അമ്മ-മകൻ ബന്ധത്തിന് രാജ്യങ്ങളുടെയോ ഭാഷയുടെയോ ആളുകളുടെയോ അതിരുകളില്ല-ചിദംബരം

മഞ്ഞുമ്മൽ ബോയ്‌സിനുശേഷം ചിദംബരം സംവിധാനംചെയ്ത 'ബാലൻ ദി ബോയ്' സിനിമ തിയേറ്ററുകളിൽ മുന്നേറുന്നു. ജിത്തു മാധവന്റെ തിരക്കഥയിലൊരുങ്ങിയ സിനിമയുടെ സംഗീതം സുഷിൻ ശ്യാമും ക്യാമറ ഷൈജു ഖാലിദും ചിത്രസംയോജനം വിവേക് ഹർഷനുമാണ്. സിനിമയിൽ പ്രാധാന്യമുള്ള വേഷത്തിൽ ബാലന്റെ അമ്മയായെത്തിയ നടി ഫർസാന പാലത്തിങ്കലിന്റെ പ്രകടനം ചിത്രത്തിന് മുതൽക്കൂട്ടായി.
കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതുമുതൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ബാലൻ'. ട്രെയ്ലർ പുറത്തുവന്നപ്പോൾത്തന്നെ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അമ്മയും മകനും ആരെന്ന ചോദ്യം ഉയർന്നിരുന്നു. തൃശ്ശൂരിൽ ജനിച്ച് ദുബായിൽ വളർന്ന ഫർസാന പാലത്തിങ്കലും ആലപ്പുഴ സ്വദേശിയായ ആദിശേഷനുമാണ് പ്രേക്ഷകരെ ഞെട്ടിച്ച ആ അമ്മയും മകനും. സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കുന്നു സംവിധായകൻ ചിദംബരം.
ബാലൻ എന്ന സിനിമ മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ മുന്നേറുന്നു. എത്രത്തോളം സന്തോഷമുണ്ട്
=പരീക്ഷണസിനിമകൾ ആളുകൾ കാണുന്നതിലും അവർക്കത് ഇഷ്ടപ്പെട്ടതിലും സിനിമ കാണാൻ മറ്റുള്ളവരോടുകൂടി അവർ പറയുന്നതിലും വളരെയധികം സന്തോഷമുണ്ട്. ഒരു സിനിമയും പൂർണതയിലെത്തിയെന്ന് വിശ്വസിക്കുന്നില്ല. അഭിനന്ദനങ്ങൾ മാത്രമല്ല, വിമർശനങ്ങളും സ്വീകരിക്കുന്നു. സിനിമ കണ്ടവരാണ് വിമർശിക്കുന്നതെങ്കിൽ, അവർ സിനിമ കാണാൻ കാണിച്ച മനസ്സിന് ആദ്യം നന്ദിപറയുന്നു. ബാലന്റെ കഥ പ്രേക്ഷകർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്, വിമർശനങ്ങൾ ഉണ്ടാകണം. അവയെ സ്വാഗതം ചെയ്യുന്നു. അഭിപ്രായങ്ങളെ മാനിക്കുന്നു.
തിയേറ്റർ റിലീസിനുമുൻപ് സിനിമ ആദ്യമായി പ്രദർശനത്തിനെത്തുന്നത് 2026-ലെ കാൻ ഫെസ്റ്റിവലിൽ ആയിരുന്നല്ലോ. അന്നത്തെ അനുഭവം
=കാനിൽ ഫിലിം മാർക്കറ്റിലാണ് സിനിമ പ്രദർശിപ്പിച്ചത്. പല രാജ്യങ്ങളിൽനിന്നുമുള്ള ആളുകൾ കാണാനുണ്ടായിരുന്നു. സബ്‌ടൈറ്റിൽ ഉണ്ടായിരുന്നുതിനാൽ ഭാഷ പ്രശ്‌നമായിരുന്നില്ല. എന്നാൽ, അതിനെക്കാളുപരി, ഭാഷയ്ക്ക് അതീതമാണ് അമ്മയും മകനും തമ്മിലുള്ള ബന്ധം. അമ്മ-മകൻ ബന്ധത്തിന് രാജ്യങ്ങളുടെയോ ഭാഷയുടെയോ ആളുകളുടെയോ അതിരുകൾ ഇല്ലെന്ന തിരിച്ചറിവുകൂടിയായിരുന്നു അത്. സിനിമ മനസ്സിൽ തട്ടിയെന്ന് എല്ലാവരും പറഞ്ഞിരുന്നു.
പ്രേക്ഷകരിൽനിന്നു ലഭിച്ച ഏറ്റവും ഇഷ്ടപ്പെട്ട പ്രതികരണം ഏതായിരിക്കും
=എല്ലാ പ്രതികരണങ്ങളും എനിക്ക് ഒരുപോലെ പ്രധാനപ്പെട്ടവയാണ്. എടുത്തുപറയുകയാണെങ്കിൽ, സത്യൻ സാർ (സത്യൻ അന്തിക്കാട്്) പ്രിയൻ സാർ (പ്രിയദർശൻ), ഭദ്രൻ സാർ, സിബി സാർ (സിബി മലയിൽ), കമൽ സാർ തുടങ്ങി പല സീനിയർ സംവിധായകരും വിളിക്കുകയും അഭിപ്രായം പങ്കുവെക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവരുടെയെല്ലാം സിനിമകൾ ഞാൻ കണ്ടുപഠിക്കുകയും പിന്തുടരുകയും ചെയ്തതാണ്. അതുതന്നെയായിരുന്നു ഏറ്റവും വലിയ സമ്മാനം. പ്രേക്ഷകരിൽനിന്നുമുള്ള പ്രതികരണങ്ങളും ഒരുപാട് സന്തോഷം നൽകി. എല്ലാവരും അവരുടെ അമ്മയെയും കൂട്ടി സിനിമ കാണാൻപോകുന്നു എന്നൊക്കെ കേൾക്കുമ്പോൾ സന്തോഷം.
സിനിമയിൽ അധികവും പരിചിതമല്ലാത്ത മുഖങ്ങളാണ്. ആ തിരഞ്ഞെടുപ്പിനുപിന്നിൽ
=പുതുമനൽകാനും കഥാപാത്രത്തിന്റെ ചലനങ്ങളെ മുൻകൂട്ടിക്കണ്ട് മനസ്സിലാകാതിരിക്കാനുമാണ് പുതുമുഖങ്ങളെ തിരഞ്ഞെടുത്തത്. ആരും കാണാത്ത മുഖങ്ങളാവുമ്പോൾ സിനിമയും ആ കഥാപാത്രങ്ങളും എങ്ങോട്ടാകുമെന്ന് ആർക്കും ഊഹിക്കാൻ കഴിയില്ല. അമ്മകഥാപാത്രമായി ഫർസാനയെ തിരഞ്ഞെടുക്കാൻ കാരണം അവർ ആരെന്നോ എന്തെല്ലാം ചെയ്യുമെന്നോ അവർ നല്ലയാളാണോ അവരെ വിശ്വസിക്കാൻ കഴിയുമോ എന്നൊന്നും ആളുകൾക്ക് പറയാൻ കഴിയില്ല. കഥാപാത്രത്തെ സംശയിക്കും. കഥാപാത്രങ്ങൾ അടുത്തഘട്ടത്തിൽ എന്തുചെയ്യുമെന്ന് ഊഹിക്കാൻ കഴിയില്ല. ത്രില്ലർ സ്വഭാവമുള്ള സിനിമയുടെ കഥപറയാൻ ആ ഘടകം സഹായിച്ചിട്ടുണ്ട്. കൂടാതെ എല്ലാവരും മികച്ച അഭിനേതാക്കളായതിനാൽ ചിത്രീകരണവും വലിയ ബുദ്ധിമുട്ടുണ്ടായില്ല.
ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്‌സ്, ബാലൻ. സംവിധാനം ചെയ്ത മൂന്ന് സിനിമകളും വ്യത്യസ്തമാണല്ലോ. പ്രിയപ്പെട്ട ജോണർ ഏതാണ്
=മൂന്ന് സിനിമകളേ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളൂ. ഏതാണ് ജോണർ എന്ന് ഞാനും തിരിച്ചറിയുന്നതേയുള്ളൂ. ഭാവിയിൽ ധാരാളം സിനിമകൾ ചെയ്തുകഴിയുമ്പോൾ എന്റെ ടേസ്റ്റ് മനസ്സിലാകുമെന്നു കരുതുന്നു. പ്രത്യേകം ഒരു വിഭാഗത്തിൽ ഒതുങ്ങിനിൽക്കണമെന്നില്ല. എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം.
Content Highlights: Chidambaram's directorial journey after Manjummel Boys with 'Balan the Boy'., The film's emotional core focuses on the universal mother-son relationship., Premiere at the 2026 Cannes Film Festival received global appreciation., Strategic use of newcomers to enhance the mystery and thriller elements of the narrative., Director welcomes constructive criticism as part of the cinematic evolution.