വിപണി മൂല്യ പരിധി 1 ലക്ഷം കോടിയാക്കും: 11 ഓഹരികള്‍ ലാര്‍ജ് ക്യാപിലേയ്ക്ക്

AI Image created by mathrubhumi.com
AI Image created by mathrubhumi.com

സോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) ജനുവരിയില്‍ ഓഹരികള്‍ പുനഃക്രമീകരിക്കുന്നതിലൂടെ നിരവധി മിഡ് ക്യാപുകള്‍ ലാര്‍ജ് ക്യാപിലേയ്ക്ക് മാറിയേക്കും. 

ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യമുള്ള കമ്പനികളാകും ലാര്‍ജ് ക്യാപില്‍ ഉള്‍പ്പെടുക. കഴിഞ്ഞ ജൂണിലാണ് ഈ പരിധി 84,000 കോടിയില്‍നിന്ന് ഒരു ലക്ഷം കോടിയായി ഉയര്‍ത്തിയത്. മിഡ് ക്യാപിലെ വിപണി മൂല്യമാകട്ടെ 27,500 കോടിയില്‍നിന്ന് 32,900 കോടിയായും ഉയര്‍ത്തിയിരുന്നു. 

ആംഫിയുടെ 2025ലെ തരംതിരിക്കലില്‍ 11 മിഡ് ക്യാപ് ഓഹരികളാണ് ലാര്‍ജ് ക്യാപ് വിഭാഗത്തിലേയ്ക്ക് മാറാന്‍ സാധ്യത. സി.ജി പവര്‍, റെയില്‍ വികാസ് നിഗം ലിമിറ്റഡ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, പോളിക്യാബ് ഇന്ത്യ, ഇന്‍ഡസ് ടവേഴ്‌സ്, കുമിന്‍സ് ഇന്ത്യ, ഇന്‍ഫോ എഡ്ജ്, ഹ്യൂണ്ടായ് മോട്ടോഴ്‌സ്, എന്‍ടിപിസി ഗ്രീന്‍, ബജാജ് ഹൗസിങ് ഫിനാന്‍സ്, സ്വിഗ്ഗ്വി എന്നിവയാണ് കൂടുമാറാന്‍ സാധ്യതയുള്ള ഓഹരികള്‍.

ഹ്യൂണ്ടായ് മോട്ടോഴ്‌സ്, എന്‍ടിപിസി ഗ്രീന്‍, ബജാജ് ഹൗസിങ് ഫിനാന്‍സ്, സ്വിഗ്ഗ്വി എന്നീ ഓഹരികള്‍ അടുത്ത കാലത്താണ് വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 

ജിഇ ടിആന്‍ഡ്ഡി ഇന്ത്യ, ആദിത്യബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍, വാരി എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ്, വിശാല്‍ മെഗാ മാര്‍ട്, ഒല ഇലക്ട്രിക്കല്‍ മൊബിലിറ്റി തുടങ്ങിയ ഓഹരികള്‍ മിഡ് ക്യാപ് വിഭാഗത്തിലേക്കും എത്തും. അദാനി ടോട്ടല്‍ ഗ്യാസ്, എന്‍എച്ച്പിസി, ശ്രീ സിമെന്റ്‌സ്, ഐഡിബിഐ ബാങ്ക്, ബിഎച്ച്ഇഎല്‍, യൂണിയന്‍ ബാങ്ക്, കാനാറ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, മാന്‍കൈന്റ് ഫാര്‍മ തുടങ്ങിയ ഓഹരികളെ ലാര്‍ജ് ക്യാപില്‍നിന്ന് മിഡ് ക്യാപിലേയ്ക്ക് താഴ്ത്തുകയും ചെയ്യും. ഗ്ലാന്‍ഡ് ഫാര്‍മ, ഗോ ഡിജിറ്റ് ജിഐ എന്നീ മിഡ് ക്യാപ് ഓഹരികള്‍ സ്‌മോള്‍ ക്യാപിലേയ്ക്കും മാറും. 

ബ്രെയ്ന്‍ബീസ്, എംകുര്‍ ഫാര്‍മ, സായ് ലൈഫ് സയന്‍സ്, മൊബിക്വിക്, ക്രോസ് ലിമിറ്റഡ്, ഇകോസ് മൊബിലിറ്റി എന്നിവ ഉള്‍പ്പടെ 38 ഓഹരികള്‍ സ്‌മോള്‍ ക്യാപ് വിഭാഗത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്യും. 

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആറ് മാസംകൂടമ്പോഴാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) ഓഹരികളെ പുനഃക്രമീകരിക്കുന്നത്. ജൂണിലെ പുനഃക്രമീകരണത്തിന് ജൂലായ് ഒന്നു മുതല്‍ ഡിസംബര്‍ 31വെരയാണ് കാലാവധി. ജനുവരിയില്‍ ആദ്യ ആഴ്ചയിലാകും പുതിയ പട്ടിക പുറത്തുവിടുക. 2025 ഫെബ്രുവരി ഒന്നു മുതലാകും ഇതിന് പ്രാബല്യമുണ്ടാകുക. 

ഓഹരികളിലെ പുനഃക്രമീകരണത്തിന്റെ പ്രസക്തി മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ്. സ്‌കീമിന്റെ മാനദണ്ഡമനുസരിച്ച് ഓഹരികളെ ഒഴിവക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യേണ്ട സാഹചര്യം ഇതിലൂടെ ഉണ്ടാകുന്നു. ഉയര്‍ന്ന വിഭാഗത്തിലേക്ക് വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുമെന്നതും ഓഹരികള്‍ക്ക് നേട്ടമാണ്. 

Content Highlights: AMFI`s January 2025 reclassification impacts several mid-cap stocks moving to large-cap.