കൃത്രിമത്വം തീണ്ടാത്തൊരാൾ, ബാഡ്മിന്റണിൽ രണ്ടുപേരെ ഒരേസമയം നേരിടുന്ന ‘ധർമേന്ദ്ര സ്റ്റൈൽ’

#സഞ്ജീവ് ശിവൻ
ധർമേന്ദ്ര
ധർമേന്ദ്ര

അഭിനേതാവും നിർമാതാവുമായ ധർമേന്ദ്രയെ മാത്രമേ പലർക്കുമറിയൂ. എന്നാൽ, ധർമേന്ദ്രയെന്ന മികച്ച ബാഡ്മിന്റൺ കളിക്കാരനെ അടുത്തറിയാനും അദ്ദേഹത്തിനൊപ്പം കോർട്ടിൽ എതിരിട്ട് കളിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ സഹോദരൻ സംഗീത് ശിവൻ സംവിധാനം ചെയ്ത 'സോർ' എന്ന ഹിന്ദി സിനിമയുടെ ഇടവേളകളിലാണ് ധർമേന്ദ്രയ്‌ക്കൊപ്പം കളിച്ചത്. ജുഹുവിലുള്ള വീട്ടിലെ മനോഹരമായ ബാഡ്മിന്റൺ കോർട്ടിൽ എല്ലാ ദിവസവും കളിയുണ്ടായിരിക്കും. പലപ്പോഴും കളത്തിൽ ഒരു വശത്ത് ധർമേന്ദ്ര തനിച്ചായിരിക്കും.

ബാഡ്മിന്റണിൽ രണ്ടുപേരെ ഒരേസമയം നേരിടുന്നതാണ് അദ്ദേഹത്തിന്റെ രീതി. അസാധ്യകളിക്കാരൻ. കളികഴിഞ്ഞ് അദ്ദേഹം രണ്ടുലിറ്റർ നാരങ്ങവെള്ളം കുടിക്കും. സണ്ണിഡിയോളായിരുന്നു സോറിലെ നായകൻ. അദ്ദേഹമാണ് ധരംജിക്ക് എന്നെ പരിചയപ്പെടുത്തിയത്. ബാഡ്മിന്റണിൽ എനിക്ക് വലിയ താത്പര്യമായിരുന്നു.

അത് അദ്ദേഹം തിരിച്ചറിഞ്ഞു. ഞാൻ കളിക്കുന്നതുകണ്ട് പലപ്പോഴും അഭിനന്ദിച്ചിട്ടുണ്ട്. അന്നെനിക്ക് ഇരുപത്തിരണ്ടുവയസ്സിനോടടുത്താണ് പ്രായം. എന്നെ വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. എപ്പോഴും ബാഡമിന്റൺ കളിക്കാൻ ക്ഷണിക്കും.

സോർ എന്ന സിനിമയിൽ അസിസ്റ്റന്റായിരുന്നു ഞാൻ. സിനിമയുടെ മുംബൈ ഷെഡ്യൂളിനിടെയാണ് ധരംജിയുടെ കുടുംബവുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത്. വർഷങ്ങൾക്കുശേഷം 'യംലാ പഗ്‌ലാ ദീവാനാ' എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോക്ക് പോയപ്പോഴാണ് പിന്നീട് അദ്ദേഹത്തെ കണ്ടത്.

''ധരംജീ ഇപ്പോൾ ബാഡ്മിന്റൺ കളിക്കാറുണ്ടോ''യെന്ന് ഞാൻ ചോദിച്ചു. '' ബാഡ്മിന്റൺ ഈസ് മൈ ലൈഫ്'' എന്നായിരുന്നു കൈപിടിച്ചുകുലുക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മറുപടി. ജ്യേഷ്ഠനുമായി വലിയ ബന്ധം പുലർത്തിയിരുന്നു അദ്ദേഹം.

കുടുംബജീവിതത്തിന് വലിയ വില കല്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കുടുംബത്തിലുള്ളവരോടും വീട്ടിൽ വരുന്നവരോടുമെല്ലാം സ്‌നേഹത്തോടെ പെരുമാറുന്നൊരാൾ. ജീവിതത്തിൽ ഇത്രയേറെ സത്യസന്ധതപുലർത്തിയവർ കുറവായിരിക്കും. കൃത്രിമത്വം ഏതുമില്ലാത്തൊരാൾ. ആ വീട്ടിൽ അദ്ദേഹത്തിനൊപ്പം ജീവിച്ചവരും ആ സത്യസന്ധത കണ്ടു ശീലിച്ചവരായിരുന്നു.

Content Highlights: Discover Dharmendra`s incredible badminton skills! Learn about his unique style of playing two opponents simultaneously and his passion for the sport during the `Shor` film shoot.