വിദേശികൾക്ക് ഇനി ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാം; കടപ്പത്ര വിപണിയിലും മാറ്റങ്ങൾ

വിദേശികൾക്ക് ഇനി ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാം. ഓഹരി-കടപ്പത്ര വിപണികളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവ് പ്രഖ്യാപിച്ചത്. വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ കമ്പനികളിൽ കൈവശംവെയ്ക്കാവുന്ന ഓഹരികളുടെ പരിധി വർധിപ്പിക്കുകയും ചെയ്തു. കോർപ്പറേറ്റ് ബോണ്ട് വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി ) വർധിപ്പിക്കുന്നതിനായി പുതിയ മാർക്കറ്റ്-മേക്കിംഗ് ഫ്രെയിംവർക്കും പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയെ ആഗോള തലത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ.
നിലവിൽ വിദേശ നിക്ഷേപങ്ങൾ പ്രധാനമായും രജിസ്റ്റർ ചെയ്ത വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPIs) അല്ലെങ്കിൽ എൻആർഐ (NRI) വഴിയാണ് വന്നിരുന്നത്. സാധാരണക്കാരായ വിദേശ നിക്ഷേപകർക്ക് ഇത് സങ്കീർണ്ണമായ പ്രക്രിയയായിരുന്നു. വിദേശത്തുള്ള വ്യക്തിഗത നിക്ഷേപകർക്ക് 'പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്‌കീം' വഴി നേരിട്ട് ഇന്ത്യൻ ഓഹരികളിൽ ഇതോടെ നിക്ഷേപിക്കാം.വിദേശ പങ്കാളിത്തത്തിന്റെ അടിത്തറ വിപുലീകരിക്കുകയും ആഭ്യന്തര എക്‌സ്‌ചേഞ്ചുകളെ ആഗോള മൂലധനവുമായി ബന്ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.
ലിസ്റ്റ് ചെയ്ത ഇന്ത്യൻ കമ്പനികളിൽ വിദേശ വ്യക്തികൾക്ക് കൈവശം വയ്ക്കാവുന്ന ഓഹരികളുടെ പരിധിയിൽ മാറ്റംവരുത്തി.
നിക്ഷേപ വിഭാഗം | നിലവിലെ പരിധി | പുതിയ പരിധി |
|---|---|---|
വിദേശ വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരിധി | 5% | 10% |
എല്ലാ വിദേശ വ്യക്തികൾക്കും കൂടി കൈവശം വയ്ക്കാവുന്ന മൊത്തം പരിധി | 10% | 24% |
നേട്ടം:
ഗൗരവമായി നിക്ഷേപം നടത്തുന്ന വിദേശികൾക്ക് കമ്പനികളിൽ നിർണായക സ്വാധീനം ചെലുത്താനാകും. ഓഹരികളുടെ യഥാർത്ഥ മൂല്യം കണ്ടെത്തുന്നതിനും ദീർഘകാല മൂലധന രൂപീകരണത്തിനും ഇത് സഹായിക്കും.
കോർപ്പറേറ്റ് ബോണ്ട് വിപണിയിലെ പരിഷ്‌കാരങ്ങൾ
ഇന്ത്യൻ കടപ്പത്ര വിപണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലിക്വിഡിറ്റി കുറവ് പരിഹരിക്കുന്നതിനായി 'മാർക്കറ്റ്-മേക്കിംഗ് ഫ്രെയിംവർക്ക്' അവതരിപ്പിച്ചു. നിക്ഷേപകർക്ക് എളുപ്പത്തിൽ ബോണ്ടുകൾ വാങ്ങാനും വിൽക്കാനും സംവിധാനം വഴി കഴിയും.ഇതോടെ ഫിക്‌സഡ് ഡെപ്പോസിറ്റുകൾക്കും ബാങ്ക് വായ്പകൾക്കും പകരമായി കോർപ്പറേറ്റ് ബോണ്ടുകൾ കൂടുതൽ ആകർഷകമാകും. കമ്പനികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ പണം സമാഹരിക്കാൻ ഇത് വഴിതുറക്കും.
Content Highlights: Budget 2026 allows direct foreign investment in Indian stocks and bonds. Explore new opportunities for global investors in the Indian market.