ഒടുവില്‍ വെളിപ്പെടുത്തി: വാറന്‍ ബഫറ്റിന്റെ രഹസ്യ നിക്ഷേപ കമ്പനി ഇതാണ്

വാറൻ ബഫറ്റ് | Photo: AFP
വാറൻ ബഫറ്റ് | Photo: AFP

പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേ ഒരു വര്‍ഷത്തോളമായി നിഗൂഡമായി സൂക്ഷിച്ച നിക്ഷേപത്തിന്റെ ചുരുളഴിഞ്ഞു. ആദ്യപാദത്തിലെ വിവരങ്ങളുടെ കൂട്ടത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനിയായ ചബ്ബിന്റെ 2.6 കോടി ഓഹരികളില്‍ നിക്ഷേപിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ ഫയലിങിലാണ് ഇക്കാര്യം ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേ അറിയിച്ചത്. 670 കോടി ഡോളര്‍ മൂല്യമുള്ളതാണ് ഈ നിക്ഷേപം. രഹസ്യാത്മകത പരിഗണിച്ച് മുന്‍ ഫലയിലങുകളില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്പനിയിലെ നിക്ഷേപം വെളിപ്പെടുത്തിയിരുന്നില്ല. 

54 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ചബ്ബ്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ജീന്‍ കരോളിന്‍ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ വാര്‍ത്തകളില്‍ ഇടംനേടിയ കമ്പനിയാണ് ചബ്ബ്. 

നിക്ഷേപ തന്ത്രങ്ങള്‍ക്ക് പേരുകേട്ട ബഫറ്റിന്റെ ഓഹരി പോര്‍ട്ട്‌ഫോളിയോ അനുകരിക്കുന്നവര്‍ വിപണിയില്‍ ഏറെയുണ്ട്. ഒരുവര്‍ഷത്തോളം അവര്‍ക്കുമുന്നില്‍ ഈ നിക്ഷേപം അദ്ദേഹം രഹസ്യമായി സൂക്ഷിച്ചു. വിവരം പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം ചബ്ബിന്റെ ഓഹരി വിലയില്‍ എട്ട് ശതമാനത്തിലധികം വര്‍ധനവുണ്ടായി. 

ഇന്‍ഷൂറന്‍സ് കമ്പനികളായ ഗീക്കോ, നാഷണല്‍ ഇന്‍ഡെംനിറ്റി, ജനറല്‍ റീ എന്നിവയെല്ലാം ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേയുടെ അനുബന്ധ സ്ഥാപനങ്ങളാണ്. ഉപഭോക്തൃ ഉത്പന്നം ധനകാര്യ സേവനം എന്നീ മേഖലയിലെ നിക്ഷേപത്തില്‍ ഈയിടെ അദ്ദേഹം വന്‍തോതില്‍ കുറവ് വരുത്തിയിരുന്നു. 

ആപ്പിളിന്റെ ഒരു കോടി ഓഹരികള്‍ 2024 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ വിറ്റൊഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എങ്കിലും ബെര്‍ക്ക്‌ഷെയറിന്റെ കൂടുതല്‍ നിക്ഷേപവും ഇപ്പോഴും ആപ്പിളില്‍തന്നെയാണ്. 2023ന്റെ നാലാം പാദത്തില്‍ പ്രിന്റര്‍ കമ്പനിയായ എച്ച്പിയുടെ എട്ട് കോടി ഓഹരികള്‍ ബെര്‍ക്ക്ഷയര്‍ വിറ്റിരുന്നു. മൊത്തം ഓഹരി വിഹിതം 78 ശതമാനമായി കുറക്കുകയാണുണ്ടായത്. 
 

Content Highlights: Warren Buffett Unveils Billion-Dollar Investment Secret