വിജയ് ശേഖര്‍ ശര്‍മക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും സെബിയുടെ നോട്ടീസ്: ഓഹരി വില ഇടിഞ്ഞു

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മക്കും മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പേടിഎമിന്റെ ഓഹരി വില ഒമ്പത് ശതമാനം താഴ്ന്നു. ബിഎസ്ഇയില്‍ 8.8 ശതമാനം ഇടിഞ്ഞ് 505.25 നിലവാരത്തിലെത്തി.

2021 നവംബറില്‍ ഐപിഒ ഇഷ്യു ചെയ്തപ്പോള്‍ തെറ്റായ വസ്തുതകള്‍ നല്‍കിയെന്നാണ് പ്രധാന ആരോപണം. പ്രൊമോട്ടര്‍ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പേടിഎം പേയ്‌മെന്റ് ബാങ്കിനെക്കുറിച്ച് ആര്‍ബിഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സെബിയുടെ നോട്ടീസ്. ജീവനക്കാരനേക്കാള്‍ മാനേജുമെന്റ് നിയന്ത്രണം ശര്‍മക്ക് ഉണ്ടായിരുന്നതിനാല്‍ ഐപിഒ രേഖകള്‍ ഫയല്‍ ചെയ്യുമ്പോള്‍ സിഇഒയെ പ്രൊമോട്ടറായി തരംതിരിക്കേണ്ടതുണ്ടോ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിഒക്ക് ശേഷം ജീവനക്കാര്‍ക്കുള്ള ഓഹരി വിഹിതം സ്വീകരിക്കുന്നതില്‍നിന്ന് പ്രൊമോട്ടര്‍മാര്‍ക്ക് വിലക്കുള്ളതിനാല്‍ വിജയ് ശേഖര്‍ ശര്‍മക്ക് അത് നല്‍കാന്‍ പാടില്ലാത്തതാണ്. ശര്‍മയെ പ്രൊമോട്ടറായാണ് കരുതേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Content Highlights: Paytm Shares Drop 9% After SEBI Issues Show-Cause Notices to CEO and Board