ചിരിയുടെ ആണ്‍മേല്‍ക്കോയ്മ തകര്‍ത്തെറിഞ്ഞ ഹാസ്യലോകത്തെ പെണ്‍പുലികള്‍

ചിരിക്കാൻ എളുപ്പമാണ്.ചിരിപ്പിക്കുക പ്രയാസവും. മലയാള സിനിമയിലെ ചിരിയുടെ ചരിത്രം ചികഞ്ഞാൽ ആൺമേൽക്കോയ്മയുടെ അരങ്ങിലേക്ക് കടന്നുചെന്ന് ഇരിപ്പടം നേടിയ പെൺചിരികളും കണ്ടെത്താനാകും. ഹാസ്യതാരമെന്നത് ആണുങ്ങൾക്ക് മാത്രമല്ല, തങ്ങൾ പെണ്ണുങ്ങൾക്കും ഇണങ്ങുമെന്ന് അഭിനയിച്ചു കാണിച്ചവർ. അവർ കൊളുത്തിയ ചിരിയുടെ മാലപ്പടക്കങ്ങൾ ഇന്നും ഓർത്തോർത്ത് ചിരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നവയാണ്. മലയാളിയെ കുടുകുടെ ചിരിപ്പിച്ച നടിമാരുടെ മുഖങ്ങൾ ഇപ്പോൾത്തന്നെ ആസ്വാദകരുടെ മനസിൽ നിറയുന്നുണ്ടാകും. അംഗീകാരങ്ങൾ ഒരു പക്ഷെ, അവരെ തേടിയെത്തിയിട്ടുണ്ടാകില്ല. എന്നാൽ, പ്രേക്ഷകപ്രീതിയിൽ അവർ പുരുഷതാരങ്ങൾക്കൊപ്പം ഒന്നിനൊന്ന് മുന്നിൽ നിന്നു.
അടൂർ ഭവാനി
മുടിയനായ പുത്രന്‍ എന്ന നാടകം സിനിമയാക്കിയപ്പോള്‍ സംവിധായകന്‍ രാമു കാര്യാട്ട് അടൂര്‍ ഭവാനിക്ക് ഒരു റോള്‍ നല്‍കി - സത്യന്റെ അമ്മവേഷം. സത്യനേക്കാൾ 15 വയസ്സിന് ഇളയതായിരുന്നു അടൂർ ഭവാനിയെന്ന് ഓർക്കണം. അതുകൊണ്ടു തന്നെ ഭവാനി മേക്കപ്പിട്ടെത്തിയപ്പോള്‍ സത്യന് തീരെ ഇഷ്ടപ്പെട്ടില്ലത്രേ. 'ഈ പീക്കരിപ്പെണ്ണാണോ എന്റെ അമ്മ. വേറേ ആളെ നോക്കൂ' - എന്ന് സത്യൻ പറഞ്ഞു. എന്നാൽ സംവിധാകയന്‍ വഴങ്ങിയില്ല. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. എന്നാല്‍, സത്യന്റെ വാക്കുകൾ ഭവാനി മറന്നില്ല. അഭിനയത്തിനിടയില്‍ അത് പുറത്തുവന്നു. അമ്മ മകനെ അടിക്കുന്ന രംഗത്തിൽ ഭവാനി ജീവിച്ചു. ഫലമോ, അടിയേറ്റ് സത്യന്റെ കവിള്‍ പുകഞ്ഞു. ആ അടിയിൽ സത്യൻ ക്ഷോഭിച്ചില്ലെന്ന് മാത്രവുമല്ല, അതൊരു ഊഷ്മളസൗഹൃദത്തിന് തുടക്കമാവുകയും ചെയ്തു. അടൂർ ഭവാനിയെക്കുറിച്ചുള്ള ഒരു ലേഖനത്തിൽനിന്ന് വായിച്ചെടുത്ത സംഭവമാണിത്.
പ്രായം നന്നേ കുറവായിരുന്നുവെങ്കിലും ആദ്യകാലങ്ങളിൽ അമ്മ വേഷങ്ങളിലായിരുന്നു അടൂർ ഭവാനി കൂടുതലും പ്രത്യക്ഷപ്പെട്ടത്. ചെമ്മീനിലെ കറുത്തമ്മയുടെ അമ്മവേഷം ആ ഗണത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ഹാസ്യത്തിന്റെ പാതയിൽ തിളങ്ങുന്നത് 1980-കൾക്ക് ശേഷമാണ്. മകനെ പാവയെപ്പോലെ തട്ടിക്കളിക്കുന്ന, ബേക്കറി പലഹാരങ്ങൾ കൊറിച്ചും പുസ്തകം വായിച്ചും സമയം കളയുന്ന, ഭരതൻ സംവിധാനം ചെയ്ത പാളങ്ങളിലെ അമ്മവേഷം ശ്രദ്ധ നേടിയിരുന്നു. ഗൗരവത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന പാളങ്ങളിൽ ഭവാനിയുടെ അമ്മവേഷം ചിരിയുണർത്തുന്നതായിരുന്നു.
കൊച്ചുമോന് വേണ്ടി എടുത്താൽ പൊങ്ങാത്ത നേർച്ചകൾ നേരുന്ന ടി.പി. ബാലഗോപാലൻ എം.എയിലെ മുത്തശ്ശി, വൃദ്ധൻമാരെ സുക്ഷിക്കുക എന്ന ചിത്രത്തിലെ പങ്കജവല്ലി, ഒരു അഭിഭാഷകന്റെ കേസ് ഡയറിയിലെ വലിവുള്ള ദീനാമ്മ, കൊച്ചുമകന്റെ വിവാഹസ്വപ്നത്തിന് ഉടക്ക് പറയുന്ന മീനത്തിൽ താലികെട്ടിലെ മുത്തശ്ശി, സൗഹൃദത്തിലെ കാര്‍ത്ത്യായനി അമ്മ, 'ഈ മാധവൻ കുട്ടിക്ക് ഒരു ഇരട്ടപ്പേരുണ്ടല്ലോ അതെന്തുവാ... ' എന്ന് നിഷ്കളങ്കതയോടെ ചോദിക്കുന്ന ഹിറ്റ്ലറിലെ ഭാർവഗി അമ്മ, സേതുരാമയ്യൻ സി.ബി.ഐയിലെ ചേവി കേൾക്കാത്ത മേരി എന്നിങ്ങനെ പോകുന്നു അടൂർ ഭവാനി അനശ്വരമാക്കിയ കഥാപാത്രങ്ങൾ.
ഫിലോമിന
അഞ്ഞൂറാനോടുള്ള പക വര്‍ഷങ്ങളായി മനസ്സില്‍ സൂക്ഷിക്കുന്ന ആനപ്പാറ അച്ചമ്മ. മലയാളത്തിൽ അന്നുവരെയുള്ള പുരുഷ വില്ലന്മാരെ കുറിക്കു കൊള്ളുന്ന ഡയലോഗുകളും പകരംവയ്ക്കാനാവാത്ത ഇളകിയാട്ടം കൊണ്ടും നിഷ്പ്രഭമാക്കിയ പ്രകടനം. പ്രതികാരബുദ്ധിയുള്ള ആ കഥാപാത്രം ആനയെക്കൊണ്ട് പനിനീർ തളിപ്പിക്കുമ്പോള്‍ പൊട്ടിച്ചിരിച്ച് ഇളകി മറിഞ്ഞുപോയി തിയേറ്ററുകൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ, സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ 1991-ല്‍ പുറത്തിറങ്ങിയ ഗോഡ് ഫാദറിൽ എന്‍.എന്‍. പിള്ളയ്ക്കൊപ്പം മത്സരിച്ചഭിനയിച്ചഭിനയിക്കുകയായിരുന്നു ഫിലോമിന. ഉറച്ച ശബ്ദവും ശരീരഭാഷയുമായിരുന്നു അവരുടെ കരുത്ത്.
സാമാന്യബുദ്ധിയുള്ള സ്ത്രീയല്ല ആനപ്പാറ അച്ചാമ്മ, വളരെ കര്‍ക്കശ്ശക്കാരിയായ, തന്റേടിയായ, ധാര്‍ഷ്ട്യമുള്ള സ്ത്രീയാണ്. അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ. വൈരാഗ്യം തീര്‍ക്കാനുള്ള വാശിയായാണ് ആനപ്പാറ അച്ചാമ്മയെ ഭരിക്കുന്നത്. ഇതെല്ലാം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെങ്കില്‍ അപാരമായ കഴിവുള്ള ഒരു നടി തന്നെ അഭിനയിക്കണം. ഫിലോമിന ചേച്ചിയല്ലാതെ മറ്റൊരാളും അത് ചെയ്താല്‍ ശരിയാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു- അച്ചമ്മയെക്കുറിച്ച് സിദ്ദീഖ് ലാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
മൂക്കില്ലാജ്യത്തെ മാനസികപ്രശ്നമുള്ള കഥാപാത്രത്തെ തന്നെ ഓർക്കാം, മേക്കപ്പ് ഇട്ട് അണിഞ്ഞൊരുങ്ങി ചെല്ലുമ്പോൾ തന്നെ 'തള്ള' എന്ന് വിളിച്ച് പരിഹസിക്കുന്ന വ്യാജ സീരിയൽ സംവിധായകനെയും നിർമാതാവിനെയും കണക്കിന് ചീത്തവിളിച്ചാണ് ആ കഥാപാത്രം ഇറങ്ങിപ്പോരുന്നത്. ബോഡി ഷെയ്മിങ്ങിനെ പ്രതിരോധിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെ ഫിലോമിന മനോഹരമാക്കിയിട്ടുണ്ട്.
പ്രേതകഥ വായിച്ച് പേടിക്കുന്ന ഇൻ ഹരിഹർ നഗറിലെ മുത്തശ്ശി, മകന്റെ ഭാര്യയെ ഓടിച്ച് കുടുംബം ഭരണം സ്വന്തമാക്കുന്ന ഗജകേസരിയോഗത്തിലെ അമ്മായിയമ്മ, എത്ര കഴിച്ചാലും വിശപ്പുമാറാത്ത വെങ്കലത്തിലെ മുത്തശ്ശി, ബന്ധുവീടുകളിൽ ഇടയ്ക്കിടെ സന്ദർശനം നടത്തി പണവും മുറുക്കാനും വസൂലാക്കുന്ന തലയണമന്ത്രത്തിലെ പാറുവമ്മായി, വികൃതിയായ കുട്ടികളുടെ ഉത്തരവാദിത്തം പേറുന്ന അങ്കിൾ ബണ്ണിലെ വേലക്കാരി, പ്രണയപരവശയായി മരിച്ച ഭർത്താവിന്റെ അപരന്റെ പിറകെ പോകുന്ന വൃദ്ധൻമാരെ സുക്ഷിക്കുക എന്ന ചിത്രത്തിലെ മാർഗരറ്റ്, സർദാർജിയുടെ വീട്ടിൽ ജോലി ചെയ്ത ചരിത്രം പറഞ്ഞ് വീമ്പിളക്കുന്ന സൗഹൃദത്തിലെ വീട്ടുജോലിക്കാരി, പേരക്കുട്ടിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നവനെ 'ആരടാ നാറി നീ' എന്ന് വിളിക്കുന്ന മുത്തശ്ശി... എന്നിങ്ങനെ പോകുന്നു അവിസ്മരണീയമായ പ്രകടനത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഫിലോമിന കഥാപാത്രങ്ങൾ.
കലഹിക്കുന്ന, തെറി വിളിക്കുന്ന, പോരിന് വിളിക്കുന്ന, 'സംസ്‌കാരമില്ലാത്ത സ്ത്രീ' എന്ന് വിളിച്ച് കളിയാക്കുന്നവരോട് തന്റേടത്തോടെ പ്രതികരിക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ അമ്മ, മുത്തശ്ശി സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ നടിയായിരുന്നു അവർ. ദശമൂലം ദാമുവിന്റെയും കണ്ണന്‍ സ്രാങ്കിന്റെയും ട്രോളുകള്‍ അരങ്ങുവാഴുന്ന ഈ സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ 'ബി ലൈക്ക് ഫിലോമിന' എന്ന ഹാഷ്ടാഗോടു കൂടി കാമ്പയിനുകൾ പൊട്ടിപ്പുറപ്പെട്ടത് ഇക്കാലത്താണെന്നത് പുതിയ തലമുറകൾക്കിടയിൽ ഫിലോമിനയ്ക്കുള്ള സ്വീകാര്യതയ്ക്ക് ഉദാഹരണമാണ്.
സുകുമാരി
മലയാള സിനിമയിൽ 60 വര്‍ഷം പൂർത്തിയാക്കിയ നടി. 2500-ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറു പതിറ്റാണ്ടില്‍ ആറു ഭാഷകളിലൂടെ നീണ്ട അഭിനയസപര്യ. അതിൽ വെെവിധ്യമാർന്ന വേഷങ്ങൾ ചെയ്ത കലാകാരി. സുകുമാരിയെ ഓർക്കുമ്പോൾ പാവപ്പെട്ട അമ്മ-സഹോദരി വേഷങ്ങളല്ല പ്രേക്ഷകരുടെ മനസ്സിൽ തെളിയുന്നത്. പകരം, നല്ല തന്റേടവും മിടുക്കുമുള്ള ഉറച്ച ശബ്ദമുള്ള കലഹിക്കുന്ന കഥാപാത്രങ്ങളെയാണ് ഓർമവരുന്നത്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അഭിനേത്രി, ഒരു നർത്തകി കൂടിയായത് കൊണ്ടായിരിക്കണം, കണ്ണുകൾ കൊണ്ട് വിവിധ ഭാവങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള നടിയായിരുന്നു അവർ.
ബോയിങ് ബോയിങ്ങിൽ യന്ത്രമനുഷ്യനെപ്പോലെ ജോലി ചെയ്യുന്ന, മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായി, പൂച്ചക്കൊരു മൂക്കുത്തിയിലെ ശങ്കരമംഗലത്തിലെ വെസ്റ്റേൺ പാട്ടുകളുടെ ആരാധികയായ, എല്ലായ്‌പ്പോഴും വൃത്തിയായി ഒരുങ്ങി നടക്കുന്ന രേവതിയമ്മ, വന്ദനത്തിലെ കാർക്കശ്യക്കാരിയായ മാഗിയാന്റി, അക്കര അക്കരെയിലെ വാടകക്കാരായ യുവാക്കളുടെ മുട്ട മോഷണം കയ്യോടെ പിടികൂടി അവരെ മുൾമുനയിൽ നിർത്തുന്ന ഹൗസ് ഓണർ, തലയണമന്ത്രത്തിലെ മുക്കുകണ്ണാടി വച്ച്, പരിഷ്കാരത്തോടൊപ്പം പരദൂഷണവും അലങ്കാരമാക്കി നടക്കുന്ന നടക്കുന്ന സുലോചന തങ്കപ്പൻ... അങ്ങനെ പോകുന്നു സുകുമാരി അനശ്വരമാക്കിയ വേഷങ്ങൾ. അങ്ങനെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നേതൃത്വസ്ഥാനത്ത് ഒറ്റയ്ക്കുനിന്ന് തന്റേടത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു സുകുമാരിയുടേത്.
എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, പ്രതിച്ഛായയിൽ കുടുങ്ങി കുടുങ്ങിക്കിടക്കാതെ ഏതുസിനിമയും ചെയ്യുന്ന നടിയായിരുന്നു അവർ. അതെക്കുറിച്ച് സുകുമാരി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.... 'അഭിനയിക്കാന്‍ മടി തോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുക. അഭിനയത്തിൽ നമ്മൾ പേഴ്സണലാകാൻ പാടില്ല'- ഇതായിരുന്നു സുകുമാരിയുടെ നിലപാട്.
കെ.പി.എ.സി. ലളിത
അനുഭവങ്ങൾ പാളിച്ചകൾ എന്ന ക്ലാസിക് ചിത്രത്തിൽ ഒരു രംഗമുണ്ട്. സത്യൻ അവതരിപ്പിക്കുന്ന ചെല്ലപ്പൻ തൂമ്പയെടുത്ത് പറമ്പിൽ തെങ്ങിന് തടം കോരുകയാണ്. അയാളുടെ അടുത്തേക്ക് പ്രണയഭാവത്തിൽ ഒരു പെൺകുട്ടി നടന്നുവരുന്നു. ചെല്ലപ്പൻ ഒളിവിൽ താമസിക്കുന്ന കുടുംബത്തിലെ ഒരംഗമായ പാർവതി. അധ്വാനിയും മുരടനുമായ ചെല്ലപ്പനോട് പാർവതിക്ക് കടുത്ത ആരാധനയാണ്. അയാളുടെ നോട്ടത്തിലും സംസാരത്തിലും പ്രണയപരവശയാകുന്ന പാർവതി നാണിച്ച് തലകുനിച്ച് ഇടക്കണ്ണുകൊണ്ടൊന്നു പാളിനോക്കി ഒരു ചെടിയുടെ ഇല പറിച്ച് വായിൽവച്ച് കാല് കൊണ്ട് നിലത്ത് കളമെഴുതി കളിക്കുകയാണ്. മഹാനടനായ സത്യനൊപ്പം തമാശനിറഞ്ഞ ആ രംഗങ്ങൾ താളബോധത്തോടെ അവതരിപ്പിക്കാൻ കെ.പി.എ.സി. ലളിതയ്ക്കല്ലാതെ മറ്റാർക്കും സാധിക്കുകയില്ല. സഹതാരമായെത്തി പതിറ്റാണ്ടുകളോളം സിനിമയിൽ നിറസാന്നിധ്യമായി നിറഞ്ഞു നിൽക്കുന്ന നടി. തനിക്ക് മുൻപിലെത്തുന്ന വേഷങ്ങൾ എന്തും തന്നെയാകട്ടെ, ആ കഥാപാത്രത്തെ അതിന്റെ പാരമ്യത്തിൽ അവതരിപ്പിക്കാൻ കെൽപ്പുള്ള പ്രതിഭ... അതാണ് നാടകത്തിൽനിന്നു സിനിമയിലെത്തിയ കെ.പി.എ.സി. ലളിത....
'ഞാൻ അത്ര സുന്ദരിയൊന്നുമല്ലല്ലോ? അതുകൊണ്ടു തന്നെ നായികാവേഷങ്ങളൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ എനിക്ക് പ്രേക്ഷകരെ ചിരിപ്പിക്കാൻ സാധിച്ചു. പുരസ്കാരങ്ങളേക്കാൾ വിലമതിക്കുന്നതാണ് ആ സന്തോഷം. എന്റെ സഹതാരങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഞാനും ഇന്നസെന്റെും ജോടിയായെത്തിയ വേഷങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഹാസ്യരംഗങ്ങൾ ചെയ്യുമ്പോൾ എനിക്ക് ഇന്നസെന്റിനോളം കെമിസ്ട്രി മറ്റൊരു നടനായും ഇല്ല. എന്നോടൊപ്പം അഭിനയിച്ച പലതാരങ്ങളും ഇന്നില്ല എന്നോർക്കുമ്പോൾ അതിയായ ദുഃഖവുമുണ്ട്. എന്നിരുന്നാലും ഇത്രയും വർഷങ്ങൾ സിനിമയിൽ നിൽക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അതിനായി എനിക്ക് അവസരം നൽകിയ സംവിധായകരോട് നന്ദി പറയുന്നു. ഒരു നടിയെന്ന നിലയിൽ ഞാൻ സംതൃപ്തയാണ്- തന്റെ സിനിമാജീവിതത്തെക്കുറിച്ച് കെ.പി.എ.സി. ലളിത പറയുന്നു.
ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളിൽ ശബ്ദവിന്യാസം കൊണ്ട് കെ.പി.എ.സി. ലളിത തീർക്കുന്നൊരു മാജിക്കുണ്ട്. ആ മികവ് മറ്റൊരു അഭിനേതാവിനും അവകാശപ്പെടാൻ സാധിക്കുകയില്ല. സുകുമാരി ചെയ്തതിൽനിന്ന് വ്യത്യസ്തമായി നാടൻ വേഷങ്ങളിലായിരുന്നു ലളിത കൂടുതലും പ്രത്യക്ഷപ്പെട്ടത്. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങൾ, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങൾ. വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും അതിൽ ചില ഉദാഹരണങ്ങൾ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പെെ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടൻ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊൻമുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കൺമണിയിലെ മാളവിക എന്നിങ്ങനെ പുതിയ തലമുറയിലെ സംവിധായകനായ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ആകാശവാണി എന്ന ചെല്ലപ്പേരുള്ള സീരിയൽ നടി വരെ എത്തിനിൽക്കുന്നു കെ.പി.എ.സി. ലളിത അഭിനയിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങൾ.
ശ്രീലത
മലയാള സിനിമയിലെ ആദ്യ ഹാസ്യജോടിയായിരുന്നു അടൂർ ഭാസിയും ശ്രീലതയും. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ വെള്ളിത്തിരയിൽ ചിരിയുടെ മാലപ്പടക്കം തീർത്തു. ഉറച്ച ശബ്ദവും കരുത്തുള്ള ശരീരപ്രകൃതിയുമാണ് ശ്രീലതയെ മറ്റു നടിമാരിൽനിന്ന് വ്യത്യസ്തയാക്കിയത്. ഗായികയായി പേരെടുക്കണമെന്നതായിരുന്നു മോഹം. എന്നാൽ കാലം ശ്രീലതയ്ക്കായി കാത്ത് വച്ചത് മറ്റൊന്നായിരുന്നു. അതെക്കുറിച്ച് ശ്രീലത പറയുന്നതിങ്ങനെ.....
അന്നത്തെ കാലത്ത് മലയാളത്തിൽ കോമഡി ചെയ്യാൻ ഒരു ചെറുപ്പക്കാരിയായ നടിയില്ല. അതുകൊണ്ടു തന്നെ എനിക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. അന്ന് സ്റ്റുഡിയോയിൽ വച്ച് ചെയ്യുന്ന രംഗങ്ങൾ ലെെവ് റെക്കോഡിങ്ങായിരുന്നു. ഔട്ട് ഡോർ രംഗങ്ങൾ മാത്രമേ ഡബ്ബ് ചെയ്യുമായിരുന്നുള്ളൂ. ആദ്യത്തെ പത്ത് പന്ത്രണ്ട് സിനിമകളിൽ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. പിന്നീട് പതിയെ ഞാൻ ആ ട്രാക്കിലേക്ക് വീണു. ഭാസി ചേട്ടൻ പറയുന്നതിന് കൗണ്ടർ പറയുന്നത് എളുപ്പമായിരുന്നില്ല. അദ്ദേഹം എന്നെ നന്നായി പിന്തുണതുകൊണ്ടാണ് എനിക്ക് നന്നായി ചെയ്യാൻ കഴിഞ്ഞത്.
മലയാളികൾ നല്ല ഹ്യൂമർ സെൻസ് ഉള്ളവരാണെങ്കിലും അത്ര പെട്ടന്ന് ചിരിക്കുകയില്ല. അതുകൊണ്ടു തന്നെ ചെറുതായൊന്നു പാളിപ്പോയാൽ മതി എല്ലാം തീർന്നു. കോമഡി ആർട്ടിസ്റ്റുകളെ സംബന്ധിച്ച് മറ്റൊരു വെല്ലുവിളികൂടിയുണ്ട്. അന്യഭാഷ സിനിമകളിൽ ശോഭിക്കണമെങ്കിൽ ഭാഷ നന്നായി കെെകാര്യം ചെയ്യാൻ അറിയണം. മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിച്ചാൽ നന്നാവുകയില്ല. ഉദാഹരണത്തിന് ഉർവ്വശിക്ക് തമിഴിൽ നന്നായി കോമഡി ചെയ്യാൻ സാധിക്കുന്നത് ആ ഭാഷ നന്നായി കെെകാര്യം ചെയ്യാൻ അറിയുന്നത് കൊണ്ടും കൂടിയാണ്. പിന്നെ മറ്റൊരു കാര്യമുണ്ട്, നന്നായി കോമഡി ചെയ്യുന്ന ഒരു അഭിനേതാവിന് ഏതൊരു വേഷവും ചെയ്യാൻ കഴിയും. സലീം കുമാറിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കൽപ്പനയുടെയുമെല്ലാം നേട്ടങ്ങൾ ദേശീയ പുരസ്കാരം വരെ എത്തിനിൽക്കുന്നതും അതുകൊണ്ടാണ്.
വിവാഹത്തിന് ശേഷം അഭിനയം നിർത്തിയ എന്നെ മലയാള സിനിമ വീണ്ടും കെെനീട്ടി സ്വീകരിച്ചത് ഞാൻ ചെയ്ത ഹാസ്യവേഷങ്ങൾ ഓർത്തിരിക്കുന്നത് കൊണ്ടായിരിക്കണം. ചിരിപ്പിക്കുന്നത് അത്ര എളുപ്പമല്ലല്ലോ? അതുകൊണ്ട് ചിരിപ്പിച്ചവരെ പ്രേക്ഷകർ മറക്കുകയില്ല'- ശ്രീലത പറയുന്നു.
മീന
മീനയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് കടന്നവരുന്നത് 'അശോകന് ക്ഷീണമാകാം' എന്ന ഒറ്റഡയലോഗാണ്. 1992-ൽ സംഗീത് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ യോദ്ധയിലെ വസുമതിയമ്മ അത് പറയുമ്പോൾ ആർക്കും അനുകരിക്കാനാകാത്ത ഒരു പ്രത്യേക താളമുണ്ട്. സ്വന്തം സഹോദരിയെ തോൽപ്പിക്കാൻ മകൻ അപ്പുകുട്ടനെ ആയുധമാക്കുന്ന അരശുംമൂട്ടിൽ വസുമതിയമ്മയുടെ സ്ഥാനത്ത് മീനയെ അല്ലാതെ മറ്റേതെങ്കിലും നടിയെ സങ്കൽപ്പിക്കാൻ കഴിയുമോ...?
സ്നേഹനിധിയായ അമ്മയായും പോരടിക്കുന്ന അമ്മായിയമ്മയായും പരദൂഷണപ്രിയയായ സൊസെെറ്റി ലേഡിയായും വേലക്കാരിയായും ഒരേ മികവിൽ തിളങ്ങാൻ മീനയിലെ പ്രതിഭയുള്ള അഭിനേത്രിയ്ക്ക് അനായാസം കഴിഞ്ഞു. ശബ്ദത്തിലും ഭാവങ്ങളിലും കഥാപാത്രങ്ങള്‍ക്ക് തന്റേതായ മാനറിസങ്ങൾ സമ്മാനിക്കുകയും ചെയ്ത മീന, ഹാസ്യ രംഗങ്ങളിൽ കാണിച്ച മികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. രാജസേനൻ സംവിധാനം ചെയ്ത മേലേപ്പറമ്പിലെ ആൺവീടിലെ ഭാനുമതി എന്ന കഥാപാത്രം. കഞ്ഞി കുടിക്കാൻ ഇരിക്കുന്ന ഭർത്താവിനും മക്കൾക്കും മുന്നിൽ തനിക്ക് ഒറ്റയ്ക്ക് പണി ചെയ്യാൻ വയ്യെന്ന് തറപ്പിച്ച് പറഞ്ഞ് കരിച്ചമുളക് നീട്ടുന്ന, പേടിച്ച് കുളത്തിൽ ചാടിയ നാൽപ്പത് വയസ്സോളം പ്രായമുള്ള മകനെ തല്ലാൻ ചൂരലുമായി വരുന്ന, വേലക്കാരിക്ക് പിറകെ പഞ്ചാരയൊലിപ്പിച്ച് നടക്കുന്ന മകന് ചൂലു നൽകി മുറ്റമടിക്കാൻ ആജ്ഞാപിക്കുന്ന അമ്മ... മലയാള സിനിമയിൽ കണ്ടു ശീലിച്ച ത്യാഗമതിയായ അമ്മ മാതൃകകളിൽനിന്ന് വേറിട്ടതായിരുന്നു മീനയുടെ ഭാനുമതി.
മേലേപറമ്പിലെ ആൺവീട്, യോദ്ധ എന്നീ ചിത്രങ്ങൾ മാത്രമല്ല, മിഥുനത്തിലെ വേലക്കാരി, കിളിക്കുറിശിയിലെ കുടുംബമേളയിലെ പങ്കജവല്ലി, തലയണമന്ത്രത്തിലെ 'ഡാനീ ഗോ ഇൻസെെഡ്' എന്ന് പറഞ്ഞ് ഭർത്താവിനെ വിരട്ടുന്ന ജീജീയും ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളാണ്.
കൽപന
മലയാള സിനിമയിൽ രണ്ട് ക്ലാരമാരുണ്ട്. ആദ്യത്തെ ക്ലാര മലയാളി പുരുഷൻമാരുടെ പ്രണയകാമനകളെ ഉദ്ദീപിപ്പിച്ച ജയകൃഷ്ണന്റെ കാമുകിയായിരുന്നു. പത്മരാജന്റെ തൂവാനത്തുമ്പികളുടെ നായിക. എന്നാൽ അത്രയൊന്നും ആഘോഷിക്കപ്പെടാത്ത മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മറ്റൊരു ക്ലാരയുണ്ട്. സഹപ്രവർത്തകൻ ഉമ്മച്ചനെ തന്റെ വാക്കുകൾക്ക് മുന്നിൽ മുട്ടുകുത്തിച്ച മെെസൂർ യൂണിവേഴ്സിറ്റിയിൽനിന്ന് കുക്കിങ്ങിൽ ഡിപ്ലോമയും 'ഡിപ്ലോമസിയും' നേടിയ സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ ബി.എഡിലെ ക്ലാര. കൽപ്പനയുടെ ക്ലാര.
1977-ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലും ദിഗ്‌വിജയത്തിലും ബാലതാരമായി സിനിമയിലെത്തിയ കല്പനയ്ക്ക് കല പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ്. തിരുവതാംകുർ സിസ്റ്റേഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പത്മിനി, രാഗിണി, ലളിത സഹോദരിമാരെ പോലെ മലയാള സിനിമയിലെ ഒരു ഏടാണ് കലാരഞ്ജിനി, കല്‍പ്പന, ഉര്‍വശി സഹോദരിമാരും. മൂന്ന് പേരും സിനിമയുടെ വഴിയെ നടന്നു. അതിൽ ഉർവ്വശി നായികയായി വെന്നിക്കൊടി പാറിച്ചപ്പോഴും വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ഇടവേളയില്ലാതെ കൽപ്പന സിനിമയിലെ സ്ഥിരസാന്നിധ്യമായി.
'അമ്പിളി ചേട്ടനൊപ്പം അഭിനയിച്ചു തുടങ്ങിയപ്പോൾ മനസ്സിൽ ആദ്യം പേടിയായിരുന്നു. ചിരിയുടെ തലതൊട്ടപ്പനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ടെെമിങ്ങിന് മുന്നിൽ കട്ടക്ക് പിടിച്ച് നിൽക്കുന്നത് വലിയ പാടാണ്. എന്തുകൊണ്ടോ എനിക്ക് അത് സാധിച്ചു. ഞാൻ ചെയ്യുന്നത് കണ്ട് ആളുകൾക്ക് ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം'- ജഗതിക്കൊപ്പമുള്ള ഹിറ്റ് വേഷങ്ങളെക്കുറിച്ച് കൽപ്പന പറഞ്ഞതിങ്ങനെയായിരുന്നു.
'ഈശ്വരാ.. പാവത്തുങ്ങള്‍ക്ക് ഇത്രേം സൌന്ദര്യം കൊടുക്കല്ലേ?' സഹിക്കാനാകാത്ത ദുഃഖത്തോടെ കല്പന അത് പറയുമ്പോള്‍ പ്രേക്ഷകരിൽ പൊട്ടിച്ചിരിയാണ് പടർന്നത്. മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ബ്രഹ്മചാരിയിൽ നായകനായ തമ്പി അളിയനെ പ്രേമിക്കുന്ന അനസൂയയുടെ ഡയലോഗാണിത്. മിസ്റ്റര്‍ ബ്രഹ്മചാരി പ്രേക്ഷരില്‍ നിന്ന് ഇറങ്ങിപോയെങ്കിലും ആ ഡയലോഗ് മെഗാ ഹിറ്റായി. യു.ഡി.സിയുടെ പാട്ടും ആ ഭാവങ്ങളും അനുകരണങ്ങളും ഇന്നും ടെലിവിഷനിലെ കോമഡി സീനുകളില്‍ വന്നുപോകുമ്പോൾ തോന്നും കൽപ്പന എവിടെയും പോയിട്ടില്ലെന്ന്....
ഉർവശി
ഹാസ്യം, പ്രണയം, വഞ്ചന, കുസൃതി, നൊമ്പരം, ധിക്കാരം, ധെെര്യം, ഹാസ്യം, ദേഷ്യം, വിധേയത്വം എന്നിങ്ങനെ ഒരു വ്യക്തിയുടെ വ്യത്യസ്ത മാനസികതലങ്ങൾ ഉർവ്വശിയുടെ മായം ചേർക്കാത്ത അഭിനയത്തികവിൽനിന്നു പ്രേക്ഷകർ ആസ്വദിച്ചു. അതുകൊണ്ടു തന്നെയാണ് ഉർവശിയുമായി മറ്റൊരു നായികയെ തുലനം ചെയ്യുന്നത് അസംബന്ധമാണെന്ന് പറയുന്നത്. സിനിമയിൽ നായികയായി അരങ്ങു വാണിരുന്ന കാലത്താണ് ഉർവശി ചില സിനിമകളിൽ കോമഡി വേഷങ്ങൾ ചെയതത്. മെെ ഡിയർ മുത്തച്ഛനിലെ ക്ലാരയെന്ന വേലക്കാരിയുടെ വേഷം അതിനുദാഹരണമാണ്. 'അമ്മച്ചി എന്നെപ്പറ്റി വല്ലതും പറഞ്ഞായിരുന്നോ' എന്ന മുഖവുരയോടെ തന്റെ മുൻകാല ചരിത്രം നായിക മീരയോട് ക്ലാര വിളമ്പുന്ന ഒരു രംഗമുണ്ട്. ആ സിനിമയെക്കുറിച്ചോർക്കുമ്പോൾ മിക്കവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഈ തമാശരംഗമായിരിക്കും. ഹാസ്യരംഗങ്ങൾ ഇത്രയും കയ്യടക്കത്തോടെ അവതരിപ്പിക്കാൻ കെൽപ്പുള്ള മറ്റൊരു നായികയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
കടിഞ്ഞൂല്‍ കല്യാണത്തിലെ ഹൃദയവിശാലത തീരെയില്ലാത്ത ഹൃദയകുമാരി, പൊന്മുട്ടയിടുന്ന താറാവിലെ സിനേഹമില്ലാത്ത സ്നേഹലത, തലയണ മന്ത്രത്തിലെ കുശുമ്പിയായ കാഞ്ചന, കാക്കത്തൊള്ളായിരത്തിലെ മാനസിക പ്രശ്നമുള്ള രേവതി, മഴലിൽക്കാവടിയിലെ നിഷ്കളങ്കയായ തമിഴ്പൊൺകൊടിയായ ആനന്ദവല്ലി, ഉത്സവമേളത്തിലെ മരംകയറ്റക്കാരിയായ തന്റേടിയായ കനകപ്രഭ, ചക്കിക്കൊത്ത ചങ്കരനിലെ രോഷ്നി, കാമുകനായ അപ്പുക്കുട്ടന്റെ കഴിവുകേട് അയാളുടെ മുഖത്ത് നോക്കി പറയാൻ മടിക്കാത്ത യോദ്ധയിലെ ദമയന്തി, അച്ചുവിന്റെ അമ്മയിലെ എൽ.ഐ.സി. വനജ... എന്നിങ്ങനെ ഇത്രയും വൈവിധ്യവും സ്വീകാര്യതയും ഒത്തുചേര്‍ന്ന ഹാസ്യകഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ച നായിക മലയാള സിനിമയിൽ എന്നല്ല, ലോക സിനിമയിൽ തന്നെയില്ല. മലയാളത്തെ മാറ്റി നിർത്തിയാൽ തമിഴ് സിനിമയിലുമുണ്ട് ഉർവ്വശി അവിസ്മരണീയമാക്കിയ ഒട്ടനവധി കഥാപാത്രങ്ങൾ. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര സർക്കാറിന്റെ പുരസ്കാരങ്ങൾ അഞ്ചു തവണയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഒരു തവണയും ഏറ്റുവാങ്ങിയെങ്കിലും അർഹിക്കുന്ന രീതിയിൽ ഉർവശി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്.
ബിന്ദു പണിക്കർ
'സ്കൂളിൽ പഠിക്കുമ്പോൾ ഡാൻസിനും പാട്ടിനുമൊക്കെ ഞാൻ മിടുക്കിയായിരുന്നു, സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്.' ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഇന്ദുമതിയുടെ ആ ഡയലോഗ് ഇന്ന് ടിക്ക് ടോക്കിൽ സൂപ്പർഹിറ്റാണ്. ഇന്ദുമതിയായെത്തിയ ബിന്ദു പണിക്കരുടെ മകൾ കല്യാണിവരെ ആ ഡയലോഗ് പറഞ്ഞ് ആളുകളെ കയ്യിലെടുത്തു കഴിഞ്ഞു.
നിഷ്കളങ്കമായ മുഖവും ശബ്ദവിന്യാസത്തിലെ വ്യത്യസ്തതയുമാണ് ബിന്ദു പണിക്കരെ പ്രേക്ഷകരുടെ പ്രിയതാരമാക്കിയത്. തിളക്കത്തിലെ വനജയും സൂപ്പർ മാനിലെ അല്ലേലും ഞാൻ സത്യം മാത്രേ പറയാറുള്ളൂ എന്ന് ഗർവ്വോടെ പറയുന്ന സ്വർണലതയും സി.ഐ.ഡി. മൂസയിലെ രമണിയുമെല്ലാം ബിന്ദു അഭിനയിച്ച് തകർത്ത ഏതാനും കഥാപാത്രങ്ങൾ മാത്രം.
'മലയാള സിനിമയിൽ കോമഡിയുടെ സുവർണകാലഘട്ടത്തിലാണ് ഞാൻ സിനിമയിലെത്തുന്നത്. കോമഡി ചെയ്യണം എന്ന് കരുതി സിനിമയിൽ വന്ന ഒരാളല്ല ഞാൻ. വാനപ്രസ്ഥത്തിലും പരിണയത്തിലുമെല്ലാം പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള വേഷങ്ങൾ ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ ഇന്ദുമതി എനിക്ക് വലിയ ബ്രേക്ക് സമ്മാനിച്ചു. സത്യം പറയാമല്ലോ, ആ കഥാപാത്രത്തിന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത് ഇപ്പോഴാണ്. അന്നത് അത്രയും ഹിറ്റായിരുന്നില്ല. ഇന്ന് ഈ ലോക്ക് ടൗൺ കാലത്തും ടിക്ടോക്കിലും ഫെയ്സ്ബുക്കിലുമെല്ലാം ഇന്ദുമതിയുടെ അനുകരണങ്ങളും ട്രോളുകളും കാണുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നും. ജഗതി ചേട്ടൻ, ലളിത ചേച്ചി, ഇന്നസെന്റ് ചേട്ടൻ, ഹനീഫക്ക, കലാരഞ്ജിനി ചേച്ചി എന്നിവർക്കൊപ്പം പിടിച്ചു നിൽക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. എന്നാൽ എല്ലാവരും നല്ല പിന്തുണ നൽകിയപ്പോൾ എനിക്ക് നന്നായി ചെയ്യാൻ സാധിച്ചു. പിന്നീട് നല്ല വേഷങ്ങൾ എന്നെ തേടിയെത്തി. തുടർച്ചയായി കോമഡി ചെയ്യുമ്പോഴും സീരിയസായ കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ലോഹിതദാസ് സാർ സംവിധാനം ചെയ്ത സൂത്രധാരനിലെ ദേവയാനിയുമൊക്കെ അത്തരം വേഷങ്ങളായിരുന്നു. എന്നിരുന്നാലും കോമഡി ചെയ്തതു കൊണ്ടു തന്നെ ആയിരിക്കണം എനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്. അതൊരു വലിയ ഭാഗ്യമായി തോന്നുന്നു'- ബിന്ദു പണിക്കർ പറയുന്നു.
Content Highlights: female comedy artist, Malayalam Cinema, Urvashi, Kalpana, KPAC Lalitha, Sukumari, Philomina, Sreelatha, Meena, Bindu Panicker, Adoor Bhavani, Malayalam Comedy Memes
Content Highlights: