ജയന്റെ മരണത്തെക്കുറിച്ച് അവർ പലതും പറഞ്ഞുണ്ടാക്കി; അച്ഛൻ അതൊന്നും ഗൗനിച്ചില്ല

വെള്ളിത്തിരയെ വിറപ്പിച്ച വില്ലനായിരുന്നു ബാലന് കെ നായര്‍. സിനിമയില്‍ കാണുമ്പോഴെല്ലാം പ്രേക്ഷകര്‍ ഭയപ്പെട്ടു. നാടകവേദികളില്‍ രാകിമിനുക്കിയ ആ അഭിനമികവ് സിനിമയിലും ക്രൂര വേഷങ്ങള്‍ക്ക് ഭാവപ്പകര്‍ച്ചകള്‍ക്ക് തീക്ഷണത നല്കി.
പി.ജെ.ആന്റണിക്കും, കൊട്ടാരക്കരയ്ക്കും ശേഷം മലയാള സിനിമയില്‍ പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമായി ബാലന് കെ നായര്‍ വളര്‍ന്നു. മികച്ച നടനായിട്ടുപോലും വില്ലന്‍ വേഷങ്ങളില്‍ ബാലന് കെ നായരെ മലയാള സിനിമ തടവിലിട്ടു. മറ്റുള്ള വേഷങ്ങള്‍ ചേരില്ലെന്ന് കരുതിയവരുടെ കണക്കൂട്ടലുകളെ തച്ചുടച്ച ഈ അതുല്യ നടന് പ്രേക്ഷകനെ കണ്ണീരിലാഴ്ത്തിയ എത്രയോ വേഷങ്ങളും കാഴ്ചവച്ചു.. അഭിനയമികവിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ അദ്ദേഹത്തെ തേടിയെത്തി.
അഭിനയത്തോടുള്ള കമ്പം ചെറുപ്പത്തിലേ തലയ്ക്കുപിടിച്ച കോഴിക്കോട് പാറക്കുളങ്ങര കരുണാട്ടു വീട്ടില്‍ ബാലന് പതിനാലാം വയസ്സുമുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങി. അറുപതുകളില്‍ നാടകാചാര്യന് കെ.ടി മുഹമ്മദ്, തിക്കോടിയന്, ടി. ദാമോദരന്‍ എന്നിവരുടെ നാടകങ്ങളിലൂടെ പ്രൊഫഷണൽ നാടകവേദിയില്‍ സജീവമായ ബാലന്.കെ നായര്‍ സ്വന്തമായി നാടകം എഴുതി അവതരിപ്പിച്ചു.
സംഗമം തീയേറ്റേഴ്സ്, കല എന്നീ നാടക സമിതികളില്‍ സജീവമായി. മലയാള സിനിമയിലേക്ക് വരുന്നതിന് മൂമ്പ് ഹിന്ദി സിനിമയില്‍ സാക്ഷാല്‍ ദേവാനന്ദിന് വേണ്ടി സ്റ്റണ്ട് രംഗങ്ങളില്‍ ഡ്യൂപ്പായി അഭിനയിച്ചു. ശങ്കര്‍ മൂര്‍ത്തിയുടെ സര്‍ഹദിലാണ് അദ്ദേഹം ഡ്യൂപ്പായത്. ഈ കാര്യം അധികമാര്‍ക്കും അറിയില്ല എന്നതാണ് സത്യം.
1970 ല്‍ വിന്‍സെന്റിന്റെ നിഴലാട്ടത്തില്‍ ബാലന് എന്ന കഥാപാത്രമായി അരങ്ങേറിയ ബാലന് കെ നായര്‍ രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയുടെ ഭാഗമായി ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്നു. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്താര്‍ബുദം മൂലമാണ് അദ്ദേഹം മരണത്തിന് മുന്നില്‍ കീഴടങ്ങിയത്. വെള്ളിത്തിരയെ വിറപ്പിക്കുമ്പോഴും വീട്ടില്‍ സ്നേഹം ചൊരിഞ്ഞ അച്ഛനെ ഓര്‍ക്കുകയാണ് മകന് മേഘനാഥന്.
വിരുന്നുകാരനായ അച്ഛൻ
വില്ലന്‍ വേഷങ്ങളിലാണ് അച്ഛനെ പ്രേക്ഷകര്‍ കൂടുതലും കണ്ടിട്ടുള്ളതെങ്കിലും വീട്ടില്‍ അങ്ങനെയല്ലായിരുന്നു. വളരെ കൂളായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. സത്യത്തില്‍ ഞങ്ങള്‍ മക്കള്‍ക്ക് അച്ഛനെ അധികം അടുത്ത് കിട്ടിയിട്ടില്ല. സിനിമയിലെത്തിയതിനുശേഷം അദ്ദേഹം എപ്പോഴും തിരക്കിലായിരുന്നു. മിക്ക സമയവും മദ്രാസിലായിരുന്നു. നാലും അഞ്ചും പടങ്ങളൊക്കെ ഉണ്ടാവാറുള്ള അച്ഛന് അവിടെ രാമകൃഷ്ണ എന്നൊരു ഹോട്ടലില്‍ സ്ഥിരംമുറിയാണ്. വരുമ്പോള്‍ രാവിലെയുള്ള മംഗലാപുരം മെയിലിന് വന്നാല്‍ വൈകുന്നേരം മദ്രാസിലേക്ക് മടങ്ങാറാണ് അച്ഛന്റെ പതിവ്. പിന്നീട് മലയാള സിനിമ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വന്നതിന് ശേഷമാണ് അച്ഛന് ഞങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത്.
കുട്ടിക്കാലത്ത് ഷൊര്‍ണൂരാണ് ഞാന്‍ പഠിച്ചത്. അതോടെ പത്താം ക്ലാസായപ്പോള്‍ അച്ഛന് എന്നെ മദ്രാസിലേക്ക് കൊണ്ടുപോയി. തുടര്‍ന്നുള്ള പഠനം അവിടെയായിരുന്നു. അങ്ങനെയാണ് ഞാന്‍ മദ്രാസിലെത്തുന്നത്. അന്ന് അച്ഛന്റെ കൂടെയായിരുന്നു താമസം. ഞാന്‍ എപ്പോഴും ഇപ്പോഴും അറിയപ്പെടുന്നത് ബാലന് കെ. നായരുടെ മകനായിട്ടാണ്. അതില്‍ വല്ലാത്ത അഭിമാനവും സന്തോഷവുമുണ്ട്.
സിനിമ ശാശ്വതമല്ലെന്ന് അച്ഛൻ പറയാറുണ്ടായിരുന്നു
ഞാന്‍ സിനിമയില്‍ മുഖം കാണിക്കുന്നത് അദ്ദേഹത്തിന്റെ അസ്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു. ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത് പഞ്ചാഗ്നിയിലും. അച്ഛന്റെ മേല്‍വിലാസത്തിലാണ് സിനിമയില്‍ വന്നതെങ്കിലും നമുക്ക് വേണ്ടി മറ്റുള്ളവരുടെ അടുത്ത് ശുപാര്‍ശ ചെയ്യുന്ന രീതിയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. സിനിമ ശാശ്വതമായ ഒരു തൊഴിലല്ലെന്നും സിനിമ കിട്ടാതായാല്‍ ജീവിക്കാന്‍ മറ്റൊരു തൊഴില്‍ പരിശീലിക്കണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്ന് സ്വന്തമായി വര്‍ക്ക് ഷോപ്പ് ഉണ്ടായിരുന്നു. അതിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്താന്‍ ചെറുപ്പത്തിലേ പരിശീലിപ്പിച്ചിരുന്നു.
ജയന്റെ മരണം...
അന്നത്തെ കാലത്ത് ജയനെ ബാലന് കെ നായര്‍ കൊന്നതാണെന്നൊക്കെ ചിലർ എഴുതിവിട്ടു. ചിലരെഴുതി ജയന് അമേരിക്കയിലാണ് രക്ഷപ്പെട്ടു എന്നൊക്കെ. കോളിളക്കത്തിന്റെ സെറ്റിനിടെ നടന്ന അപകടത്തില്‍ അച്ഛനും പരിക്കേറ്റിരുന്നു. കാലിന്റെ എല്ലുപൊട്ടിയിരുന്നു. ചികിത്സയിലായിരുന്നു അദ്ദേഹം. ജയന് മരിച്ച വിവരം കുറച്ച് ദിവസം കഴിഞ്ഞാണ് അച്ഛനെ അറിയിക്കുന്നത്. അദ്ദേഹത്തിന് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ല. വല്ലാത്ത വിഷമമായി. അതിനിടെ അച്ഛന് ഓപ്പോള് എന്ന സിനിമയുടെ ഡബ്ബിങ് തീര്‍ത്തു. വില്‍ചെയറിലാണ് അദ്ദേഹത്തെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയിരുന്നത്.
ഗോസിപ്പുകളൊന്നും അച്ഛനെ ബാധിച്ചിട്ടില്ല. മഞ്ഞപത്രക്കാര്‍ എഴുതുന്ന വാര്‍ത്തകളും കുപ്രചരണങ്ങളൊന്നും അച്ഛന് ശ്രദ്ധിക്കാറില്ല. ആദ്യം കുറച്ചു വിഷമമൊക്കെ തോന്നിയിരുന്നു. പിന്നെ പുസ്തകം ചെലവാക്കാനുള്ള തന്ത്രമാണെന്ന് അദ്ദേഹത്തിന് മനസ്സിലായതോടെ അതൊന്നും ഗൗനിക്കാറില്ലായിരുന്നു. തെറ്റു ചെയ്തിട്ടില്ലെന്ന് സ്വന്തം മനസാക്ഷിക്ക് ബോധ്യമുണ്ടെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് എന്തിന് വിഷമിക്കണം-അതായിരുന്നു അച്ഛന്റെ നിലപാട്. വാര്‍ത്തകള്‍ കണ്ട് ഭയന്ന്, പുറത്തിറങ്ങാതെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെയൊന്നും അദ്ദേഹം ഇരുന്നിട്ടില്ല. കോളിളക്കത്തിന്റെ അണിയറ പ്രവര്‍ത്തകരോ അല്ലെങ്കില്‍ സിനിമയിലുള്ള സുഹൃത്തുക്കളോ ഒന്നും ബാലന് കെ നായര്‍ എന്ന വ്യക്തിയെ തെറ്റിദ്ധരിച്ചിട്ടില്ല.
Content Highlights: Actor Balan K Nair son Meghanadan Interview talks about father, Jayans death Controversy, Kolilakkam Movie
Content Highlights: