‘HAPPY NEW YEAR എന്ന് തിരിച്ചുകൂവി ഇറങ്ങിയോടി, ഇതുവരെയില്ലാത്ത സമാധാനം അവന്റെ മുഖത്ത് വിരിഞ്ഞു’

#ജോയ് മാത്യു
പ്രതീകാത്മക ചിത്രം, ജോയ് മാത്യു | ചിത്രീകരണം: ഗോപീകൃഷ്ണന്‍, ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം, ജോയ് മാത്യു | ചിത്രീകരണം: ഗോപീകൃഷ്ണന്‍, ഫോട്ടോ: മാതൃഭൂമി

അന്ന് ഒരു പുതുവത്സരരാത്രിയായിരുന്നു. സ്ഥലം മുംബൈ ആകുന്നതിനു മുൻപുള്ള ബോംബെ നഗരം.

കഥാപാത്രങ്ങൾ: പുസ്തകപ്രസാധകസംഘംഗച്ഛാമി എന്ന് നാട്ടിൽപ്പാടിനടന്നതുപോരാതെ ബോംബെയിലും പാടിനടക്കാൻ മോഹിച്ച് വണ്ടികയറിയെത്തിയ പി.സി. ജോസി എന്ന മുൻനക്സലൈറ്റ്. ഉണ്ടക്കണ്ണും ഊശാൻതാടിയുമായി കുറ്റവാസനകളുടെ പുണ്യാളൻ ഷെനെ എന്നറിയപ്പെടുന്ന ഫ്രഞ്ച് എഴുത്തുകാരന്റെ ഉദ്ധരണികൾ ഉരുവിട്ട് കഴിക്കുകയും അതുമാതിരിയൊക്കെ ജീവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്ന സുരേഷ് പട്ടാലിയെന്ന പത്രപ്രവർത്തകനും സിനിമാസ്നേഹിയും. മൂന്നാമത്തെ കഥാപാത്രം സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം പോരാഞ്ഞ് ചെറുകഥാ സാഹിത്യത്തിൽ ഒരുകൈയും ബുദ്ധിജീവിമേഖലകളിൽ മറുകൈയും കടത്തി ഒടുവിൽ യുഎൻഐ എന്ന പ്രശസ്ത ന്യൂസ് ഏജൻസിയിൽ സബ് എഡിറ്ററായി ഭേദപ്പെട്ട ശമ്പളത്തിൽ ജീവിച്ചുപോരുന്ന എ. നന്ദകുമാർ. ഇനിയുള്ള ഒരു കഥാപാത്രം പത്രപ്രവർത്തനം പഠിക്കാനെന്ന വ്യാജേന നാടുവിട്ട് ബോംബെയിലെത്തി കുറച്ച് പഠിത്തവും കൂടുതൽനേരം ജയ്‌ക്കോ പബ്ലിക്കേഷനിൽ ജോലിക്കാരനുമായി ജീവിച്ചുപോന്നിരുന്ന ഈയുള്ളവനും.

കാലം 1983 അല്ലെങ്കിൽ 1984 പുതുവത്സരരാത്രി ബോംബെക്കാർക്ക് ജാതിമതമെന്യേ ആസ്വദിക്കാനും ആറാടാനുമുള്ള രാത്രിയാണ്. അന്യദേശത്ത് എത്തിപ്പെട്ടാലുള്ള മലയാളി കോംപ്ലക്സുമായി മുറികളിൽ ചടഞ്ഞിരിക്കേണ്ട എന്നുകരുതി ഞങ്ങൾ നാലുകഥാപാത്രങ്ങൾ തെരുവിലേക്കിറങ്ങി.

നഗരത്തിലെ പലയിടങ്ങളിലായി താമസിക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കളായ മലയാളി ബാച്ച്‌ലർമാരുടെ മുറികളിലെല്ലാം ആഘോഷങ്ങളാണ്. പലരും അവരുടെയെല്ലാം താമസസ്ഥലങ്ങളിലേക്ക് ക്ഷണിച്ചതുമാണ്. എന്നാൽ, അവിടെയൊക്കെയാകട്ടെ ഈ പുതുവത്സരരാത്രി എന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി യാത്രതുടങ്ങി. ദാദറിലുള്ള രവീന്ദ്രൻ, സാബു എന്നിവരെ ആദ്യം സന്ദർശിച്ച് വെറുപ്പിച്ചു. പിന്നെ കൊളാബയിലെ കണ്ണുക്കര കമ്യൂണിസ്റ്റുസഹോദരന്മാർ ഗംഗാധരൻ നമ്പ്യാരുടെയും ചന്ദ്രൻനമ്പ്യാരുടെയും സത്‌കാരം. ആസാദ് മൈതാനത്താണെങ്കിൽ അവധൂതൻ ശശിയുണ്ട് പ്രസ്‌ക്ളബ്ബിലെ ചായ്പിൽ കാത്തിരിക്കുന്നു. ഇനി ബാന്ദ്രയിൽ പ്രേംപ്രസാദ്, മലാഡിൽ എൻജിനിയർ പ്രദീപ്... അങ്ങനെയങ്ങനെ പേരറിയാത്തവരും പേരുള്ളവരുമായ ചങ്ങാത്തങ്ങളുടെ സത്‌കാരങ്ങൾ. വിദേശൻമുതൽ നാടൻ ദേശീയ ദാരുവരെ ഒഴുകിനടക്കുന്ന മുറികൾ നീന്തിനീന്തി തളർന്നുവെങ്കിലും വഴിയിൽ കണ്ടവരോടും കാണാത്തവരോടും ഹാപ്പി ന്യൂയെർ പറഞ്ഞും അവരിൽനിന്ന്‌ അത് തിരിച്ചുവാങ്ങിയും ഞങ്ങൾ ആടിയുലഞ്ഞുതളർന്നു.

യാത്രയിലുടനീളം ആരാണ് ശരി ആർക്കാണ് ബുദ്ധി കൂടുതൽ എന്ന് തെളിയിക്കുക അക്കാലത്തെ മദ്യപാനത്തോടനുബന്ധിച്ചുള്ള ഒരു പ്രധാന കീഴ്‌വഴക്കമായിരുന്നല്ലോ! ഒരു അര ബുദ്ധിജീവിയാകണമെങ്കിൽ എന്തെങ്കിലും ഒന്നിൽ തർക്കിച്ചുകൊണ്ടിരിക്കണം-അതാണ് നാട്ടുനടപ്പ്. സുരേഷ് പട്ടാലി തന്റെ ബാഗിൽ സുരക്ഷിതമായി കൊണ്ടുനടക്കുന്ന കള്ളന്റെ കുറിപ്പുകൾ (Thiefs journal) എന്ന ഷെനെയുടെ പുസ്തകം ഉദ്ധരിച്ചാണ് തർക്കങ്ങൾക്ക് തുടക്കമിടുക. എന്നാൽ, നന്ദകുമാറാകട്ടെ കുറ്റവാസനകളെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിലായിരുന്നില്ല. പട്ടാലിക്ക് കൂട്ടായി പാരീസിലെ എം. ഗോവിന്ദനായ സാർത്രും കൂടെ ഒരു ബലത്തിന് അൽബേർ കമ്യൂവും സിമോൺ ദ ബുവെയും ഗൊദാർദും മറ്റും. നന്ദകുമാറാകട്ടെ അയാളുടെ റോൾ മോഡലായ ഒ.വി. വിജയനെ ഇറക്കിയാണ് കളി. അക്കാലത്ത് പി.സി. ജോസി നക്‌സൽബാരിയിൽനിന്ന്‌ വണ്ടിയിറങ്ങി ഓഷോ രജനീഷിലേക്കുള്ള വഴി കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നെങ്കിലും ഏതു കറകളഞ്ഞ കമ്യൂണിസ്റ്റിനെയുംപോലെ മാർക്സിനെയും ലെനിനെയുമൊന്നും തലയിൽനിന്നിറക്കിയിട്ടുണ്ടായിരുന്നില്ല മാവോ സേ തുങ്ങിന്റെ ചുവന്ന പുസ്തകത്തിലെ ഉദ്ധരണികൾ ജോസിക്ക് ഹൃദിസ്ഥമായിരുന്നതിനാൽ പട്ടാലിയുടെയും നന്ദകുമാറിന്റെയും സാഹിത്യവാദങ്ങളെ രാഷ്ട്രീയമായി ജോസി തടുത്തുകൊണ്ടിരുന്നു. നടക്കാത്ത വിപ്ലവത്തിൽ ജോസിയോടൊപ്പം കുറച്ചുദൂരം ഓടുകയും പിന്നെ കിതച്ചു പിന്മാറുകയും ചെയ്ത ഞാനാകട്ടെ ഒരു കൊച്ചുപിച്ചാത്തികണക്ക് ഫിദൽ കാസ്‌ട്രോയെ ഇടയ്ക്കിടയ്ക്ക് ഇറക്കി ജോസിക്ക് പ്രതിരോധം തീർത്തുകൊണ്ടിരുന്നു. പോരാതെവന്നാൽ അറ്റകൈക്ക് ചെഗുവേരയെയോ ഹോചിമിനെയോ ഇറക്കാനും ഞാൻ മടിച്ചില്ല.

ചിത്രീകരണം: ഗോപീകൃഷ്ണൻ/ മാതൃഭൂമി

നാടിനും നാട്ടാർക്കും ഒരാവശ്യവുമില്ലാത്ത സൈദ്ധാന്തികയുദ്ധങ്ങൾ ചെയ്തു വിജയിക്കാതെയും തോൽക്കാതെയും അവശരായപ്പോൾ പതിവുപോലെ ഓരോരുത്തരായി പത്തിമടക്കി. അപ്പോഴേക്കും പഴയവർഷത്തിന്റെ മരണാനന്തര കർമങ്ങൾ വിളിച്ചോതി എവിടെന്നൊക്കെയോ പടക്കങ്ങൾ പൊട്ടിച്ചിതറി. ആകാശത്ത് പരേതരുടെ ആത്മാക്കൾ പൂത്തുലഞ്ഞു. അത് ബോംബെനഗരത്തെ വിവിധ വർണങ്ങളാൽ വിവസ്ത്രയാക്കിക്കൊണ്ടിരുന്നു.

ഉന്മാദങ്ങൾ കെട്ടടങ്ങാറായപ്പോൾ എവിടെയെങ്കിലും തലചായ്ക്കണമെന്ന് എല്ലാ മദ്യപരെയുംപോലെ ഞങ്ങൾക്കും തോന്നി. എന്നാൽപ്പിന്നെ കിങ്‌ സർക്കിളിലെ കോൺക്രീറ്റ് കൂടുകളിലൊന്നിലെ പ്രകാശന്റെയും ജോർജിന്റെയും താമസസ്ഥലത്ത് തലചായ്ക്കാം എന്നായി. ഞങ്ങൾ അങ്ങോട്ട് വെച്ചടിച്ചു. പുതുവത്സരരാവായതിനാൽ നിരത്തിൽ ടാക്സികളും മറ്റും കുറവായിരുന്നു. നടന്നുനടന്നുതുലഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ. അവിടെ ചെന്നപ്പോഴാകട്ടെ ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു ഞങ്ങളെ വരവേറ്റത്. കോഴിക്കോടൻ ശൈലിയിൽപ്പറഞ്ഞാൽ ‘മത്തി അട്ടിക്കിട്ടപോലെ’ ലുങ്കിമുണ്ടുടുത്ത അർധനഗ്നപൗരുഷങ്ങൾ ലക്കുകെട്ട് കിടന്നുറങ്ങുന്നു. ഒരാളുടെ തലയുടെ ഭാഗത്ത് മറ്റൊരാളുടെ കാൽ മറ്റൊരാളിന്റെ കാലിന്റെ ഭാഗത്ത് വേറൊരാളുടെ തല അങ്ങനെയൊരു അവയവമാറ്റ നിദ്രയിലാണെല്ലാവരും. സൂചികുത്താനിടമില്ലാത്ത അവസ്ഥ.

ഇനി എന്തുചെയ്യും?

തിരിച്ച് സ്വന്തം ലാവണത്തിൽ എത്തണമെങ്കിൽ ഏതെങ്കിലും വാഹനം കിട്ടണം, അതിന്‌ ഈ പാതിരാത്രിയിൽ ഒരു സാധ്യതയുമില്ല.

ചിത്രീകരണം: ഗോപീകൃഷ്ണൻ/ മാതൃഭൂമി

എല്ലാ പാനോത്സവങ്ങളുടെയും അവസാനങ്ങളിൽ അനുഭവവേദ്യമാകുന്ന അവശതയും ആത്മനിന്ദയും അതുവരെയുണ്ടായിരുന്ന ഉത്സാഹങ്ങളെയെല്ലാം കെടുത്തുമല്ലോ. അതുതന്നെ ഇവിടെയും സംഭവിച്ചു. സുരപാനത്തിനു ഇത്തരം ദൂഷ്യഫലങ്ങൾ ഇല്ലെങ്കിൽ അത്‌ എന്ത് നല്ല ഏർപ്പാടാകുമായിരുന്നു!

അതിനിടയിലൊരു അദ്‌ഭുതം നടന്നു. സൂചികുത്താനിടമില്ലാത്ത അവിടെ ഒരു സൂചികുത്തിയതുപോലെ നന്ദകുമാർ ചുവരിൽ ചാരിനിന്ന് ഉറങ്ങുന്നു. പിന്നെ ആ ദൃശ്യം വളർന്നത് ഇങ്ങനെ:നിന്നുകൊണ്ട് ഉറങ്ങിയിരുന്ന നന്ദകുമാരൻ ഉറങ്ങിക്കൊണ്ടുതന്നെ ഇരിക്കുന്നു. ക്രമേണ ഉറങ്ങിക്കൊണ്ടുതന്നെ അവിടെ ചടയുന്നു. അറബിയും ഒട്ടകവും കഥയിൽ ഇപ്പോൾ ഒട്ടകത്തിന്റെ ഭാഗം നന്ദകുമാറിനാണ് കിട്ടിയത്.

ഏതായാലും ഞങ്ങളിൽ നാലുപേരിൽ ഒരാളെയെങ്കിലും പുതപ്പില്ലാതെ പുതപ്പിച്ചുകിടത്താൻകഴിഞ്ഞ സന്തോഷത്തിൽ ഞങ്ങൾ അടുത്ത താവളം തപ്പി പുറത്തേക്കിറങ്ങി. അപ്പോഴാണ് സുരേഷ് പട്ടാലി ഞങ്ങളെ ഞെട്ടിച്ചത്:

‘‘ഇവിടെ അടുത്താണ് മുസാഫർ അലിയുടെ വില്ല. അവിടെ ഇപ്പോ ആരും താമസിക്കുന്നില്ല. നമുക്കവിടെ പോയാൽ കിടക്കാൻപറ്റും.’’ മുസാഫർ അലി എന്നയാൾ ചില്ലറക്കാരനല്ല എന്ന് ഇന്ന് ഗൂഗിളിൽ നോക്കിയാലറിയാം സംവിധായകൻ, കവി, കലാകാരൻ. ഫാഷൻ ഡിസൈനർ സാമൂഹികപ്രവർത്തകൻ തുടങ്ങി പലതാണ് മുസാഫർ അലി. പോരാത്തതിന് രാജഭരണകാലത്തെ ലഖ്‌നൗവിനടുത്തുള്ള കോത്വാര എന്ന പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന രാജാ സയ്യിദ് സാജിദ് ഹുസൈൻ അലിയുടെ മൂത്തമകനുമാണ്. അദ്ദേഹത്തിന്റെ ഉംറാവു ജാൻ സിനിമയിലോ മറ്റോ സുരേഷ് പട്ടാലി സംവിധായക സഹായിയായി ജോലിചെയ്തിട്ടുണ്ടെന്ന് സ്ഥിരമായി ഞങ്ങളോട് പറയാറുമുണ്ട്. അതൊരു വെറും തട്ടിവിടലാണെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അപ്പറഞ്ഞതൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് അവനും അറിയാമായിരുന്നു. അപ്പോഴാണ് ഞങ്ങളെ വിശ്വസിപ്പിക്കാനുള്ള അവസരം ഇപ്പോഴിതാ അവന് വീണുകിട്ടിയത്.

‘‘അതിനു നിന്റെ കൈയിൽ വീടിന്റെ താക്കോലുണ്ടോ ?’’

ജോസി പി.സി. ചോദിച്ചു. ഷെനെ ബാധിതനായ പട്ടാലിക്ക് അത്യാവശ്യം പുസ്തകമോഷണം തുടങ്ങിയ നിരുപദ്രവകരമായ വിനോദങ്ങൾ വശമുണ്ടെന്ന് ഞങ്ങൾക്കറിയാം. അപ്പോൾ വീടിന്റെ താക്കോലും അവൻ സംഘടിപ്പിച്ചിരിക്കും. ഞാനും ജോസിയും പരസ്പരനോട്ടത്തിലൂടെ സംസാരിച്ചു. ‘‘ വാ. പട്ടാലി പറഞ്ഞാൽ അവനത് നടത്തും എന്ന് ഞങ്ങൾക്കറിയാം; അത് കാലുപിടിച്ചിട്ടാണെങ്കിലും കരണത്തടിച്ചാണെങ്കിലും.’’ ഞങ്ങൾ അവനെ ആശയോടെ അനുഗമിച്ചു.

ഞങ്ങളുടെ നടത്തത്തിന് വേഗം കൂടി. ഡിസംബറിലെ പൊള്ളുന്ന തണുപ്പിൽ ഞങ്ങൾ വിറച്ചുതുള്ളി മാർക്സും ലെനിനിനും മാവോ സേ തുങ്ങുമൊക്കെ കൂട്ടിനുണ്ടായിരുന്നിട്ടും പി.സി. ജോസിയാണ് തണുപ്പിൻ പല്ലുകളെ കൂട്ടിയിടിപ്പിക്കാതിരിക്കാനാവാതെ വിറച്ചത്. ഒടുവിൽ ഞങ്ങൾ ഇരുളിൽക്കുളിച്ചുകിടക്കുന്ന ഒരു സൗധത്തിനു മുന്നിലെത്തി. ‘‘ഇതുതന്നെ സ്ഥലം’’ -പട്ടാലി ഉറപ്പുപറഞ്ഞു.

‘‘നിങ്ങളെ ഇപ്പം അയാൾ കാണണ്ട, ഞാൻ വിളിക്കുമ്പോൾ വന്നാൽമതി’’.

ചിത്രീകരണം: ഗോപീകൃഷ്ണൻ/ മാതൃഭൂമി

ഇരുൾകൊട്ടാരം വാച്ച് ചെയ്യാൻ ഒരു വാച്ച്‌മാൻ മാത്രമേ അവിടെ ഉണ്ടായിരുന്നു. പട്ടാലി അയാളെ സമീപിച്ചു. എ ന്താണ് അവർ തമ്മിൽ സംസാരിച്ചതെന്ന് ഇരുട്ടിന്റെ മറപറ്റിനിൽക്കുന്ന ഞങ്ങൾക്ക് മനസ്സിലായില്ല.

പട്ടാലി അയാൾക്കുമുന്നിൽ നിരത്തിയ തെളിവുകളും ബംഗ്ളാവിന്റെ യജമാനനായ മുസാഫർ അലിയുമായുള്ള ബന്ധവുമെല്ലാം അവൻ പറഞ്ഞത് വാച്ച്‌മാന് ബോധിച്ചിരിക്കാം. അയാൾ ഗേറ്റു തുറന്നു. പിന്നെ വാതിലും. ‘‘ഇപ്പോഴെങ്ങനെയുണ്ട് ?’’-വിജയിയുടേതായ ഒരു കൊലച്ചിരി ചിരിച്ചുകാണിച്ച് പട്ടാലി ഞങ്ങളെ അകത്തേക്ക് വിളിച്ചു. അപ്പോൾ വാച്ച്‌മാൻ ശരിക്കും വാച്ച് ഡോഗായി ഞങ്ങളെ തടുത്തുനിർത്തി കുരച്ചുചാടി. തണുത്തുവിറച്ചും മദ്യത്തിൽ കുഴഞ്ഞും ഇരുളിന്റെ ഓരംപറ്റിനിൽക്കുന്ന ഞങ്ങൾ രണ്ടു മലയാളീസിനെ അയാൾക്ക് ബോധിച്ചില്ല.

മുസാഫർ സാഹിബിന്റെ ലഖ്‌നൗവിലെ ബംഗ്ളാവിലെ ജോലിക്കാരാണ് എന്നോ മറ്റോ ആയിരിക്കാം പാട്ടാലി അയാളോട് പറഞ്ഞിരിക്കുക. കാരണം, അശേഷം താത്‌പര്യമില്ലാതെ അവജ്ഞകലർന്ന ഒരു മുഖമായിരുന്നു അയാളുടേത്. മൊബൈൽ ഫോൺ ഇല്ലാത്ത കാലമായതിനാൽ വാച്ച്മാൻ കൂടുതൽ അന്വേഷിക്കാനൊന്നും നിന്നില്ല. വാതിൽ തുറന്നുതന്നു. ലൈറ്റുകൾ പ്രകാശിച്ചതോടെ ഇരുൾനീങ്ങി അകം പ്രകാശമാനമായി. വിലകൂടിയ കൊത്തുപണികളുള്ള ഇരിപ്പിടങ്ങൾ, തലയ്ക്കുമുകളിൽ സ്ഫടികനക്ഷത്രങ്ങൾ പോലുള്ള തൂക്കുവിളക്ക്, ഞെക്കുവിളക്കുകളും ഞെക്കാത്ത വിളക്കുകളും ഒട്ടേറെ. ഇപ്പോൾ പട്ടാലി ഞങ്ങൾക്ക് അലാവുദ്ദീനും ഈ വീട് അയാളുടെ മാന്ത്രികസിദ്ധിയിൽ സൃഷ്ടിച്ചെടുത്ത കൊട്ടാരവുമായിത്തീർന്നു.

മുസാഫർ അലിയുടെ സംവിധായക സഹായിയായി പണിയെടുത്ത കാലത്ത് പട്ടാലി ഒരുപക്ഷേ ഇവിടെ താമസിച്ചിരുന്നിരിക്കണം. അവന്റെ ചലനങ്ങളിൽ ഒരു പരിചിതത്വം കാണാമായിരുന്നു.

പട്ടാലി വിശാലമായ മൂന്നു സോഫകൾ കാണിച്ചുതന്നു, ‘‘ധൈര്യമായി കിടന്ന് ഉറങ്ങിക്കോ.’’ മതി ധാരാളം മതി.

ഇനി ഉറങ്ങുക മാത്രമേ ഞങ്ങൾക്ക് ചെയ്യാനുള്ളൂ.

ഒരിക്കൽ മോഷ്ടിക്കാൻ കയറിയ വീട്ടിൽ രണ്ടാമതും കയറിയ കള്ളനെപ്പോലെ പട്ടാലി ചിരപരിചിതനായി വീടിനകത്തൂടെയെല്ലാം നടക്കുന്നു. ഫ്രിഡ്‌ജ് തുറക്കുന്നു, വെള്ളമെടുത്ത് കുടിക്കുന്നു. ഒടുവിൽ ഏതൊക്കെയോ മുറികളിൽനിന്ന്‌ മൂന്നു ബ്ലാങ്കറ്റുകളുമായി വന്നു. പുതയ്ക്കാൻ കരിമ്പടങ്ങൾകൂടി കിട്ടിയപ്പോൾ ഞങ്ങളുടെ ആനന്ദത്തിന്നതിരുകളില്ലാതായി. അതെ, ഇവൻ പുലിയാണ്, സംശയമില്ല. ഞങ്ങൾ അവനെ അഭിനന്ദിച്ചുകൊണ്ട് ഉറക്കത്തിലേക്ക് വീണു.

പുലർച്ചെയെപ്പോഴോ പുതുവത്സരം പിറന്നതിന്റെ കോഴികൂവൽ കേട്ടുകൊണ്ടാണ് ഞങ്ങളുണർന്നത്. സാധാരണ കോഴികൾ കൂവുന്നപോലെയായിരുന്നില്ല ആ ശബ്ദം. ബോംബെയിലെ കോഴികൾ ഇങ്ങനെയായിരിക്കുമോ കൂവുക?

ഞങ്ങൾ മൂവരും ഒരേസമയത്ത് ഞെട്ടിയുണരണമെങ്കിൽ എജ്ജാതി കോഴിയായിരിക്കും കൂവിയിട്ടുണ്ടാവുക എന്ന് ഒട്ടേറെ കോഴികൂവലുകൾ കേട്ടുപരിചയിച്ച കോഴിക്കോട്ടുകാരനായ ഞാൻ അദ്‌ഭുതപ്പെട്ടു. കോഴിയുടെ ശബ്ദം ഹിന്ദിയും ഇംഗ്ലീഷും കൂടിക്കലർന്ന ഒരു ഭാഷയാണെന്ന് പെട്ടെന്ന് മനസ്സിലായി.

ക്രമേണ കോഴി ഒരു പിടക്കോഴിയാണെന്നും ഞങ്ങൾക്ക് പിടികിട്ടി. ഭയങ്കരമായി ബഹളം വെക്കുകയും വീട്ടിലെല്ലായിടത്തും ഓടിനടക്കുകയും വാച്ച്‌മാനെ കൊല്ലാതെ കൊന്ന് ഭക്ഷിക്കുകയുമാണ് പിടക്കോഴി. ഹിന്ദിയിലായാലും ഇംഗ്ലീഷിലായാലും ലോകത്തിലെ ഏതു ഭാഷയിലാണെങ്കിലും തെറി മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലല്ലോ.

‘‘ആരാണ് ഇവറ്റകൾ? ആരാണ് ഈ കഴുവേറികളെ അകത്തുകയറ്റിയത് ? ഇവിടെ സോഫയിൽ കിടന്നു സുഖമായി ഉറങ്ങുന്നോ? പിടിച്ച് പുറത്താക്ക്’’ എന്നൊക്കെയുള്ള സാരോപദേശങ്ങളാണ് പിടയുടെ വായിൽനിന്നു വീഴുന്നത്. ഞങ്ങൾ ഇത് സ്വപ്നമോ അതോ മിഥ്യയോ എന്ന് നിനച്ചുകൊണ്ട് ഒന്നുമറിയാത്തതുപോലെ കരിമ്പടം തലവഴിമൂടി ഉറക്കംനടിച്ച് കിടന്നപ്പോൾ പട്ടാലി അവന്റെ കരിമ്പടത്തിൽനിന്നു മെല്ലെ പുറത്തുവന്നു. അവൻ സ്വയം പരിചയപ്പെടുത്തി: ‘‘സാബിന്റെ സിനിമയിൽ അസിസ്റ്റന്റ്‌ ആണ്. ഇവിടെ മുൻപ് വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇവിടെ വന്നത്.²’’

പിടക്കോഴി പറഞ്ഞു: ‘‘ഇത് എന്റെ വീടാണ്. നിങ്ങൾ ആരാണെന്നൊക്കെ എനിക്കറിയാം. ഒന്നും പറയേണ്ട. പെട്ടെന്ന് സ്ഥലം വിട്ടോ. ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും.’’

ബോംബെ പോലീസിന്റെ സ്വഭാവ വിശേഷങ്ങൾ പ്രശസ്തമായതിനാൽ സ്ഥലംകാലിയാക്കുകയാണ് ബുദ്ധി എന്ന് എനിക്കും അപ്പോൾത്തന്നെ ജോസിക്കും തോന്നി.

‘‘ഇനി വീട് മാറിക്കയറിയതാണോ?’’

ഞാൻ പട്ടാലിയോടെ ശബ്ദം താഴ്ത്തി ചോദിച്ചു. “അല്ല... ഞാൻ.. എനിക്കുറപ്പാണ്, എനിക്ക് തെറ്റിയിട്ടില്ല. അതാ അതു കണ്ടോ. ശരിയാണ് മുസാഫർ അലിയുടെ ഉംറാവു ജാൻ സിനിമയിലെ സർപ്പസൗന്ദര്യമായ രേഖ ഞങ്ങളെ ചുവരിലെ പോസ്റ്ററിൽനിന്നു തുറിച്ചുനോക്കുന്നു. വീണ്ടും പിടക്കോഴിയുടെ കൂവലും ചീത്തവിളിയും തുടങ്ങി. ഇനിയും ഇവിടെ നിന്നാൽ പന്തിയാവില്ല എന്നെനിക്ക് ബോധ്യമായി. കുറച്ചുമുൻപ് ഞങ്ങളുടെ മുൻപിൽ ആളാവുകയും ഇപ്പോൾ ആകെ ചമ്മൽപുതച്ചുനിൽക്കേണ്ടി വന്നതിന്റെ ജാള്യതയും പട്ടാലി മുഖത്ത് വരച്ചുവെച്ചിരുന്നു.

അവൻ അവന്റെ ശരീരഭാഗങ്ങളിൽ ഒന്നുപോലെ കരുതിപ്പോന്നിരുന്ന തുകലിന്റെ തോൾസഞ്ചി എടുത്ത് തോളിൽത്തന്നെ ഞാത്തിയിട്ടു. എന്നിട്ട് ചോദിച്ചു: “എന്നാൽ, നമുക്കിറങ്ങാം അല്ലേ’’

പട്ടാലി പറയുംമുൻപേ ഞാൻ ഇറങ്ങിക്കഴിഞ്ഞിരുന്നു. പുറത്തെ ഇരുണ്ടതണുപ്പിലേക്ക് ഭീതിയോടെ നോക്കി കരിമ്പടവും പുതച്ചുനിൽക്കുന്ന പി.സി. ജോസിയോട് “യു ആൾസോ ഗെറ്റ് ഔട്ട്’’ എന്ന് പിടക്കോഴി ഗർജിച്ചപ്പോൾ ജോസിയും പുറത്തുകടന്നു. പുറത്തേക്ക് പോകുമ്പോൾ യാചകർ പഴയവസ്ത്രം ചോദിക്കുന്നപോലെ ഈ ബ്ലാങ്കറ്റ് എടുത്തോട്ടെ എന്ന് ജോസി യാചിച്ചതും പിടക്കോഴി പറന്നുവന്ന്‌ അത് തട്ടിപ്പറിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഭാഗ്യം! ജോസിക്ക് കൊത്തു കിട്ടിയില്ല. ഞങ്ങൾക്കുപിന്നിൽ കൊട്ടാരത്തിന്റെ വാതിലുകളടഞ്ഞു. ജോലിനഷ്ടപ്പെടും എന്ന് ഉറപ്പുകിട്ടിയ മുഖവുമായി ഗേറ്റിനരികിൽ ഒരു വാടിയ പുതുവർഷപുഷ്പമായി വാച്ച്‌മാൻ നിൽക്കുന്നു. ഏതായാലും ഞങ്ങൾക്ക് ആശ്വസിക്കാൻ വകയുണ്ട്. പുതുവത്സരം ബോംബെ പോലീസ് സ്റ്റേഷനിൽ കഴിച്ചുകൂട്ടേണ്ടിവന്നില്ലല്ലോ!പെട്ടെന്ന് സുരേഷ് പട്ടാലിയിലെ ഷെനെ ഉണർന്നു.

“നിൽക്ക്, ഞാനിപ്പം വരാം’’ എന്നു പറഞ്ഞ്‌ അവൻ തിരിച്ചുനടന്നു. അവൻ എന്തെങ്കിലും മറന്നുവെച്ചിട്ടുണ്ടാവുമോ -ഞങ്ങൾ ചിന്തിച്ചു. അവൻ ചെന്ന് വാതിലിനടുത്തുള്ള കോളിങ് ബെൽ അടിച്ചു... ഒന്നല്ല പലതവണ അടിച്ചു. അപ്പോൾ പിടക്കോഴി പ്രത്യക്ഷപ്പെട്ടു.

‘‘what?’’ അവർ കൂവി.

‘‘HAPPY NEW YEAR’’ എന്ന് പട്ടാലി തിരിച്ചുംകൂവി ഇറങ്ങിയോടി ഞങ്ങൾക്കരികെ വന്നു. ഇതുവരെയില്ലാത്ത ഒരു സമാധാനം അവന്റെ മുഖത്ത് വിരിഞ്ഞു.

പുതുവത്സരത്തിൽ അവരുടെ മുഖത്ത് ആട്ടുകിട്ടിയപോലെയായി അത്. അവർ ഉറക്കെ ശബ്ദംവെക്കുന്നതും വാതിൽ വലിച്ചടയ്ക്കുന്നതും ഞങ്ങൾക്ക് കേൾക്കാമായിരുന്നു.

അങ്ങനെ പടിയിറക്കപ്പെട്ട അഗതികളായി ഞങ്ങൾ തളർന്നുംകുഴഞ്ഞും ആ പുലർകാല തണുപ്പിൽ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പുതുത്സരപ്പുലരിയിലേക്കിറങ്ങി.

ആരായിരുന്നു ആ പിടക്കോഴി? അന്ന് മുഴുവൻ ഞങ്ങൾ പാവം പട്ടാലിയെ കൊല്ലാതെ കൊന്നു. പട്ടാലിക്കുള്ളിലെ ഷെനെ-കുറ്റവാസനകളുടെ ദൈവം- വീണ്ടും ഉണർന്നു.

പിടക്കോഴി രഹസ്യം അവൻ കണ്ടുപിടിച്ചു. അതായത്, മുസാഫർ അലിക്ക് രണ്ടുണ്ട് ഭാര്യമാർ. കമ്യൂണിസ്റ്റ്‌ പാർട്ടിപ്രവർത്തക സുഭാഷിണി അലിയാണ് ആദ്യഭാര്യയെങ്കിൽ അയാൾക്ക് മറ്റൊരു സ്ത്രീയോടും അനുരാഗമായി, പിന്നീട് അവരെയും കെട്ടി. ആ രണ്ടാമത് കെട്ടിയ മീര എന്ന സ്ത്രീയാണ് ഞങ്ങളെ കൊത്താൻ വന്ന പിടക്കോഴി. അവര് കൂവിവിളിക്കാൻ കാരണം മുസാഫർ അലിയും സുഭാഷിണിയും വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചു. സുഭാഷിണിക്ക് മുസാഫർ അലി മേടിച്ചുകൊടുത്ത ബംഗ്ളാവ് സ്വാഭാവികമായും പുതിയ ഭാര്യയായ മീരയ്ക്ക് ലഭിക്കാൻപോകുന്നു.

ബോംബെയിലെ പാർട്ടിപ്രവർത്തകർ ചിലപ്പോൾ വീട് കൈയേറി സുഭാഷിണി അലിക്കുതന്നെ നൽകാൻ ശ്രമം നടത്തുന്നുണ്ടെന്ന് പുതിയ ഭാര്യക്ക്‌ തോന്നലുണ്ടായി. നമ്മുടെ ഷെനെയ്ക്ക് അവന്റെ യജമാനൻ വിവാഹബന്ധം വേർപെടുത്തിയതൊന്നും അറിയാതെയുംപോയി. അതായിരുന്നു പിടക്കോഴിയുടെ അന്നത്തെ കൂവലിന്റെ ഗുട്ടൻസ്.

സുരേഷ് പട്ടാലിയും നന്ദകുമാറും ഇന്ന് ഞങ്ങളോടൊപ്പമില്ല. അവർ പുതുവത്സരങ്ങൾ മാത്രമുള്ള പുലരികളിലേക്ക് പോയിരിക്കുന്നു. ഞങ്ങൾ രണ്ടുപേർ ഇപ്പോഴും പിടക്കോഴി കൂവിയുണർത്തിയ ബോംബെയിലെ ആ പുതുവത്സരരാത്രിയുടെ ഓർമ്മയിൽ വീണ്ടും വീണ്ടും പുതുവർഷങ്ങൾ കണ്ടുകൊണ്ടേയിരിക്കുന്നു.

Content Highlights: Joy Mathew New Year Eve memory