കൊമ്പനും രാജവെമ്പാലയും വന്നാൽ ജീവനുംകൊണ്ട് ഓടാം; ബച്ചൻ വന്നുനിന്നാൽ എന്തുചെയ്യാൻ?

ഇതിഹാസതുല്യനായ അമിതാഭ് ബച്ചന്റെ മുന്നിൽ നവാഗതനായ ആ സംവിധായകൻ നിൽക്കുന്നു. അദ്ഭുതത്തോടെ, അമ്പരപ്പോടെ, വിനയത്തോടെ... ആറടിയിൽ ഉയർന്നുനിന്ന ആ മനുഷ്യൻ തോളിൽ കൈവെച്ചപ്പോൾ ഭയം എന്ന വികാരം മാഞ്ഞുപോയി... ആ നവാഗതന് അതൊരു അനുഗ്രഹംപോലെയായിരുന്നു...
ഞങ്ങളുടെ അന്തിക്കാട് വീട്ടിൽ ഇതുവരെ കടകളിൽനിന്ന് അരി വാങ്ങിക്കേണ്ടിവന്നിട്ടില്ല. വീട്ടിൽനിന്നും കഷ്ടി ഒരു കിലോമീറ്റർ പോയാൽ, അതിരുകാണാത്ത നെൽപ്പാടങ്ങളാണ്. ഒരുവിധം എല്ലാ വീട്ടുകാർക്കും അവിടെ കൃഷിയുണ്ട്. അവിടെ വിളയുന്ന നെല്ല് ആവശ്യത്തിനനുസരിച്ച് പത്തായത്തിൽ നിന്നെടുത്ത് അമ്മയുടെ സംവിധാനത്തിൽ പുഴുങ്ങി ഉണക്കിയെടുത്ത് ചാക്കുകളിലാക്കും. ജങ്ഷനിലുള്ള മില്ലിൽ അത് കുത്തിയെടുത്ത് അരിയാക്കിമാറ്റുന്നത് ഞങ്ങൾ മക്കളുടെ ജോലിയാണ്. ഇന്റർനെറ്റ് ഡയപ്പർ ഇട്ടുനടക്കുന്ന, തിയേറ്ററിൽ ക്യൂ നിന്നാൽമാത്രം ടിക്കറ്റ് കിട്ടുന്ന, കേരളത്തിൽ ഉത്തരേന്ത്യൻ തൊഴിലാളികൾ വന്നുതുടങ്ങിയിട്ടില്ലാത്ത, വീട്ടിലുള്ള എല്ലാവർക്കും ആധാർ കാർഡും മൊബൈൽ ഫോണും ഇല്ലാത്ത കാലം. സൈക്കിളിന് പുറകിൽവെച്ച നെല്ലിൻചാക്ക് വീഴാതിരിക്കാൻ ഒരു കൈകൊണ്ട് പിടിച്ച്, മറുകൈകൊണ്ട് ചവിട്ടും നേരം 'ഗ' പോലെയുള്ള ഒരു ക്രിട്ടിക്കൽ വളവ് കഴിഞ്ഞോ മറ്റോ ആണെന്നാണ് എന്റെ ഓർമ, എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മഹാദ്ഭുതങ്ങളുടെ ലിസ്റ്റ് വെറുതേ ഞാനങ്ങിട്ടു തുടങ്ങി. രണ്ടെണ്ണമേ അന്ന് കിട്ടിയുള്ളൂ. സത്യൻ അന്തിക്കാടെന്ന, മലയാളികളിഷ്ടപ്പെടുന്ന സിനിമാ സംവിധായകന്റെ മകനായി ഞാനെങ്ങനെ ഈ ഭൂമിയിൽ ജനിച്ചു എന്നതാണ് ആദ്യത്തേത്. അങ്ങനെ ജനിച്ച സ്പോട്ടിൽ എന്റെ അതേ രൂപത്തിലും ശബ്ദത്തിലും വേറൊരുത്തൻകൂടി എങ്ങനെയെത്തി എന്നതാണ് രണ്ടാമത്തേത്.
അതൊരു ശീലമായി. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഞാനാ ലിസ്റ്റ് പുതുക്കിത്തുടങ്ങി. ഞാനോടിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ രാത്രി റോഡ് ക്രോസ് ചെയ്യുമ്പോൾ ശരംപോലെവന്ന ഒരു ലോറി മാമ്പഴം ചെത്തുന്നപോലെ അതിന്റെ മുൻവശം ഇടിച്ച് തെറിപ്പിച്ചിട്ടും അകത്തിരുന്ന ഞങ്ങൾക്ക് ഒരു പോറൽപോലും പറ്റാതിരുന്നത്, ഇന്നസെന്റ് അങ്കിളുമായി ഗാഢമായ ആത്മബന്ധം ഉണ്ടാക്കാൻപറ്റിയത്, ചില്ലറ പെറ്റി കേസിന്റെ പേരിൽ നിവിൻ പോളിയുമായി വഴക്കിട്ട് ഇങ്ങനെ ഒരു സിനിമ ചെയ്യേണ്ട ആവശ്യമില്ല എന്ന് തീരുമാനിച്ച് പിരിഞ്ഞ് പിന്നീട് അതേ പടംതന്നെ ഒറ്റക്കെട്ടായി ചെയ്ത് സൂപ്പർഹിറ്റടിച്ചത്-സർവ്വം മായയെന്നപോലെ ഇതെല്ലാം നിറഞ്ഞ് ആ അദ്ഭുതച്ചെപ്പ് മനസ്സിനകത്ത് വലുതായിത്തുടങ്ങി. ഈയടുത്ത് ആ അദ്ഭുതച്ചെപ്പിന്റെ ഉയരം നിന്ന നിൽപ്പിൽ ആറടി പൊങ്ങി. മുംബൈയിൽ ഒരു സ്റ്റുഡിയോയിൽവെച്ച് അമിതാഭ് ബച്ചൻ എന്ന, ഇന്ത്യകണ്ട എക്കാലത്തെയും സൂപ്പർതാരത്തിനോട് ക്യാമറയ്ക്കു പിന്നിൽനിന്ന് ഞാൻ 'ആക്ഷൻ' പറഞ്ഞപ്പോഴായിരുന്നു അത്.
ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് നമ്മൾ എത്തിപ്പെടുന്നതിനെയാണല്ലോ ഭാഗ്യം എന്ന് വിളിക്കുന്നത്. ഇത്തവണ എനിക്കായി ആ സ്ഥലവും സമയവും നിശ്ചയിച്ചത് കല്യാൺ ജ്വല്ലേഴ്സാണ്. തൃശ്ശൂരിലെ ഓഫീസിൽവെച്ച്, ഏറെ ചർച്ചചെയ്തുണ്ടാക്കിയ പുതിയ പരസ്യചിത്രത്തിന്റെ കഥ അവരെന്നോട് പറഞ്ഞു. അമിതാഭ് ബച്ചൻ എന്ന താരമുള്ള, വലിയ കാൻവാസിൽ ഒരുക്കേണ്ട ആ ദൗത്യമേൽപ്പിക്കുന്നതിന് പുറകിൽ, സ്നേഹത്തിനും സൗഹൃദത്തിനുമൊപ്പം എന്നോടുള്ള വിശ്വാസവുമുണ്ടെന്ന് മനസ്സിലാക്കിയ നിമിഷം ഞാനതിന്റെ ഭാഗമായി. 'ബോംബെ', 'ഗുരു' എന്നീ മണിരത്നം സിനിമകളുടെ ക്യാമറചലിപ്പിച്ച, 'മിൻസാരക്കനവും' 'കണ്ട് കൊണ്ടേൻ കണ്ട് കൊണ്ടേനും' ഒട്ടേറെ പരസ്യചിത്രങ്ങളും സംവിധാനംചെയ്ത രാജീവ് മേനോൻ എന്ന മറ്റൊരദ്ഭുതത്തെ ഈ ചിത്രം ക്യാമറയിലാക്കാൻ ഞങ്ങൾ സമീപിച്ചു. ഇത്രയും അതികായരായ കലാകാരന്മാരും ലോകമെങ്ങുമെത്തിനിൽക്കുന്ന ഒരു ബ്രാൻഡും നൽകുന്ന ഉത്തരവാദിത്വം ഭയമായിമാറാതെ നോക്കുകയായിരുന്നു ആദ്യമൊക്കെ എന്റെ വെല്ലുവിളി. മികച്ചൊരു ടീം കൂടെയുണ്ടെന്ന വിശാസത്തിൽ മനസ്സർപ്പിച്ച് മുന്നോട്ടുപോവുക മാത്രമാണ് അന്നെല്ലാം ഞാൻ ആകെ ചെയ്തത്.
മുംബൈയിലും ചെന്നൈയിലുമുള്ള സെറ്റുകളിലും കേരളത്തിലുള്ള ഒരു ഉൾവനത്തിലുമായാണ് ഞങ്ങൾ ഈ പരസ്യചിത്രത്തിന്റെ ഷൂട്ട് പ്ലാൻ ചെയ്തത്. ഓരോ സ്ഥലത്തും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഒരു കൂറ്റൻ സെറ്റുയർത്തുന്നതിന്റെ ടെൻഷനായിരുന്നു ചെന്നൈയിൽ. എപ്പോൾ വേണമെങ്കിലും ഷൂട്ടിങ് കാണാൻ വരുമെന്ന് വനംവകുപ്പ് മുന്നറിയിപ്പുതന്ന ചിലരായിരുന്നു കേരളത്തിലെ കാട്ടിലെ ഭീഷണി. രണ്ടുപേരെ കൊന്നതിനുശേഷം കാടുകയറിയ ഒരു ആനക്കൊമ്പനും ഫോറസ്റ്റുകാർ നാട്ടിൽനിന്നും പിടിച്ച് ഞങ്ങൾ ഷൂട്ടുചെയ്യുന്ന അരുവിക്കടുത്തായിവിട്ട രാജവെമ്പാലകളും. ഈ രണ്ടുകൂട്ടരും വന്നാൽ എനിക്ക് ജീവനുംകൊണ്ട് ഓടാം. മുംബൈയിൽ സ്റ്റുഡിയോ ഫ്ളോറിൽ എല്ലാവരും നോക്കിനിൽക്കേ സാക്ഷാൽ അമിതാഭ് ബച്ചൻ വന്നുനിൽക്കുമ്പോൾ സംവിധായകനായ ഞാൻ എങ്ങോട്ടോടാനാണ്!
മുഴുവൻ ഷൂട്ട് യൂണിറ്റുമായി, എല്ലാം സജ്ജീകരിച്ച് മുംബൈയിൽ ഫിലിം സിറ്റിയിലെ ഒന്നാം നിലയിലുള്ള സ്റ്റുഡിയോയിൽ ബച്ചൻസാറിനായി കാത്തുനിൽക്കുമ്പോൾ ഇതൊരു ഭാഗ്യമാണെന്നും ഓരോ നിമിഷവും ആസ്വദിക്കേണ്ടതാണെന്നും ഞാനെന്റെ വേഗം കൂടുന്ന ഹൃദയമിടിപ്പിനോട് പറഞ്ഞുകൊണ്ടേയിരുന്നു. വാക്കി ടോക്കിയിലൂടെ ബച്ചൻസർ സെറ്റിലേക്കുവരുന്നു എന്ന സന്ദേശം വന്നതും മുഴുവൻ സെറ്റും നിശ്ശബ്ദമായി. മുന്നിൽക്കാണുന്ന എല്ലാവരും എന്റെ തോളത്തുതട്ടി ധൈര്യം തന്നുകൊണ്ടിരുന്നു. ഞാൻ ആൾക്കൂട്ടത്തിൽ നിന്നും മാറി, സംഗീതസംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ ഈ പരസ്യത്തിനായി ഈണമിട്ട പാട്ട് ഹെഡ്ഫോണിൽ പ്ലേ ചെയ്ത്, മനസ്സിനകത്ത് എടുക്കേണ്ട ഷോട്ടുകൾ കൃത്യമായി അടുക്കിവെച്ചുകൊണ്ട്, കൈകൊണ്ട് തുറക്കുന്ന ഗ്രില്ലുള്ള വലിയൊരു ലിഫ്റ്റിനടുത്തേക്ക് നടന്നു. ലൈറ്റുകൾ കൊണ്ടുവരാനുള്ള ആ ലിഫ്റ്റ് താഴെനിന്നാരോ വലിച്ചടയ്ക്കുന്ന ശബ്ദം ചെവിയിലുള്ള പാട്ടിനൊപ്പവും സ്വന്തം പാട്ടിന് പോകുന്ന ഹൃദയമിടിപ്പിനൊപ്പവും കേൾക്കാം. ഞാനല്പംകൂടി മുന്നിലേക്ക് നടന്നു.
എങ്ങനെയായിരിക്കാം അദ്ദേഹത്തെ ആദ്യമായി മുഖാമുഖം കാണുക എന്ന് ഞാനാലോചിച്ചു നോക്കിയിട്ടുണ്ട്. പല സാധ്യതകളാണ്. ഒന്നുകിൽ എന്നെ വാനിറ്റി വാനിലേക്കോ മറ്റോ വിളിപ്പിച്ച് എന്താണ് ഷൂട്ട് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് ചോദിക്കാം. അല്ലെങ്കിൽ സ്റ്റുഡിയോയുടെ വാതിലിലൂടെ വളരെ സാധാരണമായിവന്ന് പരിചയപ്പെടാം. എന്നാൽ, ഇതൊന്നുമല്ലാതെ ഒരു ഗംഭീര സിനിമാറ്റിക് അനുഭവമായിരുന്നു എന്റെ 'അമിതാഭ് ബച്ചൻ മൊമന്റ്'. ലിഫ്റ്റ് വരുന്നതുംനോക്കി നിൽക്കുന്ന ഞാൻ കാണുന്നത് ഇരുട്ടിനെ മുറിച്ചുകൊണ്ട് താഴെനിന്നുള്ളൊരു വെളിച്ചത്തിന്റെ വരവാണ്. ഭൂമിക്കടിയിൽനിന്ന് ഒരു ജ്വാല ഉയരുന്നതുപോലെ ആ വലിയ ലിഫ്റ്റിനകത്തുനിന്നുള്ള ട്യൂബ് ലൈറ്റിന്റെ വെള്ളിവെളിച്ചത്തിൽ, തൂവെള്ള വേഷം ധരിച്ച് അതിതേജസ്സുള്ള ഒരു രൂപം എന്റെ മുന്നിലേക്ക് ഉയർന്നുവന്നുനിന്നു.
ശാന്തമായൊരു കടൽ കൺമുന്നിൽ പ്രത്യക്ഷപ്പെടുന്നതുപോലെ. ചില കാഴ്ചകൾ എക്കാലത്തേക്കുമുള്ള മെന്റൽ സ്ക്രീൻഷോട്ടുകളാണ്. അത്തരത്തിലൊന്നായിരുന്നു എനിക്കത്.
ലിഫ്റ്റിൽനിന്നും നടന്നുവന്ന അദ്ദേഹത്തോട് ഞാൻ സ്വയം പരിചയപ്പെടുത്തി. രാജീവ് മേനോൻ സാറിനോടും കല്യാൺ ടീമിനോടും സ്നേഹം പങ്കുവെച്ച് അദ്ദേഹം ക്യാമറയ്ക്കുമുന്നിൽനിന്ന് എന്നെ നോക്കി. കൈയിൽ മുറുക്കിപ്പിടിച്ച ധൈര്യത്തോടെ അരികിലെത്തി ഞാൻ പരസ്യത്തിന്റെ കഥ അദ്ദേഹത്തോട് വിശദമായി പറഞ്ഞു. അതിശ്രദ്ധയോടെയാണ് അദ്ദേഹം കേൾക്കുന്നത്. പറഞ്ഞ കഥ കാഴ്ചകളായി അദ്ദേഹത്തിന്റെ കണ്ണിൽനിന്നു തിരിച്ചെനിക്കു കാണാം. ഒരു അഭിനേതാവ് എങ്ങനെയാണ് ഒരു പ്രതിഭാസമായി മാറിയതെന്ന് അതോടെ എനിക്ക് മനസ്സിലായി. ക്യാമറയ്ക്കരികിൽ തിരിച്ചുവന്ന്, ഞാനെക്കാലവും ഓർമിക്കാൻപോകുന്ന 'ആക്ഷൻ' പറഞ്ഞതും അദ്ദേഹം അഭിനയിച്ചു തുടങ്ങി. വെറും ഇരുപത് മിനിറ്റിൽ താഴെ സമയംകൊണ്ട് ഒരു മണിക്കൂറിൽ മേലെ പ്ലാൻ ചെയ്ത ഷോട്ടുകൾ ഞങ്ങൾ ചെയ്തുതീർത്തു. എനിക്കപ്പോൾ ഒട്ടും ഭയംതോന്നിയിരുന്നില്ല. ധൈര്യമെന്ന് പറയുന്നത് ഭയമില്ലാതിരിക്കുന്ന അവസ്ഥയല്ല, മറിച്ച് ഭയത്തെക്കാൾ പ്രധാനമായ മറ്റെന്തോ ഉണ്ടെന്ന തിരിച്ചറിവാണ് എന്നെവിടെയോ വായിച്ചിട്ടുണ്ട്. അതെന്താണെന്ന് അദ്ദേഹം ഫോട്ടോയ്ക്കായി ചേർത്തുനിർത്തി തോളിൽ കൈയിട്ടപ്പോൾ എനിക്ക് മനസ്സിലായി. ആ സ്പർശം അനുഗ്രഹംപോലെയാണ് എനിക്ക്്് അനുഭവപ്പെട്ടത്. അപ്പോൾമുതൽ ഞാനെന്റെ അദ്ഭുതച്ചെപ്പ് തുറന്നുവെച്ചു. ഇപ്പോഴും അവിശ്വസനീയമാംവിധം അത് തുറന്നുതന്നെയിരിക്കുന്നു.
Content Highlights: Director Akhil Sathyan recalls his experience directing legendary actor Amitabh Bachchan for a Kalyan Jewellers advertisement. The shoot was filmed across sets in Mumbai, Chennai, and a forest location in Kerala under challenging conditions. Renowned cinematographer and director Rajiv Menon handled the camera, while Justin Prabhakaran composed the music for the ad. Akhil describes his first encounter with Amitabh Bachchan at Mumbai Film City as an unforgettable, surreal "cinematic moment." The megastar completed shots planned for over an hour in less than twenty minutes with absolute precision and grace.