'ബോക്സോഫീസ് ഹിറ്റുകളോ പണം വാരി പടങ്ങളോ ചെയ്യാനല്ല, ഇഷ്ടപ്പെടുന്ന സിനിമ ചെയ്യാനാണ് ആഗ്രഹം'

ശവം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഡോൺ പാലത്തറ. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ഈമയൗ എന്ന ചിത്രത്തിന് അതിനും മുമ്പേ ഇറങ്ങിയ ശവത്തിന്റെ പ്ലോട്ടുമായുള്ള സാമ്യത്തെ ചൊല്ലിയുള്ള ചർച്ചകൾ വാർത്തയായിരുന്നു. ശവത്തിന് പുറമേ വിത്ത് എന്ന ചിത്രം കൂടിയൊരുക്കിയ ഡോണിന്റെ മൂന്നാമത്തെ ചിത്രമായ 1956 മധ്യ തിരുവിതാംകൂർ 42-ാമത് മോസ്കോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എഫ് ഐ എ പി എഫ് അംഗീകാരമുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചലച്ചിത്രമേളയാണ് മോസ്കോയിലേത്. അന്താരാഷ്ട്ര ചലചിത്രമേളകളിൽ തന്റെ ചിത്രം ശ്രദ്ധ നേടുമ്പോൾ ഡോണിന് പറയാനുള്ളത് ബോക്സോഫീസിലെ കോടിക്കിലുക്കത്തിന് പിന്നാലെ പോകാതെ തന്റെ ഇഷ്ടത്തെ പിന്തുടരുന്ന കഥയാണ്. ഫിലിം സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ഡോൺ ഡോക്യൂമെന്ററി സിനിമകളിലൂടെയാണ് സിനിമാ സംവിധാനത്തിലെത്തുന്നത്. ചിത്രത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും ഡോൺ പാലത്തറ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.
1956 മധ്യ തിരുവിതാംകൂർ
1956 മധ്യ തിരുവിതാംകൂർ, ഓനൻ, കോര എന്നീ രണ്ട് സഹോദരങ്ങളുടെ കഥ പറയുന്ന ഒരു പിരിയഡ് സിനിമയാണ്. കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ 56-ൽ ഇടുക്കിയിലേക്ക് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. ഈ രണ്ട് സഹോദരങ്ങൾ ഒരുപറ്റം മനുഷ്യരെ കൂട്ടി മൃഗത്തെ വേട്ടയാടാൻ കാട്ടിലേക്ക് പോകുന്നതും അനുബന്ധ സംഭവങ്ങളും ചിത്രം പറയുന്നു. ഒപ്പം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാണ്. ആർട്ട്‌ബീറ്റ്‌സ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിലാഷ് കുമാർ ആണ് ചിത്രം നിർമിക്കുന്നത്. അലക്സ് ജോസഫ് ആണ് ഛായാഗ്രഹണം
താരതമ്യേന പുതുമുഖങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്.ആസിഫ് യോഗി, ജെയ്ൻ ആൻഡ്രൂസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന് കേരളത്തിൽ ഇതുവരെ ഒരു പബ്ലിക് സ്ക്രീനിങ്ങ് ഉണ്ടായിട്ടില്ല, ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ശേഷമേ അത് തീരുമാനിക്കൂ.
ഓരോ അംഗീകാരവും പ്രോത്സാഹനമാണ്
മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് പുറമേ ബ്രിക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം മത്സരവിഭാഗത്തിൽ ഇടം നേടിയിരുന്നു. സിനിമയ്ക്ക് കിട്ടുന്ന ഓരോ അംഗീകാരവും വീണ്ടും സിനിമയയെടുക്കാനുള്ള ഊർജം അല്ലെങ്കിൽ പ്രോത്സാഹനമാണ്. അത് കൂടുതൽ ആളുകളിലേക്ക് നമ്മുടെ സിനിമ എത്തിക്കാനും സഹായിക്കും. നാളെ മറ്റൊരു സിനിമയ്ക്കായി ഒരു നിർമാതാവിനടത്തുത്ത് എത്താനും ഇത്തരം അംഗീകാരങ്ങൾ സഹായിക്കും
അടൂർ സാറിന്റെ വാക്കുകൾ
അടൂർ ഗോപാലകൃഷ്ണൻ സാർ ഈ സിനിമ കണ്ടിരുന്നു. അദ്ദേഹത്തിന് നല്ല അഭിപ്രായമായിരുന്നു, സിനിമയുടെ പല ഘടകങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. സിനിമയുടെ ശൈലി ഭയങ്കര കൺസിസ്റ്റന്റ് ആണെന്ന് അദ്ദേഹം എടുത്ത് പറഞ്ഞ കാര്യമാണ്.അടൂർ സാറിന്റെ സിനിമകൾ എനിക്കേറെ ഇഷ്ടമാണ്. സിനിമയിൽ വ്യത്യസ്തമായ പാത സ്വീകരിച്ച ഫിലിം മേക്കേഴ്സിനോട് എനിക്ക് ഏറെ ബഹുമാനമാണ്. അത്തരം ഫിലിം മേക്കേഴ്സിന്റെ ശൈലി അവരുടെ ചിത്രങ്ങളും ശ്രദ്ധിക്കാറുണ്ട്.
ശവം പരീക്ഷണ ചിത്രമോ?
എന്റെ ആദ്യ ചിത്രം ശവം ബ്ലാക് ആൻഡ് വൈറ്റിലാണ് എടുത്തത്. അതിന് കാരണങ്ങളുണ്ട്. പ്രത്യേക കളർടോണിൽ ചിത്രീകരിക്കാൻ തന്നെയാണ് ആദ്യം ഉദ്ദേശിച്ചത്. പക്ഷേ ബജറ്റിന്റേതായ പ്രശ്നങ്ങളും മറ്റും കാരണം ബ്ലാക്ക് ആൻഡ് വൈറ്റിലേക്ക് മാറിയതാണ്. ശവത്തിൽ മാത്രമല്ല സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഒരുപാട് സിനിമകളിൽ ഈ ഒരു അപ്രോച്ച് കാണുന്നുണ്ട്.
ബോക്സോഫീസ് അല്ല ലക്ഷ്യം
എനിക്കിഷ്പ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കുന്ന ഹിറ്റുകളോ പണം വാരി പടങ്ങളോ അല്ല. ഇപ്പോഴത്തെ പ്രേക്ഷകർ ഒരുപാട് മാറിയിട്ടുണ്ട്. ശവം പോലെയുള്ള സിനിമകൾക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. എങ്കിലും എന്റെ സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമം എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അത് സിനിമയുടെ ക്രാഫ്റ്റിലോ, ഉളളടക്കത്തിലോ വിട്ടുവീഴ്ച്ച ചെയ്തുകൊണ്ടാവില്ല.
Content Highlights : Don Palathara Interview1956 Central TravancoreMoscow International Film Festival.
Content Highlights: