കാത്തിരുന്ന ആ നിമിഷം, മോഹന്‍ലാലിനൊപ്പമുള്ള വേഷം; ദുര്‍ഗാകൃഷ്ണ പറയുന്നു

-
-

പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. 
പിന്നീട് പ്രേതം, ലൗ ആക്‌ഷൻ ഡ്രാമ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ ദുർഗ വേഷമിട്ടു. നൃത്തത്തിന്റെ വഴിയിൽനിന്ന് 
സിനിമയിലേക്കെത്തിയിട്ട് കുറച്ചുനാളുകളേ ആയുള്ളൂ. എന്നിരുന്നാലും വലിയ ഉയരങ്ങൾ കീഴടക്കാനുള്ള പ്രയത്നത്തിലും ആത്മവിശ്വാസത്തിലുമാണ് അവർ. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുർഗയിപ്പോൾ. ജീവിതമെന്നാൽ നിറയെ സർപ്രൈസും സസ്പെൻസുമല്ലേ...  
ദുർഗ സംസാരിച്ചു തുടങ്ങുന്നു... 

റാമിലേക്ക്...

അപ്രതീക്ഷിതമായാണ് റാമിലേക്ക് എനിക്ക് ക്ഷണം ലഭിക്കുന്നത്. മോഹൻലാൽ, തൃഷ കൃഷ്ണൻ തുടങ്ങി വലിയ താരനിരയുള്ള ചിത്രം, മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻമാരിൽ ഒരാളായ ജീത്തു ജോസഫിന്റെ ചിത്രം. എന്നെ സംബന്ധിച്ച് ഇതെല്ലാം വലിയ ഭാഗ്യമാണ്.  ജീത്തു ജോസഫ് സാറിന്റെ ഭാര്യ ലിന്റെ ജീത്തുവാണ് റാമിനുവേണ്ടി കോസ്റ്റ്യൂം ചെയ്യുന്നത്. ചിത്രത്തിൽ മകൾ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യുന്നുണ്ട്. ശരിക്കും ഒരു കുടുംബംപോലെയായിരുന്നു സെറ്റ്. ഞങ്ങളെല്ലാം അടുത്ത സുഹൃത്തുക്കളായി. ചിത്രത്തിൽ തൃഷയുടെ സഹോദരിയുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. എനിക്ക് ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീനുകളുള്ളത് ലാലേട്ടനുമായാണ്.

മോഹൻലാൽ എന്ന വിസ്മയം

ഞാൻ ആരാധിക്കുന്ന ഒരു വലിയ വ്യക്തിയുടെകൂടെ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. സിനിമ എന്താണെന്ന് മനസ്സിലാക്കിയ കാലംമുതൽ ഞാൻ ലാലേട്ടന്റെ ആരാധികയാണ്, അദ്ദേഹത്തിന്റെ നല്ല നല്ല സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കൽപ്പോലും കരുതിയില്ല. സെറ്റിൽ വന്നപ്പോൾ ആദ്യം എനിക്ക് കുറിച്ച് പരിഭ്രമം ഉണ്ടായിരുന്നു. ഞാനൊരു തുടക്കക്കാരിയാണ്. ഇത്രയും വലിയ നടനൊപ്പം അഭിനയിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ പ്രശ്നമാകുമോ എന്നൊക്കെ ഞാൻ കരുതി. എന്നാൽ, എന്റെ അനുഭവം മറിച്ചായിരുന്നു. കൂടെ അഭിനയിക്കുന്നവരെ ലാലേട്ടൻ നന്നായി കംഫർട്ടബിളാക്കും. അതുകൊണ്ടുതന്നെ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.
വളരെ അനായാസമായി അഭിനയിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണെന്ന് തോന്നും. അതുപോലെ സെറ്റിൽ അദ്ദേഹം വളരെ വിനയത്തോടുകൂടിയാണ് എല്ലാവരോടും ഇടപഴകുന്നത്. ഒരു വ്യക്തി എന്നനിലയിലും ഒരു നടൻ എന്നനിലയിലും അദ്ദേഹത്തിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്.

വഴിതെറ്റിയെത്തിയ ഭാഗ്യം

സിനിമയിലെത്തുമെന്ന് ഒരിക്കലും വിചാരിച്ച വ്യക്തിയല്ല ഞാൻ. നൃത്തമായിരുന്നു എനിക്കെല്ലാം. വലിയ നർത്തകിയായി പേരെടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നിരുന്നാലും മത്സരങ്ങളിലൊന്നും ഞാൻ പങ്കെടുത്തിരുന്നില്ല. അതിനിടെ ഒരു അപകടം പറ്റി നൃത്തം ചെയ്യാനാകാതെ ഇരിക്കേണ്ടിവന്നു. ഞാൻ ഏറെ വിഷമിച്ച സമയമായിരുന്നു അത്. ഒന്നും ചെയ്യാനാകാതെ ഇരിക്കുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാൻപോലും വയ്യായിരുന്നു. അങ്ങനെയാണ് മോഡലിങ് ചെയ്തുതുടങ്ങുന്നത്. മോഡലിങ് ചെയ്ത് കുറച്ചുകാലം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് ചില അവസരങ്ങൾ എന്നെത്തേടിയെത്തി. എന്നാൽ, എനിക്ക് അന്ന് വലിയ താത്‌പര്യം തോന്നിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് വിമാനത്തിലേക്ക് വിളിക്കുന്നത്. പൃഥ്വിരാജാണ് നായകൻ എന്ന് പറഞ്ഞപ്പോൾ അവസരം വേണ്ടെന്നുവെക്കാൻ എനിക്ക് തോന്നിയില്ല. എന്ന് നിന്റെ മൊയ്തീൻ സിനിമ പുറത്തിറങ്ങിയിരിക്കുന്ന സമയമായിരുന്നു അത്. ഞാനതിന്റെ ഹാങ്‌ ഓവറിൽ ഇരിക്കുമ്പോഴാണ്  വിമാനത്തിലേക്കുള്ള വിളി. വേണ്ടെന്നുപറയാൻ തോന്നിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ തുടക്കമായിരുന്നു അത്.  

കുടുംബമാണ് എനിക്കെല്ലാം

ഒരു യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തിൽനിന്നാണ് ഞാൻ വരുന്നത്. ആദ്യം സിനിമയിൽ വരുന്നതിൽ മാതാപിതാക്കൾക്ക് എതിർപ്പെല്ലാമുണ്ടായിരുന്നു. ഞാൻ പഠിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. അച്ഛൻ ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. എന്നാൽ, ‘വിമാന’ത്തിലേക്ക് ക്ഷണം ലഭിച്ച അവസരത്തിൽതന്നെ അവരുടെ കാഴ്ചപ്പാടിൽ മാറ്റങ്ങൾ വന്നു. ഇപ്പോൾ സാഹചര്യം മാറി. ഞാൻ നല്ല സിനിമകൾ ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്റെ മാതാപിതാക്കളാണ്, പ്രത്യേകിച്ച് അച്ഛൻ. ഇന്നെനിക്ക് അവർ എല്ലാ സ്വാതന്ത്ര്യവും നൽകുന്നു. ഇപ്പോൾ എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള പക്വതയായി എന്ന് അവർക്ക് തോന്നിയതുകൊണ്ടായിരിക്കാം. മറ്റൊരാളെ ആശ്രയിച്ച് ജീവിക്കുമ്പോൾ നമുക്ക് തെറ്റും ശരിയും തിരിച്ചറിയാനാകില്ല. തെറ്റിൽനിന്ന് പഠിക്കാനും തിരുത്തി മുന്നോട്ടുപോകാനുമെല്ലാം സാധിക്കുന്നത് ഒറ്റയ്ക്കുള്ള യാത്രയിലാണ്. എന്നിരുന്നാലും പ്രതിസന്ധികളിൽ പിന്തുണയുമായി എല്ലായ്‌പ്പോഴും അവർ എനിക്കൊപ്പമുണ്ട്. കുടുംബം തന്നെയാണ് എന്റെ ഊർജവും.

പറയാതെ വയ്യ...

സോഷ്യൽ മീഡിയ അത്യാവശ്യം ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ അഭിനയം കൊള്ളില്ല അല്ലെങ്കിൽ നന്നാക്കണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുണ്ട്. എന്നാൽ, വിമർശിക്കുന്നതിന് പകരം വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല. സിനിമാതാരങ്ങളാണെന്ന് കരുതി എന്തുവേണമെങ്കിലും പറയാം എന്നാണ് ചിലരുടെ ധാരണ. എല്ലാവരും സാധാരണക്കാരാണ്, അവർക്ക് കുടുംബമുണ്ട്, വ്യക്തിപരമായ ഒരു ജീവിതമുണ്ട്. അതിനെ മാനിക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. എന്നാൽ, ചിലർ സഭ്യതയുടെ സീമകൾ ലംഘിക്കുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല.

പ്രതീക്ഷകൾ

നല്ല സിനിമകളുടെ ഭാഗമാകുക എന്നതാണ് എന്റെ ആഗ്രഹം. നായകനുവേണ്ടി വെറുതേ ഒരു നായികയാകാൻ എനിക്ക് താത്‌പര്യമില്ല. നമ്മുടെ കഥാപാത്രത്തിന് വ്യക്തിത്വമുണ്ടെന്ന് പ്രേക്ഷകനുകൂടി തോന്നണം. റാമിന് പുറമേ ‘കൺഫഷൻസ് ഓഫ് എ കുക്കു’, ‘വൃത്തം’ എന്നീ സിനിമകൾ ഇറങ്ങാനുണ്ട്. ‘കൺഫഷൻസ് ഓഫ് എ കുക്കു’, ചൈൽഡ് അബ്യൂസിനെതിരേയുള്ള ഒരു സോഷ്യൽ അവയർനെസ് മൂവിയാണ്. ഞാൻ ചെയ്തതിൽവെച്ച് ഏറ്റവും ശക്തമായ കഥാപാത്രമാണ് ആ ചിത്രത്തിലേത്.

Content Highlights: Durga krishna interview, Ram Movie, Mohanlal, Jeethu Joseph, confessions of cuckoo

Content Highlights: