
Content Highlights: Jailer cinema, Rajinikanth,Nelson Dileepkumar, beast failure, depression, Tamil Cinema