മൾട്ടിപ്ലക്‌സുകളിലെ 'പോപ്‌കോൺ കൊള്ള': അമിതലാഭമോ അതിജീവന തന്ത്രമോ?

#Money Desk
പ്രതീകാത്മക ചിത്രം / Freepik
പ്രതീകാത്മക ചിത്രം / Freepik

സിനിമ കാണാൻ പോകുമ്പോൾ ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതൽ തുക ഭക്ഷണത്തിനായി ചെലവാക്കേണ്ടിവരുന്നത് പലരുടെയും പരാതിയാണ്. 2012-ൽ അമേരിക്കയിലെ മിഷിഗണിൽ ജസ്റ്റിൻ തോംസൺ എന്ന ഇരുപതുകാരൻ തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ കേസ് കൊടുക്കുക പോലുമുണ്ടായി. എട്ട് ഡോളർ വിലയുള്ള പോപ്കോണും ആറ് ഡോളറുള്ള സോഡയുമടക്കം 800 ശതമാനത്തിലധികം വില ഈടാക്കുന്നു എന്നതായിരുന്നു പരാതി. കേസ് പിന്നീട് കോടതി തള്ളിയെങ്കിലും ഒരു ചോദ്യം ബാക്കിയായി: എന്തുകൊണ്ടാണ് തിയേറ്ററിലെ ഭക്ഷണസാധനങ്ങൾക്ക് ഇത്രയും വില?

നഷ്ടം മറികടക്കാനുള്ള തന്ത്രം

ടിക്കറ്റ് വിൽപ്പനയിലൂടെ തിയേറ്ററുകൾക്ക് വലിയ ലാഭം ലഭിക്കുന്നുണ്ടെന്നാണ് പൊതുവേ കരുതുന്നത്. എന്നാൽ യാഥാർഥ്യം മറിച്ചാണ്. സിനിമ ടിക്കറ്റ് വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ വലിയൊരുഭാഗം വിതരണക്കാർക്കാണ് നൽകേണ്ടിവരുന്നത്.

ആളുകളെ തിയേറ്ററിലേക്ക് ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് പരമാവധി കുറച്ചുനിർത്തുകയും, അവിടെയെത്തുന്നവർക്ക് പലഹാരങ്ങൾ വിറ്റ് ലാഭമുണ്ടാക്കുകയും ചെയ്യുക എന്നതാണ് തിയേറ്റർ ഉടമകളുടെ ബിസിനസ് തന്ത്രം.

പോപ്കോണിലെ ഭീമമായ ലാഭം

തിയേറ്ററുകളിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകാറുണ്ട്. എന്നാൽ പോപ്കോണിന്റെ കാര്യത്തിൽ പൊതുവിപണിയിലേതിനേക്കാൾ വലിയ ലാഭമാണ് ഇവർ ഈടാക്കുന്നത്. ഒരു കപ്പ് പോപ്കോൺ നിർമിക്കാൻ പരമാവധി ചെലവാകുന്നത് 50 രൂപ മാത്രമാണ്. എന്നാൽ ഇത് 300 മുതൽ 400 രൂപ വരെ വിലയിലാണ് വിൽക്കുന്നത്; അതായത് ആറിരട്ടിയിലേറെ ലാഭം.

അതിജീവന പോരാട്ടം

ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുണ്ടെങ്കിലും തിയേറ്ററുകൾ വലിയ ലാഭമുണ്ടാക്കുന്നുണ്ടോ എന്ന് സംശയമാണ്. പോപ്കോൺ വിൽപ്പനയിൽനിന്നുള്ള വരുമാനം മുഴുവൻ തിയേറ്റർ പ്രവർത്തിപ്പിക്കാനാവശ്യമായ ഭാരിച്ച ചെലവുകൾക്കാണ് ഉപയോഗിക്കുന്നത്.

ഐമാക്സ്, 3ഡി, ഡോൾബി സൗണ്ട് സിസ്റ്റം തുടങ്ങിയ സാങ്കേതികസംവിധാനങ്ങളുടെ പരിപാലനം, ജീവനക്കാരുടെ ശമ്പളം, കെട്ടിട വാടക, ഭീമമായ വൈദ്യുതി ബിൽ എന്നിവയ്ക്കാണ് ഈ വരുമാനം തിയേറ്ററുകൾ ഉപയോഗിക്കുന്നത്.

സിനിമാ വ്യവസായം നേരിടുന്ന തകർച്ചയും ഉയർന്ന നിരക്കിന് കാരണമാണ്. 1990-കളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകരുടെ എണ്ണം 10 ശതമാനത്തോളമായി കുറഞ്ഞിട്ടുണ്ട്. പഴയ പല തിയേറ്ററുകളും പൂട്ടുകയും ചെയ്തു. വിരലിലെണ്ണാവുന്നവ മാത്രമാണ് പുതുക്കിപ്പണിതത്.

ചുരുക്കത്തിൽ, സിനിമാ ടിക്കറ്റിലൂടെയല്ല, പോപ്കോണും മറ്റ് ഭക്ഷണസാധനങ്ങളും വിറ്റാണ് തിയേറ്ററുകൾ നിലനിൽക്കുന്നത്. അമിതവില ചൂഷണമല്ല, തകർച്ച നേരിടുന്ന ഒരു ബിസിനസ് മാതൃകയുടെ അതിജീവന തന്ത്രമാണെന്ന് പറയേണ്ടിവരും. അമിതവിലയാണെന്ന് അറിഞ്ഞിട്ടും അടുത്ത തവണ സിനിമയ്ക്ക് പോകുമ്പോൾ നിങ്ങൾ പോപ്കോൺ വാങ്ങുമോ, അതോ തിയേറ്ററുകളുടെ ഈ ബിസിനസ് തന്ത്രം നിങ്ങളുടെ തീരുമാനത്തെ മാറ്റുമോ?

Content Highlights: Ticket sales revenue is mostly shared with distributors, leaving theaters with thin margins., Popcorn and snack sales generate high profit margins to subsidize operational costs., Theater maintenance, electricity, staff salaries, and advanced technology require high overhead., Declining theater attendance forces businesses to rely heavily on food and beverage sales.