'കേസില് അപ്പീലിന് പോകണം എന്നാണ് വ്യക്തിപരമായ അഭിപ്രായം; പ്രതികള്ക്ക് ശിക്ഷ ലഭിച്ചതില് സന്തോഷം'- ശ്വേത മേനോന്

നടിയെ ആക്രമിച്ച കേസിൽ സെഷന്സ് കോടതി വിധി വന്നതിനു പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ. വിധി വരാന് കാത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാന് വൈകിയതെന്നും പ്രസിഡന്റ് ശ്വേത മേനോൻ പ്രതികരിച്ചു. അതിജീവിതയ്ക്കൊപ്പമാണ് തങ്ങളെന്നും ശ്വേത മേനോന് വ്യക്തമാക്കി.
ഇന്ഡസ്ട്രിയിലെ സ്ത്രീകളുടെ വലിയ മാതൃകയാണവൾ. ഞങ്ങള് അവള്ക്കൊപ്പമാണ്. എട്ട് വര്ഷത്തെ പോരാട്ടമായിരുന്നു ആ കുട്ടിയുടേത്. അപ്പീലിന് പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കില് അപ്പീല് പോകുമായിരുന്നുവെന്നും ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡിസംബര് എട്ടിന് കൂടിയത് അടിയന്തര മീറ്റിങ് ആയിരുന്നില്ലെന്നും ദിലീപിനെ തിരിച്ച് സംഘടനയിലേക്കെടുക്കുന്ന കാര്യത്തില് ചർച്ചയുണ്ടായിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. ‘ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്ച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ല’- ശ്വേത പറഞ്ഞു.
മൂന്നാഴ്ച മുമ്പേ തീരുമാനിച്ച മീറ്റിങ്ങാണ് നടന്നതെന്നും ഇലക്ഷന് അടുത്ത ദിവസമുണ്ടായിരുന്നതിനാല് എല്ലാവര്ക്കും എത്തിച്ചേരാനുള്ള സൗകര്യത്തിനാണ് ആ ദിവസം മീറ്റങ് നടത്തിയതെന്നും ശ്വേത പറഞ്ഞു. ‘അടിയന്തര യോഗമല്ല ചേര്ന്നത്. ‘മറ്റ് തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്ച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ല. ഒന്നും എടുത്തുചാടി ചെയ്യില്ല'- ശ്വേത മേനോന് കൂട്ടിച്ചേര്ത്തു.
നടിയെ ആക്രമിച്ച കേസില് നടന് ദിലീപിനെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നു എന്നുമാണ് താരസംഘടനയായ എഎംഎംഎ അന്ന് പ്രതികരിച്ചത്.
പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം, കുടുംബപശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞത്.
പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. മികച്ച രീതിയില് എഴുതിയ ഒരു തിരക്കഥ ക്രൂരമായി ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നാണ് അന്ന് വിധി പുറത്തുവന്നതിനുപിന്നാലെ പാര്വതി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധിവരുന്നത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
Content Highlights: AMMA president Shwetha Menon responds to the Sessions Court verdict in the actress attack case. The organization stands with the survivor and clarifies recent meeting discussions.