20വയസ്സിനിടെ പാടിയത് 23 ചലച്ചിത്രങ്ങളിൽ, രണ്ടുഗാനങ്ങൾ യേശുദാസിനൊപ്പം; സംഗീതമാണ് മാതംഗിക്ക് ജീവിതം

#ബീനാ ഗോവിന്ദ്
ഗായിക മാതം​ഗി അജിത്കുമാർ | ഫോട്ടോ: www.facebook.com/mathangi.ajithkumar
ഗായിക മാതം​ഗി അജിത്കുമാർ | ഫോട്ടോ: www.facebook.com/mathangi.ajithkumar

ർഷങ്ങൾക്കുമുമ്പ് ചെന്നൈയിലെ കാമരാജ് ഹാളിൽ മെല്ലിശൈമന്നൻ എം.എസ്. വിശ്വനാഥൻ നയിച്ച പരിപാടിയിൽ സദസ്സിനെ അതിശയിപ്പിച്ചുകൊണ്ട് ഒരു ആറുവയസ്സുകാരി പാടി. തമിഴിൽ എസ്. ജാനകിയുടെ ഹിറ്റുകളിലൊന്നായ ‘ഊരുസനം തൂങ്കിരിച്ച്..’ ഹാർമോണിയത്തിൽ ഒപ്പം എം.എസ്.വി.തന്നെ. അതികായനായ ആ സംഗീതജ്ഞന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത് ആ ഗായികയ്ക്ക് തിളക്കമാർന്ന തുടക്കമായി. ആ കുട്ടിക്കിന്ന് വയസ്സ് ഇരുപത്. പേര് -മാതംഗി അജിത്കുമാർ.

‘‘ഒരു സംഗീത ഇതിഹാസത്തിെൻറ മുന്നിൽനിന്ന്, ആ താളത്തിനൊപ്പമാണ് പാടുന്നതെന്ന അറിവ് അന്നുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം സദസ്സിലൊരാളായി മുന്നിലിരിക്കുമ്പോഴും പാടിയിട്ടുണ്ട്. ഈ രംഗത്ത് ഉയർന്നുവരും എന്നദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട്. എന്റെ ഏറ്റവുംവലിയ ഭാഗ്യം അതാണ്’’ -മാതംഗി പറഞ്ഞു.

20വയസ്സിനിടെ 23 ചലച്ചിത്രങ്ങളിൽ പാടി. 17 പാട്ടുകൾ തമിഴിലും അഞ്ചെണ്ണം മലയാളത്തിലും ഒന്ന് കന്നഡയിലും. നൂറോളം പാട്ടുകൾ ആൽബങ്ങൾക്കുവേണ്ടിയും പാടി. യേശുദാസിന്റെകൂടെ പാടുന്ന നാലാംതലമുറ ഗായികമാരിൽ മുന്നിൽത്തന്നെയുണ്ട് മാതംഗി.

ചിറ്റൂർ ഗവ. കോളേജിലെ സംഗീതവിഭാഗം അസോസിയേറ്റ് പ്രൊഫസറായി വിരമിച്ച എം. രജനിയുടെയും പി.എൻ.ബി. മെറ്റ്‌ലൈഫ് റിട്ട. സീനിയർ മാനേജർ അജിത് കുമാറിന്റെയും ഏകമകളായ മാതംഗി, മൂണ്ടൂർ യുവക്ഷേത്ര കോളേജിൽ ബി.എ. (ഇംഗ്ലീഷ്) വിദ്യാർഥിനിയാണ്. അമ്മയാണ് മാതംഗിയുടെ സംഗീതഗുരു.

യേശുദാസിന്റെയും വിജയ് യേശുദാസിന്റെയും സഹഗായികയായി

തമിഴ് ചലച്ചിത്രത്തിലാണ് മാതംഗി ആദ്യമായി യേശുദാസിനൊപ്പം പാടിയത് -2019ൽ. ‘നീ പാർക്കും നൊടികൾ എല്ലാം’ എന്ന പാട്ട്. ‘‘അദ്ദേഹത്തിനൊപ്പംനിന്ന് റെക്കോഡ് ചെയ്ത അനുഭവം മറക്കാനാവില്ല. ഞാൻ കുട്ടിയായതുകൊണ്ടാവാം, ഒരുപാട് പ്രോത്സാഹിപ്പിച്ചു, എങ്ങനെ പാടണമെന്ന്‌ പറഞ്ഞുതന്നു”. പിന്നീട് അദ്ദേഹത്തിനൊപ്പം ‘14 ഫെബ്രുവരി ’ എന്ന സിനിമയിൽ പാടിയ ‘അരികിൽ നീ, തണലായ് ഞാൻ’ 2023-ൽ പുറത്തിറങ്ങി. വിജയകുമാർ ചമ്പത്ത് ആയിരുന്നു സംഗീതസംവിധായകൻ. എന്നാൽ, അതിനൊക്കെയുംമുമ്പേ, വിജയ് യേശുദാസിനൊപ്പം പാടാൻ 2017-ൽ അവസരം ലഭിച്ചു. ‘എന്നൈ വെൻട്രവളേ' എന്ന സിനിമയിലെ ‘പനിത്തുളിയായ്’ എന്ന പാട്ട്. “എന്റെ ആദ്യത്തെ ചലച്ചിത്ര പിന്നണിഗാനമായിരുന്നു അത്. രവി ജെ.മേനോനായിരുന്നു സംഗീതസംവിധായകൻ. ’’

പ്രഗല്‌ഭ ഗായകരോടൊപ്പം

ഇതിനകം പി. ജയചന്ദ്രൻ, ഉണ്ണിമേനോൻ, എസ്.പി.ബി. ചരൺ, ബിജു നാരായൺ, ടി.എം.എസ്. ശെൽവകുമാർ, സുദീപ് കുമാർ,നിഷാദ് തുടങ്ങിയ പ്രശസ്തർക്കൊപ്പം നിരവധി വേദികളിൽ പാടാൻ അവസരം ലഭിച്ചു. ആൽബങ്ങളിൽ സംഗീതസംവിധായകരായ ശരത്, എം. ജയചന്ദ്രൻ എന്നിവർക്കൊപ്പവും പാടി.

ഉത്തമി, സ്ലേറ്റ്, സർക്കിൾ തുടങ്ങിയ സിനിമകളിലും പാടി. ‘ഉത്തമി’യിൽ വയലാർ ശരത്ചന്ദ്ര വർമ-സഞ്ജോയ് ചൗധരി (സലിൽ ചൗധരിയുടെ മകൻ) ടീമിനൊപ്പമാണ് മാതംഗി പാടിയത്. ഏറ്റവുമടുത്ത് പാടിയത് കഠാന, മാസ്‌ക്‌ എന്നീ തമിഴ് സിനിമകൾക്കു വേണ്ടിയാണ്. ‘കൈലാസത്തിലെ അതിഥി’ എന്ന സിനിമയിൽ കെ. ജയകുമാർ ഗാനരചന നിർവഹിച്ച് വിജയകുമാർ ചമ്പത്ത് ഈണമിട്ട ‘പകലിനെ ഇരവാക്കും’ എന്ന സോളോ, മാതംഗി വലിയ പ്രതീക്ഷയോടെയാണ് റിലീസാവാൻ കാത്തിരിക്കുന്നത്.

ധന്യത

എം.എസ്. വിശ്വനാഥന്റെ വിയോഗശേഷം ഡി.ഡി. പൊതിഗൈ സംപ്രേഷണം ചെയ്ത ‘എം.എസ്.വി.എം.എസ്.വി.’ പരിപാടിയിലും ‘എം.ജി.ആർ. 100’ പരിപാടിയിലും ഒന്നരവർഷത്തിനിടെ എഴുപതോളം ഗാനങ്ങൾ മാതംഗി ആലപിച്ചു. ഡി.ഡി.5 ചാനലിൽ ‘ആഴി’ എന്ന സീരിയലിലും പാടാൻ അവസരം കിട്ടി.

‘‘സംഗീതലോകത്ത് ഒരു കുട്ടിയായ എന്റെ സുകൃതം വിദ്യാധരൻമാസ്റ്റർ എന്നെക്കൊണ്ട് പാടിച്ചു എന്നുള്ളതാണ്’’ -മാതംഗി പറഞ്ഞു. ലിയോൺ സൈമന്റെ വരികൾക്ക് വിദ്യാധരൻമാസ്റ്റർ ഈണമിട്ട ആ പാട്ട് ഒരു ഗായികയ്ക്കുകിട്ടാവുന്ന വലിയ അംഗീകാരമാണ്. രാപ്പാടി എന്ന ആൽബത്തിനു വേണ്ടിയായിരുന്നു ‘നീലാമ്പലേ നീയുറങ്ങും’ എന്ന ആ മനോഹരഗാനം ആലപിച്ചത്.

2023-ൽ കവിയരശ് കണ്ണദാസൻ അവാർഡും 2021-ലും 2023-ലും രാജ് നാരായൺജി വിഷ്വൽമീഡിയ അവാർഡും മാതംഗിക്ക് ലഭിച്ചു.

ഇഷ്ടം പഠിപ്പിക്കാൻ

‘‘ഇംഗ്ലീഷ് സാഹിത്യമാണെന്റെ ഇഷ്ടവിഷയം. പഠനം പൂർത്തിയാക്കി അധ്യാപികയാവണമെന്നാണ് ആഗ്രഹം. പക്ഷേ, എന്റെ മനസ്സും ജീവിതവും സംഗീതമാണ്’’ -മാതംഗി മനസ്സുതുറന്നു.

Content Highlights: chat with singer mathangi ajithkumar, mathangi ajithkumar songs