ശ്രീനിവാസന്‍ എം.ജി.ആറിനോട് അലറിക്കരഞ്ഞ് പറഞ്ഞു: ഇല്ലെങ്കില്‍ ഞങ്ങളെ കാർ കയറ്റിക്കൊല്ലൂ

പുലികേശി എന്ന സാഹസികനെക്കുറിച്ചായിരുന്നു മിക്കവരും വാചാലരായത്. സമയത്ത് മികച്ച ചികിത്സയ്ക്ക് പണമില്ലാതെ മരണത്തിനു കീഴടങ്ങിയ പുരുഷോത്തമന്‍ എന്ന മനുഷ്യനെക്കുറിച്ചു പറയാന്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുലികേശി മരിച്ചതിന്റെ പിറ്റേന്നു സന്ധ്യയ്ക്ക് അദ്ദേഹത്തെ അനുസ്മരിക്കാന്‍ എ.വി.എമ്മില്‍ ഒത്തുകൂടിയ ഒരു ചെറിയ കൂട്ടമായിരുന്നു അത്. എല്ലാം കേട്ടിരിക്കെ ത്യാഗരാജന്‍ മറ്റൊന്നാണ് ചിന്തിച്ചത്. ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു സംഘടനയുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം മരണപ്പെടില്ലായിരുന്നു എന്ന് ത്യാഗരാജന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അത് ശരിവെച്ചു. അന്ന് ഒരു ഫൈറ്റര്‍ക്ക് അഞ്ചുരൂപയാണ് പ്രതിഫലം. ഡ്യൂപ്പിന് പത്തുരൂപയും. ജീവന്‍ പണയപ്പെടുത്തുന്നതിന് പകരം കിട്ടുന്ന തുച്ഛമായ തുട്ടുകള്‍. എഴുപതോളം പേര്‍ അന്ന് പുലികേശിയുടെ ഗ്രൂപ്പിലുണ്ട്. എം.ജി.ആറിനും ശിവാജി ഗണേശനും വേണ്ടി ഫൈറ്റ് ചെയ്യുന്നവരുടെ പ്രത്യേക ഗ്രൂപ്പും അന്ന് മദിരാശിയിലുണ്ട്. എല്ലാവരും ഒത്തുചേര്‍ന്നാല്‍ സ്റ്റണ്ടുകാരുടെ സംഘടന രൂപീകരിക്കാന്‍ കഴിയുമെന്ന ആശയം പരക്കെ സ്വീകരിക്കപ്പെട്ടു. നിര്‍മ്മാതാവും സംവിധായകനുമായ വിട്ലാചാര്യര്‍ യോഗത്തില്‍ പറഞ്ഞു: 'എന്റെ പടത്തില്‍ ഡ്യൂപ്പിടുന്നവര്‍ക്ക് നാല്‍പ്പതു രൂപവെച്ച് ഞാന്‍ പ്രതിഫലം നല്‍കാം. ഫൈറ്റര്‍ക്ക് ഇരുപത്തിയഞ്ചു രൂപയും.' വിട്ലാചാര്യര്‍ മുന്നോട്ടുവെച്ചത് ഒരു വലിയ സംഖ്യയായിരുന്നു. അതോടെ മറ്റു നിര്‍മ്മാതാക്കളും അതേ പ്രതിഫലം തന്നെ നല്‍കാന്‍ നിര്‍ബ്ബന്ധിതരായി. പുലികേശിയുടെ മരണാനന്തരയോഗത്തില്‍ ത്യാഗരാജന്‍ പറഞ്ഞ വാക്കുകളില്‍നിന്നാണ് സംഘടന എന്ന ആശയം ചര്‍ച്ചയാകുന്നത്. അതുകൊണ്ടുതന്നെ സംഘടന രൂപീകരിക്കുവാന്‍ നേതൃത്വം കൊടുക്കണമെന്ന് സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നും ഒട്ടനവധി പേര്‍ ത്യാഗരാജനോടുതന്നെ ആവശ്യപ്പെട്ടു. എന്നാല്‍ അക്കാര്യത്തില്‍ കടമ്പകളേറെയുണ്ടായിരുന്നു.
പുലികേശിയുടെ അനുസ്മരണപരിപാടി കഴിഞ്ഞ് നാടകമന്‍ട്രത്തിലേക്ക് തിരിച്ചെത്തിയ ത്യാഗരാജനെ കാത്തിരുന്നത് വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു. നാടകത്തില്‍ ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളും, സിനിമയിലെ ഫൈറ്റിനുവേണ്ടി ഉപയോഗിച്ചിരുന്ന ആയുധങ്ങളും നാടകമന്‍ട്രത്തിലെ പലരും എടുത്തുകൊണ്ടുപോയിരിക്കുന്നു. കുടുംബത്തിന്റെ നാഥന്‍ പോയപ്പോള്‍ ചോദിക്കാന്‍ ആളില്ലാതെ വന്നതുപോലുള്ള അനുഭവം. ത്യാഗരാജനെത്തുംമുമ്പേ കിട്ടാവുന്നതെല്ലാം ശേഖരിച്ച് പലരും പല വഴിക്ക് മറഞ്ഞുകഴിഞ്ഞിരുന്നു. പുലികേശി പതിവായി ഇരിക്കാറുള്ള കസേരയുടെ താഴെ ചാണകം മെഴുകിയ നിലത്ത് ഒരുപാടു നേരം ത്യാഗരാജന്‍ തനിച്ചിരുന്നു. ആശാനില്ലാത്ത നാടകമന്‍ട്രത്തില്‍ തുടരാന്‍ ത്യാഗരാജനാകുമായിരുന്നില്ല. പുലര്‍ച്ചയോടെ നാടകമന്‍ട്രത്തില്‍നിന്നിറങ്ങി, തന്റേതുമാത്രമെന്നു പറയാവുന്ന ഇരുമ്പുപെട്ടിയുമെടുത്ത് വടപളനിയില്‍ത്തന്നെയുള്ള പഴയ രാം ലോഡ്ജിലേക്കാണ് പോയത്. മാസവാടകയ്ക്ക് മുറിയെടുത്തു. പിന്നീട് അവിടെയായി താമസം. നോക്കിനടത്താന്‍ ആളില്ലാതെ മഴയും വെയിലുമേറ്റ് നാടകമന്‍ട്രത്തിന്റെ മേല്‍ക്കൂര ദ്രവിച്ചു ദ്രവിച്ച് നിലംപൊത്തി.
കനത്ത മഴ പെയ്ത ഒരു വെളുപ്പാന്‍കാലത്ത് ത്യാഗരാജനെ അന്വേഷിച്ച് രാം ലോഡ്ജിലേക്ക് ഒരമ്മയും മൂന്നുവയസ്സുള്ള മകളും വന്നു. റിസപ്ഷനില്‍ അവര്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന് ലോഡ്ജിലെ പയ്യന്‍ പറഞ്ഞപ്പോള്‍ ഷൂട്ടിങ് സെറ്റിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്ന ത്യാഗരാജന്‍ പുറത്തേക്കിറങ്ങി. 'ഭര്‍ത്താവ് സുഖമില്ലാതെ കിടപ്പിലാണ്. പ്രയാസമാവില്ലെങ്കില്‍ വീടുവരെ ഒന്നു വരണം.' സിനിമയിലെ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റായിരുന്നു അവരുടെ ഭര്‍ത്താവ്. ഒരപകടം പറ്റി കിടപ്പിലായിട്ട് കുറെ നാളുകളായി. ത്യാഗരാജനോട് നേരിട്ട് ഒരു കാര്യം പറയാനാണ് അദ്ദേഹം വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞത്. ഷൂട്ടിങ് കഴിഞ്ഞശേഷം വൈകീട്ട് വീട്ടിലേക്ക് വരാമെന്ന് ത്യാഗരാജന്‍ ഉറപ്പുനല്‍കി. അന്ന് സന്ധ്യയില്‍ ത്യാഗരാജന്‍ വീടന്വേഷിച്ച് ചെല്ലുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ഏതു നിമിഷവും നിലംപതിക്കാറായ ഓലമേഞ്ഞ കൂരയുടെ ഇറയത്ത് കത്തിച്ചുവെച്ചിരുന്ന മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തുനിന്ന് മകള്‍ അകത്തേക്ക് നീട്ടിവിളിച്ചു, 'അമ്മാ...' ആ കുഞ്ഞുകൈകള്‍ ത്യാഗരാജനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അവളുടെ ഇടംകൈയില്‍ ഇറയത്തുവെച്ചിരുന്ന മണ്ണെണ്ണവിളക്കുമുണ്ടായിരുന്നു.
ആ ഒറ്റവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ബെഞ്ചില്‍ കിടക്കുന്ന മനുഷ്യനെ ത്യാഗരാജന്‍ കണ്ടു. മരുന്നും ആവശ്യത്തിന് ഭക്ഷണവുമില്ലാതെ 'ഞാനും കുടുംബവും ഇവിടെ നരകിച്ചു ജീവിക്കുകയാണെ'ന്ന് ശയ്യാവലംബിയായ ആ രൂപം തന്റെ മുഖത്തുനോക്കി പറയുംപോലെ ത്യാഗരാജനു തോന്നി. ദ്രവിച്ച ഓലയ്ക്കിടയിലൂടെ അകത്തേക്ക് വീഴുന്ന മഴവെള്ളം നിലത്ത് തളംകെട്ടാതിരിക്കാന്‍ പലയിടത്തും പാത്രങ്ങള്‍ വെച്ചിട്ടുണ്ട്. ഇരിക്കാന്‍ ഒരു കസേരപോലും ആ വീട്ടിലുണ്ടായിരുന്നില്ല. അതിന്റെ വിഷമം അയാളുടെയും ഭാര്യയുടെയും മുഖത്ത് പ്രകടമായിരുന്നു. അതു മനസ്സിലാക്കി ത്യാഗരാജന്‍ പറഞ്ഞു: 'ഞാനിവിടെ, ബെഞ്ചിന്റെ അരികിലിരുന്നോളാം.'
ദുര്‍ബ്ബലമായ ആ നെഞ്ചില്‍ കൈ വെച്ച് ത്യാഗരാജന്‍ ചോദിച്ചു: 'എന്താണ് അങ്ങയുടെ പേര്?'
വിറയാര്‍ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: 'മാണിക്യം... മാണിക്യം നാടാര്‍.'
'എത്ര വര്‍ഷമായി അപകടം പറ്റിയിട്ട്?'
ത്യാഗരാജന്റെ ചോദ്യത്തിന് തന്റെ ജീവിതംതന്നെ മാണിക്യം ഉത്തരമായി തുറന്നുവെച്ചു. പന്ത്രണ്ടാം വയസ്സില്‍ മദിരാശിയില്‍ വന്നതാണ്. എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്ന മോഹവുമായി. അതിനുള്ള ധൈര്യം പന്ത്രണ്ടു വയസ്സുവരെയുള്ള അനുഭവങ്ങള്‍ മാണിക്യത്തിന് നല്‍കിയിരുന്നു. പല ജോലികളും ചെയ്തു. ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. അമ്മ മാത്രമുള്ള ഒരു പാവപ്പെട്ട പെണ്ണിനെയായിരുന്നു ഒപ്പം കൂട്ടിയത്. അതുകൊണ്ടുതന്നെ വിഷമഘട്ടങ്ങളില്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കിട്ടുന്നത് ഒന്നിനും തികയാതെവന്നപ്പോള്‍ കാശു കൂടുതല്‍ കിട്ടുന്ന ജോലികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ധൈര്യം കൂട്ടിനുള്ളപ്പോള്‍ വേറെ ജോലിയൊന്നും അന്വേഷിക്കേണ്ടെന്ന് കൂട്ടുകാരനാണ് പറഞ്ഞത്, 'നടന്മാര്‍ക്ക് ഡ്യൂപ്പിടാന്‍ പൊയ്ക്കോ. പൈസ കൂടുതല്‍ കിട്ടും. അപകടംപിടിച്ച പണിയാണെങ്കിലും ശ്രദ്ധിച്ചാല്‍ മതി.' ഈ ഉപദേശമാണ് മാണിക്യത്തെ ജീവന്‍ അപകടത്തിലാക്കുന്ന പണിയിലേക്കെത്തിച്ചത്.
Content Highlights: stunt choreographer thyagayarajan mgr, shivaji, tamil action movie