നടനും ഗായകനുമായ കൃഷ്ണചന്ദ്രന്റെ തുടക്കം തബലിസ്റ്റ് ആയിട്ടായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം ?

-
-

അറുപതിന്റെ നിറവിലെത്തിയ കൃഷ്ണചന്ദ്രന് ആശംസകളോടെ..
---------------------
സിനിമാനടന്‍, ഗായകന്‍, ഡബ്ബിംഗ് കലാകാരന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന റോളുകള്‍.... പക്ഷെ കൃഷ്ണചന്ദ്രന്റെ തുടക്കം തബലിസ്റ്റ് ആയിട്ടായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം? `` കോഴിക്കോട്ടെ രാമനാട്ടുകരയില്‍ നിന്ന് നിലമ്പൂരില്‍ വന്നു പഠിപ്പിച്ചിരുന്ന കര്‍മ്മചന്ദ്രന്‍ ആയിരുന്നു ഗുരു. പൊതുവേദിയില്‍ ആദ്യം തബല വായിച്ചതും കര്‍മ്മചന്ദ്രന്‍ സാറിനൊപ്പം തന്നെ. നിലമ്പൂര്‍ ജ്യോതി നൃത്തകലാലയം സംഘടിപ്പിച്ച ഒരു ഗാനമേളയില്‍ കോഴിക്കോട്ടെ പ്രശസ്ത ഗായകന്‍ കെ ആര്‍ വേണുവിന്റെ `ഉത്തരായനക്കിളി പാടി' എന്ന പാട്ടിന് അകമ്പടി സേവിച്ചു കൊണ്ടാണ് തുടക്കം -- വയലിനിസ്റ്റ് സുകുമാരന്‍, സി എം വാടിയില്‍, എക്കോഡിയന്‍ വായിച്ച പപ്പന്‍, ഗിത്താറിസ്റ്റ് ആര്‍ച്ചീ ഹട്ടന്‍, ഗായിക ലീനാ പപ്പന്‍... ഇവരുടെയൊക്കെ മുഖങ്ങള്‍ ഓര്‍മയിലുണ്ട്.''

കുട്ടിക്കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള കമ്പം. അച്ഛനും അമ്മയും ഗായകരല്ലെങ്കിലും, തികഞ്ഞ ആസ്വാദകര്‍. ``നമ്പൂതിരിപ്പാടമ്മാമ എന്ന് ഞങ്ങള്‍ വിളിക്കുന്ന മുത്തച്ഛന്‍ പറഞ്ഞു കേട്ട ഒരു കഥയുണ്ട്: മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ വീട്ടില്‍ സഹായത്തിനു നിന്നിരുന്ന പ്രായം ചെന്ന സ്ത്രീയുടെ ഒക്കത്ത് കയറിയിരുന്നു അവരുടെ പല്ലില്ലാത്ത കീഴ്ത്താടി പിടിച്ചുയര്‍ത്തി ഞാന്‍ പാടുമായിരുന്നത്രേ-- `മധുരപ്പതിനേഴുകാരീ എന്റെ മധുരപ്പതിനേഴുകാരീ..'.അന്നേ എന്റെ സംഗീതപ്രേമം തിരിച്ചറിഞ്ഞിരുന്നു എന്നാണു മുത്തച്ഛന്‍ അവകാശപ്പെടുക.'' ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോഴേ സ്ഥിരമായി സ്റ്റേജില്‍ പാടും; ഏറെയും ജയചന്ദ്രന്റെ പാട്ടുകള്‍ -- സന്ധ്യക്കെന്തിനു സിന്ദൂരം, ഹര്‍ഷബാഷ്പം, കരിമുകില്‍ കാട്ടിലെ..... ഇന്നും അതേപടി നിലനില്‍ക്കുന്നു ആ പാട്ടുകളോടുള്ള സ്‌നേഹം. ശാസ്ത്രീയ സംഗീതത്തില്‍ നിലമ്പൂര്‍ കാര്‍ത്തികേയന്‍ ആയിരുന്നു ആദ്യഗുരു. ദേവരാജന്‍ മാസ്റ്റര്‍ക്ക് വേണ്ടി ശ്രദ്ധേയമായ ചില സിനിമാ ഗാനങ്ങള്‍ (കാഞ്ഞിരോട്ടു കായലിലെ, തളിരോട് തളിരിടും) ആലപിച്ചിട്ടുള്ള അതേ കാര്‍ത്തികേയന്‍ തന്നെ. ചെമ്പൈ ശിഷ്യന്‍ ഗോവിന്ദപിഷാരടിയുടെ കീഴിലായിരുന്നു തുടര്‍ന്നുള്ള അഭ്യസനം. 1970 കളുടെ തുടക്കത്തില്‍ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ സാക്ഷാല്‍ ചെമ്പൈ സ്വാമിയുടെ മുന്നില്‍ പാടാന്‍ കഴിഞ്ഞത് കൗമാരകാലത്ത് വീണു കിട്ടിയ ഭാഗ്യങ്ങളില്‍ ഒന്ന്.

സംസ്ഥാന യുവജനോത്സവത്തില്‍ ഒരൊറ്റ തവണയേ മുഖം കാണിച്ചിട്ടുള്ളൂ കൃഷ്ണചന്ദ്രന്‍. ആ വര്‍ഷം ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തുകയും ചെയ്തു . തലേ വര്‍ഷത്തെ ജേതാവായ തിരുവനന്തപുരത്തുകാരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു വിജയം. ദൊരൈസ്വാമി ശ്രീനിവാസ് എന്ന ആ മൂന്നാമന്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനും ഒക്കെയായി മാറിയത് പില്‍ക്കാല ചരിത്രം. സ്‌കൂള്‍ യുവജനോത്സവത്തില്‍ നിന്ന് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പലപ്പോഴും അകറ്റിനിര്‍ത്തപ്പെട്ടുവെങ്കിലും
സ്വകാര്യസംഘടനകളും സ്ഥാപനങ്ങളും നടത്തി വന്ന മത്സരങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു കൃഷ്ണചന്ദ്രന്‍. അത്തരം വേദികളില്‍ വെച്ചാണ് കെ എസ് ബീന, ചിത്ര, സുജാത, ജെന്‍സി, അരുന്ധതി, കാവാലം ശ്രീകുമാര്‍ എന്നിവരെയൊക്കെ കണ്ടുമുട്ടുന്നത്.

ഫൈന്‍ ആര്‍ട്ട്‌സ് അക്കാദമി കൊച്ചിയില്‍ നടത്തിയ ലളിതഗാനമത്സരത്തില്‍ `മല്ലികേ മല്ലികേ' എന്ന സുശീലാമ്മയുടെ പാട്ട് അതീവ ഹൃദ്യമായി പാടിയ ഫ്രോക്കുകാരിക്കുട്ടിയോടു വലിയ ആരാധന തോന്നിയിരുന്നു. ആ കുട്ടി വളര്‍ന്നു മലയാളികളുടെ പ്രിയപ്പെട്ട സുജാതയായി മാറിയിട്ടും ആരാധനയ്ക്ക് കുറവൊന്നുമില്ലെന്നു പറയും കൃഷ്ണചന്ദ്രന്‍. ഡല്‍ഹിയില്‍ 1974 ല്‍ നടന്ന ശിശുക്ഷേമ സമിതിയുടെ അഖിലേന്ത്യാ ക്യാമ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്തതാണ് മറക്കാനാവാത്ത മറ്റൊരനുഭവം. ക്യാമ്പ് കഴിഞ്ഞു തിരിച്ചുവരും വഴി കൃഷ്ണചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നാല് കുട്ടികളും തിരുവനന്തപുരത്തിറങ്ങി. ഒരു ആകാശവാണി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ആയിരുന്നു അത്. അഭിമുഖം നടത്തിയ യുവ അനൗണ്‍സറുടെ പേര് പി പദ്മരാജന്‍.

കൂടിക്കാഴ്ച കഴിഞ്ഞു മടങ്ങും മുന്‍പ് കൃഷ്ണചന്ദ്രന്റെ മേല്‍വിലാസം വാങ്ങി വെച്ചിരുന്നു പദ്മരാജന്‍. അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാണ് പദ്മരാജന്‍ കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്യുന്ന രതിനിര്‍വേദത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റിനായി അടയന്തിരമായി ചെന്നൈയില്‍ എത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രിയാ ഫിലിംസിന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ സന്ദേശം എത്തുന്നത്. പാലക്കാട് സ്റ്റേഷനില്‍ നിന്ന് സുഹൃത്ത് രഘുവിനോടൊപ്പം ചെന്നൈ മെയിലിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി കൃഷ്ണചന്ദ്രന്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ ചെന്നിറങ്ങുന്നു. ഒരു പുതിയ ജീവിതത്തിന്റെ തുടക്കം .സ്റ്റേഷനില്‍ നിലമ്പൂര്‍ കാര്‍ത്തികേയന്‍ മാഷ് കാത്തു നിന്നിരുന്നു.

പിറ്റേന്ന് മുരുകാലയ സ്റ്റുഡിയോയില്‍ വെച്ചാണ് ക്യാമറ ടെസ്റ്റ്. കന്യക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണവിടെ. കൃഷ്ണചന്ദ്രന് പുറമേ മറ്റൊരു പയ്യന്‍ കൂടി എത്തിയിട്ടുണ്ട് ടെസ്റ്റിന് . ക്യാമറാമാന്‍ ആനന്ദക്കുട്ടന്റെ നിര്‍ദേശ പ്രകാരം കൃഷ്ണചന്ദ്രന്‍ ഒരു രംഗം അഭിനയിച്ചു കാണിച്ചു. മുറ്റത്ത് കുറെ കുട്ടികള്‍ കളിക്കുന്നത് നോക്കിനില്‍ക്കുകയാണ് നമ്മള്‍ എന്ന് സങ്കല്പിക്കുക. അക്കൂട്ടത്തില്‍ ഒരു കുട്ടി ഇടയ്ക്ക് എന്തോ തമാശ ഒപ്പിക്കുന്നു. അത് കാണുമ്പോള്‍ പെട്ടെന്ന് നമ്മുടെ മുഖത്തുണ്ടാകുന്ന ഭാവപ്പകര്‍ച്ച-- അതാണ് അവതരിപ്പിക്കേണ്ടത്. ``ഞാന്‍ ഒരു പ്രത്യേക ചിരി ചിരിച്ചു . ഉടനടി സെലക്ഷന്‍ കിട്ടുകയും ചെയ്തു.

കുറച്ചു ദിവസം കൂടി കഴിഞ്ഞാണ് ആ തിരഞ്ഞെടുപ്പിന് പിന്നിലെ രഹസ്യം സംവിധായകന്‍ ഭരതേട്ടന്‍ പങ്കുവെച്ചത്. ``സത്യം പറയാലോ; അസഹനീയമായിരുന്നു നിന്റെ ചിരി ''-- അദ്ദേഹം പറഞ്ഞു. ``കൂടെ ഉണ്ടായിരുന്നവന്റെ ചിരി അതിലും ബോറായിരുന്നത് കൊണ്ട് നീ രക്ഷപ്പെട്ടു .'' അന്ന് സെലക്ഷന്‍ കിട്ടാതെ പോയ പയ്യന്‍ കാലാന്തരത്തില്‍ നല്ലൊരു ടെയ്ലര്‍ ആയി മാറുകയും വിദേശത്ത് ജോലി സമ്പാദിക്കുകയും ചെയ്തതായി പിന്നീടറിഞ്ഞു.

രതിനിര്‍വേദം സൂപ്പര്‍ ഹിറ്റായെങ്കിലും കൃഷ്ണചന്ദ്രനിലെ നടനെ തേടി വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളൊന്നും പിന്നെ വന്നില്ല എന്നതാണ് സത്യം. ലഭിച്ചത് ഏറെയും തട്ടുപൊളിപ്പന്‍ മസാലപ്പടങ്ങളാണ്: കൗമാരപ്രായം, രാത്രികള്‍ നിനക്ക് വേണ്ടി, ലജ്ജാവതി, ലൗലി എന്നിങ്ങനെ പേര് കേള്‍ക്കുമ്പോള്‍ എന്തോ വശപ്പിശക് തോന്നുന്ന പടങ്ങള്‍. ``രാത്രികള്‍ നിനക്കുവേണ്ടിയില്‍ ഞാനും ജയനും ആയിരുന്നു നായകര്‍. എന്റെ ജോഡി പഴയ ബേബി സുമതി; ജയന്റേത് പ്രമീള. ക്ലൈമാക്‌സില്‍ ഞാനും ജയനും കൂടി പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗുണ്ടാപ്പടയെ ഇടിച്ചു പത്തിരിയാക്കുന്ന സീനുണ്ട്. ഇന്നോര്‍ക്കുമ്പോള്‍ ചിരി വരും.''

(പാട്ടെഴുത്ത്)

Content Highlights : ravi menon on actor and singer krishnachandran birthday 

Content Highlights: