ബിച്ചു തിരുമലയ്ക്ക് ഹൃദയം ദേവാലയമാണെങ്കിൽ പുല്ലാങ്കുഴലാണ് സത്യൻ അന്തിക്കാടിന്; പാട്ടുകളിൽ മിടിക്കുന്ന ഹൃദയങ്ങൾ

സത്യൻ അന്തിക്കാട്, ബിച്ചു തിരുമല | ഫോട്ടോ: മധുരാജ്, എസ്. ശ്രീകേഷ് \ മാതൃഭൂമി
സത്യൻ അന്തിക്കാട്, ബിച്ചു തിരുമല | ഫോട്ടോ: മധുരാജ്, എസ്. ശ്രീകേഷ് \ മാതൃഭൂമി

അൽപ്പം ലഹരി അകത്തുചെന്നാൽ സ്ഥിരമായി "ഹൃദയം മറക്കുന്ന" ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. നഷ്ടപ്രണയത്തിന്റെ ഓർമ്മയാണ് അവന് ആ ഗാനം. സ്കൂൾ കാലം മുതലുള്ള ഗാഢപ്രണയം നിർദയം ഉപേക്ഷിച്ച് ഒരു നാൾ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പതിനഞ്ചു വയസ്സിന് മൂത്ത ഗൾഫുകാരനായ ബന്ധുവിനെ കെട്ടി സ്ഥലം വിട്ട മുൻ കാമുകിയെ കുറിച്ചുള്ള വേദനാജനകമായ ഓർമ്മ.

ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ കിടന്ന്, ജനാലക്കപ്പുറത്തെ നിലാവിലേക്ക് നോക്കി വിഷാദമധുരമായി പാടും അവൻ : "ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ, സ്നേഹബന്ധം, ഈ സ്നേഹബന്ധം ഈ ലോക യാഥാർഥ്യമേ..." അത്തരം നിരാശാകാമുകർ ഇന്നുമുണ്ടാകും. സിനിമാഗാനങ്ങളെ ജീവിതവുമായി ചേർത്തുവെക്കുന്നവർ.

"ചന്ദനച്ചോല"യിൽ മുപ്പത്ത് രാമചന്ദ്രൻ എഴുതി കെ.ജെ. ജോയ് ഈണമിട്ട ഈ ഗാനം, സംഗീതസംവിധായകൻ തന്നെ പാടിക്കേൾക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്. ചെന്നൈയിലെ ജോയിയുടെ വസതിയിൽ വെച്ചുള്ള അവസാന കൂടിക്കാഴ്ച്ചയിൽ നിന്ന് ഇന്നും ഓർമ്മയിൽ അവശേഷിക്കുന്ന ഹൃദയസ്പർശിയായ നിമിഷം. ടെലിവിഷൻ പരിപാടി ചിത്രീകരിക്കാൻ ചെന്നതാണ് ഞങ്ങൾ. പൂർണ്ണമായും ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം. ഒരു പക്ഷാഘാതത്തിന്റെ തിക്തഫലം.

യേശുദാസ് ഭാവാർദ്രമായി പാടിയ ഗാനത്തിന്റെ ആദ്യവരി വീണ്ടുമൊരിക്കൽ കൂടി പാടി ജോയ്; ഇത്തവണ കൈകൾ രണ്ടും ഉയർത്തിക്കൊണ്ട്. "ഗസൽ പോലെ കംപോസ് ചെയ്യണം എന്നോർത്ത് ചെയ്ത പാട്ടാണ്. എഴുതി ട്യൂൺ ചെയ്തതാണ് എന്നാണോർമ്മ. ഒരു പുതിയ എഴുത്തുകാരനായിരുന്നു ...." മുപ്പത്ത് രാമചന്ദ്രൻ എന്ന പേര് ഓർമ്മിപ്പിച്ചപ്പോൾ കിടന്നുകൊണ്ടുതന്നെ കൈകൂപ്പി ജോയ്. "എത്ര അർത്ഥവത്തായ വരികൾ. ഇറ്റ്സ് എബൌട്ട് ലൈഫ്... ഹൃദയമില്ലാതെ ജീവിതമുണ്ടോ?"

പാട്ടെഴുത്തുകാരെ പോലെ നമ്മുടെ ഹൃദയമെടുത്ത് ഇത്രയേറെ അമ്മാനമാടിയവർ വേറെയുണ്ടാകുമോ ഭൂമിമലയാളത്തിൽ? ഈ ഹൃദയദിനത്തിൽ അതുകൊണ്ടുതന്നെ നാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞേ പറ്റൂ അവർക്ക്.

ഹൃദയത്തിന്റെ എത്രയെത്ര ഭാവവൈവിധ്യങ്ങളാണ് ഓരോ പാട്ടിലും. ഹൃദയത്തെ ദേവാലയമായി കണ്ടു ബിച്ചു തിരുമല (ഹൃദയം ദേവാലയം). സത്യൻ അന്തിക്കാടിന് ഹൃദയം പുല്ലാങ്കുഴലെങ്കിൽ (ഓ മൃദുലേ ഹൃദയമുരളിയിലൊഴുകീ വാ), ശ്രീകുമാരൻ തമ്പിയ്ക്കും (ഹൃദയവീണ തൻ മൃദുല തന്ത്രിയിൽ) പൂവച്ചൽ ഖാദറിനും (ഹൃദയമൊരു വല്ലകി) വീണയാണത്; വയലാർ രാമവർമ്മക്ക് പിയാനോയും (പ്രിയേ നിൻ ഹൃദയമൊരു പിയാനോ).

"ഇനിയൊന്നു പാടൂ ഹൃദയമേ" എന്ന് ഒഎൻവി (ഗോളാന്തരവാർത്ത) പറയേണ്ട താമസം പാടിത്തുടങ്ങുകയായി യൂസഫലി കേച്ചേരിയുടെ ഹൃദയം (ഹൃദയം പാടുന്നു, എന്റെ ഹൃദയം പാടുന്നു).

"ഹൃദയശാരികേ ഉണരുക നീ" എന്ന് പ്രണയപൂർവം മന്ത്രിക്കുന്നതേയുള്ളൂ പൂവച്ചൽ ഖാദറിന്റെ കാമുകി. വയലാറിന്റെ കാമുകിയാകട്ടെ ഉറങ്ങിക്കിടന്ന ഹൃദയത്തെ ഉമ്മവെച്ചുണർത്തുന്നു. വയലാർ ശരത്തിന്റെ ഭാവനയിൽ ഹൃദയങ്ങൾ ഉണരുക മാത്രമല്ല പരസ്പരം പുണരുകയും ചെയ്യുന്നു (ഹൃദയവും ഹൃദയവും). ഭാസ്കരഭാവനയിൽ ഇരുഹൃദയങ്ങളിൽ ഒന്നായ് വീശുന്നു നവ്യസുഗന്ധങ്ങൾ.

ഹൃദയേശ്വരിയുടെ നെടുവീർപ്പിൽ പോലും മധുരസംഗീതം കേൾക്കുന്നു തമ്പി. അതേ ഹൃദയേശ്വരിക്കായി ഹൃദയവാതായനങ്ങൾ തുറന്നിടുകയാണ് സത്യൻ അന്തിക്കാട്.

"ഉത്തരായന"ത്തിലെ ജി കുമാരപിള്ളയുടെ ഹൃദയത്തിൻ രോമാഞ്ചം എന്ന വിശ്രുത കവിത കേട്ട് ഹൃദയത്തിലെവിടെ രോമം എന്ന് ആക്ഷേപിച്ച വിമർശകരോട് ഒരു മറുചോദ്യം മാത്രം: അപ്പോൾ പിന്നെ ഹൃദയം പൂംപൊയ്കയാകുന്നതെങ്ങനെ? അവിടെ ഹംസങ്ങൾ ഉണ്ടാകുന്നതെങ്ങനെ?

"ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാ"മെന്ന് ഭാസ്കരൻ മാഷ്. "ഉരുകുകയാണൊരു ഹൃദയം ഓരോ നിമിഷവും ഉരുകുകയാണൊരു ഹൃദയം" (പാലാട്ട് കോമൻ) എന്ന് വയലാർ. "ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ" എന്ന് മുപ്പത്ത് രാമചന്ദ്രൻ. മൂന്നും ഹൃദയം നുറുക്കുന്ന പാട്ടുകൾ.

ഹൃദയത്തെ ശാരികയായും വല്ലകിയായുമൊക്കെ കണ്ട പൂവച്ചൽ "ഗാണ്ഡീവ"ത്തിൽ ഇങ്ങനെയുമെഴുതി: "ഹൃദയമെന്നതെനിക്കില്ല, അതെന്താണെന്നറിയില്ല, പുതിയ വാക്കാണല്ലൊ, അതെന്റെ നിഘണ്ടുവിലില്ല..."

തീർന്നില്ല. തീരുകയുമില്ല. പാട്ടുകളിൽ ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും.
Also Read: രാഘവൻ മാഷ് പാടാതെ പോയ പാട്ട്, മലയാളത്തിലെ ഏറ്റവും ഹൃദയസ്പർശിയായ വിഷാദഗീതം 'ഹൃദയത്തിൻ രോമാഞ്ചം'
ഇതാ മറക്കാനാവാത്ത കുറെ ഹൃദയഗീതങ്ങൾ:

  • ഇരുഹൃദയങ്ങളിൽ ഒന്നായ് വീശി (ഒരു മെയ് മാസപ്പുലരിയിൽ -- പി ഭാസ്കരൻ)
  • ഹൃദയത്തിൻ മധുപാത്രം (കരയിലേക്ക് ഒരു കടൽ ദൂരം -- ഒ എൻ വി)
  • ഹൃദയത്തിൻ രോമാഞ്ചം (ഉത്തരായനം -- ജി കുമാരപിള്ള)
  • ഹൃദയേശ്വരി (പഞ്ചാമൃതം -- ശ്രീകുമാരൻ തമ്പി)
  • മാനവഹൃദയം ഭ്രാന്താലയം (അനന്തശയനം -- ശ്രീകുമാരൻ തമ്പി)
  • മാനവഹൃദയത്തിൻ അണിയറയിൽ (അഷ്ടപദി -- പി ഭാസ്കരൻ)
  • ഹൃദയം കൊണ്ടെഴുതുന്ന കവിത (അക്ഷരത്തെറ്റ് -- ശ്രീകുമാരൻ തമ്പി)
  • ഹൃദയവും ഹൃദയവും (നോട്ട് ബുക്ക് -- ശരത് വയലാർ)
  • ഹൃദയസരസ്സിലെ പ്രണയപുഷ്പമേ (പാടുന്ന പുഴ -- ശ്രീകുമാരൻ തമ്പി)
  • ഹൃദയമുരുകി നീ കരയില്ലെങ്കിൽ (കറുത്ത പൗർണ്ണമി -- പി ഭാസ്കരൻ)
  • ഹൃദയത്തിനൊരു വാതിൽ (പൂന്തേനരുവി -- ശ്രീകുമാരൻ തമ്പി)
  • ഹൃദയവാഹിനീ (ചന്ദ്രകാന്തം -- ശ്രീകുമാരൻ തമ്പി)
  • ഹൃദയവാതായനങ്ങൾ (ആരതി -- സത്യൻ അന്തിക്കാട്)
  • ഹൃദയമുരളിയിൽ (മിസ്റ്റർ കേരള -- പി ഭാസ്ക്കരൻ)
  • ഹൃദയസരോവരമുണർന്നൂ (മൗനരാഗം -- ശ്രീകുമാരൻ തമ്പി)
  • ഹൃദയമൊരു വല്ലകി ( പടയണി --- പൂവച്ചൽ ഖാദർ)
  • ഹൃദയമൊരു വീണയായ് ( തമ്മിൽ തമ്മിൽ -- പൂവച്ചൽ )
  • പിഞ്ചു ഹൃദയം ദേവാലയം (സേതുബന്ധനം - ശ്രീകുമാരൻ തമ്പി)
  • ഹൃദയം ദേവാലയം (തെരുവുഗീതം -- ബിച്ചു തിരുമല)
  • ഹൃദയ വനിയിലെ (കോട്ടയം കുഞ്ഞച്ചൻ -- ചുനക്കര രാമൻകുട്ടി)
  • ഹൃദയശാരികേ (ആഗ്രഹം -- പൂവച്ചൽ)
  • ഹൃദയത്തിൽ നിറയുന്ന (ചുഴി -- പൂവച്ചൽ)
  • നീ വരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വച്ചു
  • എന്റെ ഹൃത്തിലെടുത്തു വച്ചു (ഓർമ്മകൾ ഓടിക്കളിക്കുവാൻ - ഷിബു ചക്രവർത്തി )
  • ഹൃദയഗീതമായ് (അമ്മക്കിളിക്കൂട് -- കൈതപ്രം)
  • ഹൃദയരാഗതന്ത്രി മീട്ടി (അമരം -- കൈതപ്രം)
  • ഹൃദയം പാടുന്നു (ഹൃദയം പാടുന്നു -- യൂസഫലി കേച്ചേരി)
  • കനിവോലും കമനീയ ഹൃദയം (സ്നേഹസീമ -- അഭയദേവ്)
  • ചിത്രകാരന്റെ ഹൃദയം കവരും (ജയിൽ -- വയലാർ)
  • ഗീതേ ഹൃദയസഖീ ഗീതേ (പൂച്ചക്കണ്ണി -- വയലാർ)
  • ഉറങ്ങിക്കിടന്ന ഹൃദയം (അഗ്നിപരീക്ഷ -- വയലാർ)
  • സ്വന്തം ഹൃദയത്തിനുള്ളറയിൽ (വില കുറഞ്ഞ മനുഷ്യൻ -- പി ഭാസ്കരൻ)
  • പാവം മാനവഹൃദയം (അഭയം -- സുഗതകുമാരി)
  • ഹൃദയരാഗ ഭാവ താള (ചൈത്രം - എം ഡി രാജേന്ദ്രൻ)
  • ഹൃദയ വാതിൽ തഴുത് നീക്കി (c/o സൈരാബാനു - ഹരിനാരായണൻ)
  • ഹൃദയത്തിൻ നിറമായി (100 ഡേയ്സ് ഓഫ് ലൗ - റഫീക്ക് അഹമ്മദ്)
  • ഹൃദയ വൃന്ദാവനിയിൽ (കഥാവശേഷൻ -- ഗിരീഷ് പുത്തഞ്ചേരി).
  • സഹ്യന്റെ ഹൃദയം (ദുർഗ -- വയലാർ)
  • പ്രിയേ നിൻ ഹൃദയമൊരു പിയാനോ (രാജഹംസം -- വയലാർ)

Content Highlights: On World Heart Day, this feature reflects on how Malayalam cinema's iconic lyricists—from Vayalar and Bichu Thirumala to ONV and Poovachal Khadar—have beautifully woven the concept of the 'heart' into timeless film songs that resonate with love, heartbreak, and human emotion.