മലയാളത്തിന്റെ മിനിമം ഗ്യാരന്റി ബ്രാൻഡ്, തൊട്ടതെല്ലാം പൊന്നാക്കി ഭാവനാ സ്റ്റുഡിയോസ്

#മൂവി ഡെസ്ക്
ഭാവനാ സ്റ്റുഡിയോസ് | ഫോട്ടോ: Facebook
ഭാവനാ സ്റ്റുഡിയോസ് | ഫോട്ടോ: Facebook

കുറഞ്ഞചിത്രങ്ങൾകൊണ്ട് മലയാളികൾക്കിടയിൽ ഒരു ബ്രാൻഡായി വളർന്ന നിർമാണക്കമ്പനിയാണ് ഭാവനാ സ്റ്റുഡിയോസ്. നടൻ ഫഹദ് ഫാസിലും സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ചേർന്ന് ആരംഭിച്ച ഈ നിർമാണ കമ്പനി മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത് സിനിമാ പ്രേമികളും സാധാരണപ്രേക്ഷകരും ഒരിക്കലും മറക്കാനാകാത്ത ഒരുപിടി ചിത്രങ്ങളാണ്. ഗിരീഷ് എ.ഡി സംവിധാനംചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റാണ് ഭാവനാ സ്റ്റുഡിയോസ് ഈ ഓണക്കാലത്ത് പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുന്നത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഇതിനോടകംതന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരിക്കുകയാണ്.

നിർമാണക്കമ്പനിയുടെ അമരക്കാരിലൊരാളായ ഫഹദ് ഫാസിലുമായി ചേർത്തുവെയ്ക്കാവുന്ന പേരാണ് ഭാവനാ സ്റ്റുഡിയോസ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്റ്റുഡിയോ ആണ് ഇത്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ ഒരു കഥാപാത്രം തന്നെയായിരുന്നു ഭാവനാ സ്റ്റുഡിയോസ്. തങ്ങൾ മൂവരും ഒന്നിച്ച ആദ്യ ചിത്രത്തിലെ ഈ കഥാപാത്രത്തിന്റെ പേരുതന്നെ ഇവർ ചേർന്ന് രൂപീകരിച്ച നിർമാണക്കമ്പനിക്ക് നൽകി എന്നതാണ് രസകരമായ വസ്തുത.

മധു സി. നാരായണൻ സംവിധാനംചെയ്ത ആദ്യചിത്രമായ കുമ്പളങ്ങി നൈറ്റ്സാണ് ഭാവനാ സ്റ്റുഡിയോസിന്റെ കന്നി നിർമാണ സംരംഭം. 2019ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാളികളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെയെല്ലാം പ്രിയചിത്രമാണ്. കോവിഡ് സമയത്ത് ഒടിടി റിലീസായെത്തിയ ജോജിയും പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ മറ്റൊരു തലം സമ്മാനിച്ചു.

നിർമിച്ച ആദ്യ രണ്ട് ചിത്രങ്ങളിലും ഫഹദ് ഫാസിൽ മുഖ്യവേഷത്തിലുണ്ടായിരുന്നെങ്കിൽ മൂന്നാമത്തെ ചിത്രം മുതൽ ഭാവനാ സ്റ്റുഡിയോസ് ആ പതിവ് തെറ്റിച്ചു. 2022-ൽ പുറത്തിറങ്ങി പാൽതു ജാൻവറിൽ ബേസിൽ ജോസഫായിരുന്നു നായകൻ. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ തങ്കത്തിലാകട്ടെ വിനീത് ശ്രീനിവാസനും ബിജു മേനോനുമായിരുന്നു നായകന്മാർ. 2024-ലാണ് ഭാവനാ സ്റ്റുഡിയോസിന്റെ ബ്രാൻഡ് വാല്യു ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ പിറവി. നസ്ലിൻ, മമിത ബൈജു എന്നിവരെ പ്രധാനവേഷങ്ങളിൽ അവതരിപ്പിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു മലയാളത്തിലെ ആ വർഷത്തെ മെഗാ ഹിറ്റായി. 130 കോടിയോളമാണ് ചിത്രം ബോക്സോഫീസിൽ വാരിക്കൂട്ടിയത്. ശ്യാം പുഷ്കരൻ ഈ ചിത്രത്തിൽ രസകരമായൊരു കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു.

കൃത്യം രണ്ടുവർഷത്തിനുശേഷം ഭാവനാ സ്റ്റുഡിയോസ് പ്രേക്ഷകർക്ക് നൽകിയ ഓണം പാക്കേജാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡിയുമായി ഭാവനാ സ്റ്റുഡിയോസ് വീണ്ടുമൊന്നിച്ച ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. മമിത നായികയും. ആദ്യ ഷോ മുതൽ കയ്യടികളോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്.

ജസ്റ്റിൻ, ആഷ്‍ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ ഡി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.


ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

Content Highlights: Founded by Fahadh Faasil, Dileesh Pothan, and Syam Pushkaran, Bhavana Studios has evolved into one of Malayalam cinema's most successful and trusted production houses, delivering iconic blockbusters from Kumbalangi Nights and Premalu to their latest Onam hit Bethlehem Kudumba Unit.