തിരുത്തലോടെ ദേവദൂതൻ, വല്ല്യേട്ടനും ആറാം തമ്പുരാനുമൊക്കെ കാത്തുവെക്കുന്ന സസ്പെൻസ് എന്താവും?

SHOW REEL
#എന്‍.പി. മുരളീകൃഷ്ണന്‍
മോഹൻലാൽ സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിൽ. Screengrab
മോഹൻലാൽ സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിൽ. Screengrab

ല വിതാനത്തില്‍ സാധ്യമാകുന്നതാണ് സിനിമാസ്വാദനം. പ്രദര്‍ശന നേരം മാത്രം രസിപ്പിക്കുകയും തീയേറ്റര്‍ വിടുന്നതോടെ കാണികളിൽ നിന്ന് പിടിയയഞ്ഞു പോകുന്നതുമായ കേവലാനന്ദം പ്രദാനം ചെയ്യുന്ന സിനിമകളുണ്ട്. ആസ്വാദനത്തെ പാടേ വിരസമാക്കുന്ന സിനിമകളുണ്ട്. ഇത്തരം സിനിമകളെ ഒറ്റക്കാഴ്ച കൊണ്ട് എന്നേക്കുമായി വിസ്മരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായേക്കും. ഇനിയൊരു വിഭാഗമുണ്ട്. ആസ്വാദനത്തെ പൂര്‍ണമായി തൃപ്തിപ്പെടുത്തുകയും ആവര്‍ത്തിച്ചു കാണാന്‍ താത്പര്യം ജനിപ്പിക്കുകയും കാലങ്ങള്‍ക്കുശേഷവും കാഴ്ചമൂല്യം ശേഷിപ്പിക്കുന്നതുമായവ. അത്തരം സിനിമകളില്‍ തീയേറ്ററില്‍ വിജയിച്ചവയുണ്ട്. അതേസമയം നല്ല സിനിമയായിട്ടു കൂടി റിലീസ് വേളയില്‍ നിശ്ചിത വിഭാഗം കാണികളെ മാത്രം ആകര്‍ഷിക്കുകയും മറഞ്ഞുപോവുകയും ചെയ്തവയുമുണ്ട്. മറിച്ച് ഒരു വിഭാഗം കാണികള്‍ ഈ സിനിമയിലേക്ക് എത്തുന്നത് വളരെ വൈകിയായിരിക്കും. എന്നാല്‍ തീയേറ്ററില്‍ നിന്ന് മറഞ്ഞുപോയ ഈ സിനിമകളെ കുറിച്ച് അധികം വൈകാതെ പ്രേക്ഷകര്‍ വീണ്ടും ചര്‍ച്ച ചെയ്തു തുടങ്ങും. അങ്ങനെ ആ സിനിമയുടെ ഗുണങ്ങളും ആകര്‍ഷണീയ ഘടകങ്ങളെക്കുറിച്ചും കാണികള്‍ പരക്കെ അറിഞ്ഞു തുടങ്ങുന്നു. അതിന് വീണ്ടും കാഴ്ചക്കാരുണ്ടാകുന്നു. ആവര്‍ത്തിച്ചുള്ള കാഴ്ചയിലും അതിന് മൂല്യമുണ്ടാകുന്നു. പലപ്പോഴും ഇപ്രകാരം കള്‍ട്ട് സ്റ്റാറ്റസിലേക്ക് എത്തുന്ന സിനിമകള്‍ ടെലിവിഷന്‍ സ്‌ക്രീനിലോ മൊബൈല്‍ സ്ക്രീനിന്റെ ചതുര വടിവിലോ കണ്ട് തൃപ്തിപ്പെടേണ്ടി വരികയാണ് പതിവ്. തീയേറ്ററില്‍ പരാജയപ്പെട്ട നിരവധി സിനിമകള്‍ ഇങ്ങനെ മിനി സ്‌ക്രീനില്‍ കള്‍ട്ട് പദവിയില്‍ എത്തിയ ചരിത്രമുണ്ട്.

എന്നാല്‍, ഇങ്ങനെ കാണാതെ പോയതും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നതുമായ വിജയിച്ചതും വിജയിക്കാതെയും പോയ സിനിമകള്‍ തീയേറ്ററില്‍ തന്നെ പുനരവതരിപ്പിക്കുന്ന പതിവിലേക്ക് മാറുകയാണ് സിനിമാ വിപണി. വിഖ്യാത സിനിമകളും കാണികള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ സിനിമകള്‍ റീമാസ്റ്റര്‍ ചെയ്യുന്ന ഈ രീതി ലോകമെങ്ങും സ്വീകരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍തലത്തില്‍ ഫിലിം ആര്‍ക്കൈവ്‌സുകളും അക്കാദമികളും സ്റ്റുഡിയോകളും വഴി ഇത് മുന്നോട്ടുനീക്കുമ്പോള്‍ വാണിജ്യ സിനിമാ മേഖലയില്‍ നിര്‍മാതാക്കളും സംവിധായകരുമാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. ലോക സിനിമയിലെ ക്ലാസിക്കുകളിലൊന്നായ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ഗോഡ്ഫാദര്‍, സിനിമയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2022 ല്‍ 4കെയില്‍ റീ റിലീസ് ചെയ്തിരുന്നു. ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കും 4കെയില്‍ റീമാസ്റ്റര്‍ ചെയ്ത് റീ റിലീസ് ചെയ്തിട്ടുണ്ട്. റീ മാസ്റ്റേര്‍ഡ് സിനിമാ പതിപ്പുകള്‍ക്ക് മലയാളത്തില്‍ തുടക്കമായിട്ട് അധികമായിട്ടില്ല. ജി അരവിന്ദന്റെ കുമ്മാട്ടിയും തമ്പും പോലുള്ള ക്ലാസിക്ക് സിനിമകളുടെ പ്രിന്റുകള്‍ കണ്ടെത്തിയതും റിസ്‌റ്റോര്‍ പതിപ്പ് ലോകത്തെ വിഖ്യാത ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അരവിന്ദന്റെ കുമ്മാട്ടിയുടെ റീസ്റ്റോര്‍ഡ് 4 കെ പതിപ്പ് കാന്‍ ചലച്ചിത്രമേളയിലും 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ കാലത്തെ സിനിമാസ്വാദകര്‍ക്ക് വലിയ അവസരമാണ് പരിഷ്‌കരിച്ച പതിപ്പിന്റെ ഈ പ്രദര്‍ശനത്തിലൂടെ സാധ്യമായത്. 43 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ചിത്രമാണ് ഇങ്ങനെ വീണ്ടെടുത്തത്. ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബലൂനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെയ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് കുമ്മാട്ടിയെ നവരൂപത്തില്‍ സജ്ജമാക്കിയത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശിവേന്ദ്ര സിംഗ് ദുംഗര്‍പൂറിന്റെ നേതൃത്വത്തില്‍ ആയിരുന്നു അതീവ ജാഗ്രതയും സാവകാശവും പണച്ചെലവുമുള്ള കുമ്മാട്ടിയുടെ ഈ വീണ്ടെടുക്കല്‍ പ്രക്രിയ സാധ്യമാക്കിയത്. പ്രസാദ് ഫിലിം ലാബില്‍ ആയിരുന്നു കുമ്മാട്ടിയുടെ പ്രിന്റ്. അത് കണ്ടെത്തിയപ്പോള്‍ നെഗറ്റീവുകള്‍ എല്ലാം കുഴമ്പ് രൂപത്തില്‍ ആയിരുന്നുവെന്നും പകുതി പ്രിന്റുകള്‍ ഇരുന്ന പെട്ടികള്‍ തുറക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ശോചനീയമായിരുന്നു അതിന്റെ അവസ്ഥയെന്നും ദുംഗര്‍പൂര്‍ പറയുന്നു. അരവിന്ദന്റെ സിനിമകളുടെ ഒരു നെഗറ്റീവ് പോലും കാലത്തെ അതിജീവിച്ചില്ല. ആരും അതിനെ കുറിച്ച ആശങ്കാകുലര്‍ ആയിരുന്നില്ല എന്ന് വേണം കരുതാന്‍. പിന്നീട് ഫിലിം ആര്‍കൈവില്‍ നിന്ന് അരവിന്ദന്‍ ചിത്രങ്ങളുടെ യൂട്യൂബ് പതിപ്പ് കാണുകയും, തുടര്‍ന്ന് സ്‌കോര്‍സിസ്സെ ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും ചെയ്തു. ശിവേന്ദ്ര സിംഗ് ദുംഗര്‍പൂറിന്റൈ വാക്കുകള്‍.

Content Highlights: devadoothan, manichithrathazhu, sphadikam, mohanlal, kummaatty, rerelease

Continue reading