അദാനിയുടെ ഓഫര്‍ 294 രൂപ, വിപണി വില 379: എന്‍ഡിടിവിയുടെ ഓപ്പണ്‍ ഓഫറിന് തുടക്കം

.
.

ന്യൂഡല്‍ഹി ടെലവിഷന്റെ(എന്‍ഡിടിവി) 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കുന്നതിന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച ഓപ്പണ്‍ ഓഫറിന് തുടക്കമായി. 

379 രൂപ നിലവാരത്തില്‍ വ്യാപാരം നടക്കുന്ന ഓഹരികള്‍ക്ക് 294 രൂപയാണ് അദാനി വിലയിട്ടിരിക്കുന്നത്. ഇതുപ്രകാരം 493 കോടി രൂപ മുടക്കി 1.67 കോടി ഓഹരികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ അഞ്ചിനാണ് ഓഫര്‍ അവസാനിക്കുക. ഓപ്പണ്‍ ഓഫര്‍ വിലയുടെ 30 ശതമാനം ഉയര്‍ന്ന നിരക്കായ 382.20 രൂപയിലായിരുന്നു എന്‍ഡിടിവി ഓഹരി തിങ്കളാഴ്ച ക്ലോസ് ചെയ്തത്. 

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സില്‍ 99.99 ശതമാനം ഓഹരി കൈവശമുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍(വിസിപിഎല്‍)ഏറ്റെടുത്തതിലൂടെയാണ് അദാനി ഗ്രൂപ്പിന് എന്‍ഡിടിവിയിലെ 29.18 ഓഹരികള്‍ സ്വന്തമാക്കാനായത്. ഇതേതുടര്‍ന്നാണ്  വിപണിയില്‍നിന്ന് കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചത്. 

അദാനി മുന്നോട്ടുവെച്ചതിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ വ്യാപാരം നടക്കുന്നതിനാല്‍ ശ്രദ്ധാപൂര്‍വം വേണം ഓപ്പണ്‍ ഓഫറിനോട് പ്രതികരിക്കാനെന്ന് എന്‍ഡിടിവിയുടെ സ്വതന്ത്ര ഡയക്ടര്‍മാര്‍ ഓഹരി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ക്ക് കമ്പനിയില്‍ യഥാക്രമം 15.94ശതമാനം, 16.32ശതമാനം ഓഹരികളാണുള്ളത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് 14.72ശതമാനം ഓഹരികളുണ്ട്. വ്യക്തികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമായി 23.84ശതമാനവുമാണ് ഓഹരി പങ്കാളിത്തമുള്ളത്. 

Content Highlights: Adani group's Rs 493-cr open offer for NDTV shares has begun