യു.പി.ഐ ലൈറ്റ്: പിന്‍ ഇല്ലാതെ 500 രൂപവരെ കൈമാറാം

ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിന്റെ ഭാഗമായി യു.പി.ഐ ലൈറ്റ് വഴിയുള്ള പണമിടപാട് പരിധി 200 രൂപയില്‍ നിന്ന് 500 രൂപയാക്കി. പണനയ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.
പിന്‍ ഉപയോഗിക്കാതെ ചെറിയ മൂല്യമുള്ള പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ്. ബാങ്ക് അക്കൗണ്ടില്‍നിന്ന് ആപ്പിലെ വാലറ്റിലേക്ക് പണം ചേര്‍ക്കുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്. അതില്‍നിന്ന് 500 രൂപയില്‍ കൂടാതെയുള്ള പണമിടപാടുകള്‍ നടത്താമെന്നതാണ് പ്രത്യേകത. യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കാവുന്ന തുകയുടെ പരിധി 2,000 രൂപയാണ്.
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ വാലറ്റുകള്‍വഴി യുപിഐ ലൈറ്റ് ഇടപാടുകള്‍ നടത്താനാകും. വാലറ്റിലേക്ക് നശ്ചിത തുക നിക്ഷേപിച്ചുകഴിഞ്ഞാല്‍ അതില്‍നിന്ന് നടത്തുന്ന ചെറിയ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടില്‍ പ്രതിഫലിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. അക്കൗണ്ടില്‍നിന്ന് യുപിഐ ലൈറ്റിലേക്ക് നല്‍കിയ തുകമാത്രമെ കാണൂ.
Content Highlights: Now, pay up to Rs 500 via UPI Lite without PIN