എൽ.ഐ.സി.യുടെ 6.5 ശതമാനം ഓഹരികൾകൂടി വിൽക്കുന്നു: ലക്ഷ്യം 31,000 കോടി

മുംബൈ: പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ 6.5 ശതമാനം ഓഹരികൾകൂടി വിറ്റഴിക്കാനുള്ള നടപടികൾക്ക് തുടക്കമായി. ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്.) രീതിയിൽ കേന്ദ്ര സർക്കാരാണ് ഓഹരികൾ വിറ്റഴിക്കുന്നത്. 2.5 ശതമാനം ഓഹരികൾ വിൽക്കുകയാണ് ലക്ഷ്യമിടുന്നതെങ്കിലും കൂടുതൽ ആവശ്യക്കാരെത്തിയാൽ 'ഹോഴ്‌സ് ഷൂ ഓപ്ഷൻ' രീതിയിൽ മറ്റൊരു നാലു ശതമാനം ഓഹരികൾകൂടി നൽകാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി നിക്ഷേപക സ്ഥാപനങ്ങൾക്കും വൻകിട നിക്ഷേപകർക്കുമുള്ള ഇഷ്യു ചൊവ്വാഴ്ച നടന്നു. ചെറുകിട നിക്ഷേപകർക്ക് ബുധനാഴ്ച അപേക്ഷിക്കാം. ഓഹരിയൊന്നിന് 382 രൂപ അടിസ്ഥാനവിലയിട്ടാണ് ഒ.എഫ്.എസ്. ഇഷ്യു.
വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയെന്ന നിലയിൽ എൽ.ഐ.സി.യുടെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിലെത്തിക്കേണ്ടതുണ്ട്. നിലവിലിത് 3.5 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നത്. ബി.എസ്.ഇ.യിലെ കണക്കനുസരിച്ച് നിക്ഷേപക സ്ഥാപനങ്ങളിൽനിന്നും വൻകിട നിക്ഷേപകരിൽനിന്നുമായി ചൊവ്വാഴ്ച 94.45 കോടി ഓഹരികൾക്കായി അപേക്ഷ ലഭിച്ചിട്ടുണ്ട്. ചെറുകിട നിക്ഷേപകർക്കായി പരമാവധി 8.22 കോടി ഓഹരികളും നിക്ഷേപക സ്ഥാപനങ്ങൾക്കായി 74 കോടി ഓഹരികളുമാണ് നീക്കിവെച്ചിട്ടുള്ളത്. ഗ്രീൻ ഷൂ ഓപ്ഷൻ വഴിയുള്ള അധിക ഓഹരികളുൾപ്പെടെയാണിത്.
ഓഹരി വിൽപനയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ:
- വിൽപന രീതി: ഓഫർ ഫോർ സെയിൽ (Offer for Sale - OFS).
- ഓഹരി വിഹിതം: പ്രാഥമികമായി 2.5 ശതമാനം ഓഹരികൾ വിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആവശ്യക്കാർ കൂടുകയാണെങ്കിൽ 'ഗ്രീൻ ഷൂ ഓപ്ഷൻ' വഴി 4 ശതമാനം കൂടി അധികമായി നൽകും. ഇത്തരത്തിൽ ആകെ 6.5 ശതമാനം ഓഹരികളാണ് വിൽപനയ്ക്കായി വെച്ചിരിക്കുന്നത്.
- ലക്ഷ്യമിടുന്ന തുക: 31,000 കോടി രൂപ.
- അടിസ്ഥാന വില: ഒരു ഓഹരിക്ക് 382 രൂപ.
നിക്ഷേപകരെ വിവിധ വിഭാഗങ്ങളായി തിരിച്ച് വ്യത്യസ്ത സമയങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്:
വിഭാഗം | അപേക്ഷാ ദിവസം | നീക്കിവെച്ചിട്ടുള്ള ഓഹരികൾ |
|---|---|---|
നിക്ഷേപ സ്ഥാപനങ്ങൾ/ വൻകിട നിക്ഷേപകർ | ചൊവ്വാഴ്ച | 74 കോടി ഓഹരികൾ |
ചെറുകിട നിക്ഷേപകർ | ബുധനാഴ്ച | പരമാവധി 8.22 കോടി ഓഹരികൾ |
6.5 ശതമാനം ഓഹരികളും വിറ്റഴിക്കാനായാൽ സർക്കാരിന് 31,000 കോടി രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മേയിൽ ലിസ്റ്റ് ചെയ്ത കമ്പനിക്ക് നിയമപ്രകാരം പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിലെത്തിക്കാൻ സെബി കൂടുതൽ സമയം അനുവദിച്ചിരുന്നു. 2027 മേയ് മാസത്തിനകം ഇത് പത്തു ശതമാനത്തിലെത്തിക്കേണ്ടതുണ്ട്. 6.5 ശതമാനം ഓഹരികൾ വിറ്റഴിച്ചാൽ എൽ.ഐ.സി.യിൽ സർക്കാർ ഓഹരി പങ്കാളിത്തം 90 ശതമാനമായി കുറയും. അതേസമയം ഓഫർ ഫോർ സെയിൽ പ്രഖ്യാപിച്ചതിനു പിന്നാലെ ചൊവ്വാഴ്ച എൽ.ഐ.സി. ഓഹരിവില കുത്തനെ ഇടിഞ്ഞു. ഓഹരിയൊന്നിന് 7.86 ശതമാനമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ നേരിയതോതിൽ ഉയരുകയും ചെയ്തു. ഓഹരിയൊന്നിന് 394 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Content Highlights: Government initiating 6.5% stake sale in LIC via Offer for Sale (OFS)., Targeting to raise ₹31,000 crore to meet SEBI's minimum public shareholding norms., Floor price set at ₹382 per share., Retail investors can apply starting today following the institutional bidding phase., Government stake will reduce to 90% post-transaction.