ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ: എങ്ങനെ ഉപയോഗിക്കാം?

#Money Desk
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാടുകള്‍ നടത്താം. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരാളെ ചുമതലപ്പെടുത്താനുള്ള സംവിധാനം തയ്യാറായി. ഇടപാട് പരിധി പ്രതിമാസം 15,000 രൂപയാണ്. അഞ്ച് വര്‍ഷംവരെ കാലാവധിയും നിശ്ചയിക്കാം.

മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട വ്യാപരമേഖലയിലുള്ളവര്‍, ഡിജിറ്റല്‍ ഇടപാടുകളില്‍ പരിചയക്കുറവുള്ളവര്‍ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ചെലവുകള്‍ക്കുമായി ചെറിയ തുകകളായി നല്‍കാന്‍ സംവിധാനം ഉപയോഗിക്കാം. പ്രതിമാസ പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുന്നു.

ചെറുകിട ബിസിനസ് ഉടമകള്‍ക്ക് ജീവനക്കാര്‍ക്ക് ഇന്ധനം, ടോള്‍ പോലുള്ള പ്രവര്‍ത്തന ചെലവുകള്‍ക്കായി പണം നല്‍കാന്‍ അധികാരപ്പെടുത്താം. ഇടപാടുകളില്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കന്‍ ഇതിലൂടെ കഴിയും.

ഇതിനായി ഭീം പേയ്‌മെന്റ് ആപ്പില്‍ 'യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍' എന്ന സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചത്.

എങ്ങനെ ഉപയോഗിക്കാം?

1. ഭീം പേയ്മെന്റ്സ് ആപ്പ് തുറന്ന് ഹോം സ്‌ക്രീനിലെ 'യുപിഐ സര്‍ക്കിള്‍' വിഭാഗത്തിലേക്ക് പോകുക.

2. 'സര്‍ക്കിളിലേക്ക് ക്ഷണിക്കുക' (Invite to circle) എന്നതില്‍ ക്ലിക്ക് ചെയ്ത് ദ്വിതീയ ഉപയോക്താവിന്റെ കോണ്‍ടാക്റ്റ് നമ്പര്‍ നല്‍കുക.

3. അവരുടെ യുപിഐ ഐഡി നല്‍കുകയോ അല്ലെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്യുക.

4. 'പ്രതിമാസ പരിധി അംഗീകരിക്കുക' (Approve a Monthly Limit - Full Delegation) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

5. ദ്വിതീയ ഉപയോക്താവുമായുള്ള ബന്ധം (ഉദാഹരണത്തിന്, കുട്ടി, പങ്കാളി, ജീവനക്കാരന്‍) തിരഞ്ഞെടുത്ത് ആധാര്‍ അല്ലെങ്കില്‍ ലഭ്യമായ മറ്റ് രേഖകള്‍ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കുക.

6. പ്രതിമാസ ചെലവ് പരിധി (പരമാവധി 15,000 രൂപ)യും കാലാവധിയും (കുറഞ്ഞത് 1 മാസം, പരമാവധി 5 വര്‍ഷം) സജ്ജമാക്കുക.

7. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് യുപിഐ പിന്‍ ഉപയോഗിച്ച് ഡെലിഗേഷന്‍ പൂര്‍ത്തിയാക്കുക.

8. ദ്വിതീയ ഉപയോക്താവ് അഭ്യര്‍ത്ഥന സ്വീകരിച്ചുകഴിഞ്ഞാല്‍ ചെറിയ സമയത്തിനു ശേഷം ഇടപാടുകള്‍ നടത്താം.

Content Highlights: Discover how to make UPI payments without a bank account using Bheem app`s UPI Circle Full Delegation. Empower loved ones or employees for transactions up to ₹15,000/month. Learn how to set it up easily.