നഷ്ടത്തിന്റെ ദിനം: സെൻസെക്സ് ക്ലോസ് ചെയ്തത് 1,483 പോയന്റ് നഷ്ടത്തിൽ; നിക്ഷേപകർക്ക് നഷ്ടം അഞ്ചുലക്ഷം കോടി

തുടക്കം നേട്ടത്തിലായിരുന്നെങ്കിലും കനത്ത നഷ്ടത്തിലായിരുന്നു ക്ലോസിങ്. സെൻസെക്സും നിഫ്റ്റിയും ഒന്നര ശതമാനത്തിലധികം ഇടിവ് നേരിട്ടു. സ്വകാര്യ-പൊതുമേഖലാ ബാങ്കുകളിലും മെറ്റൽ ഓഹരികളിലുമുണ്ടായ വിൽപ്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സമീപകാലത്തെ മികച്ച നേട്ടത്തിൽനിന്ന് വൻതോതിൽ ലാഭമെടുത്തതും തിരിച്ചടിയായി.
സെൻസെക്സ് 1,483 പോയിന്റ് നഷ്ടത്തിൽ 82,436ലും നിഫ്റ്റി 451 പോയിന്റ് ഇടിഞ്ഞ് 25,350ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിൽനിന്ന് അഞ്ചുലക്ഷം കോടി രൂപ അപ്രത്യക്ഷമായി. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും നഷ്ടത്തിലായിരുന്നു.
വൻ തകർച്ച നേരിട്ട ഓഹരികൾ (6% വരെ ഇടിവ്) | നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ |
|---|---|
ടാറ്റാ സ്റ്റീൽ | ടി.സി.എസ് |
എച്ച്.ഡി.എഫ്.സി ബാങ്ക് | ടെക് മഹിന്ദ്ര |
ആക്സിസ് ബാങ്ക് | ഇൻഫോസിസ് |
ഐ.സി.ഐ.സി.ഐ ബാങ്ക് | എച്ച്.സി.എൽ ടെക് |
എസ്.ബി.ഐ | മാരുതി സുസുകി |
അൾട്രാടെക് സിമന്റ് |
പ്രധാന കാരണങ്ങൾ:
ലാഭമെടുപ്പ്
പത്ത് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ നിഫ്റ്റി 2020-ന് ശേഷമുള്ള ഏറ്റവും മികച്ച മുന്നേറ്റ മാസത്തിലേക്ക് നീങ്ങുകയായിരുന്നു. വിപണി മികവുകാട്ടിയതോടെ വൻതോതിൽ ലാഭമെടുക്കാൻ നിക്ഷേപകർ തിരക്കുകൂട്ടി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന്റെ പിൻബലത്തിലാണ് വിപണി റെക്കോഡ് ഉയരങ്ങൾക്ക് തൊട്ടടുത്തെത്തിയത്. എക്കാലത്തെയും ഉയർന്ന നിലവാരമായ 26,373.20-ൽ നിന്ന് രണ്ട് ശതമാനത്തോളം മാത്രം താഴെയെത്തിയിരുന്നു നിഫ്റ്റി. സെൻസെക്സാകട്ടെ മൂന്ന് ശതമാനം മാത്രവും.
രാജ്യത്തെ വിപണിയിൽനിന്ന് പിൻവാങ്ങിയ വിദേശ നിക്ഷേപകർ തുടർച്ചയായി 15 വ്യാപാര ദിനങ്ങളിൽ വാങ്ങലുകാരായി. ഈ മാസം മാത്രം അവരുടെ അറ്റനിക്ഷേപം 1.3 ലക്ഷം കോടി പിന്നിട്ടു. ബാങ്ക് ഓഫ് അമേരിക്കയുടെ ഏഷ്യ ഫണ്ട് മാനേജർ സർവേയിൽ ജനുവരിക്ക് ശേഷം ആദ്യമായി ഇന്ത്യ ആഗോള പോർട്ട്ഫോളിയോകളിൽ കൂടുതൽ വെയ്റ്റേജ് ഉള്ള വിപണിയായി. ആഗോളതലത്തിലുള്ള വലിയ വ്യതിയാനത്തിന്റെ സൂചനയായി ഇതിനെ കാണാം. എന്നാൽ, ഹ്രസ്വകാലത്തിനിടെ മികച്ച നേട്ടം ലഭിച്ച നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതാണ് ഇപ്പോഴത്തെ ഇടിവിന് കാരണം.
വൻകിട ഓഹരികളുടെ ഇടിവ്
സൂചികയിൽ വൻതോതിൽ വിഹിതമുള്ള എച്ച്.ഡി.എഫ്.സി. ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ., ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ഓഹരികൾ 2.5 ശതമാനം വരെ തകർച്ച നേരിട്ടു. നിഫ്റ്റിയുടെ മൊത്തം വെയ്റ്റേജിന്റെ 9.9 ശതമാനം കൈയാളുന്ന എച്ച്.ഡി.എഫ്.സി. ബാങ്ക്, ഒരു മാസത്തിനിടെ 20 ശതമാനം ഉയർന്ന ശേഷം തിങ്കളാഴ്ചത്തെ ലാഭമെടുപ്പിൽ രണ്ട് ശതമാനം ഇടിഞ്ഞു.
നിഫ്റ്റി മൂല്യാധിഷ്ഠിത സൂചികയാണ്. അതായത് സൂചികയുടെ കണക്കുകൂട്ടലിൽ വൻകിട കമ്പനികളുടെ വിലനിലവാരത്തിന് കൂടുതൽ സ്വാധീനമുണ്ടാകും. അതിനാൽ റിലയൻസ്, എച്ച്.ഡി.എഫ്.സി. ബാങ്ക് അല്ലെങ്കിൽ ഐ.സി.ഐ.സി.ഐ. ബാങ്ക് പോലുള്ള വൻകിട കമ്പനികളുടെ വില ഇടിയുമ്പോൾ, ചെറിയ കമ്പനികൾ ഉയർന്നാൽപ്പോലും ഉയർന്ന വെയ്റ്റേജ് കാരണം നിഫ്റ്റി മൊത്തത്തിൽ താഴേക്ക് പോകുന്ന സാഹചര്യമുണ്ടാകും.
യു.എസ്. ഫെഡ് നിരക്ക്
ഡിസംബറിലെ നയരൂപീകരണ യോഗത്തിൽ യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടാനുള്ള സാധ്യത 93 ശതമാനമാണെന്ന് വിപണി വിലയിരുത്തുന്നു. നിലവിലെ നയപരമായ നിരക്കുകൾ പണപ്പെരുപ്പത്തെ ചെറുക്കാൻ പര്യാപ്തമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്ക് കൂടുതൽ പലിശനിരക്ക് വർധനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന യു.എസ്. പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഫെഡിന്റെ രണ്ട് ശതമാനം പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുന്നതിന് ഈ ഡേറ്റ നിർണായകമാണ്.
യു.എസ്. പണനയത്തിലെ അനിശ്ചിതത്വം ആഗോള ബോണ്ട് വിപണിയെയും സ്വർണത്തെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. നിരക്ക് ഉയർത്തുന്നത് അമേരിക്കൻ നിക്ഷേപ ആസ്തികൾ കൂടുതൽ ആകർഷകമാകാനിടയാക്കും. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണികളിൽനിന്ന് പണം പിൻവലിച്ച് യു.എസ്. വിപണികളിലേക്ക് പോകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് രൂപയുടെ മൂല്യം ഇടിയാനും ഇറക്കുമതി ചെലവും പണപ്പെരുപ്പവും കൂട്ടാനും വായ്പാ ചെലവുകൾ വർധിപ്പിച്ച് ഇന്ത്യൻ ഓഹരികളുടെ മൂല്യനിർണയത്തിൽ സമ്മർദം ചെലുത്താനും കാരണമാകും.
രൂപയുടെ മൂല്യത്തകർച്ച
രൂപയുടെ മൂല്യത്തിൽ ഇടിവ് നേരിട്ടു. ഡോളറിനെതിരെ 92.50-ന് മുകളിലേക്ക് ഉയർന്ന രൂപ, വെള്ളിയാഴ്ച 92.67-ൽ ക്ലോസ് ചെയ്ത ശേഷം ഡോളറിനെതിരെ 93 എന്ന നിലവാരത്തിലേക്ക് താഴുന്ന സ്ഥിതിയിലെത്തി. രൂപയുടെ മൂല്യം ഇടിയുന്നത് ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ഇറക്കുമതി ചെലവ് വർധിപ്പിക്കുകയും കമ്പനികളുടെ ചെലവ് കൂട്ടി പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം ഐ.ടി., ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കയറ്റുമതി മേഖലകൾക്ക് രൂപയുടെ ഇടിവ് നേട്ടമാണ്; കാരണം അവരുടെ ഡോളർ വരുമാനം കൂടുതൽ രൂപയായി പരിവർത്തനം ചെയ്യപ്പെടും.
യു.എസിലെ പണപ്പെരുപ്പ കണക്കുകൾ, വിദേശ നിക്ഷേപകരുടെ നിലപാട്, സൂചികകളിലെ പ്രതിരോധവും പിന്തുണയുമൊക്കെയാകും വരുംദിവസങ്ങളിൽ വിപണിയുടെ ഗതി നിർണയിക്കുക.
Content Highlights: Sensex dropped over 1,900 points from day's high and Nifty fell 350+ points., BSE listed companies lost 4 lakh crore rupees in total market value., Heavy profit booking by investors after recent market highs., Declines in major stocks like HDFC Bank, Reliance, and ICICI Bank., Concerns over US Fed rate hikes and weakening Rupee value.