‘ആ സീനിൽ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു’- സിന്ദഗീ ന മിലേഗി ദൊബാരയിലെ രംഗത്തെ കുറിച്ച് ഫർഹാൻ അക്തർ

#Movie desk
ചിത്രത്തിൽ നസിറുദ്ദീൻ ഷാ, ഫർഹാൻ അക്തർ ജവേദ് അക്തറിനൊപ്പം| ഫോട്ടോ: AFP, youtube
ചിത്രത്തിൽ നസിറുദ്ദീൻ ഷാ, ഫർഹാൻ അക്തർ ജവേദ് അക്തറിനൊപ്പം| ഫോട്ടോ: AFP, youtube

സിന്ദഗീ ന മിലേഗി ദൊബാരാ എന്ന ചിത്രത്തിൽ വളരെ ചുരുങ്ങിയ സമയം മാത്രമാണ് പ്രാധാന കഥാപാത്രങ്ങളിലൊരാളായ ഫർഹാൻ അക്തറിൻ്റെ  അച്ഛനായി നസീറുദ്ദീൻ ഷാ എത്തുന്നത്. എന്നാൽ ഇമ്രാൻ ഖുറൈഷി എന്ന ഫർഹാൻ്റെ കഥാപാത്രത്തിൻ്റെ ഏറ്റവും വൈകാരികമായ സീനാണ് ഇദ്ദേഹത്തിനൊപ്പമുള്ളത്. തൻ്റെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ച ആ രംഗം ചിത്രീകരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഫർഹാൻ.

അച്ഛൻ ജവേദ് അക്തറുമായുള്ള തൻ്റെ സങ്കീർണമായ ബന്ധത്തെ ആ രംഗം  ഓർമിപ്പിച്ചുവെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഫർഹാൻ മനസ്സുതുറന്നു. ‘എനിക്ക് അധികം ഡയലോഗുകൾ ഉണ്ടായിരുന്നില്ല. ഡയലോഗുകൾ നസീർ സാഹിബിനായിരുന്നു. അദ്ദേഹം അവിശ്വസനീയമായ രീതിയിൽ അത് അവതരിപ്പിച്ചു. അയാൾ അത് അദ്യമായി കേൾക്കുന്ന അനുഭവം കൊണ്ടുവരികയായിരുന്നു വേണ്ടത്’- ഫർഹാൻ പറഞ്ഞു.

വൈകാരികമായ ബന്ധം സൂക്ഷിച്ചിരുന്ന വളർത്തച്ഛൻ്റെ മരണ ശേഷമാണ് ചിത്രത്തിൽ ഫർഹാൻ്റെ കഥാപാത്രം തൻ്റെ യഥാർത്ഥ അച്ഛൻ അദ്ദേഹമല്ലെന്ന് അമ്മയിൽ നിന്ന് അറിയുന്നത്. അകന്നുപോയ അച്ഛൻ്റെ കഥാപാത്രത്തെയാണ് നസറുദ്ദീൻ അവതരിപ്പിച്ചത്.

ജവേദ് അക്തറിൻ്റെയും ആദ്യ ഭാര്യയായ ഹണി ഇറാനിയുടേയും മകനാണ് ഫർഹാൻ. അതിനുശേഷമാണ് ജാവേദ്, ശബാന ആസ്മിയെ വിവാഹം കഴിക്കുന്നത്.

തൻ്റെ മാതാപിതാക്കൾ വേർപിരിഞ്ഞതിനെക്കുറിച്ചും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും ചെറുപ്പത്തിൽ തനിക്ക് അച്ഛനോടുണ്ടായിരുന്ന ചോദ്യങ്ങളിലേയ്ക്കും ആ രംഗം തന്നെ തിരികെ കൊണ്ടുപോയെന്ന് ഫർഹാൻ പങ്കുവെച്ചു. താൻ തന്നെ അറിയാതെ ആ രംഗത്തിൽ തൻ്റെ വികാരങ്ങൾ പ്രകടമായെന്നും ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് വളരെ വൈകാരികമായി തോന്നിയെന്നും അഭിനയിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രംഗം ചിത്രീകരിക്കുന്നതിന് താനും നസറുദ്ദീൻ ഷായും റിഹേഴ്സൽ ചെയ്തിട്ടില്ലെന്ന് ഫർഹാൻ വെളിപ്പെടുത്തി. ആദ്യത്തെ കുറച്ച് ടേക്കുകളിൽ രംഗം കൂടുതൽ സ്വാഭാവികമായി അനുഭവപ്പെട്ടുവെന്നും, കാരണം നസുറിദ്ദീൻ ഷാ ആദ്യമായാണ് തന്നോട് അന്ന് സംസാരിക്കുന്നതെന്നും ഫർഹൻ  പറയുന്നുണ്ട്. 

‘അച്ഛനുമായുള്ള ബന്ധം സാധാരണപോലെയാവാന്‍ ശബാന വലിയൊരു റോള്‍ വഹിച്ചിട്ടുണ്ട്’

മാതാപിതാക്കളുടെ വേർപിരിയിൽ കുട്ടിക്കാലത്ത് തന്നിലുണ്ടാക്കിയ വേദനയെക്കുറിച്ചും പിന്നീട് അച്ഛനുമായുള്ള ബന്ധം മെച്ചപ്പെട്ടതിനെ കുറിച്ചും ഫർഹാൻ മുമ്പും പങ്കുവെച്ചിട്ടുണ്ട്.  ''അദ്ദേഹം വീണ്ടും വിവാഹം കഴിച്ചപ്പോള്‍ ചതിക്കപ്പെട്ടതായി എനിക്ക് തോന്നി. അതിനൊപ്പം ദേഷ്യവും. ആ ചെറിയ പ്രായത്തില്‍ അങ്ങനെയൊക്കെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. അച്ഛനുമായുള്ള ബന്ധം സാധാരണപോലെയാവാന്‍ കുറേ സമയമെടുത്തു. അക്കാര്യത്തില്‍ ശബാന വലിയൊരു റോള്‍ വഹിച്ചിട്ടുണ്ട്.''- ഫർഹാൻ മുമ്പ് പറഞ്ഞിരുന്നു. 

''ഒരു ത്രികോണബന്ധം വളരെ വേദനാജനകമായിരുന്നു, പ്രത്യേകിച്ച് അക്കാര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പെടുകയാണെങ്കില്‍. അതുമാത്രമല്ല ആളുകള്‍ പെട്ടെന്ന് അവരുടേതായ നിഗമനങ്ങളിലെത്തും. കുടുംബം തകര്‍ത്തവള്‍ എന്നൊക്കെയാണ് പലരും അന്ന് വിളിച്ചിരുന്നത്. എന്റെ ഭാഗം എനിക്ക് വിശദീകരിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്താല്‍ പലരെയും വേദനിപ്പിക്കേണ്ടതായി വരും. അതുകൊണ്ട് മിണ്ടാതിരുന്നു'', ശബാന ആസ്മി അക്കാലത്തെക്കുറിച്ച് ഇങ്ങനെ ഓർക്കുന്നു.

Content Highlights: Farhan Akhtar reveals the emotional impact of sharing the screen with Naseeruddin Shah in ZNMD, drawing parallels to his own relationship with his father, Javed Akhtar.