ദുരന്തത്തിൽ കലാശിച്ച വിജയശ്രീയുടെ ജീവിതവും ദയനീയമായ മരണവും

#ഭാനുപ്രകാശ്
വിജയശ്രീയും ത്യാഗരാജനും
വിജയശ്രീയും ത്യാഗരാജനും

ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയില്‍ ഒതേനന്റെ മകന്‍ ചിത്രീകരിക്കുമ്പോഴാണ് നടി വിജയശ്രീയെ ത്യാഗരാജന്‍ ആദ്യമായി കാണുന്നത്. സിനിമയ്ക്ക് സംഭാഷണമെഴുതിയ നടന്‍ ഗോവിന്ദന്‍കുട്ടിയാണ് വിജയശ്രീയെ പരിചയപ്പെടുത്തിക്കൊടുത്തത്. 1948 ല്‍ സ്ഥാപിതമായ ഉദയായുടെ അമ്പതാമത്തെ ചിത്രമായിരുന്നു ഒതേനന്റെ മകന്‍. ഉദയായുടെ വടക്കന്‍പാട്ട് ചിത്രങ്ങള്‍ക്കേറെയും സംഘട്ടനസംവിധാനം നിര്‍വഹിച്ചത് ത്യാഗരാജനായിരുന്നു. വിജയശ്രീയുമായുള്ള സൗഹൃദത്തിന് ഒതേനന്റെ മകന്‍ നിമിത്തമായെങ്കിലും ഉദയായുടെ തന്നെ പോസ്റ്റ്മാനെ കാണ്‍മാനില്ല എന്ന ചിത്രത്തോടെയാണ് അഭിനേത്രി എന്നതിനപ്പുറം വിജയശ്രീ എന്ന വ്യക്തിയെ അദ്ദേഹം മനസ്സിലാക്കുന്നത്. അഭിനയസിദ്ധി വേണ്ടുവോളമുണ്ടായിട്ടും വിജയശ്രീ ക്ഷണിക്കപ്പെട്ടത് ഏറെയും അവരുടെ മാദകത്വം നിറഞ്ഞുതുളുമ്പുന്ന മേനി പ്രദര്‍ശിപ്പിക്കുന്ന 'വേഷ'ങ്ങളിലേക്കായിരുന്നു. പണത്തിനും പ്രശസ്തിക്കുമപ്പുറം ഇക്കാര്യത്തില്‍ മറ്റൊരു ചിന്ത വിജയശ്രീക്കും ഉണ്ടായില്ലെന്നു വേണം പറയാന്‍.

പക്ഷേ, ഒരു സാധുപെണ്‍കുട്ടിയായിരുന്നുവെന്നതാണ് ത്യാഗരാജന്റെ അനുഭവം. രാവും പകലുമില്ലാതെ മുഖത്ത് തേപ്പുമായി ഏതൊക്കെയോ ജീവിതങ്ങളാടിയ വിജയശ്രീ പലപ്പോഴും അവരുടെ ജീവിതത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ ഏടുകള്‍ ഷൂട്ടിങ് സെറ്റിലിരുന്ന് ത്യാഗരാജനോട് തുറന്നുപറഞ്ഞിട്ടുണ്ട്. നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കും ഏതുസമയത്തും എങ്ങോട്ടു വേണമെങ്കിലും തട്ടിക്കളിക്കാവുന്ന മനോഹരമായ പന്തായിരുന്നു വിജയശ്രീയെന്ന് അവരുടെ വാക്കുകളില്‍ നിന്നുതന്നെയാണ് ത്യാഗരാജന്‍ തിരിച്ചറിയുന്നത്. തന്റെ സങ്കടങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ സഹോദരതുല്യനായ ഒരാള്‍ കൂടെയുണ്ടാകുമ്പോള്‍ പറയാനേറെയുണ്ടായിരുന്നു വിജയശ്രീക്ക്. പക്ഷേ, സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ രണ്ടുപേര്‍ക്കും പരപസ്പരം കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ പലതും പറയാനാവാതെയാണ് പെട്ടെന്നൊരു ദിവസം വിജയശ്രീ എന്നന്നേക്കുമായി ഇല്ലാതായത്. 

Content Highlights: Vijayasree Malayalam Cinema Tragedy Actress Film Industry Exploitation stunt master thayagarajan

Continue reading