പുതുവർഷത്തിന്റെ വെള്ളിത്തിരയിൽ കാണാം സിജിന്റെ 'ആട്ടം'

തൃപ്പൂണിത്തുറ പഴയ സ്റ്റാൻഡിനടുത്തുള്ള ഇലക്ട്രിക്കൽ കടയിലേക്ക് നടക്കുമ്പോൾ സിജിൻ അറിയാതെ സെൻട്രൽ തിയേറ്ററിന്റെ ചുവരിലേക്ക് നോക്കും. എത്രയോ താരങ്ങളുടെ പോസ്റ്ററുകൾ കണ്ട് ടിക്കറ്റിനായി ഇവിടെ വിയർത്തൊലിച്ച് ക്യൂ നിന്നിരിക്കുന്നു. ഈ വർഷം സിജിന്റെ മുഖമുള്ള പോസ്റ്ററും ആ ചുമരിലുണ്ടാകും, ആട്ടം എന്ന സിനിമയുടെ.
ജീവിതത്തിരകളിൽ മുങ്ങിപ്പൊങ്ങുമ്പോഴും വെള്ളിത്തിരയായിരുന്നു സ്വപ്നം. ഇരുമ്പനത്തെ വീട്ടിൽ ഭാര്യ സൂര്യയും മക്കളായ അഭിനവിനും ആരവിനും ഒപ്പമിരിക്കുമ്പോൾ മമ്മൂട്ടിച്ചിത്രമായ ബെസ്റ്റ് ആക്ടറിലെ ആ ഡയലോഗ് സിജിൻ ഇടയ്ക്കിടെ അദ്ഭുതത്തോടെ ഓർക്കാറുണ്ട്. ‘‘നിങ്ങൾ ഒരു നടനാകണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതായിരിക്കും...’’ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു.
സന്ധ്യ മയങ്ങുവോളം കടയിൽ പമ്പുകളും ഫാനും മറ്റും നന്നാക്കുക, പിന്നെ ഉത്സവപ്പറമ്പുകളിലെ വേദികളിലേക്ക് ഓട്ടം, പുലർച്ചെ വരെ അഭിനയം. അതുകഴിഞ്ഞ് തളർന്നു മയക്കം, രാവിലെ വീണ്ടും കടയിൽ. സിജിന്റെ ജീവിതം 22 വർഷമായി ഇതാണ്. അതിനും മുൻപാണ് സിനിമാ മോഹവുമായി സിജിൻ പ്രൊഫ. ചന്ദ്രദാസന്റെ ‘ലോകധർമി’യിലെത്തിയത്. ‘സിനിമയല്ല, നാടകമാണ്, വന്നാൽ പഠിക്കാം’എന്നായിരുന്നു ഉത്തരം. അങ്ങനെ അഭിനയം നന്നായി പഠിച്ചു. നാടകസംഘത്തിൽ ചേർന്നു. പിന്നീട് ലോകധർമിയുടെ നാടകസംഘത്തിനൊപ്പം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നാടകം അവതരിപ്പിച്ചു. ഡൽഹിയിലെ ദേശീയ നാടകോത്സവത്തിൽ പലവട്ടം പോയി. മോഹൻലാൽ അഭിനയിച്ച ഛായാമുഖിയിലും വേഷമിട്ടു. അതിനിടെ ഇടിത്തീ പോലെ രണ്ട് വാഹനാപകടങ്ങൾ ഉണ്ടായി.
എട്ടുമാസം കിടപ്പിലായിരുന്നു. നടക്കാറായപ്പോൾ വീണ്ടും നാടകവേദിയിലെത്തി. ഇപ്പോൾ സിജിൻ സിനിമാനടനായിരിക്കുന്നു. 10 പേരുടെ നാടക സംഘത്തിന്റെ കഥ പറയുന്ന ‘ആട്ടം’ സിനിമ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നല്ല സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. ഗോവ ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടനചിത്രമായി. ലോസ് ആഞ്ജലിസ് ഫിലിം മേളയിലും മുംബൈ ജിയോ മാമി മേളയിലും അവാർഡ് നേടി. മറ്റൊരു കൗതുകം കൂടിയുണ്ട്. സിനിമയിലും സിജിന് അതേ പേരാണ്, കഥാപാത്രം ഒരു കട നടത്തുന്നയാളും.
സിജിന്റെ കഥ, ഞങ്ങളുടേയും
ആട്ടത്തിലെ നടന്മാരെല്ലാം സിജിനെപ്പോലെയാണ്. പച്ചക്കറി കച്ചവടം ഉൾപ്പെടെ പല പല ജോലികൾ ചെയ്യുമ്പോഴും നാടകത്തെ നെഞ്ചേറ്റുന്നവർ.
ലോകധർമി അംഗമായ ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയിൽ കലാഭവൻ ഷാജോണും സെറിൻ വഹാബും ഒഴികെയുള്ളവരെല്ലാം ലോകധർമി സംഘാംഗങ്ങൾ. താരമായ വിനയ്ഫോർട്ടിനൊപ്പം വി.ആർ. സെൽവരാജ്, അജികുമാർ, സന്തോഷ് പിറവം, നന്ദൻ ഉണ്ണി, സുധീർ ബാബു, പ്രശാന്ത് മാധവൻ, സനോഷ് പള്ളുരുത്തി, ജോളി ആന്റണി, മദൻ ബാബു എന്നിവർ. ഈ ആഴ്ചയാണ് റിലീസിങ്.
Content Highlights: aattam movie ready to hit theatres, anand ekarshi and vinay forrt movie, actor sijin