ലണ്ടനിൽ തുടങ്ങി ആഗോള വിപണികളിലേക്ക്: 24 മണിക്കൂറും പ്രവർത്തിക്കാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ

#Money Desk
AI Image created by mathrubhumi.com
AI Image created by mathrubhumi.com

ഗോള വിപണിയിൽ വിപ്ലവകരമായ മാറ്റവുമായി ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. 2027ഓടെ രാത്രികാല വ്യാപാരം ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ആഗോളതലത്തിലുള്ള നിക്ഷേപകർക്ക് കൂടുതൽ സൗകര്യപ്രദമായി വ്യാപാരം നടത്തുന്നതിനും വിപണിയിലെ മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിനുമാണ് ഈ നീക്കം.

എൽഎസ്ഇ 24 പ്ലാറ്റ്‌ഫോം

പ്രവർത്തന സമയം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2027 ജൂൺ മുതൽ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. പ്രധാന വിപണിയിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോം യുകെ, യുഎസ് വിപണികളെ പിന്തുടരുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് പദ്ധതികളിലാകും ആദ്യം ശ്രദ്ധകേന്ദ്രീകരിക്കുക. ക്രിപ്‌റ്റോ ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികളുടെ മുന്നേറ്റം മൂലം വർധിച്ചുവരുന്ന നിക്ഷേപക താത്പര്യം കണക്കിലെടുത്താണ് പരിഷ്‌കാരം നടപ്പാക്കുന്നത്. ഇതോടെ ആഗോളതലത്തിലുള്ള നിക്ഷേപകർക്ക് വിവിധ സമയമേഖലകളിൽ പണലഭ്യത ഉറപ്പാക്കാനും റിസ്‌ക് മാനേജുമെന്റ് മെച്ചപ്പെടുത്താനും കഴിയും.

നിക്ഷേപകർക്കുള്ള നേട്ടം

  • ആഗോള വിപണികളിലെ സംഭവവികാസങ്ങളോട് ഉടനടി പ്രതികരിക്കാൻ ഈ സംവിധാനം നിക്ഷേപകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു.
  • വിവിധ സമയമേഖലകളിലുള്ള നിക്ഷേപകർക്ക് വിപണിയിൽ ഇടപെടാൻ സാധിക്കുന്നതിലൂടെ ലിക്വിഡിറ്റി കൂട്ടാൻ സാധിക്കും.
  • വിപണി സമയം കഴിഞ്ഞുണ്ടാകുന്ന മാറ്റങ്ങൾ മൂലമുള്ള അപകടസാധ്യതകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കും.
  • തുടക്കത്തിൽ യുകെ, യുഎസ് സ്റ്റോക്ക് മാർക്കറ്റുകളെ പിന്തുടരുന്ന ഫണ്ടുകൾ പോലുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഉൽപ്പന്നങ്ങളിലായിരിക്കും വ്യാപാരം നടക്കുക.

പ്രവർത്തന സമയം

വിപണി

വിഭാഗം

പ്രവർത്തന

സമയം

(ലണ്ടൻ സമയം)

മാറ്റം

പ്രധാന

വിപണി

രാവിലെ 8:00

മുതൽ

വൈകിട്ട് 4:30 വരെ

നിലവിലെ

സ്റ്റാൻഡേർഡ്

സമയം തുടരും

LSE 24

വൈകിട്ട് 5:00

മുതൽ അടുത്ത

ദിവസം

രാവിലെ 7:50 വരെ

രാത്രികാല

വ്യാപാര

പ്ലാറ്റ്‌ഫോം

ഇടവേള

വൈകിട്ട് 6:30

മുതൽ 7:00

വരെ

ദിവസാവസാന

പ്രക്രിയകൾക്കായി

30 മിനിറ്റ്

ഇടവേള

മത്സരം കടുക്കും

പരമ്പരാഗത വ്യാപാര സമയക്രമത്തിന് പുറമെ പ്രവർത്തിക്കുന്ന ക്രിപ്‌റ്റോ കറൻസി വിപണികളുടെ വളർച്ചയാണ് പ്രവർത്തന രീതി മാറ്റാൻ പ്രേരിപ്പിച്ചത്. റീട്ടെയിൽ വ്യാപാരികൾക്കിടയിൽ എപ്പോൾ വേണമെങ്കിലും വ്യാപാരം നടത്താനുള്ള താത്പര്യം കൂടിവരികയാണ്. അതുകൊണ്ടുതന്നെ മറ്റ് പ്രമുഖ എക്‌സ്‌ചേഞ്ചുകളും സമാനമായ മാറ്റം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

Nasdaq: പ്രവൃത്തി ദിവസങ്ങളിൽ വ്യാപാര സമയം 23 മണിക്കൂറായി ഡിസംബറോടെ വർധിപ്പിക്കാൻ പദ്ധതിയിടുന്നു.

CME: മെയ് അവസാനം മുതൽ ക്രിപ്‌റ്റോ ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും 24x7 വ്യാപാരം ആരംഭിച്ചു.

Cboe: EDGX ഇക്വിറ്റീസ് എക്‌സ്‌ചേഞ്ചിൽ യുഎസ് ഇക്വിറ്റികളുടെ 23x5 വ്യാപാരം ഡിസംബറിൽ ആരംഭിക്കാൻ പദ്ധതിയിടുന്നു.

ഡിജിറ്റൽ ആസ്തികളുടെയും ക്രിപ്‌റ്റോ വിപണിയുടെയും വെല്ലുവിളികൾക്കിടയിൽ നിക്ഷേപകരുടെ താതപര്യങ്ങൾക്കനുസരിച്ച് മാറാനുള്ള തന്ത്രപരമായ നീക്കമാണ് ലണ്ടൻ എക്‌സ്‌ചേഞ്ചിന്റേത്. 2027ൽ പ്രവർത്തനസജ്ജമാകുന്നതോടെ ആഗോള സാമ്പത്തിക വിപണിയിൽ ലണ്ടന്റെ സ്ഥാനം കൂടുതൽ കരുത്തുറ്റതാകുമെന്നാണ് വിലയിരുത്തൽ. അതോടെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളും സമാന രീതിയിൽ ചിന്തിച്ചേക്കാം.

Content Highlights: LSE to launch 24-hour trading platform by June 2027., Focus on exchange-traded products linked to UK and US markets., Designed to improve liquidity and risk management across time zones., Driven by competition from crypto markets and Nasdaq/Cboe expansions., Strategic move to maintain London's dominance in global finance.