രാജ്യാന്തര ലോൺ ആപ്പ് തട്ടിപ്പിന് തിരുവനന്തപുരത്ത് കോൾ സെന്റർ

തിരുവനന്തപുരം: അമേരിക്കൻ പൗരരെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകൾ വഴി കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ സംഘത്തെ സിറ്റി ഡാൻസാഫും ഭീകരവിരുദ്ധ സേനയും ചേർന്ന് പിടികൂടി. നൂറു കോടിയോളം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ശ്രീകാര്യം പോങ്ങുംമൂട് പാലാഴി ബിൽഡിങ്‌സിൽ ഒന്നരമാസമായി പ്രവർത്തിച്ചിരുന്ന 'ശ്രീധർ കോ ഇൻവോടെക് എൽ.എൽ.പി.' എന്ന തട്ടിപ്പ് കേന്ദ്രത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ പരിശോധന നടത്തിയത്.
18 ഉത്തരേന്ത്യക്കാരെ കസ്റ്റഡിയിലെടുത്തു. 13 പേർ തട്ടിപ്പിൽ നേരിട്ട് പങ്കാളികളായവരും അഞ്ചുപേർ ശുചീകരണ ജീവനക്കാരുമാണ്. അഞ്ചുപേർ ഓടി രക്ഷപ്പെട്ടു. സ്ഥാപനത്തിലെ ഡ്രൈവറെ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടി. 35-ഓളം കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. യു.പി സ്വദേശി ആകാശ് ദീപ് ചൗധരിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് ശൃംഖല പ്രവർത്തിച്ചിരുന്നതെന്നാണ് സൂചന.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട്, മയക്കുമരുന്ന് വ്യാപാരവും ലഹരിക്കടത്തും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രം സിറ്റി ഡാൻസാഫ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പോലീസ് പ്രദേശത്ത് കനത്ത നിരീക്ഷണം നടത്തിവരുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ വിശദ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കേന്ദ്രം കണ്ടെത്തിയത്. മുൻപ് കുമാരപുരം, ഉള്ളൂർ മേഖലകൾ കേന്ദ്രീകരിച്ച് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.
അമേരിക്കൻ ശൈലിയിൽ സംസാരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുകയും പ്രോസസിങ് ഫീസ് ഇനത്തിൽ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തശേഷം ഫോൺ കോളുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുകയുമായിരുന്നു ശൈലി. സംഘത്തിന് അമേരിക്കയിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. 25 കംപ്യൂട്ടറുകൾ പോലീസ് പരിശോധിച്ചു. ബാക്കിയുള്ളവ തുറക്കാനാവാഞ്ഞതിനെത്തുടർന്ന് ഫൊറൻസിക് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.
Content Highlights: International cyber fraud network busted in Sreekaryam, Thiruvananthapuram., Scam targeted US citizens with fake low-interest loan promises., Estimated fraud value reaches approximately ₹100 crore., 18 suspects detained; police seized 35 computers and related equipment., Investigation ongoing into potential overseas links and money laundering.