മോഹൻലാലിന്റെ ജൂനിയർ, ജാക്കിയുടെ വലംകൈ; ‘സ്ഥി.വാ.ഗു’വായ വില്ലൻ, ഹാസ്യവേഷങ്ങളിലും തിളങ്ങിയ സന്തോഷ്

വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയ നടനാണ് വാഹനാപകടത്തിൽ അന്തരിച്ച നടൻ സന്തോഷ് കെ. നായർ. 1982-ൽ ഇത് ഞങ്ങളുടെ കഥ എന്ന പി.ജി. വിശ്വംഭരൻ ചിത്രത്തിലൂടേയാണ് അദ്ദേഹം സിനിമയിലെത്തിയത്. 44 വർഷമായി മലയാള സിനിമാരംഗത്ത് സജീവമായി നിൽക്കവെയാണ് അപ്രതീക്ഷിത വിയോഗം.
അവസാനകാലത്ത് കോമഡി വേഷങ്ങളിലേക്ക് സന്തോഷ് കളംമാറിയിരുന്നു. സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടമാണ് അവസാന ചിത്രം. നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലനും ഹാസ്യതാരവും പ്രതിനായകനും സഹനടനും ഏതാനും ചിത്രങ്ങളിൽ നായകനായും തിളങ്ങി.
1960 നവംബർ 12-ന് സി.എൻ. കേശവൻ നായരുടേയും പി. രാജലക്ഷ്മി അമ്മയുടേയും മകനായി തിരുവനന്തപുരത്താണ് ജനനം. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ, സ്കൂൾ വിദ്യാഭാസ്യം. മഹാത്മാഗാന്ധി കോളേജിൽനിന്ന് ഗണിതത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കോളേജ് പഠനകാലത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു.
നായർ സർവീസ് സൊസൈറ്റിയുടെ രാഷ്ട്രീയ പാർട്ടിയായിരുന്ന എൻഡിപിയുടെ വിദ്യാർഥി സംഘടനയുടെ നേതാവായിരുന്നു കോളേജിൽ സന്തോഷ്. ഡിഎസ്യുവിൽ സജീവമായിരുന്ന സന്തോഷ് മാഗസിൻ എഡിറ്റർവരെ ആയിരുന്നു. രാഷ്ട്രീയത്തിൽ സംഘപരിവാറുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ശാഖയിൽപ്പോയിരുന്ന താൻ ശിക്ഷക്, മുഖ്യശിക്ഷക് പദവികൾ വഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എം.ജി. കോളേജിൽ മോഹൻലാലിന്റെ ജൂനിയറായിരുന്നു സന്തോഷ്. പ്രീഡിഗ്രി മോഹൻലാലും സന്തോഷും ഒരേ വർഷമാണ് പൂർത്തിയാക്കിയത്. പിന്നീട് എൻജിനിയറിങ് പഠിക്കാനായി എഎംഐഇ പരിശീലനത്തിന് പോയി. തനിക്കത് വഴങ്ങില്ലെന്ന് കണ്ട സന്തോഷ് എം.ജി. കോളേജിൽ ബിഎസ്സി മാത്സിന് ചേർന്നു. അപ്പോഴേക്കും കൊമേഴ്സിൽ പഠിക്കുന്ന മോഹൻലാൽ ഒരുവർഷം സീനിയർ ആയിരുന്നു.
സ്കൂൾ അധ്യാപികയായ വി. ശുഭശ്രീയാണ് ഭാര്യ. ഒരു മകളുണ്ട്. രാജശ്രീ നായർ.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, രതീഷ്, ശഹ്കർ, ജയറാം, റഹ്മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടേയെല്ലാം വില്ലൻ ജോഡിയായി സന്തോഷ് അഭിനയിച്ചിട്ടുണ്ട്. ഇതു ഞങ്ങളുടെ കഥയിലൂടെ തുടങ്ങിയ സന്തോഷ്, തൊട്ടടുത്ത വർഷം നാണയം, പിൻനിലാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കുള്ള നടനായി. 1985-ൽ 18-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ യുവജനോത്സവത്തിലെ പോസിറ്റീവ് റോളും പിന്നീട് വന്ന മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകൈയായ ലോറൻസ് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പ്രൊപ്രൈറ്റേഴ്സ്: കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിലെ ഹാസ്യപ്രാധാന്യമുള്ള വേഷവും കൈയടി നേടി. ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു.
സിനിമയിലെ വില്ലൻ വേഷങ്ങൾ നായക കഥാപാത്രങ്ങളേക്കാൾ കരുത്തുള്ളതാണെന്നും അവയാണ് തനിക്ക് കൂടുതൽ പ്രിയമെന്നും സന്തോഷ് കെ. നായർ വിശ്വസിച്ചിരുന്നു. ക്രൂരമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചതുമൂലം ജീവിതത്തിൽ ആദ്യമൊക്കെ സ്ത്രീകൾക്ക് തന്നെ ഭയമായിരുന്നുവെന്ന രസകരമായ ഓർമകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്റെ വില്ലൻ വേഷങ്ങളെ 'സ്ഥി.വാ.ഗു' എന്ന ചുരുക്കപ്പേരിട്ടായിരുന്നു വിളിച്ചിരുന്നത്- 'സ്ഥിരം വാടക ഗുണ്ട'.
Content Highlights: 44-year career in Malayalam cinema spanning over 100 films. Began acting career with the 1982 film 'Ithu Njangalude Katha'. Famous for playing 'Sthira Vaadaka Gunda' (permanent hired goon) roles. Academic background in Mathematics from MG College, Thiruvananthapuram. Notable performance as Lawrence in the Mohanlal-starrer 'Irupatham Noottandu'