‘ആജാരേ പർദേശി’, അപശകുനങ്ങളെ അതിജീവിച്ച അനശ്വര ഗാനം | സലിൽ ചൗധരിയുടെ ജന്മശതാബ്ദി

മധുമതിയിലെ "ആജാരേ പർദേശി" എന്ന പാട്ടിനൊപ്പം മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. മരണത്തിന്റെ നേർത്ത കാലടിയൊച്ചകൾക്ക് കാതോർത്തെന്നോണം നിശ്ചലയായി, നിശബ്ദയായി കണ്ണടച്ചുകിടക്കുന്ന ഒരു മുത്തശ്ശി. കരയാൻ വെമ്പുന്ന മുഖങ്ങളുമായി ചുറ്റും ബന്ധുമിത്രാദികൾ. ഉച്ചത്തിലുള്ള നാമമന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷം. ഇടയ്ക്കെപ്പോഴോ കിടന്ന കിടപ്പിൽ വളരെ പ്രയാസപ്പെട്ട് ചൂണ്ടുവിരലുയർത്തി പേരമകളെ അടുത്തേക്ക് വിളിച്ചുവരുത്തുന്നു മുത്തശ്ശി. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി കട്ടിലിനടുത്തുചെന്ന് നിന്നപ്പോൾ പുരികത്തിന്റെ നേർത്ത ചലനം കൊണ്ട്, തല താഴ്ത്താൻ ആവശ്യപ്പെടുന്നു അവർ. പിന്നെ, അവളുടെ കാതിൽ മന്ത്രിക്കുന്നു-- രണ്ടേ രണ്ടു വാക്കുകൾ: "ആജാരേ പർദേശീ..''
കൂടുതലൊന്നും പറയാതെ പാതിമയക്കത്തിലേക്ക് തിരിച്ചുപോകുന്നു അവർ. കട്ടിലിനടുത്ത്, വെറും നിലത്തിരുന്ന് മുത്തശ്ശിയുടെ കാതിലേക്ക് "മധുമതി''യിലെ ഗാനം മൂളിക്കൊടുക്കുന്നു കൊച്ചുമകൾ. സലിൽ ചൗധരിയുടെ ഈണത്തിൽ ലതാജി പാടി അനശ്വരമാക്കിയ ഗാനം. "മുത്തശ്ശി അവസാനമായി ഉച്ചരിച്ചുകേട്ട വാക്കുകൾ അവയായിരുന്നു. പിന്നീടവർ കണ്ണ് തുറന്നുകണ്ടില്ല. പാട്ടു കേട്ടുകൊണ്ടുതന്നെ മരണത്തിലേക്ക് വഴുതിവീണതാവാം....''-- കൊച്ചുമകൾ പറഞ്ഞു. ലതാ മങ്കേഷ്കർ ഓർമ്മയായ ദിനം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിച്ചു വിളിച്ചതായിരുന്നു ബി ടെക്ക് വിദ്യാർത്ഥിനിയായ ആ ഒറ്റപ്പാലംകാരി. "മുത്തശ്ശിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടായിരുന്നു ആജാരേ പർദേശീ. മറവിരോഗം കലശലായ അവസാനകാലത്തും ആ പാട്ട് മാത്രം മറന്നില്ല അവർ. എപ്പോൾ എന്നെ കണ്ടാലും ആജാരേ പർദേശീ എന്ന് പറയും. പാടി മടുത്ത പാട്ടാണെങ്കിലും മുത്തശ്ശിയുടെ മുഖഭാവം കാണുമ്പോൾ പാടാതിരിക്കാൻ തോന്നില്ല എനിക്ക്. അത്രയ്ക്കും ജീവനാണ് ആ പാട്ട് അവർക്ക്.''
Content Highlights: Discover the captivating story behind `Aaja Re Pardesi` from Madhumati