സിനിമയിലുണ്ടായിരുന്നു ഇപ്പോഴാണ് നടനായത്

ഒരു പുഞ്ചിരിക്ക്, കുശലംപറച്ചിലിന്, ഗുഡ്‌മോണിങ്ങിന്, യാത്രപറച്ചിലിന് ഒരുപാട് അര്‍ഥതലങ്ങളുണ്ടെന്ന് മലയാളിയെ പഠിപ്പിച്ച സിനിമയാണ് ഹെലന്‍. ചിത്രത്തിലെ നായികയായ അന്നാ ബെന്നിനൊപ്പം ക്ലൈമാക്‌സ് സീനില്‍ ശ്രദ്ധേയ പ്രകടനത്തിലൂടെ കൈയടി വാങ്ങിയ നടനാണ് ജയരാജ് കോഴിക്കോട്. ഏറെനാളായി സിനിമാരംഗത്തുള്ള ജയരാജിന് ഹെലന്‍ നല്‍കിയത് പുതുസിനിമാജീവിതമാണ്.
ഹെലന്റെ അച്ഛനായി സിനിമയിലുടനീളം ലാല്‍സാറുണ്ട്. സിനിമ കണ്ടശേഷം ആദ്യം വിളിച്ചത് ലാല്‍സാറാണ്. ഓരോ സിനിമ കഴിഞ്ഞാലും സുഹൃത്തുക്കളുടെ പതിവ് കളിയാക്കലാണ് ആദ്യം എത്തുക. ''നിന്റെ ചായ അടിപൊളിയായിട്ടുണ്ട്...(കൂടുതല്‍ സിനിമകളിലും ഞാന്‍ ചായക്കടക്കാരനായിരിക്കുമല്ലോ). ഒറ്റ ഡയലോഗെങ്കിലും പറഞ്ഞൂടെ ജയരാജേ... അല്ലെങ്കില്‍ ചായവിട്ട് ഒരു ബിരിയാണിയെങ്കിലും വെച്ചൂടെ!'' ഇങ്ങനെ നീളും പരിഹാസങ്ങള്‍. ലാല്‍സാറ് വിളിച്ചപ്പോഴും അത്തരത്തില്‍ കളിയാക്കുന്ന ഏതോ സുഹൃത്താണെന്ന് കരുതി. അതിനാല്‍ത്തന്നെ ആദ്യം കട്ട്‌ചെയ്തു.
ഫോണ്‍ കട്ട്‌ചെയ്തു കഴിഞ്ഞപ്പോഴാണ് ആ ഘനഗംഭീരശബ്ദം ലാല്‍സാറിന്റെതാണെന്ന് തോന്നിയത്. ഉടനേ തിരിച്ചുവിളിച്ചു. അങ്ങേതലയ്ക്കല്‍ ലാല്‍സാറ് തന്നെ. ''ഏടോ ഞാന്‍ തന്നെയാണ്, ലാല്‍. താന്‍ കസറിയിട്ടുണ്ട്. സിനിമയിലുടനീളം ഉണ്ടായിട്ടും എന്റെ കഥാപാത്രത്തെക്കാളും തന്റെ വാച്ച്മാന്‍ കസറി. ആശംസകള്‍...'' മറുപടിയൊന്നും പറഞ്ഞില്ല. കണ്ണ് നിറഞ്ഞ് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു ജയരാജ് പറയുന്നു.
കാല്‍ നൂറ്റാണ്ടിനിടെ അറുപതോളം വേഷങ്ങള്‍ മലയാള സിനിമയില്‍ ജയരാജ് ചെയ്തു. ഓരോ പോസ്റ്ററിലും കൗതുകത്തോടെ നോക്കിയെങ്കിലും ഇതുവരെ ഒന്നിലും ജയരാജിന്റെ തല പ്രത്യക്ഷപ്പെട്ടില്ല. എന്നാല്‍ മാത്തുക്കുട്ടി സേവ്യര്‍ എന്ന പുതുമുഖ സംവിധായകന്‍ ജയരാജിനെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിലേക്ക് വെളിച്ചമിട്ടുകൊടുത്തു. ഹെലന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയരാജ് ഇപ്പോള്‍. നിവിന്‍ പോളി നായകനാകുന്ന പടവെട്ടിലും ശ്രദ്ധേയവേഷത്തില്‍ ജയരാജുണ്ട്.
കോഴിക്കോട് വെസ്റ്റ്ഹില്‍ അത്താണിക്കലാണ് ജയരാജിന്റെ വീട്. ഐ.ടി.ഐ. പഠനത്തിനുശേഷം കുറേക്കാലം വര്‍ക് ഷോപ്പ് നടത്തി. പിന്നീട് നഗരത്തില്‍ ഓട്ടോ ഡ്രൈവറായി. തുടര്‍ന്ന് കുറേക്കാലം വെസ്റ്റ് ഇന്ത്യാ സ്റ്റീല്‍സില്‍ വെല്‍ഡര്‍. അങ്ങനെ ജീവിക്കാനായി പലവേഷങ്ങള്‍ കെട്ടിയിട്ടുണ്ട് ജയരാജ്. ആ നെട്ടോട്ടത്തില്‍ കൂട്ടായി എപ്പോഴും നാടകവും സിനിമയും ഉണ്ടായിരുന്നു. തിക്കോടിയന്റെ നാടകസമിതിയിലൂടെയായിരുന്നു തുടക്കം.
1995ല്‍ അഭിഭാഷകന്റെ കേസ് ഡയറിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. തുടര്‍ന്ന് ആള്‍ക്കൂട്ടങ്ങളിലും പച്ചക്കറിച്ചന്തകളിലും ചായക്കടകളിലും കള്ളനുമൊക്കെയായി സ്ഥിരം വേഷങ്ങള്‍. ഒന്നും എവിടെയും അടയാളപ്പെടുത്തിയില്ല. സംഭാഷണംപോലുമില്ലാത്ത കുഞ്ഞുവേഷങ്ങള്‍.
''വിനീത് ശ്രീനിവാസനാണ് ഹെലനിലേക്ക് വിളിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സിന്റെ വിധി നിര്‍ണയിക്കുന്ന കഥാപാത്രമാവും ആ വാച്ച്മാനെന്നൊന്നും കരുതിയില്ല. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ഇപ്പോള്‍ ഞാനുമൊരു നടനായിരിക്കുന്നു...'' പറഞ്ഞവസാനിക്കും മുന്‍പേ ജയരാജിന്റെ വാക്കുകള്‍ മുറിഞ്ഞു. ഹെലനില്‍ കൈയടികിട്ടിയ ഡയലോഗ് ജയരാജ് ഒന്നുകൂടി ആവര്‍ത്തിച്ചു ''ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോള്‍ അവരുടെ മുഖം നമ്മളൊരിക്കലും മറക്കില്ല...'' രജിതയാണ് ജയരാജിന്റെ ഭാര്യ. ഭവ്യയും ദിവ്യയും മക്കളും.
Content Highlights: Helen fame actor Jayaraj Kozhikode
Content Highlights: