സ്ഥിരവരുമാനത്തിന് 'ത്രീ ബക്കറ്റ് സട്രാറ്റജി': നിക്ഷേപം ഇങ്ങനെ ക്രമീകരിക്കാം

20വര്‍ഷത്തെ ഗള്‍ഫ് ജീവിതം മതിയാക്കി ഈയിടെയാണ് സന്ദീപ് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. 25-ാംവയസ്സില്‍ ജോലി തുടങ്ങിയ അദ്ദേഹം 45ല്‍ വിരമിക്കാന്‍ നേരത്തെതന്നെ പ്ലാനിട്ടിരുന്നു. വരുമാനത്തിന്റെ നല്ലൊരുഭാഗം വിരമിച്ചശേഷമുള്ള ജീവിതത്തിനായി നീക്കിവെച്ചതുകൊണ്ട് രണ്ടുകോടി രൂപ സമാഹരിക്കാനായി. അതില്‍നിന്ന് പരമാവധി ആദായം സ്വന്തമാക്കി ജീവിത ചെലവുകള്‍ നിറവേറ്റാന്‍ 'ത്രീ ബക്കറ്റ് സ്ട്രാറ്റജി' സ്വീകരിക്കാനാണ് സന്ദീപിന്റെ തീരുമാനം.
ത്രീ ബക്കറ്റ് സ്ട്രാറ്റജി
വിരമിച്ചശേഷമുള്ള ജീവിതത്തിനായി സമാഹരിച്ചതുകയില്‍നിന്ന് വ്യത്യസ്ത നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പരമാവധി വരുമാനം നേടുകയാണ് ലക്ഷ്യം.
ബക്കറ്റ് 1: ഒരുവര്‍ഷത്തെ ജീവിതചെലവിനുള്ള തുക ബാങ്കിലെ സേവിങ്സ് അക്കൗണ്ടില്‍ സൂക്ഷിക്കാം.
ബക്കറ്റ് 2: അഞ്ചുവര്‍ഷത്തെ ജീവിതചെലവിനുള്ള പണം സ്ഥിര നിക്ഷേപ പദ്ധതികളിലിടാം.
ബക്കറ്റ് 3: ഉയര്‍ന്ന നിക്ഷേപ വളര്‍ച്ച ലക്ഷ്യമിട്ട് ഒരുവിഹിതം ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കാം.
സന്ദീപ് പിന്തുടര്‍ന്ന രീതി ഉദാഹരിക്കാം:
50,000 രൂപയാണ് സന്ദീപിന്റെ പ്രതിമാസ ജീവിത ചെലവ്. ഒരുവര്‍ഷം ആറുലക്ഷം രൂപവേണം. അഞ്ചുവര്‍ഷത്തേയ്ക്ക് 30 ലക്ഷവും. ആദ്യത്തെ വര്‍ഷത്തെ ജീവിത ചെലവിനുള്ള തുകയായ ആറു ലക്ഷം രൂപ സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ ല്വിക്വിഡ് ഫണ്ടിലോ നിക്ഷേപിക്കാം. മാസംതോറും 50,000 രൂപവീതം പിന്‍വലിക്കാം.
ബാക്കിയുള്ള 24 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി ബാങ്കിലോ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടിലോ നിക്ഷേപിക്കാം. ഇപ്പോള്‍ രണ്ടു ബക്കറ്റുകളിലായി നിക്ഷേപം ക്രമീകരിച്ചുകഴിഞ്ഞു.
ബാക്കിയുള്ള 1.70 കോടി രൂപയില്‍നിന്ന് 20ശതമാനം തുക(40 ലക്ഷം രൂപ)ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപിയായി രണ്ടു വര്‍ഷംകൊണ്ട് നിക്ഷേപിക്കാം. വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം നേടാന്‍ ഈ നിക്ഷേപത്തിലൂടെ കഴിയും. ഇതോടെ മൂന്നുബക്കറ്റുകളിലായി വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപംനടത്തി.
ബാക്കിയുള്ള 1.30 കോടി രൂപ മറ്റുനിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി വിവിധ പദ്ധതികളിലായി ക്രമപ്പെടുത്താം. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം, ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട്, ബാലന്‍സ്ഡ് ഫണ്ട് എന്നിവ അതിനായി പരിഗണിക്കാം.
ശ്രദ്ധിക്കേണ്ടകാര്യം
ഒന്നാമത്തെ ബക്കറ്റ് എപ്പോഴും നിറഞ്ഞുനില്‍ക്കണം. ഓരോ മാസവും 50,000 രൂപവീതം പിന്‍വലിക്കുമ്പോള്‍ രണ്ടുംമൂന്നും ബക്കറ്റുകളില്‍ നിക്ഷേപിച്ച തുകയിലെ പലിശയോ മൂലധനനേട്ടമോ പിന്‍വലിച്ച് ആദ്യത്തെ ബക്കറ്റിലേയ്ക്കുമാറ്റുകയാണ് ചെയ്യേണ്ടത്.
ഒന്നാമത്തെയും രണ്ടാമത്തെയും ബക്കറ്റുകളിലായി എപ്പോഴും 30 ലക്ഷം രൂപ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നിക്ഷേപത്തിന്റെ അഞ്ചുശതമാനത്തിലധികം ഓരോമാസവും പിന്‍വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജീവിതത്തിലുടനീളം രണ്ടുകോടി പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാന്‍ ഇത് സാഹായിക്കും. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍നിന്നുള്ള മൂലധനനേട്ടം അഞ്ചുവര്‍ഷത്തിനുശേഷം പിന്‍വലിക്കുന്നതാണ് നല്ലത്.
ആദായത്തിനല്ല, സുരക്ഷയ്ക്കാണ് ആദ്യത്തെ ബക്കറ്റില്‍ നിക്ഷേപംനടത്തുമ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്. രണ്ടാമത്തെ ബക്കറ്റിലെ നിക്ഷേപത്തിന് ആദായത്തോടൈാപ്പം സുരക്ഷയും പരിഗണിക്കാം. മൂന്നാമത്തെ നിക്ഷേപം ദീര്‍ഘകാലയളവിലെ നേട്ടത്തിനായി ഓഹരി അധിഷ്ഠിത പദ്ധതികളിലായതിനാല്‍ അഞ്ചുവര്‍ഷംവരെ കാത്തിരിക്കുക. ഫ്ളക്സി ക്യാപ്, അഗ്രസീവ് ഹൈബ്രിഡ് എന്നീ കാറ്റഗറിയിലെ ഫണ്ടുകളാണ് പരിഗണിക്കേണ്ടത്.
നേരത്തെ വിരമിക്കുന്നവരുടെയും നാട്ടില്‍ സ്ഥിരതാമസമാക്കുന്ന പ്രവാസികളുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സമാഹരിച്ച തുകകൊണ്ട് ശിഷ്ടകാലം ജീവിക്കാനായിരിക്കും പദ്ധതി ആസൂത്രണം ചെയ്യുക. അതിനായി 'ത്രീ ബക്കറ്റ് സ്ട്രാറ്റജി' ഉപകാരപ്പെടും. ഓരോരുത്തരുടെയും സമ്പാദ്യത്തിനും ജീവിത ചെലവിനുമനുസരിച്ച് പിന്‍വലിക്കുന്ന തുകയും ക്രമീകരിക്കാം.
antonycdavis@gmail.com
Content Highlights: Investments can be adjusted for regular income.