ശതകോടീശ്വര വസതികളിലെ 'സാമ്പത്തിക രഹസ്യങ്ങൾ'

COFFEE BREAK
#സീഡി
Image:Freepik
Image:Freepik

കോടികൾ മൂല്യമുള്ള കോർപ്പറേറ്റ് ലയനങ്ങൾക്കും ഓഹരി വിപണിയിലെ വൻ അട്ടിമറികൾക്കും നേതൃത്വം നൽകുന്ന ശതകോടീശ്വരന്മാരുടെ വീടുകളിലാണ് അത് സംഭവിക്കുന്നത്. ബോർഡ് റൂമുകളിൽ സാമ്പത്തിക നയതന്ത്രജ്ഞത അവതരിപ്പിക്കുന്നവർ സ്വന്തം വീടിന്റെ ഉമ്മറപ്പടി കയറിയാൽ കടുത്ത രഹസ്യാത്മകത സൂക്ഷിക്കുന്നവരാണ്.

ഇന്ത്യയിലെ അതിസമ്പന്ന കുടുംബങ്ങളിലെ ഭർത്താക്കന്മാരിൽ മൂന്നിൽ രണ്ടു പേരും പണം എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുമ്പോൾ പങ്കാളിയെ അടുപ്പിക്കാറില്ല. ഇക്വിറസ് വെൽത്ത് മാനേജ്‌മെന്റ് ആൻഡ് ഫാമിലി ഓഫീസ് ആണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായി നേരിൽക്കണ്ട 70 അതിസമ്പന്ന കുടുംബങ്ങളിലെ 30 ശതമാനം പുരുഷന്മാർ മാത്രമാണ് സാമ്പത്തിക തീരുമാനങ്ങളിൽ ഭാര്യയുടെ അഭിപ്രായം ചോദിക്കാറുള്ളത്.

വൻകിട നിക്ഷേപങ്ങളുടെയും വിപണിയിലെ തന്ത്രപ്രധാനമായ അവസരങ്ങളുടെയും കാര്യത്തിലാണ് ഈ തമസ്കരണം. പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപങ്ങളിലെ വൻ ഇടപാടുകളിൽ പങ്കാളികളാകുമ്പോൾ, 'ബാലൻസ് ഷീറ്റ്' കാണിച്ചാൽ സാമ്പത്തിക സാമ്രാജ്യം തകർന്നുപോകുമോയെന്ന് ഇവർ ഭയക്കുന്നുണ്ടോ?

അതിസമ്പന്ന കുടുംബങ്ങളിൽ സ്ത്രീകളെ നിക്ഷേപ കണക്കുകളിൽനിന്ന് മാറ്റിനിർത്തുന്നത് പഴയ 'ആൺകോയ്മ' കൊണ്ടല്ല. സാങ്കേതിക പദാവലിയും ആധുനിക നയരേഖകളും ഉയർത്തിപ്പിടിച്ചാണ് എന്നതാണ് വസ്തുത. സ്വന്തം ഭാര്യ ടെക്‌നോളജി സംരംഭകയോ, ഫിനാൻസ് കോർപ്പറേറ്റ് മേധാവിയോ ഒക്കെയായി അരങ്ങുതകർക്കുമ്പോഴാണ് അവർക്ക് 'അനുഭവപരിചയമില്ല' എന്ന് ആവർത്തിക്കുന്നത്.

"അവർക്ക് സാമ്പത്തിക കാര്യങ്ങളിൽ അത്ര താല്പര്യമില്ല" എന്നോ മറ്റോ പറഞ്ഞ് ഇത്തരത്തിൽ സ്ത്രീകളെ ഒഴിവാക്കുകയാണ് പതിവെന്ന് സാപിയൻഷ്യ ഫാമിലി സൊലൂഷൻസിന്റെ സ്ഥാപകയായ മനീഷ ഗുഡ്ക പറയുന്നു. സ്ത്രീകളെ ചർച്ചകളിലേക്ക് ക്ഷണിക്കുമ്പോഴാണ് ഇത്തരത്തിലുള്ള മറുപടി വരുന്നതെന്നും മനീഷ വ്യക്തമാക്കുന്നു. മെനഞ്ഞെടുത്ത തന്ത്രപരമായ ഒഴിവുകഴിവുകൾ പറഞ്ഞ് പ്രഗല്ഭരായ സ്ത്രീകളെ നിക്ഷേപ തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിൽനിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്.

വിരുന്നിന് ക്ഷണിക്കുന്നതും പണപ്പെട്ടി തുറക്കാനുള്ള താക്കോൽ നൽകുന്നതും തമ്മിലുള്ള പ്രകടമായ അന്തരം ഇക്വിറസ് വെൽത്ത് കൃത്യമായി നിർവചിക്കുന്നു: സ്ത്രീകളെ ചർച്ചകളുടെ ഭാഗമാക്കുക എന്നതല്ല വെല്ലുവിളി; പണം എവിടെ എങ്ങനെ വിന്യസിക്കണം എന്ന കാര്യത്തിൽ ഇടപെടാനുള്ള അധികാരവും അനുഭവപരിചയവും പ്രയോഗിക്കാൻ അവർക്ക് അവസരം നൽകുകയാണ് വേണ്ടത്.

പിന്നെ എപ്പോൾ? പണപ്പെട്ടിയുടെ താക്കോൽ അവർക്ക് ഒടുവിൽ ലഭിക്കുന്നത് ദാരുണമായ സാഹചര്യങ്ങളിലാണ്. ഇക്വിറസ് പഠനവിധേയമാക്കിയ കുടുംബങ്ങളിൽ 40 ശതമാനത്തിലും സ്ത്രീകൾ സമ്പത്തിന്റെ അമരത്ത് എത്തിയത് ദുരന്തങ്ങൾക്കൊടുവിലാണ്. ഭർത്താവിന്റെ പെട്ടെന്നുള്ള വേർപാട്, വിവാഹബന്ധം വേർപിരിയൽ, ബിസിനസ് തകർച്ച അല്ലെങ്കിൽ അപ്രതീക്ഷിതമായി പാരമ്പര്യ സ്വത്ത് വന്നുചേരുമ്പോൾ; അതായത് തികച്ചും അപ്രതീക്ഷിത സാഹചര്യത്തിലാണ് താക്കോൽക്കൂട്ടം ഭാര്യമാരുടെ കൈവശമെത്തുന്നതെന്ന് ചുരുക്കം. കപ്പൽ മുങ്ങാൻ പോകുമ്പോഴുള്ള അടിയന്തര രക്ഷാബോട്ട് പോലെമാത്രം.

ലോകത്തിലെ സകല ധനകാര്യ പ്രതിസന്ധികളെയും തരണം ചെയ്യാൻ ഉപദേശം നൽകുന്ന ശതകോടീശ്വര ഭർത്താക്കന്മാർ, സ്വന്തം വീട്ടിനുള്ളിലെ പ്രഗല്ഭരായ സ്ത്രീകളെ തിരിച്ചറിയാൻ ഒരു ദുരന്തം വരുന്നതുവരെ കാത്തിരിക്കുന്നു!

Content Highlights: Two-thirds of ultra-wealthy Indian husbands exclude spouses from investment decisions., Equirus Wealth and Family Office study reveals only 30 percent consult their wives., Women are often sidelined using complex technical jargon and strategic excuses., Women usually take over wealth management only after tragic life events or sudden crises.