ഇന്‍ഡിഗോ പ്രതിസന്ധി: നിക്ഷേപകര്‍ക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയില്‍ ഇടിവ്

#Money Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്‍ഡിഗോയുടെ ഓഹരി നേരിട്ടത് കനത്ത തകര്‍ച്ച. തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ മാത്രം ഓഹരി വിലയില്‍ 10 ശതമാനത്തോളം ഇടിവ് നേരിട്ടു. ആറ് ദിവസംകൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായതാകട്ടെ 37,000 കോടി രൂപയും.

ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും സര്‍വീസുകള്‍ തുടര്‍ന്നും വൈകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വ്യവസ്ഥകള്‍ പ്രകാരം ഡ്യൂട്ടി സമയത്തോടൊപ്പം ജീവനക്കാരെയും ക്രമീകരിക്കുന്നതില്‍ സംഭവിച്ച പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡിജിസിഎ ചൂണ്ടിക്കാണിച്ചിരുന്നു.

ഓഹരി ഇടിവ്

ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി ഏഴാമത്തെ വ്യാപാര ദിനത്തിലും നഷ്ടംനേരിട്ടു. വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതായിരുന്നു പ്രതിസന്ധിയുടെ തുടക്കം. ഡിജിസിഎയുടെ ഭാഗത്തുനിന്നുണ്ടാകാന്‍ സാധ്യതയുള്ള കൂടുതല്‍ നടപടികള്‍ വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക വ്യാപകമായത് നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. കമ്പനിയുടെ നഷ്ടം കുമിഞ്ഞ് കൂടുന്നതും തിരിച്ചടിയായി. ഇതോടെ തിങ്കളാഴ്ച ഓഹരി വില 4,843 രൂപ നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു.

Q2 2025

Q2 2024

അറ്റ നഷ്ടം

₹2,582 കോടി

₹987 കോടി

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം

₹18,555 കോടി

₹16,980 കോടി (ഏകദേശം)

EBITDAR

₹1,114 കോടി

₹2,434 കോടി

EBITDAR മാർജിൻ

6%

14.3%

  • വിദേശനാണ്യ വിനിമയത്തിലെ ചെലവ് കൂടിയത് കമ്പനിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. അറ്റനഷ്ടം 987 കോടി രൂപയില്‍നിന്ന് 2,582 കോടിയായിതിന്റെ പ്രധാന കാരണം ഇതാണ്.
  • പ്രവര്‍ത്തന ലാഭക്ഷമതയുടെ സൂചകമായ EBITDAR( പലിശ, നികുതി, മൂല്യമിടിവ്, വിമാന വാടക എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 2,434 കോടി രൂപയില്‍നിന്ന് 1,114 കോടിയായി കുറയുകയും ചെയ്തു.

ഭാവി

വ്യവസ്ഥകള്‍ പാലിച്ച് മുന്നോട്ടുപോകണമെങ്കില്‍ 20 ശതമാനം പൈലറ്റുമാരെ അധികമായി കണ്ടെത്തേണ്ടിവരും. ജീവനക്കാരുടെ ചെലവ് വര്‍ധിക്കാനിത് ഇടയാക്കും.

ഏവിയേഷന്‍ ഇന്ധനത്തിന്റെ വില കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 90 നിലവാരത്തിലെത്തിയത് ലീസിനും അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനത്തിനും വേണ്ടിയുള്ള ചെലവ് കൂട്ടും.

വിലയിരുത്തല്‍

യുബിഎസ്: 'വാങ്ങല്‍' റേറ്റിംഗ് നിലനിര്‍ത്തുന്നുണ്ടെങ്കിലും ലക്ഷ്യവില 6,350 രൂപയായി കുറച്ചു. FDTL നിയമങ്ങള്‍ക്കുള്ള തയ്യാറെടുപ്പില്ലായ്മ, ജീവനക്കാരുടെ ആവശ്യകത, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലേക്കുള്ള വ്യാപനം ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളെ പിന്തുണയ്ക്കുമെന്ന് യുബിഎസ് വിലയിരുത്തുന്നു.

ജെഫ്രീസ്: 'വാങ്ങല്‍' റേറ്റിംഗ് നിലനിര്‍ത്തുന്നുണ്ടെങ്കിലും ചെലവ് വര്‍ധിക്കുന്നത് പ്രതികൂലമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. പ്രവര്‍ത്തന തടസങ്ങള്‍, ദുര്‍ബലമായ രൂപ, പുതിയ FDTL നിയമങ്ങള്‍ എന്നിവ ഇന്ധന ഇതര ചെലവുകള്‍ വര്‍ധിപ്പിക്കുമെന്ന് അവര്‍ വിലയിരുത്തുന്നു.

ഇന്‍വെസ്‌ടെക്: 'വില്പന' റേറ്റിംഗും 4,040 രൂപ ലക്ഷ്യവിലയും നല്‍കി. വര്‍ധിച്ചുവരുന്ന ഇന്ധനച്ചെലവും രൂപയുടെ മൂല്യത്തകര്‍ച്ചയും ചൂണ്ടിക്കാട്ടി പ്രതികൂല കാഴ്ചപ്പാടാണ് മുന്നോട്ടുവെയ്ക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കാനായില്ലെങ്കില്‍ പൈലറ്റുമാരുടെ എണ്ണം കൂട്ടുന്നത് കമ്പനിയു ആദായത്തില്‍ 25% കുറവ് വരുത്തുമെന്ന് വിലയിരുത്തുന്നു.

Content Highlights: IndiGo`s shares drop for 6th day amid service cancellations, causing massive investor losses. Facing regulatory issues and rising costs.