സ്റ്റെപ് അപ് എസ്.ഐ.പി.: വരുമാനത്തിനൊപ്പം വളരുന്ന സാമ്പത്തികതന്ത്രം

#ആർ. റോഷൻ (roshan@mpp.co.in)
Photo: PTI
Photo: PTI

എസ്.ഐ.പി.യിൽ ഓരോമാസവും ഒരേ തുകവീതം ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന രീതിയെക്കുറിച്ച് കഴിഞ്ഞ ലക്കത്തിൽ നാം മനസ്സിലാക്കി. എന്നാൽ, നമ്മുടെ ജീവിതത്തിൽ ഓരോ വർഷം കഴിയുമ്പോഴും ശമ്പള വർധനവോ അല്ലെങ്കിൽ ബിസിനസിൽനിന്നുള്ള വരുമാന വളർച്ചയോ സാധാരണ ഉണ്ടാകാറുണ്ട്. ഈ വരുമാന വളർച്ചയ്ക്കനുസരിച്ച് നമ്മുടെ മാസാമാസമുള്ള നിക്ഷേപത്തുകയും ഘട്ടംഘട്ടമായി ഉയർത്തുന്ന ശൈലിയാണ് സ്റ്റെപ് അപ് എസ്.ഐ.പി. ഇതിനെ ടോപ് അപ് എസ്.ഐ.പി. എന്നും പറയാറുണ്ട്.

എന്താണ് സ്റ്റെപ് അപ് എസ്.ഐ.പി.?

നിങ്ങൾ മാസം 10,000 രൂപ വെച്ച് ഒരു മ്യൂച്വൽ ഫണ്ടിൽ എസ്.ഐ.പി. ആരംഭിക്കുന്നു എന്ന് കരുതുക. സാധാരണ എസ്.ഐ.പി.യിൽ 10 വർഷവും ഈ 10,000 രൂപ തന്നെയായിരിക്കും മാസം നിക്ഷേപിക്കുക. എന്നാൽ, സ്റ്റെപ് അപ് എസ്.ഐ.പി.യിൽ നിങ്ങൾ ഒരു നിശ്ചിത ശതമാനം (ഉദാ: 10 ശതമാനം) ഓരോ വർഷവും കൂട്ടി നിക്ഷേപിക്കാൻ തീരുമാനിക്കുന്നു.

ഒന്നാം വർഷം: മാസം 10,000 രൂപ

രണ്ടാം വർഷം: മാസം 11,000 രൂപ (10 ശതമാനം വർധന)

മൂന്നാം വർഷം: മാസം 12,100 രൂപ (വീണ്ടും 10 ശതമാനം വർധന).

ഇങ്ങനെ ഓരോ വർഷവും ഓട്ടമാറ്റിക്കായി അക്കൗണ്ടിൽനിന്ന് കൂടുതൽ തുക നിക്ഷേപത്തിലേക്ക് മാറുന്നു.

സാധാരണ എസ്.ഐ.പി.യും സ്റ്റെപ് അപ് എസ്.ഐ.പി.യും തമ്മിലുള്ള വ്യത്യാസം ഉദാഹരണത്തിലൂടെ വിശദീകരിക്കാം. ഉണ്ണിയും സിറാജും സഹപ്രവർത്തകരാണ്. ഇരുവരും 10,000 രൂപ വീതം 15 ശതമാനം ശരാശരി വാർഷിക റിട്ടേണിൽ 15 വർഷത്തേക്ക് നിക്ഷേപിക്കുന്നു. സിറാജ് 15 വർഷവും മാസാമാസമുള്ള നിക്ഷേപം 10,000 രൂപയിൽ തന്നെ നിലനിർത്തി. അങ്ങനെ 15 വർഷം കൊണ്ട് 18 ലക്ഷം രൂപ നിക്ഷേപിച്ചു. 15 വർഷക്കാലാവധി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന തുക 61.64 ലക്ഷം രൂപ. അതായത്, നേട്ടം 43.64 ലക്ഷം രൂപ.

ഉണ്ണിയും 10,000 രൂപ വീതമാണ് പ്രതിമാസം നിക്ഷേപിച്ചുതുടങ്ങിയതെങ്കിലും വരുമാനം കൂടുന്നതിനനുസരിച്ച് വാർഷികാടിസ്ഥാനത്തിൽ 10 ശതമാനം വീതം എസ്.ഐ.പി. തുക വർധിപ്പിച്ചുകൊണ്ടിരുന്നു. അതായത്, രണ്ടാം വർഷം 11,000 രൂപ, മൂന്നാം വർഷം 12,100 രൂപ... അങ്ങനെ, സ്റ്റെപ് അപ്പിലൂടെ 15 വർഷം കൊണ്ട് ഉണ്ണിക്ക് 38.13 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിച്ചു. 15 വർഷ നിക്ഷേപക്കാലയളവ് കഴിഞ്ഞപ്പോൾ ഉണ്ണിക്ക് ലഭിക്കുന്ന തുക 1.03 കോടി രൂപ! അതായത്, നേട്ടം 64.47 കോടി രൂപ.

നിക്ഷേപിച്ചുതുടങ്ങിയ തുക ഒന്നായിട്ടും, ഓരോ വർഷവും നിക്ഷേപത്തുകയിൽ വരുത്തിയ 10 ശതമാനത്തിന്റെ വീതം ചെറിയൊരു വർധനവിലൂടെ 41.36 ലക്ഷം രൂപയുടെ അധിക നേട്ടം ഉണ്ണിക്ക് ലഭിച്ചു.

സ്റ്റെപ് അപ് എസ്.ഐ.പി.യുടെ സവിശേഷതകൾ

* ശമ്പളം കൂടുമ്പോൾ അതിനനുസരിച്ച് ലൈഫ് സ്റ്റൈൽ ചെലവുകളും കൂട്ടുന്ന ശീലം നമുക്കെല്ലാവർക്കുമുണ്ട്. എന്നാൽ ഓട്ടമാറ്റിക് സ്റ്റെപ് അപ് വഴി പണം കൈയിൽ തങ്ങുന്നതിന് മുൻപുതന്നെ നിക്ഷേപത്തിലേക്ക് പോകുന്നു.

* നിങ്ങളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസം അല്ലെങ്കിൽ റിട്ടയർമെന്റ് ഫണ്ട് പോലുള്ള വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ സാധാരണ എസ്.ഐ.പി.യേക്കാൾ വേഗത്തിൽ എത്താൻ സ്റ്റെപ് അപ് സഹായിക്കുന്നു.

* പണപ്പെരുപ്പത്തെ നേരിടാനൊരു കവചമാണ് സ്റ്റെപ് അപ്. ഓരോ വർഷവും സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാകുന്നതിനനുസരിച്ച് നമ്മുടെ നിക്ഷേപത്തിന്റെ മൂല്യവും ഉയർത്താൻ ഇത് സഹായിക്കും.

എങ്ങനെ ആരംഭിക്കാം?

ഗ്രോ, സെറോദ പോലുള്ള ഫിൻടെക് ആപ്പുകളിലും ജിയോജിത് പോലുള്ള ബ്രോക്കിങ് സ്ഥാപനങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലും സ്റ്റെപ് അപ് സൗകര്യം ലഭ്യമാണ്. പുതിയ എസ്.ഐ.പി. ആരംഭിക്കുമ്പോൾ തന്നെ ടോപ് അപ്/സ്റ്റെപ് അപ്

എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിൽ ഓരോ വർഷവും എത്ര ശതമാനം (ഉദാ: 5 ശതമാനം, 10 ശതമാനം), അല്ലെങ്കിൽ എത്ര തുക (ഉദാ: 1,000 രൂപ, 2,000 രൂപ) വീതമാണ് കൂട്ടേണ്ടതെന്ന് മുൻകൂട്ടി നിശ്ചയിക്കാവുന്നതാണ്.

വരുംവർഷങ്ങളിൽ നിങ്ങളുടെ സാമ്പത്തിക ശേഷി ഉയരുമ്പോൾ അതേ അനുപാതത്തിൽ നിക്ഷേപവും ഉയർത്തുക. ചെറിയൊരു സ്റ്റെപ് അപ് നിങ്ങളുടെ ഭാവിസമ്പത്തിൽ വൻ വിപ്ലവം സൃഷ്ടിക്കും. ഇനി, കൈയിൽ ഒന്നിച്ച് വലിയൊരു തുക വന്നെത്തിയാൽ അത് എങ്ങനെ നിക്ഷേപിക്കണം. ലംപ്‌സം നിക്ഷേപങ്ങളെക്കുറിച്ച് അടുത്ത അധ്യായത്തിൽ.

Content Highlights: Step-Up SIP allows investors to automatically increase their monthly mutual fund investment annually based on income growth., A small 10% annual increase in SIP can generate massive long-term wealth compared to a fixed normal SIP., Step-Up SIP helps beat inflation and achieves big financial goals like retirement or children's education much faster.