‘പൊൻമുട്ടയിടുന്ന താറാവ്’ മുതൽ ‘ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള’ വരെ; പേരിൽ സെൻസർ പിടിവീണ മലയാള ചിത്രങ്ങൾ

പുറത്തിറക്കി രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമാണ് സെൻസർ ബോർഡിന്റെ പുതിയ മാർഗരേഖ വിവാദമാവുന്നത്. അനുമതിക്ക് സമർപ്പിക്കുന്ന ചിത്രങ്ങളുടെ പേരുമാറ്റം നിർദേശിക്കാൻ അധികാരമുണ്ടെന്ന വ്യവസ്ഥയ്ക്കെതിരെ കേരള ഫിലിം ചേംബർ രംഗത്തെത്തിയതോടെയാണിത്. എന്നാൽ, ബോർഡിന്റെ ഓരോ മാർഗനിർദേശങ്ങളും സമീപകാലത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാവും.
പേരുമാറ്റത്തിന് പുറമെ, മുൻകൂട്ടി നിശ്ചയിച്ച റിലീസ് തീയതി സർട്ടിഫിക്കേഷനെ ബാധിക്കില്ല, അനുമതിക്ക് പൂർണമായും പൂർത്തിയായ സിനിമ സമർപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്. തമിഴിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ 'ജനനായകൻ' മുതൽ മലയാളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ 'ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള' വരെ ഇത്തരത്തിൽ വിവാദത്തിലായ ചിത്രങ്ങളാണ്. തീയതി നേരത്തെ പ്രഖ്യാപിച്ച് അനുമതിക്ക് സമർപ്പിച്ച 'ജനനായകൻ' സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് കാലം തെറ്റിയാണ് റിലീസ് ചെയ്തത്. ടൈറ്റിലിലെ ജാനകി ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി ചിത്രത്തിന് ബോർഡ് പേരുമാറ്റം നിർദേശിച്ചതും നടപടി വിവാദമായതും.
മലയാളത്തിൽ സിനിമാ പേരുകൾ സംബന്ധിച്ച വിവാദങ്ങൾ തുടക്കകാലത്തേ ഉണ്ടായിട്ടുണ്ട്. ഇതിൽ പ്രേക്ഷകർ ഇന്നും ഓർക്കുന്ന സംഭവം സത്യൻ അന്തിക്കാടിന്റെ ശ്രീനിവാസൻ ചിത്രം 'പൊൻമുട്ടയിടുന്ന താറാവ്' എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ്. രഘുനാഥ് പലേരി രചിച്ച ചിത്രത്തിന്റെ പേര്, സൃഷ്ടാക്കൾ വിദൂരതയിൽ പോലും ചിന്തിക്കാത്ത മാനം നൽകി വിവാദമായെന്ന് സത്യൻ അന്തിക്കാട് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. പ്രദർശന അനുമതിക്കായി സെൻസർ ബോർഡിനെ സമീപിച്ചപ്പോൾ, പരാതി ചൂണ്ടിക്കാട്ടി പേരുമാറ്റം നിർദേശിക്കുകയായിരുന്നുവെന്നും സംവിധായകൻ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
2024-ൽ പുറത്തിറങ്ങിയ 'ഒരു സർക്കാർ ഉത്പന്നം', 'ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള' എന്നിവ സെൻസർ ബോർഡ് നിർദേശത്തെ തുടർന്ന് പേരിൽ ഭേദഗതി വരുത്തി പുറത്തിറങ്ങിയ ചിത്രങ്ങളാണ്. 'ഒരു ഭാരത് സർക്കാർ ഉത്പന്നം' എന്ന പ്രഖ്യാപിച്ച ചിത്രമാണ് പിന്നീട് സെൻസർ ബോർഡ് നിർദേശത്തെത്തുടർന്ന് 'ഒരു സർക്കാർ ഉത്പന്ന'മായി മാറിയത്. പേരിന് പുറമെ, ഉള്ളടക്കത്തിന്റെ പേരിലും കോടതി കയറിയ ചിത്രമായിരുന്നു അശോക് ആർ. നാഥ് സംവിധാനം ചെയ്ത 'ഹോളി വൂണ്ട്'. ചിത്രത്തിന്റെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് ഹൈക്കോടിതിയിൽ ഹർജി സമർപ്പിക്കപ്പെട്ടെങ്കിലും കേസിൽ അണിയറ പ്രവർത്തകർക്കായിരുന്നു വിജയം.
നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ 'ഈശോ'യ്ക്ക് സമുദായ സംഘടനകളിൽനിന്ന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് കരുതി ഹർജി തള്ളുകയായിരുന്നു. പിന്നീട് വന്ന നാദിർഷയുടെ 'കേശു, ഈ വീടിന്റെ നാഥനെ'തിരെയും ചില്ലറ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു.
അതേസമയം, ചട്ടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ പേരിലും ഇടപെടാമെന്ന നിലപാടിലാണ് സെൻസർ ബോർഡ്. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ടിലെ സെക്ഷൻ 5B(1), 2024-ലെ സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) റൂൾസിലെ റൂൾ 25 എന്നിവ അനുസരിച്ച് ചിത്രത്തിന്റെ പേര് പരിശോധിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും എക്സാമിനിങ് അല്ലെങ്കിൽ റിവിസിങ് കമ്മിറ്റിക്ക് അധികാരമുണ്ടെന്നാണ് ബോർഡിന്റെ അവകാശവാദം. എന്നാൽ, അവസാന നിമിഷം ചിത്രത്തിന്റെ പേര് മാറ്റേണ്ടിവരുന്നത് നിർമാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് കേരള ഫിലിം ചേംബർ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: The Central Board of Film Certification (CBFC) faces backlash over new guidelines allowing it to suggest title changes for films. Kerala Film Chamber has submitted a letter demanding a review of the controversial directive, citing financial losses for producers. The article highlights historic Malayalam title controversies, including Sathyan Anthikad's classic 'Ponmuttayidunna Tharavu'. Recent films affected by title changes include 'Oru Sarkar Uthpannam' and Suresh Gopi's 'Janaki V v/s State of Kerala'. CBFC asserts its legal authority to inspect and alter titles under Section 5B(1) of the Cinematograph Act, 1952, and Rule 25 of the 2024 Rules.